Wednesday 30 September 2020

പൊളിയും പൊളിയും

 


ചെയ്തത് പൊളിയാ

കണ്ടത് പൊളിയാ

കേട്ടതു മുഴുവൻ പൊളിയാ

വിധിയിയിൽ ചൊന്നത് 

പക്ഷെ *പൊളിയാ*

ഒന്നും തെളിയാ  നിന്നുടെ

തലയിൽ മൊത്തം ചെളിയാ

Wednesday 23 September 2020

ചേച്ചിയുടെ ഷഷ്ടിപൂർത്തി

 ഒരു ചേച്ചി ഉണ്ടായിരിക്കുക എന്നത് ഒരു ഭാഗ്യമാണ്.  ഒന്നൊന്നര വയസ്സ് മാത്രം മൂപ്പുള്ളതാണെങ്കിൽ കൂടി.   ഓർമ്മ വെച്ചനാൾ മുതൽ   എട്ടുപത്തു വയസ്സുവരെ കളിക്കാനും പഠിക്കാനും സ്കൂളിൽപോകാനും ഒക്കെ കൂട്ട്  ചേച്ചി തന്നെയായിരുന്നു.    ആ കുപ്പായത്തുമ്പും പിടിച്ചാണ് വിശാലമായ ലോകത്തിലേക്ക് ഞാൻ പിച്ചവെച്ച് തുടങ്ങിയത്. എന്റെ ബാല്യകൗതുകങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയതും അതിനു പറക്കാൻ ആകാശം നല്കിയതുമൊക്കെ ചേച്ചി പറഞ്ഞുതന്ന അറിവുകളും കഥകളുമൊക്കെതന്നെ. ഒരുവശത്ത് ചെളിപ്പാടത്തിനും മറുവശത്ത് കുത്തിയൊഴുകുന്ന തോടിനും നടുവിലുള്ള വഴുക്കുന്ന ഒറ്റയടി വരമ്പിലൂടെ വീഴാതെ കൈപിടിച്ച് സ്കൂളിൽ കൊണ്ടുപോയത് ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. പേടിച്ച് നിൽക്കുമ്പോൾ ,ഒറ്റതെങ്ങ് പാലത്തിലൂടെ ബാലൻസ് ചെയ്ത നടന്ന് അക്കരെപ്പറ്റാൻ ധൈര്യം തന്നതും ഇന്നലെ കഴിഞ്ഞ പോലെയുണ്ട്.  സ്കൂളിൽ പോകും മുൻപേ തന്നെ അക്ഷരമാലയും അക്കങ്ങളും എണ്ണലുമെല്ലാം  പരിചയപ്പെടുന്നത് ചേച്ചിയിലൂടെ ആണ്. ആദ്യമായി സ്കൂളിൽ ചേർന്ന അഞ്ചരവയസ്സുകാരന്റെ പരിഭ്രമങ്ങൾക്ക് ഒരാശ്വാസമായി ഇന്റർവെല്ലുകളിൽ ഓടിയെത്തി വാത്സല്യത്തോടെ ഒന്ന് നോക്കി ഒരു രക്ഷിതാവിന്റെഗമയോടെ  ക്ലാസ്സിലേക്ക്  തിരിച്ചോടിപ്പോകുന്ന  ഫ്രോക്കിട്ട 7 വയസ്സുകാരി പെൺകുട്ടിയാണ് ബാല്യകാലത്തിന്റെ ഏറ്റവും മിഴിവാർന്ന ഓർമ്മച്ചിത്രം.   ഇന്ന് അറുപതിന്റെ നിറവിലെത്തിനിൽക്കുന്ന ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.


22/05-17 FB

Saturday 12 September 2020

 പണ്ടൊക്കെ വീടുകളിൽ പശുവും ധാരാളം കോഴികളുമൊക്കെ ഉണ്ടായിരുന്നുരുന്നു. സ്ത്രീകളായിരുന്നു ഇതിന്റെ മേൽനോട്ടക്കാർ.വീട്ടിലെ നൂറായിരം ജോലികൾക്കിടയിൽ അതിനെയും പരിപാലിച്ചു പോന്നു.  ഇതില്നിന്നുള്ള വരുമാനം  പ്രത്യക്ഷത്തിൽ അവരുടെ സ്വകാര്യസ്വത്ത് ആയിരുന്നെങ്കിലും ഫലത്തിൽ വീടിന്റെ സാമ്പത്തിക നട്ടെല്ല് നിവർന്നുതന്നെ നിൽക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു


വീട്ടിലെ പുരുഷന്മാർ  ഈ സംഭവങ്ങളുമായി വലിയസഹകരണമൊന്നും കാണിച്ചിരുന്നില്ല.മാത്രമല്ല പലപ്പോഴും നിഷേധാത്മക സമീപനമായിരുന്നു അവരുടേത്.   


നട്ടുനനച്ചുണ്ടാക്കുന്ന  പച്ചക്കറിത്തടങ്ങൾ  കോഴികൾ ചിക്കിച്ചികഞ്ഞു നാശമാക്കും . ഇത് വീടുകളിൽ ചില്ലറ കലഹത്തിനു  കാരണമാകും  

 ചിലപ്പോൾ ഉമ്മറത്തും കോലായിലും കയറി അവ കാഷ്ഠിച്ചിരിക്കും. ആരെങ്കിലും അതിഥികൾ കയറിവരുമ്പോഴായിരിക്കും കസേരയിൽ കോഴി  കേറിയിരിക്കുന്നുണ്ടാവുക. ഗൃഹനാഥൻ  ചമ്മിയമുഖത്തോടെ  " ഹോ ഇവളുടെ കോഴികളെക്കൊണ്ട്  തോറ്റു" എന്നൊക്കെ ഉറക്കെ പ്രാകിക്കൊണ്ട്  എനിക്കിതിലൊന്നും പങ്കില്ല എന്ന മട്ടിൽ  അവരെസ്വീകരിച്ചിരുത്തും. അതോടൊപ്പം അതിഥിക്ക് കൊടുക്കാൻ കോഴിമുട്ട പുഴുങ്ങാനും പശുവിനെ കറന്ന് നല്ല ചായക്കും  അകത്തേക്ക് കല്പനയും  പോകും.


അതുപോലെ  ചിലപ്പോൾപുതുതായി നട്ട  തെങ്ങിൻ തൈയ്  അല്ലെങ്കിൽ മറ്റുചെടികൾപശു കടിച്ചു വലിക്കും  .അല്ലെങ്കിൽ അയല്പക്കക്കാരന്റെ നെൽവയലിൽ കേറി  പശുവും കോഴികളും നാശമുണ്ടാക്കും. (പകരം കോഴികളെ വിഷംവെച്ച് കൊന്നുവെന്നുമിരിക്കും.) ഇതിന്റെയൊക്കെ പഴി സ്ത്രീകൾക്ക് തന്നെ.  ഇത് വഴക്കും വക്കാണവുമൊക്കെ   ആവുമ്പോൾ വീട്ടിലെ പുരുഷന്മാർ ഞാനീ നാട്ടുകാരനേ അല്ല എന്ന മട്ടിലിരിക്കും.


പാലും മുട്ടയു മൊക്കെ അടുത്ത കടയിലോ അയൽ പക്കത്തോ കൊടുക്കാൻ വീട്ടിൽ ചെറിയകുട്ടികൾ ഇല്ലെങ്കിൽ സ്ത്രീകൾതന്നെ പോകേണ്ടിവരും. ഗൃഹനാഥനോ മുതിർന്ന മറ്റ് ആണുങ്ങളോ  അതൊന്നും ഏറ്റെടുത്തിരുന്നില്ല. പത്രാസ് കുറഞ്ഞുപോകുമല്ലോ.


എന്നാൽ ഇങ്ങനെ കിട്ടുന്ന പണം മാസാവസാനം പലചരക്ക് കടയിലെ പറ്റു തീർക്കുന്നതിന്  ഒരുമടിയുമില്ലാതെചോദിച്ചു വാങ്ങിക്കൊണ്ടുപോകും.  വേലയും കൂലീം ഇല്ലാത്ത മുതിർന്ന മക്കൾക്ക് അത്യാവശ്യം സർക്കീട്ടടിക്കാനും ടൗണിൽ പോയി സിനിമാകാണാനും  ആശ്രയം ഇതുതന്നെ. കൊടുത്തില്ലെങ്കിൽ അരിപ്പെട്ടിയിലോ  മുണ്ട് പെട്ടിയിലോ ഒളിച്ചുവെച്ചിടത്ത് നിന്ന് തപ്പിയെടുത്തതും കൊണ്ടുപോകും.   


വിശേഷദിവസങ്ങളിൽ  ഇത്തിരി നന്നായി കോഴിക്കറി കൂട്ടാനും    രാത്രി കിടക്കാൻ നേരത്ത് വേണമെങ്കിൽ പാലുകുടിക്കാനും രാവിലെ പുഴുങ്ങിയ മുട്ടതിന്നാനും  മോരും വെണ്ണയുമൊക്കെ അത്യാവശ്യത്തിന് കഴിക്കാനും എല്ലാവര്ക്കും ആശ്രയം ഈ കോഴികളും പശുവു മൊക്കെ ആയിരുന്നു. 


 എന്നാലും നശിച്ച കോഴികൾ നശിച്ച പശു എന്നൊക്കയുള്ള  ശാപവാചനങ്ങൾ  സ്ഥിരം പല്ലവിയായി തുടർന്നിരുന്നു.


     FB: 24/02/17

അമ്മി ഉരൽ ആട്ട്കല്ല്

 FB: 01/03/17


ഇപ്പോഴത്തെ തലമുറ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ സ്വാദ് എന്നൊക്കെ പറയുന്നത് ഇത്തിരി  ഓവറല്ലേ. അങ്ങനെയെങ്കിൽ വീട്ടിൽനിന്നു കിട്ടുന്ന ഭക്ഷണം മുഴുവൻ സ്വാദിഷ്ട മായിരിക്കണമല്ലോ .ഇത് അമ്മമാരെ സുഖിപ്പിക്കാനും അങ്ങനെ അടുക്കളയിൽ കയാറാതെ ,മേലനങ്ങാതെ തിന്നാനുമുള്ള സൂത്രം മാത്രമാണ് ഈ പൊക്കൽ. 


 വ്യക്തിപരമായി എനിക്ക് അമ്മയുടെ പാചകം മോശമായി തോന്നിയിട്ടില്ല എന്നത് ശരിതന്നെ. പക്ഷെ അമ്മമ്മ ,അച്ഛമ്മ എന്നിവരുടെ മുന്നിൽ അതൊന്നുമായിരുന്നില്ല. പ്രത്യേകിച്ച് അമ്മമ്മയുടെ.   മക്കളും പേരമക്കളും അടക്കം  10 _12 പേരുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച്  അടി, തുട, നിലം മെഴുകൽ, നന ,അലക്ക്   പിന്നെ പശു പരിപാലനം എന്നിവയെല്ലാം നിർവ്വഹിക്കുന്നതിനിടയിൽ കൂടി സമയത്തിന് ഭക്ഷണ സ്വാദോടെ ഉണ്ടാക്കാൻ കഴിഞ്ഞിരുന്ന ആ കഴിവാണ് യഥാർത്ഥ പാചക നൈപുണി. മിനിമം വിഭവങ്ങൾ ,സമയം ,പാത്രങ്ങൾഎന്നിവ ഉപയോഗിച്ചായിരുന്നു ഈ അഭ്യാസം എന്നതാണതിന്റെ  ഹൈ ലൈറ്റ്.  പാചകം കഴിയുന്നതോടെ കൊട്ടത്തളം നിറയെ കഴുകാൻ പാത്രങ്ങൾ ബാക്കികിടക്കുന്ന കാഴ്ചയും കണ്ടിരുന്നില്ല.    ദൂരെ കിണറ്റിൻ കരയിൽ തുണിയലക്കുന്നിടത്ത്  എത്തുന്ന അടുപ്പിനുമുകളിൽ തിളയ്ക്കുന്ന കറിയുടെ വേവുമണത്തിൽ നിന്ന് പാകം  തിരിച്ചറിയാനുള്ള ആ സെൻസിന്റെ മുൻപിൽ നമിച്ചുപോകും.  ഇന്നത്തെ പ്രഷർ കുക്കർ വിസിലിൽ നഷ്ടപ്പെട്ടത് ആ സെൻസാണ്.   ഏതു ഭക്ഷ്യവസ്തുവിന്റെയും ഉപയോഗപ്രദമായ അവസാന അംശം വരെ   ഉപയോഗിക്കാനുള്ള കരുതലും അതുകൊണ്ട് പാചകത്തിൽ വരുത്താൻ കഴിയുന്ന വൈവിധ്യവും  ഇന്ന് ആരിലും കാണുന്നില്ല. വിഭവങ്ങളുടെ ലഭ്യതക്കുറവ് അന്ന് എന്തെല്ലാം പരമാവധി ഉപയോഗിക്കാം എന്ന ചിന്തക്ക് കാരണമായി. എന്നാൽ സാമഗ്രികളുടെ അതിലഭ്യത ഇന്ന് എന്തെല്ലാം കളയാം എന്ന ചിന്തയിലെത്തിച്ചിരിക്കുന്നു. ഈ നന്മകളുടെ ക്രെഡിറ്റ് എല്ലാം അമ്മിയിലെ അരവിനും ,കല്ലുരലിനും ആട്ടുകല്ലിനും പതിച്ചു കൊടുക്കുന്നതിനോട് തീരെ യോജിപ്പില്ല.  അതൊക്കെ ചുമ്മാ തള്ളലാണ് .ഈ തള്ളുകാരിൽ മിക്സിയിലരച്ചതും  അമ്മിയിലരച്ചതും   അരക്കുന്നത് കണ്ടില്ലെങ്കിൽ തിരിച്ചറിയുന്നവർ ആരുമില്ല. (ഉപ്പേരി രുചിച്ച് നോക്കി കുംഭത്തിലെ ഒരു നനയുടെ കുറവുണ്ട് എന്നൊക്കെ പറയാൻ കഴിയുന്ന ആസ്വാദകരെ ഐതിഹ്യമാലയിലൊക്കെ കണ്ടേക്കാം)

 

അന്നത്തെ സ്വാദിനെക്കുറിച്ചോർക്കുമ്പോൾ വിശപ്പ് സ്വാദ് നിർണയിക്കുന്നതിൽ ഒരു പ്രധാനപങ്കു വഹിച്ചിരുന്നു എന്ന തോന്നുന്നു.   ഉണ്ടാക്കിയ വിഭവങ്ങൾക്ക് സ്വാദില്ല എന്ന് പറഞ്ഞ് കഴിക്കാൻ മടിച്ചാൽ "വിശക്കട്ടെ  അപ്പോൾ സ്വാദ് തനിയെ ഉണ്ടായിക്കൊള്ളും എന്ന് പറയുന്നതായിരുന്നു രീതി.  അല്ലാതെ ഇപ്പോഴത്തെപ്പോലെ  ഉടനെ ഹോർലിക്സ്  കൊണ്ട് പുട്ട് ചുട്ടു തരുന്നമാതിരി ഒലിപ്പിക്കൽ ഒന്നുമുണ്ടായിരുന്നില്ല വിശപ്പിനു കഴിക്കേണ്ട തിനേക്കാൾ 

ഇന്ന് ഭക്ഷണം പലപ്പോഴും സമയം നോക്കി നടത്തുന്ന ഒരുചടങ്ങ്  മാത്രമാകുന്നുണ്ട്. 


 തൊട്ടു കൂട്ടാനും നുള്ളിക്കൂട്ടാനും ഒഴിച്ച് കൂട്ടാനും ഒരുപാട് കൂട്ടാനുകൾ  ഉണ്ടെങ്കിലും ആരും ഇന്ന് കൂട്ടാൻ കൂട്ടിയല്ല ഊണ് കഴിക്കുന്നത് കറിയാണ് പഥ്യം . നമുക്ക് കൂട്ടാനെ തിരിച്ചു പിടിക്കണം.  


പാചകം സ്ത്രീകളുടെ മേഖലയായി മാറ്റിവെക്കുന്ന പഴയ രീതിയുംമാറണം.  പുരാണങ്ങളിൽ പാചകക്കാരായി നളനും ഭീമനും(വലലൻ) ഒക്കെയേ ഉള്ളൂ. അതുകൊണ്ട് ഇത് പുരുഷന്റെ മേഖലയാണ്.  നളന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ പുരുഷന്മാർ മുന്നോട്ടു വന്ന്  അടുക്കള  പിടിച്ചെടുക്കണം   


   അടുക്കള ബഹിഷ്‌കരിച്ച്  സ്ത്രീകളും ഇതിന് വഴിയൊരുക്കണം.  അലക്കൊഴിഞ്ഞ് കാശിക്കുപോകാൻ നേരമില്ല എന്നുപറഞ്ഞപോലെ  അടുക്കളയിൽനിന്നിറങ്ങീട്ടു വേണ്ടേ കള്ളുകുടിക്ക് (മറ്റു പലതിനും) പോകാൻ എന്ന അവസ്ഥ വന്നാൽ  സമൂഹത്തിൽ ഒരുപാട് കുറ്റകൃത്യങ്ങൾ കുറയും. അല്ലാതെ പുള്ളിപ്പുലിയുടെ പുള്ളിമായുംകാലത്തും  ഇവർ നന്നാവുംന്ന് കരുതുന്നുണ്ടോ.

                                                                           Nb: എല്ലാ സൗകര്യങ്ങളുമുള്ള മോഡേൺ കിച്ചനിൽ ഓരോസ്വാദിനും പ്രത്യേകം ചേരുവകൾ ഉള്ള ഇന്നത്തെ പാചകവും പഴയാകാലവും തമ്മിൽ  താരതമ്യമേയില്ല.

 നിലവിലുള്ള സമൂഹത്തോടും മുൻ തലമുറകളോടും നിരന്തരം കലഹിച്ചുകൊണ്ടാണ് ഓരോ പുതു തലമുറയും തന്റേടം സ്ഥാപിച്ചിട്ടുണ്ടാവുക. ഇന്ന് 50 വരെയെങ്കിലും എത്തിയവർ അത്ര ശിശു സൗഹൃദമായ ഒരു ബാല്യകൗമാരങ്ങളിലൂടെയോ അതുപോലെയുള്ള യൗവനത്തിലൂടെ യുമൊന്നുമല്ല കടന്നു വന്നിട്ടുള്ളത്. ശിശു സൗഹൃദത്തിന് നിയമമുണ്ടാക്കുന്നവർ നല്ല തല്ല് കിട്ടി വളർന്നു വന്നവർ തന്നെയാണ്. കൂടുതൽ സ്നേഹവാത്സല്യങ്ങൾ കാണിക്കുന്നത് കുട്ടികളെ വഷളാക്കുമെന്നൊരു ധാരണ ഉണ്ടായിരുന്നു.  കൂടുതൽ പോയിട്ട് അല്പമെങ്കിലും കാണിക്കാൻ പോലും മടി യായിരുന്നു.  പ്രകടിപ്പിക്കാത്ത സ്നേഹം നനഞ്ഞ കമ്പിളിപ്പുതപ്പു പോലെയാണ് എന്ന് ആരോ ( മാധവിക്കുട്ടി?)  എഴുതിയിട്ടുള്ളത് ഇതൊക്കെ കൊണ്ടാവും. അന്നൊക്കെ പിള്ളേരെ  തല്ലുന്നതിനല്ല തല്ലാതിരിക്കുന്നതിനാണ് കാരണം വേണ്ടിയിരുന്നത് എന്ന് തോന്നുന്നു.  "അച്ഛനിങ്ങ് വരട്ടെ ഇന്ന് നിന്റെ പുറം പൊളിക്കും"   എന്ന താക്കീത് ഒരു സ്ഥിരം പല്ലവി യായിരുന്നു. "ഇറച്ചിക്ക് നോവറിയാത്തതിന്റെ  കുഴപ്പമാചെക്കന് "എന്ന അനുപല്ലവിയും.  നെറ്റ് റിസൾട്ട് ആകെ ഇത്തിരി ഇറച്ചികൂടുതലുള്ള ഭാഗം കാർന്നോമ്മാരും ബാക്കിയുള്ളത് സ്കൂളിലെത്തിയാൽ മാഷന്മാരും  തല്ലി തൊലിപൊളിക്കും. 


അച്ഛനും അമ്മയ്ക്കും അമ്മാവന്മാർക്കും അധ്യാപകകർക്കും എന്തിന്ഒന്ന് രണ്ടുവയസ്സിനു മൂത്തവർ ക്ക് വരെ കൈവെക്കാൻ കഴിയുന്നതായിരുന്നു ബാല്യങ്ങൾ.  കൈപിടിച്ച് നടക്കുമ്പോൾ ഒന്ന് കാലതെറ്റി വീണാൽ പോലും "ശ്രദ്ധിച്ച് നടന്നൂടെ  ചെക്കാ" എന്നോക്ക ചോദിച്ച് ഒരു കിഴുക്കെങ്കിലും തന്നെ മുട്ടിലെ തോലുപോയോ എന്ന് നോക്കുമായിരുന്നുള്ളു.   രാവിലെ തലയിൽ തേക്കാൻവെച്ച എണ്ണ തട്ടിതൂവിയത്തിനു ,തേക്കുമ്പോൾ   സോപ്പ്  വഴുതി മണ്ണിലിട്ടതിന്  തല നനന്നായി തുവർത്താത്തത്തിന് തുടങ്ങി രാത്രി ഉറങ്ങുന്നത് വരെ ഒരുപാട് തല്ലുകൾഏറ്റുവാങ്ങാനായിരുന്നു ഓരോദിവസവും പുലർന്നിരുന്നത്. സന്ധ്യാനേരത്ത് പഠിപ്പിക്കാനിരിക്കുന്ന അച്ചന്മാർ വീട്ടിലുണ്ടെങ്കിൽ പിന്നെ പറയുകയെ വേണ്ട.ഏറ്റവും നന്നായി തല്ലുന്ന മാഷായിരിക്കും കുട്ടികൾക്കൊഴികെ നാട്ടിലെഹീറോ.  കുട്ടിയും പട്ടിയും തല്ല്‌കിട്ടും തോറും നന്നാവും എന്ന പറച്ചിൽ പരക്കെ ഉണ്ടായിരുന്നു.  ( പെണ്ണും പൊന്നും അടിക്കും തോറും തിളങ്ങും എന്നൊരു സ്ത്രീവിരുദ്ധ വേർഷനും ഉണ്ട്) 

പിൽക്കാലത്ത് ' മാഷെ കയ്യിന്നു കിട്ടിയ അടിയുടെ ചൂട്' എന്നൊക്കെ പറയുമ്പോഴുള്ള  ഒരു നിർവൃതി    ഹോ ! അതൊന്ന് കാണേണ്ടത് തന്നെയാണ്. 


വയലിൽ പന്തുകളിക്കുന്നിടത്ത്  ആറ്റിൽ മീന്പിടിക്കുന്നിടത്ത് അങ്ങനെ നാലാള് കൂട്ടിനിൽക്കുന്നിടത്തു നിന്നൊക്കെ  കയ്യിൽ കിട്ടിയതു വേലിപത്തലെങ്കിൽ അതുകൊണ്ട് വീട് വരെ ഓടിച്ചിട്ടു തല്ലാൻ മടിയില്ലാത്ത അച്ഛൻമാർ ഉണ്ടായിരുന്നു.  കാളയെ തല്ലുമ്പോ ലെ മക്കളെ തല്ലുന്ന ഇവരെ ദൂരെനിന്നു കണ്ടാൽ തന്നെ മുന്നറിയിപ്പ്  നൽകാനുള്ള സംവിധാനങ്ങൾ പിള്ളേർക്കുമുണ്ടായിരുന്നു.


നാട്ടിൽ നിറയെ സ്വയം അവരോധിത ലോക്കൽ ഗാർഡിയന്സു മുണ്ടായിരുന്നു.   സ്കൂളിൽ സമരമായിരുന്നതും , ജാഥവിളിച്ച് girls സ്കൂളിന്റെ മുന്നിൽ പോയതും ഉച്ചപ്പടം കാണാൻ തിയേറ്ററിൽ പോയതുമൊക്കെ  കണ്ടുപിടിച്ച് ഇന്നത്തെ വാട്സാപ്പിലും വേഗത്തിൽ ഡക്കറേഷനെല്ലാം ചേർത്തു വീട്ടുകാരെ അറിയിക്കാൻ ഈ നൂലന്മാർക്ക് വിരുത് ഏറെയായിരുന്നു. ചെക്കന്മാർക് രണ്ട് പെട വാങ്ങിക്കൊടുക്കുന്നതിലുള്ള  വല്ലാത്ത ഒരുസുഖം .അല്ലാതെ പിള്ളേർ നന്നായിവരട്ടെ എന്ന് കരുത്തിയൊന്നുമല്ല.


ഇതൊന്നും ഒരു അപരാധമായി തല്ലു കൊള്ളുന്നവനും എടുത്തിരുന്നില്ല എന്നതാണിതിന്റെ മറുവശം. തല്ലുമ്പോൾ എവിടെ എങ്ങിനെ തല്ലുന്നു  എന്ന് നോക്കണമെന്നേ ഡിമാന്റ് ഉണ്ടായിരുന്നുള്ളു  ." തല്ലണ മെങ്കിൽ തല്ലിക്കോ ,ഉള്ളം കയ്യിൽ തല്ലിക്കോ, മുഖത്തടിക്കാൻ പറ്റൂലാ " എന്നതാണ്  സ്കൂളിൽ വിളിച്ച   ഓർമ്മയുള്ള  ആദ്യത്തെ മുദ്രാവാക്യം .  "രാമചന്ദ്ര മുഠാളാ ,കെട്ട്യോളല്ലിത്  കുട്ട്യോളാണ്". എന്ന ഇക്കാലം വെച്ചുനോക്കുമ്പോൾ പൊളിറ്റിക്കലി കറക്ട്  അല്ലാത്ത അനുബന്ധം കൂടി അതിനുണ്ടായിരുന്നു എന്നും ഓർക്കുന്നു.


ഇതൊക്കെ ഒരുഭാഗത്ത് നടക്കുമ്പോഴും ചെറുത്തുനിന്നും ഒളിവിലും തെളിവിലുമെല്ലാം

 ഒരുവിധമെല്ലാ "കുരുത്തക്കേടുകളും" ചെയ്തുകൂട്ടി തന്നെയാവും മിക്കവരും പ്രായപൂർത്തിയിലേക്കെത്തിയിരുന്നത്.  പിന്നെ പിന്നെ വലിയ വലിയ പുസ്തകങ്ങളൊക്കെ വായിച്ചാണ്  ഇതൊക്കെ പീഡനങ്ങളായിരുന്നുവെന്ന് തിരിച്ചറിഞ്ഞതും ഇതിൽ അവകാശനിഷേധം തൊട്ടു

അസ്തിത്വ ദുഃഖം വരെ കണ്ടെത്തിയതും.

 

ഇതൊക്കെയാവാം   പിന്നെ ശിശുസൗഹൃദത്തിന്റെ പുതിയസമീപനങ്ങളിലേക്ക് നയിച്ചതു എന്നാണെന്റെ നിഗമനം.


പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഈ തല്ലൊക്കെ മധുരതരമായ ഒരു ഗൃഹാതുരത്വമായികിടപ്പുണ്ട്. അതുകൊണ്ടാണല്ലോ പഴയമാഷന്മാരെ കാണുമ്പോൾ അനിർവചനീയമായ ആനന്ദാനുഭൂതികളോടെ മുകുളിതപാണി   കളായി മാഷിന്റെ അന്നത്തെചൂരലിന്റെ ചൂട് എന്നൊക്കെ തള്ളുന്നതും മാഷ് അതിലേറെ പുളകിതനായി കേട്ടു നിൽക്കുന്നതും.


അത് തങ്ങളുടെ മക്കൾക്ക്  കിട്ടാതെ അഥവാ കൊടുക്കാൻ കഴിയാതെ പോയതിന്റെ കുറ്റ ബോധമാണ്  ഇന്ന് ഇടിമുറികളായി വളർന്നത്. യാഥാർഥ്ത്തിൽ രക്ഷിതാക്കളുടെ അജണ്ട നടപ്പാക്കുന്ന ദൗത്യം മാത്രമേ മാനേജ് മെന്റിനുള്ളൂ.  അല്ലെങ്കിൽ താടിവടിക്കാത്തതിന് മക്കൾക്ക്  ഫൈൻ2000 രൂപ എണ്ണിക്കൊടുത്ത് വീണ്ടും ഇടിമുറിക്കോളേജിലേക്ക്  പറഞ്ഞയാക്കുന്നത്തിന്റെ ന്യായമെന്ത്.  


പണ്ട്  ബസ്സിൽ കൺസഷൻ കിട്ടുന്നില്ല എന്ന മാതിരി പരാതികൾ  വീട്ടിൽ പറഞ്ഞാൽ   മറുപടിയായി 'നടന്നാലും കോളേജിലെത്തും" (അല്ലാതെ അടുത്ത പി റ്റി എ യോഗത്തിൽ അവതരിപ്പിച്ച് സ്കൂൾ ബസ് വാങ്ങാൻ തീരുമാനിച്ചിരുന്നില്ല) എന്നൊക്കെ കേട്ട് എങ്കിൽ പിന്നെ കൊടിപിടിച്ച് അവകാശം നേടിയെടുത്തിട്ടു തന്നെ  കാര്യം എന്ന് തീരുമാനിച്ച തലമുറകൾ  അത്രമണ്ടന്മാരൊന്നുമായിരിക്കില്ലല്ലോ.


കേസ് കോടതികളിലെത്തുമ്പോൾ ആദ്യം കുട്ടികളെ കൈവിടുന്നതാരായിരിക്കും?


FB 17/02/17

അച്ഛൻ

 ഇന്ന് ജൂൺ ഒന്ന്.....അച്ഛൻ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടുവർഷം.

 ഗൗരവപ്രകൃതിയായിരുന്നു കുട്ടിക്കാലത്തു ഞാൻ കണ്ട അച്ഛൻ. സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുന്നതിൽ കടുത്ത പിശുക്ക്. പിന്നെ മുൻകോപം. അക്കാലത്ത്  കണക്കും ഇംഗ്‌ളീഷ് ഉം പഠിപ്പി ക്കാൻ ഇരിക്കുന്ന അച്ഛന്റെ രുപം ഇപ്പോഴും മനസ്സിൽ ഉണ്ട്. അച്ഛന്റെ മുന്നിൽപെടാതിരിക്കാനുള്ളതത്രപ്പാട് ചെറുതായി രുന്നി്ല്ല. (അടികൾ ഇപ്പോഴും അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്നുണ്ടോ) ആവശ്യങ്ങൾ എല്ലാം അമ്മവഴിയായിരുന്നു നടത്തിയത്. എന്നാൽ സ്‌കൂളിൽ  അച്ഛൻ  ശാന്തനായ  അധ്യാപക നായിരുന്നുവത്രെ. 


പിന്നെ അച്ഛൻ വല്ലാതെ മാറി . പ്രഥമ പൗത്രിയുടെ ജനനത്തോടെ   അവളോടൊപ്പം ഞങ്ങൾക്കും സ്നേഹനിധിയായ മൂത്തച്‌ഛനായിമാറി. കുട്ടിക്കാലത്ത് പകർന്നുതരാൻ  മറന്ന (അതോ മടിച്ചതോ) വാത്സല്യങ്ങളൊക്കെ  യൗവനകാലത്താണ് ഞങ്ങൾ മക്കൾക്ക്  പേരക്കുട്ടികൾക്കും ഒപ്പം പകർന്നുനല്കിയത്.


വളർത്തി വലുതാക്കി   നല്ല വിദ്യാഭ്യാസം നേടിതന്നതിലെല്ലാം ഉപരി   വായനയുടെ ലോകത്തിലേക്ക് വഴികാണിച്ചുതന്നതും, മിനിമം ആഗ്രഹങ്ങൾ മാത്രം വച്ചുപുലർത്തി തൃപ്തിയോടെ ജീവിക്കാൻ പഠിപ്പിച്ചതും   അച്ഛൻ ചെയ്ത പുണ്യം.



Fb 01/06/16

ആ പുസ്തകം ഈ പുസ്തകം ഏ പുസ്തകം

 വായന കുറച്ചുകാലമായി കുറഞ്ഞുവരുന്നുണ്ട്. റിട്ടയർചെയ്ത ശേഷം  വായിക്കണമെന്ന് കരുതി വെച്ചപുസ്തകങ്ങൾ അതേപടി ഇരിക്കുന്നു.  ഉള്ള വായനതന്നെ  ഇടക്കാലത്ത് kindle ലേക്ക് മാറിയിട്ടുമുണ്ട്.


പുസ്തകക്കടക്കാരുടെ വിൽപനക്കണക്ക് വെച്ച് പുസ്തകവായന കൂടിയെന്നോ കുറഞ്ഞിട്ടില്ലെന്നോ പറയുന്നതിൽ കാര്യമില്ല. വാങ്ങിക്കൊണ്ട് വെച്ച അതേ നിലയിൽ ഇരിക്കുന്ന പുസ്തകങ്ങൾ വീട്ടുലൈബ്രറികളിൽ കണ്ടിട്ടുണ്ട്. 

അടുത്തിടെ ഒരു ലൈബ്രറിയിൽ പുസ്തകത്തിന്റെ മടക്കതീയതി രേഖപ്പെടുത്തുന്നസ്ലിപ്  ഒരു കൗതുകത്തിന് നോക്കിയതാണ്. പലതും  അഞ്ചുവർഷത്തിടയിൽ രണ്ടോ മൂന്നോപേർ മാത്രമേ എടുത്തിട്ടുള്ളൂ. ആഴ്ചകളോളം ലൈബ്രറിയന്റെ  പിറകെക്കൂടിയിട്ടാണ് അതിൽ ചിലതെല്ലാം ഒരുകാലത്ത് വായിക്കാൻ കിട്ടിയിരുന്നത്.


ഭൂരിപക്ഷം  വായനക്കാരും എന്തായാലും  kindle പോലുള്ളവയിലേക്ക് മാറിയിട്ടൊന്നുമുണ്ടാവില്ല.പുസ്തകം വായിക്കുന്നതിന്റെ  രസം kindle ൽ കിട്ടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ തോന്നിയിട്ടില്ല.   എന്റെ ഇ ബുക്ക്  വായനയിൽ മലയാളം ഇതുവരെ വന്നിട്ടില്ല. (അതു ലഭ്യമാണോ എന്നതും അറിയില്ല അഥവാ അന്വേഷിച്ചിട്ടില്ല)


    വേറെ ഡിക്ഷണറിനോക്കാതെ തന്നെ അർത്ഥം അറിയാൻ പറ്റും , വായനയുടെ flow പോവില്ല. കണ്ണുപിടിക്കാതെ വരുമ്പോൾ അക്ഷരം വലുതാക്കാൻ പറ്റും , കൊണ്ടുനടക്കാനും സൂക്ഷിക്കാനും സൗകര്യം (പ്രത്യേകിച്ച് ഇടയ്ക്കടെ ഷിഫ്റ്റ് ചെയ്യുന്നവർക്ക് .) വായിച്ചിട്ടു തരാമെന്ന് പറഞ്ഞു കൊണ്ടുപോയി തിരിച്ചു കിട്ടാത്ത അവസ്ഥയില്ല. ( ഇതിൽ ലാഭവും നഷ്ടവും ഉണ്ട് 😀).  ചില, അസൗകര്യങ്ങൾഉണ്ട്‌. പെട്ടെന്ന് പിന്നോട്ടൊന്നുപോകാനും, വലിയപുസ്തകമൊക്കെ ആവുമ്പോൾ  തീരാറായോ എന്ന ആകാംക്ഷ ശമിപ്പിക്കാനും  പുസ്തകംവായിക്കുമ്പോളുള്ളത്ര എളുപ്പമല്ല . 


പക്ഷെ ഇതൊക്കെ ഒരു പ്രശ്നമാണോ. ശീലിച്ചതിൽ നിന്ന് മാറാനുള്ള ഒരു സ്വാഭാവിക വിമുഖത എന്നേ കരുതുന്നുള്ളൂ. 


കല്ലിൽ നിന്ന് തകിടിലേക്കും, തുകലിലേക്കും, ഓലയിലേക്കും, കടലാസിലേക്കും  (ഈ ഓഡറിൽ ആവണമെന്നില്ല) മാറിയപ്പോഴൊക്കെ ഈ ഒരു പ്രശനം അഭിമുഖീകരിച്ചിട്ടുണ്ടാവും. അതുകൊണ്ട് ഇതിലൊക്കെ അയഞ്ഞനിലപാടെ പറ്റൂ. ഇനിയും മാറ്റങ്ങൾ വരാം അതും ഉൾക്കൊള്ളാം

അല്ലാതെ പുസ്തകത്തിന്റെ സുഖം ഈ ബുക്ക് തരില്ല എന്നൊന്നും  വിധിക്കേണ്ടതില്ല.


എഴുതിയതിലും വായിച്ചതിലും കാമ്പ് ഉണ്ടോ എന്നതാണ് കാര്യം. 


  NB : ബോണ്ട് പേപ്പറിൽ പാർക്കർപേനകൊണ്ട് എഴുതിയാലേ കവിതയെഴുത്ത് സുഖാവൂ എന്നൊരു തള്ള്  ഏതോ എഴുത്ത് ക്യാമ്പിൽ ഒരിക്കൽ കേട്ടിട്ടുണ്ട്. 


 എന്നാൽ അതിനും മേലെ, വണ്ടിയാപ്പീസിലെ കാലൊടിഞ്ഞ ബഞ്ചിലിരുന്ന് ബൗണ്ട്ബുക്കിൽ കുറ്റിപെൻസിൽകൊണ്ടെഴുതിയത് പി  യും ,നിവേദ്യത്തിനുള്ള ശർക്കര പൊതിഞ്ഞ കടലാസിൽ നോക്കി ആദ്യമായി അക്ഷരം കൂട്ടി വായിച്ചത് വി ടിയും  പറഞ്ഞ് തന്നിട്ടുണ്ടല്ലോ.


FB 12/06/19

അമ്മച്ചീടെ മുണ്ടിന്റെ കൂടെ കിടക്കട്ടെ അപ്പന്റെ കോണോകോം


അപ്പൻ രണ്ട് ദിവസത്തെ സർക്കീട്ടിനു പോയതാണ്. പിള്ളേർ അമ്മച്ചിയെ സ്വൈര്യക്കേടാക്കി . അട ചുട്ടുതരാൻ ഒരേവാശി. അപ്പൻ ഒരാർഭാടവും സമ്മതിക്കൂല്ല. തേങ്ങാക്കൂട്ടില്നിന്ന് ഒരു നാളികേരം ചൂണ്ടി. ഒക്കെ മൂപ്പർക്ക് കണക്കുള്ളതാ. എന്നാലും വേണ്ടില്ല പിള്ളേരുടെ കൊതിയല്ലേന്നും കരുതി.അരിപ്പൊടിയും ചക്കരയുമൊക്കെയായി അടയൊക്കെ റെഡിയാക്കി .കലത്തിൽ വെച്ച് മുറ്റത്ത് അടുപ്പുകത്തിച്ച പുഴുങ്ങാൻ കയറ്റി .കൊതിയോടെ പിള്ളേർ 

ചുറ്റും അട വേവാൻ കാത്തിരുന്നു. അപ്പോഴതാ രണ്ട്ദിവസം കഴിഞ്ഞേ വരത്തോള്ളൂ ന്ന് പറഞ്ഞ്പോയ ആൾ ഇടവഴി കേറിവരുന്നു.     "എന്താടാ അടുപ്പത്ത്" വന്ന ഉടനെ ചോദ്യമായി.  "അതോ അമ്മച്ചീടെ മുണ്ടും ചട്ടയും പുഴുങ്ങാൻ വെച്ചതാ." ആർക്കോ ഒരു ബുദ്ധി തോന്നി. ( വാഷിങ് മഷീനുകൾക്ക് മുൻപ്  ചാരമോ ചാണകമോ  സോഡാകാരമോ ചേർത്ത് പുഴുങ്ങി അലക്കുന്ന ഒരു രീതി ഉണ്ടായിരുന്നു പണ്ട് ഇപ്പോഴുണ്ടോ ആവോ). മൂപ്പർ ഒന്നമർത്തി മൂളി. പിന്നെ  തിരിഞ്ഞ് സ്വന്തം കോണാൻ അഴിച്ച് അതാ കലത്തിലേക്കങ്ങിട്ടു.   "കിടക്കട്ടെ അമ്മച്ചീടെ മുണ്ടിന്റെ കൂടെ അപ്പന്റെ കോണകോം"   എന്നും പറഞ്ഞ് ഒരു നടത്തം ...



(FB 8/06/17...  ചുളുവിൽ ചിലത് വെളുപ്പിച്ചെടുക്കുന്ന ചിലരുടെ സ്വഭാവം കണ്ട് )

Friday 11 September 2020

ഒബ്ജക്റ്റീവ്‌ലി ശരിയല്ലാത്തതും സബ്ജക്റ്റീവ്‌ലി ശരിയായതും ഒരു സത്യകഥ

  


ഫയൽനോക്കാൻ സർക്കാർ വൈദ്യുതിയും പുസ്തകം വായിക്കാൻ സ്വന്തം മെഴുകുതിരിയും ഉപയോഗിച്ചിരുന്നഒരുമഹാന്റെ കഥ  കേട്ടിട്ടുണ്ട്.


മനോഹരമായ ഒരുപേന പോക്കറ്റിൽ ഉണ്ടെങ്കിലും ഓഫീസ് വർക്കിന്  സർക്കാർ സ്റ്റേഷനറി സപ്ലൈ ചെയ്തപേനമാത്രമേ ഉപയോഗിക്കൂ എന്ന് നിര്ബന്ധമുണ്ടായിയുന്ന ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു.


ഇതുപോലെ ചില നിർബന്ധങ്ങൾ ഉള്ള ആളാണ് കഥാനായകൻ സ്വന്തമായി ഉപയോഗിക്കാനുള്ള കാശ് മാത്രമേ പഴ്സിൽ വെക്കൂ. മറ്റേതെങ്കിലും തരത്തിൽ ഉള്ളത്  ( പിരിവ്, ആരെങ്കിലും എന്തിനെങ്കിലും ഏൽപ്പിച്ചത്.. etc. . ) പോക്കറ്റിലേ വെക്കൂ. പണം  മിക്സ് ആയിപ്പോവാതിരിക്കാനും കണക്ക് തെറ്റാതിരിക്കാനും ഒക്കെ  മൂപ്പർ  സ്വീകരിച്ച ഒരു ലളിത മാർഗ്ഗം. കുറ്റം പറയാനില്ല


ഒരുദിവസം   ഏതോ അഡ്വാൻസോ അലവൻസോ കിട്ടിയിരുന്നു.  ലീവിലായിരുന്ന ഒരു സുഹൃത്തും പണം വാങ്ങാൻ ഇയാളെ ഏല്പിച്ചിരുന്നു.  പതിവുപോലെ ആ കാശ് പോക്കറ്റിൽ സൂക്ഷിക്കുന്നു. തനിക്ക് കിട്ടിയ കാശ് പേഴ്സിലും വെക്കുന്നു. പോകുന്നവഴിക്ക് കാശ് പോക്കറ്റടിച്ചുപോയി.   


കാശ് കിട്ടാനുള്ള ആൾ വന്നുചോദിച്ചപ്പോൾ  മൂപ്പർ കൈമലർത്തി  അത് പോക്കറ്റടിച്ചുപോയി. പരാതി കൊടുത്തിട്ടുണ്ട്. ഇനി പോലീസ് ആണ്  നോക്കേണ്ടത്.




കഥാനായകന്റെ വാദം ഇതാണ്  "എന്റെ കാശ്  പഴ്സിലാണ്.  അത് safe ആണ്. നിങ്ങളുടെ കാശ് പോക്കറ്റിലായിരുന്നു  അത് അടിച്ചുപോയി. പിന്നെ എങ്ങനെ തരും."

മറ്റെയാൾ സമ്മതിക്കുമോ തർക്കമായി ,  മധ്യസ്ഥതയായി,

മധ്യസ്ഥന്റെ വിധിയായി.


"ഒബ്ജക്റ്റീവ്‌ലി ശരിയല്ലെങ്കിലും

"സബ്ജക്റ്റീവ്‌ലി ശരിയാണ്.


  

പിന്നെന്തുനടന്നു എന്നത്

 നിങ്ങളുടെ യുക്തംപോലെ പൂരിപ്പിക്കുക.


FB 18/08-19     ഓമനക്കുട്ടൻ സംഭവം

NB:സർക്കാർ സംവിധാനത്തിൽ, നടപടിയിൽ ഒരു പിഴവ് ഉണ്ടാവുകയും അത് ഉടനടി തിരുത്തപെടുകയും ബാധിക്കപ്പെട്ടയാളോട് ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ ക്ഷമാപണംനടത്തുകയും ചെയ്യുന്ന അനുഭവം ആദ്യമായാണ്.  ധീരമായ ആ നടപടിക്ക് ശ്രീ വേണു വാസുദേവന്  അഭിനന്ദനങ്ങൾ. തുടർന്ന് തദ്വിഷയത്തിൽ നടന്ന  എല്ലാതിരുത്തൽ  നടപടികൾക്കും കാരണക്കാരനായതിന്, പ്രത്യേകിച്ചും. നന്മയുടെ തട്ട് ഇപ്പോഴും താഴ്ന്നു തന്നെകിടക്കുകയാണ് എന്ന് കരുതാൻ പ്രേരണയായതിന് 


പ്രാക്ടിക്കൽ ആവലേ കാമ്യം

 കപടലോകത്തിലാത്മാർത്ഥമെന്നുടെ 

പ്രണയമോതുവാൻ ആശയുണ്ടെങ്കിലും 

പറയൂ നിന്നുടെ ജാതിയെന്തെന്നു നീ

പറയുക വീടിന്റെ സാമ്പത്തിക സ്ഥിതി


ദുഷ്ടതയെന്നു ധരിക്കല്ല സോദരീ

കഷ്ടകാലങ്ങൾ കടക്കാൻ നമുക്കിനി

അൽപമെങ്കിലും പ്രാക്ടിക്കലാവാതെ

തൽക്കാല മാർഗ്ഗങ്ങൾ വേറെയിലോർക്ക നീ


 സ്നേഹത്തെപ്രതി ചത്തു കെട്ടീടുവാൻ

ഡിഗ്രിപരീക്ഷ എഴുതി ജയിക്കണോ

 കാര്യങ്ങൾ മുൻകൂർ അറിയുകിൽ  ഭാസുര

 ഭാവിയിൽ ജീവിതം ശോഭനമായിടും


പ്രണയലോകത്തിൽ ആത്മാർത്ഥമായൊരീ

കപടങ്ങളില്ലാതെ ജീവിക്കവയ്യെടോ 

സകലസൗഭാഗ്യ ദേവീ കടാക്ഷ 

മൊന്നൊഴിയാതെ നിത്യംലഭിക്കുമാറാകട്ടെ!

ഇനിഞാൻ ഉറങ്ങട്ടെ

 ബഞ്ച് 

വിശാലബെഞ്ച് അതിവിശാലബെഞ്ച് അത്യധികവിശാലബെഞ്ച്...........


......ഞ്ച്......ഞ്ച്......ഞ്ച്......ഞ്ച്


മരബെഞ്ച്

സിമന്റ് ബഞ്ച്

ഇരുമ്പ് ബഞ്ച്

മരച്ചോട്ടിലൊരുബെഞ്ച്

കിടന്നുറങ്ങട്ടെയൊബെഞ്ചിൽ

ശല്യം ചെയ്യരുത്  ദയവായി!!!

FB. 14/11/19    #കേസുകൾ അനന്തമായി നീളുമ്പോൾ


സുരക്ഷിതർ



നമ്മളിപ്പോൾസുരക്ഷിതമായ

ഒരു വൃത്തത്തിലാണ് 

അത് മെല്ലെ ചുരുങ്ങിവരും

ആദ്യം നമ്മളറിയാതെ

പിന്നെ അതി വേഗം

വേടൻ വിരിച്ച വലപോലെ

പിന്നെ ഒരു ചിറകടി 

പിടച്ചിൽ

തീർന്നു......


10/12/19  FB യിൽ.   പൗരത്വബിൽ


അഞ്ചേക്ര

 ആദ്യത്തെ അഞ്ചേക്കർ  പഞ്ചാലരാജനാണ്  കൊടുത്തത് . അർജൂ ന് ഒരുപെണ്ണും  ബാക്കിള്ളോർക്ക് അഞ്ചേക്രയും.

അത്  പങ്കിട്ടെടുത്തുകൊള്ളാനേ കുഞ്ചിയമ്മ പറഞ്ഞുള്ളൂ. റിപ്പോർട്ട് ചെയ്തുവന്നപ്പോൾ പെണ്ണിനെ പങ്കിട്ടെടുത്തുകൊള്ളൂ  എന്ന് പറഞ്ഞുവെന്നും പറഞ്ഞ് അലമ്പാക്കിയതത് ചാനലുകൾ ആണ്.  

അല്ലെങ്കിൽ തന്നെ ഒന്നോർത്താൽ പാണ്ഡുവിനെപ്പോലെ ഒരാളെ സഹിക്കേണ്ടിവന്ന ഒരു സ്ത്രീ പറയുമോ അതുപോലുള്ള ഒരഞ്ചെണ്ണത്തിനെ ഒരുത്തിയോട് ഒറ്റയ്ക്ക് സഹിക്കാൻ.


പിന്നെ ഉണ്ടായത് മുഴുവൻ അതിനെ ന്യായീകരിക്കാൻ ഉള്ള അന്തിച്ചർച്ചകളാണ് . അതാരോ   എഡിറ്റു ചെയ്തിറക്കിയാണ് ഇതിഹാസം. അതിപ്പോഴും തുടരുന്നു.


തിരിച്ചറിയൽ

          

             

പ്രശ്നക്കാരെ വേഷംകൊണ്ടോ  ഭാഷ കൊണ്ടോ നിങ്ങൾ തിരിച്ചറിഞ്ഞുകൊള്ളൂ!


പക്ഷെ 

ഏതു വേഷത്തിൽ വന്നാലും കരുണപൊടിയാത്ത  

ആ കണ്ണുകൾ മതി 

നിങ്ങളെ തിരിച്ചറിയാൻ

FB 16/12/19

പോരാട്ടങ്ങൾ ജനതയെ ഒരുമിപ്പിക്കുകതന്നെ ചെയ്യും

നിങ്ങൾ 

വസ്ത്രം കൊണ്ടും

ആഹാരം കൊണ്ടും 

ഭിന്നിപ്പിച്ചാലും



ചോരയുടെനിറം

ചുവന്നിരിക്കുന്ന 

കാലത്തോളം

പോരാട്ടങ്ങൾ 

ജനതയെ 

ഒരുമിപ്പിക്കുകതന്നെ ചെയ്യും

 

യാതൊരു

 യാതൊരു പണിക്കും പോവാതെ,   മറ്റുള്ളവരെപ്പറ്റി യാതൊരു വിചാരവുമില്ലാതെ , മൂത്തവരെ യാതൊരു പേടിയും ബഹുമാനവുമില്ലാതെ, ചോദിച്ചതിന് യാതൊരു മറുപടിയുംപറയാതെ,  യാതൊന്നും അറിയാത്തപോലെ,  ഇങ്ങനെ  യാതൊന്ന്  മുത്തശ്ശി അമ്മമ്മ അമ്മമാരുടെ സംഭാഷണങ്ങളിൽ എപ്പോഴും കേറിവന്നിരുന്നു.  ചിലനീട്ടലും കുറുക്കലും  ആ യാതൊന്നിന് സംഭാഷണത്തിൽ ഊന്നൽ കൊടുത്തിരുന്നു.  യാതോാാ.....രു  വിചാരം  ചിലർക്ക്  യാാാ...തൊരുവിചാരമെന്നാവും..


ഇപ്പോൾ ഈ വാക്ക് അങ്ങനെ വ്യാപകമായി  ഉപയോഗിച്ചു കാണുന്നില്ല . ഡിഗ്രികളാസ് വരെയെങ്കിലും എന്റെ പദസമ്പത്തിൽ ഉണ്ടായിരുന്നു. സമരകാലത്ത് തയ്യാറാക്കിയാ ഏതോ നോട്ടീസിൽ  അതുകണ്ട്  ആരോ പ്രാചീനഭാഷയെന്ന് കളിയാക്കിയിരുന്നു. മലയാളം ആൻസർ പേപ്പറിൽ മൂന്നിടത്ത് എംജി ശശിഭൂഷൺ സാർ അത് underline ചെയ്തിട്ടതും ഓർക്കുന്നു.  ഏതായാലും എഴുത്തിലും പറച്ചിലിലും ഒന്നും ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം.  


ഇതൊക്കെ ഓർക്കാൻ കാരണം പി.കെ ബാലകൃഷ്ണന്റെ 'ഇനി ഞാനുറങ്ങട്ടെ' വായിച്ചതാണ്. ഒരു മുപ്പത് തവണയെങ്കിലും 'യാതൊന്ന്' ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴാണ് നോവൽ വായിക്കുന്നത്.  ചിലപ്പോൾ ഈഗണത്തിൽ പെട്ട മറ്റുള്ളവ ആദ്യമേ വായിച്ചതുകൊണ്ടാവാം നോവൽ അത്രയൊന്നും ഇഷ്ടമായില്ല.  വിധി വിഹിതങ്ങളെപ്പറ്റിയുള്ള ചിന്തകളും ദഹിച്ചില്ല. ദ്രൗപദിയെപ്പോലെ നാസ്തികത്വം കൂട്ടിയത് കൊണ്ടാവും.  ഭർത്താക്കന്മാർ അഞ്ചുപേരും മഹാരഥികൾ എന്നനിലയിൽ കർണ്ണന് സമശീർഷർ  ആയിരുന്നില്ല എന്ന ദ്രൗപദിയുടെ തിരിച്ചറിവിലുപരി , താൻ സുമംഗലി ആയിരിക്കുന്നതുപോലും അയാളുടെ കനിവിലാണെന്ന തിരിച്ചറിവിലുപപരി, അവളുടെ മാനം കാക്കൽ അവരെ സംബന്ധിച്ച് അത്ര പ്രധാനമായിരുന്നില്ല എന്ന തിരിച്ചറിവ് ആണ് കൂടുതൽ ചിന്തിപ്പിക്കുന്നത്. നിയോഗങ്ങളും ഊഴങ്ങളും അവളുടെ സമ്മതം ചോദിക്കാതെ കുന്തിക്കും, യുധിഷ്ഠിരനും  എന്തിന് ,ചങ്ക് ബ്രോ കൃഷ്ണനുപോലും  മറ്റൊരാൾക്ക് വാഗ്ദാനം ചെയ്യാമെന്നതാണ്.😢 ഇതെല്ലാം വേണ്ടത്ര ആഴത്തിൽ സ്പർശിച്ചുവോ എന്ന സംശയം ബാക്കി



  വാൽ  : അതുപോലെ അക്കാലത്ത്  ധാരാളമായി കേട്ടിരുന്ന, ഉപയോഗിച്ചിരുന്ന   കേട്ടാറെ, പോയാറെ, . 'കണ്ടാറെ'   ചെന്നാറെ    എന്നൊക്കെയുള്ള പ്രയോഗങ്ങളും ഏറെക്കാലം എന്നോടൊപ്പമുണ്ടായിരുന്നു. "ഞ്ഞി ന്താ സുവിശേഷം പറയാൻ പോക്കുണ്ടോ"  എന്ന് ചാക്കോ സഖാവ്   കളിയാക്കുമായിരുന്നു.

04/06/20  FB

പുസ്തസകം കയ്യി ലെ ടു ക്കൂ

 പുസ്തകങ്ങൾ പലതുമുണ്ടാകും വീട്ടിൽ 

വായിച്ചതും വായിക്കാനുള്ളതും 

ചിലപ്പോൾ ഒരിക്കലും വായിക്കാനിടയില്ലാത്തതും.


ഇഷ്ടപ്പെട്ടു വാങ്ങിയതും 

വായിക്കാൻ വാങ്ങി മടക്കിക്കൊടുക്കാത്തതും,

 ആരെങ്കിലും  സ്നേഹത്തോടെ തന്നതും  

കയ്യൊപ്പിട്ടതും കാണും.


ഏതോ നോട്ടീസും,

അറിയിപ്പ് കാർഡും 

സംഭാവന റസീറ്റ് 

പേജ് അടയാളമായി മടക്കി വെച്ചതും

അടിവരയിട്ടുവെച്ചവരികളും കാണും


അതൊക്കെ അവിടെ 

അതുപോലെത്തന്നെയിരക്കും 

ഇന്നലത്തെപ്പോലെ നാളെയും 

ഒന്നും കൂട്ടിച്ചേർക്കാതെ 

ഒന്നും വെട്ടിക്കളയാതെ.


എന്റെവായനയാവില്ലല്ലോ 

  അവരുടെ വായന.

അതുകൊണ്ട് 

അത് 

എങ്ങനെ ഇരുന്നാലെന്ത്.


(വാർ ആൻഡ് പീസ് കൈവശം വച്ചിരിക്കുന്നതായി FIR# urban Naxal

FB 04/11/19

ഓർമ്മകൾ

 എനിക്ക് അഞ്ചാറു വയസ്സുള്ളപ്പോൾ  മീൻ കയറ്റിപ്പോയ ലോറിയിൽ നിന്ന് കുട്ടകളിലെ മത്തി റോഡിൽ മറിഞ്ഞുവീണ് ചിതറിയത് ഓർമ്മയുണ്ട്.  ( ഒരു മത്തി മഴ)വലിയൊരു കയറ്റമായിരുന്നു റോഡിൽ. വീടുകളിൽ നിന്ന് കുട്ടികളും അമ്മമാരും ഓടിക്കൂടി അതൊക്കെ പെറുക്കിഎടുത്തു. ലോറിക്കാർ അറിഞ്ഞില്ല. ഇതുപോലെ  ഗ്വാളിയോർ റയോൺസ് ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്ന മുളകളും കെട്ടുപൊട്ടി ( ലോഡിങ്ങിലെ അപകതമൂലം) വീഴുന്നത് ഇവിടെ പതിവായിരുന്നു. മൂരിവണ്ടികൾ പിൻഭാരംകാരണം മറിഞ്ഞ് മൂരികൾ തൂങ്ങിപ്പോവുന്നതും കണ്ടിട്ടുണ്ട്.   കടകളിലേക്ക് സാധനം കയറ്റിപ്പോകുന്ന ട്രോളിക്കാരെ ഒന്ന് കൈവെച്ചുകൊടുത്ത് കയറ്റം കയറ്റി വിടന്നത്‌ കുട്ടികൾക്ക് ഒരാഘോഷമായിരുന്നു. പ്രതിഫലമായി ഓരോ തുണ്ട് ശർക്കര കിട്ടും.


ഇറക്കം ഇറങ്ങിവരുന്ന ബസ്സുകൾ നിയന്ത്രണം വിട്ട് ഇവിടെ മറിയുന്നത്  പതിവായിരുന്നു. മാസത്തിൽ മിക്കവാറും ഒന്നെങ്കിലും ഉണ്ടാവും.  

ആക്സിഡന്റ് നടന്ന റോഡിന് താഴെ ഉള്ള കുറ്റിക്കാടുകളിൽ ആഴ്ചകളോളം പരതി നടക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു.    (അക്കാലത്ത് പുരുഷന്മാർ മാത്രം ചെയ്തിരുന്ന മിക്ക കായിക ജോലികളും അതിലും മിടുക്കോടെ ഇവർ ചെയ്യുമായിരുന്നു. മുണ്ടുമാത്രം വേഷം അതും  മാടിക്കുത്തി  ആണ് നടന്നിരുന്നത്.) യാത്രക്കാരിൽ  /കണ്ടക്ടറിൽ നിന്ന് തെറിച്ച് വീണ ചില്ലറപൈസകൾക്ക് വേണ്ടി ആയിരുന്നുവത്രെ!  എപ്പോഴോ എന്തോ ആഭരണവും കിട്ടിയിട്ടുണ്ടാവും അല്ലാതെ ഇങ്ങനെ തപ്പി നടക്കുമോ എന്ന് അപഖ്യാതി പരത്തുന്ന ചില ലോക്കൽ bbc  റിപോട്ടർമാരും ഉണ്ടായിരുന്നു.

അമ്മയുടെ സഹസ്ര പൂർണ്ണിമ

 ഇന്ന് അമ്മയുടെ എൺപത്തിനാലാമത് പിറന്നാളാണ്.


എല്ലാ അമ്മമാരെയുംപോലെ അമ്മയും പാലൂട്ടിയും പാടിയുറക്കിയും കുളിപ്പിച്ചും കണ്ണെഴുതിച്ചും അമ്പിളിമാമാനേക്കാട്ടി ചോറുവാരിത്തന്നും  പിച്ചനടത്തിച്ചുമൊക്കെയാവും എന്നെയും വളർത്തിയത്. പക്ഷെ നാലുവയസ്സുവരെയുള്ള കാര്യങ്ങൾ ഒന്നും ഓർമ്മയിൽ തെളിഞ്ഞുവരുന്നില്ല.


എന്നാൽ അതിനുശേഷമുള്ള കാര്യങ്ങൾ അതിന്റെ മുഴുവൻ വിശദാംശങ്ങളോടെ പലപ്പോഴും ഓർമ്മയിൽ തെളിഞ്ഞു വരാറുണ്ട്


പകലുറക്കവും കഴിഞ്ഞ് കോലായത്തുമ്പത്ത് ,അമ്മമ്മ തരുന്ന പലഹാരവും തിന്നുകൊണ്ട് ,  അമ്മ സ്കൂൾ വിട്ടുവരുന്നതും കാത്ത്   ഇരിക്കുന്നതാണ് അമ്മയെക്കുറിച്ചുള്ള ഏറ്റവും തെളിച്ചമുള്ള ഒരു ഓർമ്മ. 'ദേവിപ്രസാദ്' ബസ്സ്  പോയിക്കഴിഞ്ഞ് അഞ്ച്മിനിറ്റ് കഴിഞ്ഞാൽ ദൂരെ റോഡ് വെട്ടുവഴിയിലേക്ക് തിരിയുന്നിടത്ത് അമ്മ ദൃശ്യയായില്ലെങ്കിൽ പിന്നെ ഒരസ്വസ്ഥതയാണ്. പിന്നെ അമ്മമ്മയ്ക്കാണ് സ്വൈര്യക്കേട്.

അങ്ങനെ കാത്തിരിക്കുന്നതിനിടയിൽ ഒരുദിവസമാണ്  കാക്കാക്കുട്ടിക്ക് തള്ള ഇര കൊടുക്കുന്നതുകണ്ട് എന്റെ വകയും ഒരു അപ്പക്കഷണം കൊടുക്കാമെന്നു വെച്ചതും തള്ളക്കാക്ക കൊത്തിയതും കരഞ്ഞുവിളിച്ചോടി  കമിഴ്ന്നടിച്ച്‌വീണ്

നാവു മുറിഞ്ഞതുമൊക്കെ. അതിന്റ  പാട് ഇപ്പോഴും നാവിന് കുറുകെ ഉണ്ട്.


അതിന്റെ ഇങ്ങേയറ്റമാണ് തലവേദന( മൈഗ്രേൻ) യുമായി വന്ന് ഛർദ്ദിച്ച് ഇടയ്ക്കൊന്ന് ആശ്വാസമാകുമ്പോൾ തലയ്ക് കെട്ടൊക്കെ ഇട്ട് അടുക്കളയിൽ കേറുന്ന അമ്മയുടെ രൂപം. ആദിവസങ്ങളിലെ വീട്ടിലെ മൊത്തം അന്തരീക്ഷം ശോകമായിരിക്കും.

(വർഷങ്ങൾക്കുശേഷം റയിൽവേ ടിക്കറ്റ് കൗണ്ടറിൽ ,മാറിയിരിക്കാൻ ഒരാളില്ലാതെ മൈഗ്രേനും വെച്ച് നൈറ്റ് ഡ്യൂട്ടികൾ എടുക്കുമ്പോൾ ഇത് ധൈര്യംതന്ന്  ആശ്വസിപ്പിക്കുന്ന ഓർമ്മയാവാനുള്ളതായിരുന്നു.)


സ്ത്രീകൾ പഠിക്കുന്നതും പഠിച്ചാൽതന്നെ ജോലിക്ക് പോകുന്നതും പൊതുവെ  പ്രോത്സാഹിപ്പിക്കപെടുന്നകാലത്തല്ല അമ്മ പഠിച്ചതും ടീച്ചറായതും. തറവാട്ടിലും  ആ നാട്ടിൻ പുറത്ത് തന്നെയുക്മ ആദ്യത്തെ സർക്കാർ ശമ്പളക്കാരിയായിരിക്കാനാണ് സാധ്യത. 


സ്ത്രീ ശാക്തീകരണം സാമ്പത്തികസ്വാശ്രയത്വം എന്നിവയെക്കുറിച്ച് വായിക്കുകയും പറയുകയും ചെയ്യുമ്പോൾ അമ്മയെക്കുറിച്ചാണ് ഓർക്കുക സ്വന്തം തൊഴിൽ , തൊഴിൽ നൽകുന്ന സുരക്ഷിതത്വം എന്നിവയെപ്പറ്റി ഇത്രയ്ക്ക് അഭിമാനബോധമുള്ളവരെ ഏറെ കണ്ടിട്ടില്ല.  അതല്പം കൂടുതലാണോ എന്ന് തോന്നിയാൽപ്പോലും കടന്നു പോന്ന കലവും ജീവിത സാഹചര്യങ്ങളും വെച്ച് നോക്കുമ്പോൾ ഒട്ടും കൂടുതലല്ല എന്ന് ബോധ്യപ്പെടും .സമാന സാഹചര്യങ്ങളിൽ, കഴിവുകൾ ഉണ്ടായിട്ടും ഒന്നുമാവാതെ പോയ ജീവിതങ്ങളും അവരുടെ പരാശ്രയത്വത്തിന്റെ ഗതികേടുകളും അടുത്തറിയാൻ കഴിഞ്ഞതുകൊണ്ടു അത് ഉറപ്പിച്ചു പറയാനും കഴിയും.


   'ആരാന്റ കൈ തലയണയാക്കി ഏറെ നേരം കിടക്കാമെന്ന് കരുതരുത് ,  

     വീട്ടു ചോറുള്ളവനേ വിരുന്നു ചോറും ഉണ്ടാവൂ'  

     'വിരിച്ചിടത്ത് കിടക്കാൻ മാത്രം പഠിച്ചാൽ പോര  

       വളയൂരി ആരും മാവിനെറിയില്ല ( എറിയരുത്) ഇതൊക്കെ ജീവിതവുമായി ബന്ധപ്പെടുത്തി അമ്മ ആവർത്തിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. അത് തന്റേടം നേടിയെടുക്കാനും ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നും പഠിക്കാൻഏറെ സഹായിച്ചിട്ടുമുണ്ട്.




കാര്യങ്ങൾ എല്ലാം കൃത്യതയോടെ സമയത്തിന് മുൻപ് തന്നെ   ചെയ്തുതീർക്കുന്നതാണ് രീതി. മക്കളോടും അക്കാര്യത്തിൽ  വാത്സല്യത്തിൽ ഉപരി ടീച്ചറുടെ കണിശതതന്നെയാണ്. വരവിലൊതുങ്ങി ജീവിക്കുക കണക്കുകൾ എഴുതി വെക്കുകഎന്നതും പ്രധാനം. ഇന്നുവരെ ഒരു ഉപഭോഗവസ്തുവും ലോണിലോ ഇൻസ്റ്റാൾമെന്റിലോ വാങ്ങിയിട്ടില്ല എന്ന് കൂടി ഇതിനോട് ചേർത്ത് പറയണം.  


ആണ്കുട്ടികളെയും പെണ്കുട്ടികളെയും തുല്യ പരിഗണനനല്കിയാണ് വളർത്തിയത്. 'നീയൊരു പെണ്ണാണ്' എന്ന ഒരു ശാസനയോ അല്ലെങ്കിൽ അവനൊരാണല്ലേ എന്ന മുൻഗണനയോ അമ്മയിൽ നിന്ന് ഉണ്ടായിട്ടില്ല. വിശ്വാസകാര്യങ്ങളിലെ അങ്ങേയറ്റം അയവുള്ള സമീപനവും ഞങ്ങളുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടായിരിക്കണം.  

  

എല്ലാ ആശംസകളും അർപ്പിക്കുന്നു.  

FB 05/01/20






പൊളിറ്റിക്കൽ കറക്ററ്നസ്

 വീടിന്റെ മുന്നിലുള്ള റോഡ് ( പഴയ കുണ്ടനിടവഴി നമ്മളൊക്കെ ചേർന്ന് റോഡ് ആക്കിയതാണ്) രണ്ട് വാഹനങ്ങൾക്ക് പരസ്പരം കടന്നു പോകാൻ ഇടമില്ല. ആരുടെയെങ്കിലും തുറന്ന ഗേറ്റിലേക്ക് കടത്തിയോ പിറകോട്ടെടുത്തോ ആണ് പ്രശ്നം പരിഹരിക്കുന്നത്.  


എന്റെ ഗേറ്റ് കഴിഞ്ഞാലുടൻ വളവും കയറ്റവുമാണ്.  അതുകൊണ്ട് ഗേറ്റിനു മുൻവശം എപ്പോഴും തർക്കമുണ്ടാവും. ഞാൻ ഗേറ്റ് അടയ്ക്കാറില്ലാത്തതുകൊണ്ട് മിക്കവാറും ആരെങ്കിലും ഉള്ളിലേക്ക് കേറ്റി മറ്റുള്ളവർക്ക്  വഴികൊടുക്കും. 


എന്നാൽ ചിലപ്പോൾ മസിലുപിടിച്ചുനിൽക്കും ചിലർ.


കഴിഞ്ഞ ദിവസവും തർക്കമായി. ഇറങ്ങിവരുന്ന പയ്യനും കയറിവരുന്ന മദ്ധ്യവയസ്കനും ഇഞ്ചിനു വിടുന്നില്ല. പിറകിൽ വാഹനങ്ങൾ വന്ന് ബഹളം വേറെ

പത്രവായനനിർത്തി ഗെയ്റ്റ് നന്നായി തുറന്ന്വെച്ചു. 

ആരെങ്കിലും ഉള്ളിലേക്കെടുത്ത് വഴിക്ലിയർ ആക്കാൻ പറഞ്ഞു.  എവിടെ?  ആരു കേൾക്കുന്നു. വാശിതന്നെ.


അപ്പോൾ പിറകിലെ ഓട്ടോയിൽ നിന്ന് ഡ്രൈവർ ഇറങ്ങി വന്നു.


"മാഷെ  നിങ്ങൾ ആദ്യം ആ ഗേറ്റ് അടയ്ക്ക്." അയാൾ തന്നെ അത് അടച്ചു  പിന്നെ അഭിമുഖം നിൽക്കുന്ന രണ്ട് കാറുകാരേയും കണ്ണടപ്പൻ തെറി .

പിറകോട്ടെടുക്കലും ഒതുക്കലുമായി മിനിട്ടുകൊണ്ട് വഴി ക്ലിയർ.


" ഇവറ്റകളോട് ഇതേപറ്റൂ അല്ലാതെ ഇങ്ങളെപ്പോലെ ഗേറ്റും തുറന്ന് കൊടുത്ത്   ഉപദേശം പറഞ്ഞിട്ടൊന്നും കാര്യംല്യ " എന്ന് എന്നെ ഗുണദോഷിച്ച് അയാളും പോയി.


അത്രേയുള്ളൂ കാര്യങ്ങൾ.

Fb 30/12/19

മൈഗ്രേൻ ചിന്തകൾ

 മൈഗ്രേൻ ഒരുരോഗമല്ല  ഒരുശാരീരികാവസ്ഥ ആണ്.  ടെൻഷൻ  കാലാവസ്ഥ, ഭക്ഷണം ഇതൊക്കെ അത് വർധിപ്പിക്കും അപ്പോൾ വിശ്രമിക്കുക തീരെ സഹിക്കാതെ വരുമ്പോൾ പെയ്ൻകില്ലർ . നുള്ളിക്കളയാം എന്നുപറഞ്ഞ ഓരോസ്ട്രീമിലുള്ള സ്പെഷ്യലിസ്റ്റുകളെയും കാട്ടി . തൽക്കാല ശമനം മാത്രം. ഭക്ഷണമുൾപ്പെടെ പലതും ഒഴിവാക്കാൻ ഉപദേശം കിട്ടിയിട്ടുണ്ട്. അതൊക്കെയും ഉപേക്ഷിച്ച് ജീവിക്കൽ നടപ്പുള്ള കാര്യമല്ല . അല്ല ഇനി അങ്ങനെ ജീവിച്ചാൽ തന്നെ എന്തു രസം.  ഏകദേശം 30 വർഷം ഇതിന്റെ എല്ലാ രൗദ്രതകളും നേരിട്ട് , സഹിച്ച് ജീവിച്ചു. 

ഇതുംവെച്ച് പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ഡേ/നൈറ്റ് ഡ്യൂട്ടികൾ എടുത്തിട്ടുണ്ട്. ഒന്നു മൂത്രമൊഴിക്കാൻ പോലും എണീക്കാൻ അനുവദിക്കാത്തത്ര തിരക്ക് ഉള്ള റയിൽവേ കൗണ്ടറിൽ


ആരോഗ്യത്തിന് മറ്റു് വലിയ പ്രശ്നമില്ലാതെ 62 ലെത്തി. ഇപ്പോൾ അസുഖം വരാറില്ല. കൃത്യമായി പറഞ്ഞാൽ റിട്ടയർമെന്റോടെ.  


മുത്തശ്ശി, അമ്മമ്മ, അമ്മ ഇവർക്കൊക്കെ ഉണ്ടായിരുന്നു. ആദ്യ രണ്ടുപേർ പൂർണ്ണാരോഗ്യത്തോടെ 90 പിന്നീടവർ. അമ്മയും +80യിൽ അതാണ് ആത്മവിശ്വാസം.  


Btw: പിന്നെ പൊതുവെ ചിന്താശീലർ, workaholic ,അനുകമ്പയും സഹജീവിസ്നേഹവും ഉള്ളവർ ഇവർക്കത്രെ ഇതു കൂടുതലും  വരുന്നത് . "താൻ ചിന്തിച്ചുകൂട്ടിയില്ലെങ്കിലും ലോകം മുന്നോട്ടു പോയിക്കൊള്ളും. കുറെ ദിവസം ലീവാക്കിയാലും റെയിൽവേയും"   എന്നായിരുന്നു എന്റെഡോക്ടർ മിക്കപ്പോഴും ഉപദേശിക്കാറുള്ളത്.☺

ആദ്യമായി തീവണ്ടി കണ്ട കഥ*

                                     * 


രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി തീവണ്ടി കാണുന്നത്. ഫ്രാൻസിസ് റോഡിലുള്ള ഒരു സ്‌കൂളിലെ ടീച്ചർ ആയിരുന്നു അമ്മ.    എസ്‌കെ പൊറ്റെക്കാടിന്റെ  'ഒരു ദേശത്തിന്റെ കഥ' യിലെ അതിരാണിപ്പാടത്തെ പണിക്കരുടെ സ്‌കൂൾ എന്ന് പരാമർശിക്കുന്നത് ഇതത്രെ!  അക്കാലം   ക്വാർട്ടേസുകളിൽ  താമസിച്ചിരുന്ന റയിൽവെക്കാരിൽ പലരുടെയും മക്കൾ അക്കാലത്ത് ആ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്.  (അവരിൽ ചിലർ പിൽക്കാലത്ത് സഹപ്രവർത്തകരായിട്ടുണ്ട്) ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന അക്കാലത്ത്    ജീവനക്കാർക്ക് അരിയും പ്രൊവിഷൻസും നല്‌കാൻ സംവിധാനമുണ്ടായിരുന്നത്രെ! നമ്മൾ റയിൽവേയിൽ വന്ന കാലത്ത് അതൊന്നും പക്ഷെ കണ്ടിട്ടില്ല. എന്തായാലും റയിൽവേ  താരതമ്യേന മെച്ചപ്പെട്ട സേവനവ്യവസ്ഥകൾ ഉള്ള ഒരു സംവിധാനമാണെന്ന ധാരണ ആയിരുന്നു അമ്മയുടെ സഹപ്രപർത്തകർക്ക്. അത് പിന്നീട് എനിക്കൊരു പാരയായി വരുന്നുണ്ട് .അത് പിന്നെപ്പറയാം.


കോഴിക്കോട് സ്റ്റേഷൻ കടന്ന് ഇപ്പോൾ തെക്കുഭാഗത്തുള്ള ഓവർബ്രിഡ്ജിനുപകരം അന്നുണ്ടായിരുന്ന ലെവൽ ക്രോസ് കടന്നുവേണം സ്‌കൂളിലേക്ക് പോവുക. ഞാൻ പഠിച്ചത് അവിടെ ആയിരുന്നില്ല. വല്ലപ്പോഴും ഡോക്ടറെ കാണിക്കാൻ, അല്ലെങ്കിൽ വീട്ടിൽ എല്ലാമക്കളെയുംകൂടി   ഒരിടത്താക്കി പോകാൻ സാഹചര്യമില്ലാതിരിക്കുക പോലുള്ള അവസരങ്ങളിൽ കൂടെക്കൂട്ടി സ്കൂളിൽ ഇരുത്തും.   അങ്ങനെ ഒരവസരത്തിൽ ആണ് , ഒന്നാം ക്ലാസ്സിൽ കൂകൂ കൂകൂ തീവണ്ടി ന്ന് പഠിച്ചെങ്കിലും വെള്ളംമോന്തിയുംകൽക്കരിതിന്നും ഭൂമികുലുക്കിക്കൊണ്ട് കൂകിപ്പാഞ്ഞു കൊണ്ട് പോകുന്ന അതിനെ 'ജീവനോടെ' കാണുന്നത്.


പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഒരു റെയിൽവേസ്റ്റേഷൻ കാണുന്നതും വണ്ടിയിൽ കയറുന്നതും.


 പിൽക്കാലത്ത് കുട്ടികളെ നോക്കാൻ ആളില്ലാത്ത അവസരങ്ങളിൽ മൂത്തമകനെ പലപ്പോഴും ബുക്കിങ് ഓഫിസിൽ കൊണ്ടുവന്നിരുത്തിയിട്ടുണ്ട്. അങ്ങനെ ഒരവസരത്തിൽ  ഊണുകഴിക്കും നേരത്ത് (പകരം കസേര ഇല്ലാത്തതിനാൽ തൽക്കാലം) അവനെ കൗണ്ടറിലെ സീറ്റിൽ ഇരുത്തി . ARTS ഓപ്പറേറ്റർ കീ ലോക്ക് ആക്കാൻ ശ്രദ്ധിച്ചില്ല.  കുട്ടിക്കൗതുകം  അറിയാതെ ഏതോ ബട്ടനിൽ  തൊട്ടത് മുൻപേ കൊടുത്തുപോയ ടിക്കറ്റ് NI ആയി. എന്റെ ആദ്യത്തെ NI മിസ്സിങ് .. 

  ₹ 2600 പോയിക്കിട്ടി.  ശുഭം!!


(ടിപി സുധാകരൻ 05/08/2000)

  

  

സയൻസ്എഴുത്ത്

 



 വേരുകൾവെള്ളം വലിച്ചെടുക്കുന്നുണ്ടോ എന്നപരീക്ഷണമാണ് ഓർമ്മയിൽ ആദ്യത്തെ ശാസ്ത്രപരീക്ഷണം. നാലാംക്ലാസ് പാഠത്തിൽ വെള്ളത്തണ്ടും മഷിയും ഉപയോഗിച്ച് അങ്ങനെയൊന്നുണ്ടായിരുന്നു.


സസ്യങ്ങളുടെ  വേരുകൾ വെള്ളം വലിച്ചെടുക്കുന്നുണ്ടോ എന്നറിയുംമുമ്പ് ഒഴിക്കുന്നവെള്ളം വേരിൽ എത്തുന്നുണ്ടോ എന്നും അറിയേണ്ടേ?. ഇതറിയാനായിരുന്നല്ലോ പഞ്ച തന്ത്രത്തിൽ തോട്ടം നനക്കാൻ  തോട്ടക്കാരൻ ഏല്പിച്ച വാനരങ്ങൾ ചെടിയെല്ലാം പറിച്ചുനോക്കിയത് . പക്ഷെ  കഥയിൽ അത് ബുദ്ധിശൂന്യയായാണ്  വർണ്ണിക്കുന്നത്.


 ഏതായാലും ആ സ്റ്റേജ് പിന്നിട്ടിരുന്ന കാലത്താണ് പരീക്ഷണം.!

ഇതിനായി ഞങ്ങൾ കുട്ടികൾ മാത്രം വീട്ടിലുള്ള ഒരൊഴിവുദിവസം കുപ്പിയും മഷിത്തണ്ട് ചെടിയും സംഘടിപ്പിച്ചു. ചുവന്ന മഷിയിരുന്നു പ്രശനം. മഷിപ്പേനപോലും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പിന്നല്ലേ ചുവന്നമഷി.  സാധനം വീട്ടിലുണ്ട്. അച്ഛനും അമ്മയും അധ്യാപകർ  ആയതുകൊണ്ട്. പക്ഷെ അവരുടെ മേശ അലമാര ഇവയൊന്നും തുറക്കാൻ കുട്ടികൾക്ക് അനുവാദമില്ല.


വീടുകളും അക്കാലത്തെ സ്കൂളുകളെപ്പോലെ ശിശുകേന്ദ്രീകൃതമോ ശിശുസൗഹൃദമോ ആയിരുന്നില്ലല്ലോ.  ഒരുനിശ്ചിത വൃത്തത്തിൽ ഒതുങ്ങാത്ത എല്ലാം വികൃതി, കുരുത്തക്കേട്, തർക്കുത്തരംപറയൽ എന്നഗണത്തിൽ പെടുത്തിയാണ് കൈകാര്യം ചെയ്യപ്പെടുക. എന്നാലോ  കുട്ടിക്കുരുത്തക്കേടുകൾക്കൊട്ടു കുറവ് ഉണ്ടാവുകയുമില്ല.


അതുകൊണ്ട് ഒരു കുരുത്തക്കേട് ഒപ്പിച്ച് മഷി കൈക്കലാക്കി അവശ്യത്തിനെടുത്ത് തിരിച്ചുവെച്ചു. പരീക്ഷണം നന്നായിനടന്നു. തണ്ട് ചുവന്നുകണ്ടപ്പോൾ വേര് ജലം വലിച്ചെടുക്കുന്നുവെന്നു ബോദ്ധ്യപ്പെട്ടു.  പിന്നെചെടിയെല്ലാം കളഞ്ഞ് കുപ്പിയും വെള്ളവും ഭദ്രമായി ഉത്തരപടിയിൽ കേറ്റി വെച്ചു. പിന്നെയും  വേണ്ടിവരുമല്ലോ. സംഗതി അവിടെ തീരേണ്ടതായിരുന്നു.


പക്ഷെ എലിയോ പൂച്ചയോ രാത്രി അത് തട്ടിയിട്ട് ചുമരിലുംനിലത്തും  ചുവപ്പ് പടർത്തി. പിന്നെ അന്വേഷണം, വിചാരണ മേശ തുറന്നതിനും മഷി എടുത്തതിനും ശിക്ഷ/ താക്കീത് . പതിവുപോലെ.  അതിന്റെ ചൂട് അടുത്ത കുരുത്തക്കേട് വരെ


ഫ്ബി 21/08/20


#ScienceInAction

#JoinScienceChain

#സയൻസ്  എഴുത്തിൽ കണ്ണി  ചേരാം


അച്ഛൻറെ ഓർമ്മയിൽ

 വായനയുടെ ലോകത്തിൽ ദിശാബോധം ഉണ്ടാക്കിത്തന്നത്  അച്ഛനാണ്.   രണ്ടാം ക്ലാസ്സിലെത്തുമ്പോഴേക്കും നല്ല ഒഴുക്കോടെ വായിക്കാൻ ശീ ലമായിക്കഴിഞ്ഞിരുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പ് വീട്ടിൽ വരുമായിരുന്നു.  അതിലൂടെ നന്തനാരും മാലിയുമായിരുന്നു ആദ്യ ആകർഷണം.പിന്നെ മലയാറ്റൂരും ഒവി വിജയനും സി രാധാകൃഷ്ണനും വികെഎന്നും ഒക്കെ മനസ്സിൽ കുടിയേറി. 

പാഠപുസ്തകത്തിനപ്പുറം ഒരു പുസ്തകം ആദ്യമായി വായിച്ചത് ഉറൂബ് ന്റെ കുഞ്ഞമ്മയും കൂട്ടുകാരുമാണ്. അമ്മാവന്മാർ ആരോ വീട്ടിൽ വെച്ച് മറന്നുപോയതോ മറ്റൊ ആണ്.  എംവി ദേവന്റെ  (ഊഹം) വരകളോടെ ഉള്ളത്. ഇത് ഞങ്ങൾ കുട്ടികളുടെ ഒരു കൂട്ടവായനയായിരുനിന്നു. കുട്ടികൾ എന്നുവെച്ചാൽ ചേച്ചി, ചെറിയമ്മ (ചേച്ചിയുടെ സമപ്രായം) ഞാൻ ,പിന്നെ കേൾവിക്കാരായി അനിയനും അനിയത്തിയും. ആവർത്തിച്ചാവർത്തിച്ച്  "കിഴക്കോട്ടുള്ള  മൂന്നാമത്തെ ബസും പോയക്കഴിഞ്ഞപ്പോൾ അച്ചുതൻ നമ്പൂതിരി ഒന്ന് നെടുവീർപ്പിട്ടു." എന്നാരംഭിക്കുന്ന ഇത് മിക്കവാറും മനഃപാഠമായി കഴിഞ്ഞിരുന്നു.. 



അടുത്ത പുസ്തകം " ഒരു കുടയും കുഞ്ഞുപെങ്ങളും". ചേച്ചിയുടെ അഞ്ചാം ക്ലാസ്സിലെ ഉപപാഠപുസ്‌തകം. ഇത് വാങ്ങിക്കൊണ്ടുവന്നതുമുതൽ പിടിവലിയായിരുന്നു  ഞാനും ചേച്ചിയും പിന്നെ ചെറിയമ്മയും. മൂന്നാംക്ലാസ്സുകാരന്നുപരാജയം. എന്നാലും മൂന്നാലുദിവസത്തിനുള്ളിൽ വായിച്ചുതീർത്തു. പിന്നെ വായന മിക്കവാറും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒതുങ്ങി. മാതൃഭൂമിക്കുപുറമേ കുങ്കുമം മലയാളനാട് വാരികകൾകൂടി വാങ്ങാൻ തുടങ്ങിയതോടെ ഒരുപാട് നോവലുകൾ വായിക്കാൻ തുടങ്ങി. ഒരുദേശത്തിന്റെ കഥ   ഗണദേവത ദ്വന്ദയുദ്ധം നക്ഷത്രങ്ങളെ കാവൽ നെല്ല്  യക്ഷി ഖസാക്കിന്റെ ഇതിഹാസം  എന്നിവയെല്ലാം ഇങ്ങനെ വാരികകളിലൂടെ വായിക്കാൻ പറ്റി.


 അഞ്ചാം ക്ലാസിലെത്തിയപ്പോൾ ലൈബ്രയിൽനിന്നു പുസ്തകം കിട്ടുമായിരുന്നു.പക്ഷെ ചാർജുള്ള മാഷെ കണ്ടുകിട്ടുക ദുഷ്കരമായിരുന്നു. പിറ്റേ വർഷം  കുറച്ചകലെ ഉള്ള സിസി സ്മാരകലൈബ്രറിയിൽ അച്ഛൻ മെമ്പർഷിപ് എടുത്തുതന്നു.  ഞാനും അനിയനും കുടി അവിടെപ്പോയി. അലമാരിയിൽ നിറയെ പുസ്തകങ്ങൾ ആദ്യമായി കാണുകയാണ്. ഏത് എടുക്കും.  കാറ്റ്‌ലോഗ്‌  ഒക്കെ നോക്കാനുള്ള അറിവോ പരിചയമോ ഇല്ല. പിന്നെ, നിശ്ശബ്ദ അന്തരീക്ഷം  ആകെ ഒരു പരിഭ്രമം.  മേശപ്പുറത്ത് കുറെ പുസ്തകങ്ങൾ  വരിക്കാർ മടക്കിയത് അട്ടിവെച്ചിരിക്കുന്നു. അതിൽ പരതി. ഒരു പുസ്തകം തടഞ്ഞു. ജി.വിവേകാനന്ദന്റെ 'പൊട്ടൻ നിലാണ്ടൻ'.  അക്കാലത്താണ് കള്ളി ചെല്ലമ്മ സിനിമ ഇറങ്ങിയത്.  അതിന്റെ കഥാകാരൻ മോശമാവില്ല  (ചെമ്മീൻ _തകഴി  പോലെ) എന്ന യുക്തിയിൽ പിന്നൊന്നും ആലോചിച്ചില്ല.    അതുതന്നെ എടുത്തു. രണ്ടാം ദിവസമാണ് അച്ഛൻ പുസ്തകം കാണുന്നത്.  അന്നുരാത്രി  വിക്തോർ യൂഗോ വിന്റെ   Les miserables ന്റെ കഥ  അച്ഛൻ ഞങ്ങൾക്ക്. പറഞ്ഞുതന്നു.  ഒടുവിൽ ഇങ്ങനെയും                " ഇത്തരത്തിൽ മഹത്തായ പുസ്തകങ്ങൾ ഉണ്ട് .അവ തെരഞ്ഞെടുത്തു വായിക്കാൻ ശ്രമിക്കുക. നല്ല നേരങ്ങൾ  പൊട്ടൻ നീലാണ്ടന്മാർക്ക്   നൽകാൻ ഉള്ളതല്ല". എനിക്ക് വായനയുടെ കാര്യത്തിൽ ലഭിച്ച ഏക മാർഗനിർദ്ദേശം.


അങ്ങനെ ഹൈ സ്കൂളിലെത്തുമ്പോഴേക്കും വായനക്ക് നല്ല ഒരടിത്തറ നേടിക്കഴിഞ്ഞിരുന്നു.  ഇക്കാലത്ത് മാതൃഭൂമി ആഴ്‌ച്ചപതിപ്പിൽ  തുടർച്ചയായി വന്ന മന്മഥ് നാഥ് ഗുപ്‌തയുടെ "ജീവിച്ചിടുന്നു മൃതിയിൽ" എന്ന കൃതി എന്റെ രാഷ്ട്രീയ വീക്ഷണം രുപപ്പെടുത്തിയതിലും ഇടത്തോട്ടു തിരിച്ചതിലും വലിയപങ്കു വഹിച്ചിട്ടുണ്ട്. അത് വരെ ദേശീയ പ്രസ്ഥാനത്തിന്റെ കോൺഗ്രസ് അപദാനങ്ങൾ മാത്രം കേട്ടു ശീലിച്ച എനിക്ക് മറ്റൊരു വീക്ഷണം കൂടി സാദ്ധ്യമാക്കിത്തന്നത് ഈ കൃതിയാണ്..

FB  19/06/16

നട്ടെല്ല് നിവരട്ടെ

 തടവിയും തലോടിയും നീ താങ്ങിനിർത്തിയവർ പറയുന്നു

നിന്റെ വാക്കും പേനയും ക്യാമറയും

മാരകായുധങ്ങളെന്ന് 


അവരോടുപറയുക

അവ മാരകായുധങ്ങൾ തന്നെ എന്ന്.


ഒരു തൂണെങ്കിലും ചിതലരിക്കാതിരിക്കട്ടെ!


കുമ്പിടാൻ പറഞ്ഞപ്പോൾ

മുട്ടിലിഴഞ്ഞു വളഞ്ഞുപോയതൊക്കെ

ഒന്നു നിവരട്ടെ!

FB: 20-12-19

വീട്ടച്ഛൻ

 റിട്ടയർ ചെയ്തിട്ട് ഒരു വർഷം ആകുന്നു.  അതിനുമുമ്പേ പുറത്തു ചാടണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ 


അതുപോട്ടെ!.


  സ്വന്തം ഡിപാർട്മെന്റിൽ തന്നെ റീ എംപ്ലോയ്‌മെന്റോ പുറത്ത് മറ്റു ജോലിക്കോ പോവില്ല, എന്ന് ആദ്യമേതീരുമാനിച്ചിരുന്നു. 

വീട്ടിൽ നാലുദിവസം ഇരുന്നാൽ ബോറടിക്കും,  ഒന്നും ചെയ്യാതെ മാനസികമായും ശാരീരികമായും തളരും, പെട്ടെന്ന് വയസ്സനാകും, ചുമ്മായിരുന്നു തിന്ന് തടിവെക്കും  അങ്ങനെ  പലവിധ മുന്നറിയിപ്പുകളും കിട്ടിയിരുന്നു.  യാത്രയയപ്പ് യോഗത്തിൽ, പിരിഞ്ഞിട്ട് പത്തുവർഷമായി പക്ഷെ ഇതുവരെ ഒരു ദിവസം പോലും വീട്ടിൽ ഇരുന്നിട്ടില്ല എന്നൊക്കെയുള്ള  തള്ളുകളും കേട്ടിരുന്നു.

ഇത്രയും വിരസമാണ് വീടെങ്കിൽ പിന്നെന്തിനാ ഇവരൊക്കെ ലോണെടുത്തു, കഷ്ടപ്പെട്ട്  വീടും കുടുംബവുമൊക്കെ ആക്കിയതെന്ന് ചോദ്യമാണ് മനസ്സിൽ ഉയർന്നിരുന്നത്.


 പുസ്തകം ,വായന, കവിത എന്നിങ്ങനെ ചില നൊസ്റ്റുകൾ, കൂടുതൽ ഇന്റിമസിയുള്ള ചിലർ ഓർമ്മിപ്പിച്ചിരുന്നു.


പക്ഷെ...

 

യാത്ര, രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, മഴ, പ്രളയം, ദുരിതാശ്വാസം എന്നിവയൊക്കെയായി കൊല്ലം ഒന്നു കഴിഞ്ഞുപോയിരിക്കുന്നു.


വീടും വീട്ടുകാരും ഒന്നും മുഷിപ്പിക്കുന്നില്ല. ജോലിക്കു പോകുന്നില്ലെങ്കിലും പാലിച്ച് പോന്ന (ദു:))ശീലങ്ങൾ അതേപടി തുടരുന്നു.

 (നേരത്തെ എഴുന്നേൽക്കുക ഏറെ വൈകി കിടക്കുക  എന്നത് പോലും)


ഇടയ്ക്ക് തോന്നിയ ഐഡിയ ആണ് എങ്ങനെ നല്ലൊരു  ഹോം മേക്കർ   ആവാമെന്നത്.  ടീച്ചർ ഇനിയും സർവ്വീസിലുള്ളതുകൊണ്ടും നമ്മൾക്ക് വേറൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ടും  റോളുകൾ പരസ്പരം ഒന്നു മാറി. 


എന്നെ സഹായിച്ചുകൊണ്ട് നിന്നാൽ മതി എന്നൊക്കെ ആദ്യം പറഞ്ഞിരുന്നു. രണ്ട് ദിവസമേ കാണൂ ഈ സാഹസമൊക്കെ എന്ന മുൻ വിധിയിൽ.


പക്ഷെ ദിവസം പോകെ അതല്ല ആത്മാർത്ഥമായിത്തന്നെ എന്ന് ബോധ്യമായിട്ടുണ്ട് . 70%   മാർക്ക് തരാമെന്നുമായിട്ടുണ്ട്. അടുക്കളയിലും പാചകത്തിലും കാ കാണിക്കുന്ന വൃത്തിയും വെടിപ്പും മറ്റെവിടെയും കാണിക്കാനാവുന്നില്ലെന്നതത്രെ മാർക്ക് കുറയുന്നത്.    പുസ്തകമോ പത്രമോ വായിച്ചാൽ വായിച്ചിടത്ത് , വസ്ത്രവും അപ്പടി. അത്  അമ്മയ്ക്കും ഉള്ള പരാതി ആയിരുന്നു. അതിലിനി മാറ്റമൊന്നും വരുമെന്നുതോന്നുന്നില്ല.  (പിന്നെ മത്സരമില്ലെങ്കിൽ  സ്കോർ കൂടുമോ. ആരെങ്കിലും ഉണ്ടോ ഒന്ന് മത്സരിക്കാൻ)


സംഗതികൾ ഇതുവരെ OK എങ്കിലും  പ്രിവിലേജ് സോണിലിരുന്നുള്ള ഒരു പരീക്ഷണം എന്നതിനപ്പുറത്തേക്ക്  ഇതിനെ കൊണ്ടുപോകാൻ കഴിയുമോ എന്ന പ്രശ്നം പക്ഷേ നിലനിൽക്കുന്നു.  


ഈ കുപ്പായം മാറുന്നതെപ്പോഴാ . പുള്ളിപ്പുലിയുടെ പുള്ളിയുണ്ടോ മായുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾ  അന്തരീക്ഷത്തിൽ ഉണ്ട് . 


NB :കഴിഞ്ഞ 25 വർഷമായി ജീവിതത്തിലെ പ്രധാനമുഹൂർത്തങ്ങൾ ഒരു പ്രതികാരബുദ്ധിയോടെ കുളമാക്കിത്തന്നിരുന്ന മൈഗ്രൈൻ ഒരുവർഷമായി ഈ വഴിക്ക്  വന്നിട്ടില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്.


FB  20/12/19






ദോസ്റ്റോയോവിസ്കിയും കാരമസോവ് സഹോദരൻമാരും

 ദസ്തയെവ്സ്‌കിയുടെ അവസാന കൃതിയാണ്  കാരമസോവ് സഹോദരന്മാർ. 1880 ആണ് ഇത് പൂർത്തിയാവുന്നത് . 81ൽ ആണ് മരണം സംഭവിക്കുന്നത്..


 അതുംകഴിഞ്ഞ് 100 വര്ഷങ്ങൾക്ക്ശേഷം ഡൽഹിയിലെ കൊണാട്ട് പ്ലേസ് ലെ പഴയപുസ്തകചന്തയിൽ നിന്നാണ് 50 രൂപ കൊടുത്ത്  ഇത് വാങ്ങുന്നത്.



താന്തോന്നിയായ ,എല്ലാത്തരംദുർഗുണങ്ങളുമുള്ള ഫിയോഡർ പാവ്ലോവിച്ച് കാരമസോവ് ന്റെ ദുരൂഹമായ (പുത്രന്മാരിലൊരാളാൽ )കൊലപാതകവും  തുടർന്നുള്ള സംഭവങ്ങളുമാണ്  പ്രതിപാദ്യം.


തകർന്ന കുടംബത്തിൽ, പലയിടത്തായി വളർന്ന നാലുമക്കൾ ഉള്ളത് ചിന്തയിലും സ്വഭാവത്തിലും  ഒരുചേർച്ചയുമില്ല. 




ആധുനികതയിലേക്ക്  പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന  റഷ്യൻ സാമൂഹത്തിന്റെ വിശാലമായ പശ്ചാത്തലത്തിൽ,  ധാർമ്മികത, വ്യക്തി , വിശ്വാസം യുക്തിചിന്ത, ദൈവം ,നിരാസം, മൊറാലിറ്റി    എന്നിങ്ങനെയുള്ള ദാർശനിക സമസ്യകൾ ആഴത്തിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. പാപം  മോചനം പ്രത്യാശ എന്നിവയും ചർച്ചയാവുന്നുണ്ട്

മുൻനിര സാഹിത്യകാരന്മാരും ചിന്തകരും മനശാസ്ത്രജ്ഞൻമാരും ഉൾപ്പെട്ടഎല്ലാവരും തന്നെ ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച ഒന്നായിട്ടാണ് ഇതിനെ കാണുന്നത്.



 കസാൻദ്സാക്കീസിന്റെ "ലാസ്റ് ടെംറ്റേഷൻ.. " വായിക്കുമ്പോൾ   ദസ്തയെവ്സ്‌കിയുമായി ഒരു ബന്ധം തോന്നിയിരുന്നു


"ഇനി കാര്യങ്ങൾ നീ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ തീരുമാനിക്കും.  നിന്നെയും നിന്റെ പൊരുളും അരുളും കുരിശ് ആരോഹണവും പുനരുത്ഥാനവുംഎന്റെ തീരുമാനത്തിനപ്പുറം ആയിരിക്കില്ല  അറിയപ്പെടുന്നത്. എന്റെ എഴുത്തിനപ്പുറം ഒരു അസ്തിത്വം താങ്കൾക്കില്ല എന്നൊക്കെ  Paul (  the scribe) /paul the apostle  ക്രിസ്തുവിനോട് പറയുന്നുണ്ടല്ലോ

റഷ്യൻ പുസ്തകങ്ങൾ

 

കോഴിക്കോട്ട് മാനാഞ്ചിറ ഗ്രൗണ്ട് നും കോംട്രസ്റ്റിനും ഇടയിലുള്ള റോഡിൽ ഒരു വലിയ പെട്ടിക്കട ആയിട്ടായിരുന്നു പ്രഭാത് ബുക് ഹൗസ്.  സ്കൂൾ വിട്ടുവരുന്ന വഴിക്ക് അവിടെ കേറി പുസ്തകങ്ങളും മാസികകളും മറിച്ച് നോക്കും. കാശുകൊടുത്തുവാങ്ങാനൊന്നും പാങ്ങില്ല. പഴയ സോവിയറ്റ് ലാൻഡ് ഒക്കെ  ചിലപ്പോൾ കൂട്ടുകാരില്നിന്ന് കിട്ടും  ചിത്രപ്പേജുകൾ brown paper ന് പകരം പുസ്തകം  പൊതിയാൻ   ഉപയോഗിക്കും. അതിലൊന്നിൽ ചെങ്കൊടി പിടിച്ചുനിൽക്കുന്ന ലെനിൻന്റെ ചിത്രം കണ്ട് ഒരിക്കൽ  ടീച്ചർ പറഞ്ഞിരുന്നു "ഇതൊന്നും ക്ലാസിൽ വേണ്ട" എന്ന് .

  നികിതയുടെ ബാല്യം ആണ് ആദ്യമായി വായിച്ച റഷ്യൻ പുസ്തകം.  
പ്രഭാതിന്റെ പുസ്തക പ്രദർശനത്തിൽ ചുമ്മാ ഒന്ന് കേറിയതായിരുന്നു. കേറി ഒരു പുസ്തകവും വാങ്ങാതെ  പോരാൻ മടി.  ഒടുവിൽ കയ്യിലുള്ള തെല്ലാം നുള്ളിപെറുക്കി വാങ്ങിയതാണ്. പക്ഷെ വായിച്ച് കഴിഞ്ഞപ്പോൾ നന്നായി ഇഷ്ടപ്പെട്ടു . നന്തനാറിന്റെ  ഉണ്ണിക്കുട്ടൻ കഥകൾ പോലെ. അതിലെ കുട്ടികളും, കളികളും മഞ്ഞു മൂടിയ പ്രകൃതിയും  എല്ലാം പുതിയൊരനുഭവം തന്നു. 

ടോൾസ്റ്റോയ് യെപ്പറ്റിയും അദ്ദേഹത്തിന്റെ "അന്ന കരിനീന" "യുദ്ധവും സമാധാനവും"  എന്നിവയെപ്പറ്റിയുമൊക്കെ കേട്ടിരുന്നു . അവയുടെ  കുട്ടിപ്പതിപ്പുകൾ വായിച്ചുവെങ്കിലും കോളേജിലെത്തിയശേഷമാണ് പൂർ ണ്ണരൂപത്തിൽ വായിച്ചത്.

എന്നാൽ അതിനുമുമ്പ് തന്നെ ഷോളൊഖോവിന്റെ  ഡോൺ നോവലുകളും 'ഉഴുതുമറിച്ച പുതുമണ്ണും'   വായിച്ചിരുന്നു. റഷ്യൻ വിപ്ളവം,തുടർന്ന് വന്ന സാമൂഹ്യമാറ്റങ്ങൾ എന്നിവയിലേക്ക് ഒരു ഉൾക്കാഴ്ച നല്കുന്നവയായിരുന്നു. ഭൂമിയുടെയും പണിയായുധത്തിന്റെയും ഉടമസ്ഥത നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള കർഷകന്റെ ആധിയും ചെറുത്തുനിൽപ്പും  ഒക്കെ അതിൽ കാണാൻ കഴിഞ്ഞു.  Propaganta ഗണത്തിൽ പെടുത്തിയാണ് പല വിമർശകരും ഇതിനെസമീപിച്ചിട്ടുള്ളത് . പക്ഷെ അങ്ങനെ തോന്നിയിട്ടില്ല. 
"കുഴപ്പങ്ങളുടെയും അസ്വസ്ഥതകളുടെയും കാലത്ത് സഖാക്കളെ നിങ്ങൾ സഖാക്കളുടെ രക്ത ത്തിനായി കൊതിക്കരുത്." (  അതോ സഹോദരന്റെ എന്നോ)  എന്ന് ഒരുശവകുടീത്തിനു മുകളിൽ എഴുതിവെച്ചതിനെ ഡോൺ നോവലിൽ പറയുന്നുണ്ട്. ഇന്നും എപ്പോഴും പ്രസക്തം

ഗോർക്കിയുടെ 'അമ്മ'യാണ് പിന്നീട്‌ വായിച്ചത്.   (മറ്റുള്ളവർ  വാങ്ങിക്കൊണ്ടുപോയി  ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള എന്റെ പുസ്തകങ്ങളിലൊന്നാണിത്.  എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നും ) 'മനുഷ്യൻ ഹാ എത്രസുന്ദരമായപദം' എന്നുംപറഞ്ഞ ഗോർക്കിയുടെ,   പാവേലും  അമ്മ നിലോവ്ന പീലഗേയയും  'അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കപെടുന്ന ഒരു  ലോകം സൃഷ്ടിക്കാനിറങ്ങുന്നവർക്ക് എന്നും പ്രചോദനമായിരിക്കും   എന്നെനിക്ക് ഉറപ്പുണ്ട്.

ഡോസ്റ്റോയെവിസ്കി യുടെ കുറ്റവും ശിക്ഷയും ,കാരമസോവ്  സഹോദരൻമാർ ,നിന്ദിതരും പീഡിതരും  എന്നിവ വളരെ ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ്.   അതേപോലെ പിതാക്കളും പുത്രന്മാരും ,അന്നകരിനീന ,യുദ്ധവും സമാധാനവും .   വിശ്വാസം ,ധാർമികത എന്നിവയൊക്കെ ഇങ്ങനെ ആഴത്തിൽ ചർച്ചചെയ്യപെടുന്ന നോവലുകൾ നമ്മുടെ ഭാഷയിലുണ്ടോ.

സോവിയറ്റ് യൂണിയനിലെ വ്യക്തി, ആവിഷ്കാര സ്വാതന്ത്യങ്ങൾ, സ്റ്റാലിനിസം സൈബീരിയൻ ലേബർ ക്യാമ്പുകൾ എന്നിവ  കേരളത്തിൽ വലിയചർച്ചകളായിട്ടുണ്ട്.   പാസ്റ്റർനാക്കി ന്റെ   ഡോ ഷിവാഗൊ, അലക്‌സാണ്ടർ സോൾസെനിത്സൺന്റെ കാൻസർവാർഡ് എന്നിവക്ക് ഈ
വിവാദങ്ങളുടെ  പശ്ചാത്തലം കൂടിയുണ്ട് വായിക്കുമ്പോൾ. ഇതിൽ കാൻസർവാർഡ് ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്.സർഗാത്മകത ആവിഷ്കാരസ്വാതന്ത്യം എന്നിവ മുൻനിർത്തി ആഘോഷിക്കപ്പെടുമ്പോഴും   ഇവ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാനുള്ള ഒരായുധമായിട്ടുകൂടിയാണ് ചർച്ചകളിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്നതും മറക്കരുത്.

ഏറ്റവും ഒടുവിൽ വായിച്ചത് ടോൾസ്റ്റോയ് യുടെ The Kreutzer Sonata ആണ്. അടുത്തകാലത്ത്.   Kindle ൽ വായിച്ച ആദ്യപുസ്തകം.
മനുഷ്യൻ എത്ര നികൃഷ്ടൻ   എന്ന് പറയാതെ പറയുന്നില്ലേ ടോൾസ്റ്റോയ് ഈ കൃതിയിൽ.#worldofussr

fB  31/10/17

വായനാ ദിനം

 ആറാം ക്ലാസ് മുതൽ പൊതു ലൈബ്രറികളിൽ പോകാനും പുസ്തകമെടുക്കാനും അവസരമുണ്ടായിട്ടുണ്ട്. അവിടെ ജീവിതത്തിന്റെ നാനാമേഖലയിലുള്ളവർ വന്ന് പുസ്തകമെടുക്കുന്നത് കണ്ടിട്ടുണ്ട്. 

അതുകൊണ്ട്  ഒരാൾ പുസ്തകം വായിക്കുന്നു വെന്നറിയുന്നത് ഒരത്ഭുതമായിതോന്നിയിട്ടില്ല. ചെയ്യുന്ന ജോലിയും  പുസ്തകവായനയുമായി  എന്തെങ്കിലും ബന്ധമുള്ളതായി തോന്നീട്ടുമില്ല.പലമേഖലകളിലുമുള്ളവരുമായിസൗഹൃദമുണ്ടാവാൻപൊതു വായനശാലകൾ ഉപകരിച്ചിട്ടുണ്ട്.   അങ്ങനെ പരിചയപ്പെട്ടവരിൽ ഏറ്റവും കുറവ് അധ്യാപകരാണ് എന്നത് പക്ഷെ അത്ഭുതമാണ്.


വായനയിൽ ആരെങ്കിലും ഇടപെടുന്നതോ തടസ്സപ്പെടുത്തുന്നതോ ഒരിക്കലും ഇഷ്ടമില്ല.അതേ പോലെ സദാചാരത്തിന്റെ ചാരക്കണ്ണുകളുടെ എത്തി നോട്ടങ്ങളും. സ്‌കൂൾ കോളേജ് ലൈബ്രറിയൻ മാർക്ക് ഒരുമുൻ വിധിയുണ്ട്. പ്രായവും ക്ലാസ്സുമൊക്കെ നോക്കി വായനാശീലത്തെ വിലയിരുത്തി  കുട്ടികൾക്ക് ഇന്നിന്നത് മുതിർന്നവർക്ക് വേറെ ചിലത് എന്നൊക്കെ ഒരുകണക്ക് വെച്ചിട്ടുണ്ടാകും.  അതിന്റെപേരിൽ കുറെ വഴക്കുണ്ടാക്കിയിട്ടുണ്ട്.  ആറാംക്ലാസിൽ വെച്ചാണ് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം കിട്ടാൻ തുടങ്ങിയത്.  നമുക്ക് ചോയ്‌സ്‌ ഒന്നുമില്ല . രാവിലെ കാർഡ് ഏൽപ്പിച്ചാൽ ഉച്ചക്ക് വല്ലഅമ്മുവിന്റെ ആട്ടിന്കുട്ടി,  അലാവുദ്ധീൻറെ അത്ഭുതവിളക്ക് തുടങ്ങിയവ നമ്മുടെ കാർഡിൽ ചേർത്ത് വെച്ചിട്ടുണ്ടാവു . ബാലരമയൊന്നും  ഇറങ്ങിയിട്ടില്ലാത്ത കാല

മാണ് അതുകൊണ്ട് ടുട്ടുമുയൽ ,ജമ്പൻ കടുവ  ടൈപ്പ് സാധനങ്ങൾ  എത്തിതുടങ്ങിയിട്ടില്ല.നോവലുകളൊക്കെ ചോദിച്ചപ്പോൾ ഹൈസ്കൂളിൽ എത്തട്ടെ എന്നായിരുന്നുമറുപടി  ആഴ്ചപ്പതിപ്പിൽ   ഒ വി വിജയൻ മലയാറ്റൂർ    നന്തനാർ  തുടങ്ങിയവരെ വായിക്കുന്നുണ്ട് എന്നൊന്നും പറഞ്ഞിട്ട് വിലപ്പോയില്ല .  


ഹൈസ്കൂളിൽ ചാർജുള്ള മാഷ്‌ക്ക്  ഇതിനൊന്നും നേരമില്ലായിരുന്നു.  അഥവാ ഉണ്ടായാൽ തന്നെ മനസ്സുമില്ല. കൊല്ലാവസാനം സ്റ്റോക്  നോക്കുമ്പോൾ പുസ്തകം കുറഞ്ഞാൽ കണക്കു പറയാൻ വയ്യ. അതുകൊണ്ട്   വീട്ടിൽ കൊണ്ടുപോവാൻ പറ്റില്ല. ഉച്ചക്ക് ലൈബ്രറിയിൽ ഇരുന്ന് വേണമെങ്കിൽ വായിക്കാം അത്രതന്നെ. പിന്നെ "പഠിക്കേണ്ട സമയത്ത് കണ്ട നോവലും വായിച്ചിരു ന്നോ" എന്ന  സ്ഥിരം കുറ്റം പറച്ചിലും


പിന്നെ കോളേജിൽ  ചേർന്നപ്പോൾ  പ്രീഡിഗ്രിക്കാർക്ക്  മുട്ടത്തുവർക്കി   കാനം  ചെമ്പിൽ ജോണ്.  അതൊക്കെ മതി എന്നായിരുന്നു. ലൈബ്രേറിയൻന്റെ നിയമം.  അതേ ചൊല്ലി തർക്കമായപ്പോൾ മൂപ്പർ പറഞ്ഞത് പ്രീഡിഗ്രിക്കാർ പുസ്തകങ്ങളിൽ കമന്റുകളെഴുതി നശിപ്പിക്കും എന്നാണ് ഒരുദിവസം അയാളുടെ റൂമിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി  പ്രഗത്ഭരുടെ കുറെ കൃതികൾ നാശമാക്കിയത്  കാട്ടിത്തരികയും ചെയ്തു. നിറയെ  വായനക്കാരുടെ കമന്റുകളും നിരൂപണങ്ങളും  പ്രിൻസിപ്പൽ വരെയുള്ളവർക്കുള്ള  തെറികളും  .  "ഇതൊക്കെ പ്രീഡിഗ്രിക്കാരുടെ    വേലത്തരങ്ങളാണ് .   എന്തായാലും അവന്മാര് ഇതൊക്കെ ചെയ്യും. വെറുതെ എന്തിനാ നല്ലപുസ്തകങ്ങൾ നശിപ്പിക്കുന്നത് എന്നു കരുതീട്ടാ.'   പക്ഷെ അസിസ്റ്റന്റിനെ വിളിച്ച്  "ഇയ്യാളെ ഒന്നു പരിഗണിച്ചേക്കണം എന്ന്‌ പറയാൻ കനിവുണ്ടായി.     


നാട്ടിലെ ലൈബ്രറിയിൽ ഒരു റിട്ടയേർഡ് മാഷായിരുന്നു ലൈബ്രേറിയൻ. ഒരിക്കൽ മേശപ്പുറത്തിരുന്ന 'രതിസാമ്രാജ്യം' മറിച്ചുനോക്കിയത്  കൈയിൽനിന്ന്  റാഞ്ചിക്കൊണ്ടുപോയി മേശയിൽ വെച്ച് പൂട്ടിയത് ഓർമ്മയുണ്ട്.  പമ്മന്റെ നോവലുകൾ വന്നിരുന്നകാലത്ത് മലയാളനാട്  കുട്ടികൾ വായിക്കാതിരിക്കാൻ മൂപ്പരുടെ കസ്റ്റഡിയിൽ ആവും  വേണ്ടപ്പെട്ടവർക്ക് മാത്രമേ കൊടുക്കു. അതും സ്‌പെഷ്യൽ  കവർ ഇട്ട്.


ലൈബ്രറിപുസ്തകങ്ങളിൽ കമന്റ് എഴുതുന്നത് ശരിക്കും ഒരു സമാന്തര സാഹിത്യം തന്നെയാണ്. ഏറ്റവും സുന്ദരമായ പല പാരഡികളും  തമാശകളും   മിക്കവാറും എല്ലാ തെറികളും പരിചയപ്പെട്ടത് ഇങ്ങനെയാണ്. അതേപോലെ ഒറീജിനാലിറ്റി യുള്ള നിരൂപണങ്ങളും.  പക്ഷെ അജ്ഞാതരായിരിക്കാനാണ് അവരുടെ വിധി. അവർ മികച്ച അസ്വാദകരായിരുന്നു എന്നത് ഉറപ്പാണ്. കമന്റുകൾ മിക്കവാറും  ആരിലും അസൂയ ഉണ്ടാക്കുന്ന സുന്ദരമായ കൈപ്പടയിലായിരുന്നു.  നമ്മളൊക്കെ അങ്ങനെ  എഴുതാതിരുന്നതുതന്നെ കൈപ്പടയിലുള്ള ആത്മവിശ്വാസകുറവുകൊണ്ടാണ്.  ഇന്ന് പക്ഷെ പുസ്തകങ്ങളിൽ  പൊതുവെ അത്തരം കലാപരിപാടികൾ  ഒന്നും കാണുന്നില്ല.   അതിന്റെ കുറവ് തീർക്കുന്നത് ഫേസ് ബുക്ക് ആണ്.


FB: 19/06/17


കടംകൊണ്ട കോടി

 പണ്ട് ഒരാൾക്ക് കല്യാണത്തിന് പോകേണ്ടതുണ്ടായിരുന്നു. നോക്കുമ്പോൾ ചുറ്റാൻ കസവ് കോടിയൊന്നുമില്ല കോടിയില്ലാതെ  പോകുന്നത് കുറച്ചിലല്ലേന്ന് ഒരു വിചാരവും. ഒരു വഴികണ്ടു. അടുത്തുതന്നെ ഒരു ഡ്രൈക്ളീനർ ഉണ്ട്. (പഴയകാലത്തെ). അയാളുടെ പക്കൽ നിന്ന് ഒരെണ്ണം കടംവാങ്ങി. അടിയന്തരം കഴിഞ്ഞാൽ ഉടനെ തിരിച്ചെത്തിക്കാമെന്നകരാറിൽ.  "മുഷിക്കരുത്. മറ്റന്നാൾ ഏമാൻ  വരും അതിനുമുന്പേ ഇങ്ങെത്തിച്ചേക്കണം". പോരുമ്പോൾ  അയാൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു.


അങ്ങനെ കല്യാണവീട്ടിലെത്തി. ഒരുക്കങ്ങളൊക്കെ ഒന്ന് മേലന്വേഷണം നടത്തിയേക്കാമെന്നുകരുതി ദേഹണ്ണപ്പുരയിൽ കേറി. അപ്പോഴുണ്ട് വേലിക്കപ്രത്ത് നിന്ന് ഒരു "ശൂ ശൂ ". ". മുണ്ടിൽ കരിപറ്റരുതെ "എന്ന്  ആഗ്യം കാണിച്ചുകൊണ്ട് ലവൻ നിൽക്കുന്നു  .


 മെല്ലെ അവിടുന്നു പോന്ന്  ഇല തുടക്കുന്നിടത്ത് വന്നു. അപ്പോൾ വീണ്ടും  "ശൂ ..ശൂ ." മുണ്ടിൽ വാഴക്കറ പറ്റും എന്ന ഓർമ്മപ്പെടുത്തലുമായി പിന്നിൽ   വീണ്ടും ലവൻ.

എന്നാൽ  ഇനി ഒന്നും ചെയ്യുന്നില്ല എന്നു കരുതി കയ്യാല ചാരി വെറുതേനിന്നു. അപ്പോൾ ദൂരെ നിന്ന് അയാൾ ആഗ്യം കാണിക്കുന്നു. മുണ്ടിൽ ചളി പറ്റും എന്ന്.  പിന്നെ അവിടെനിന്നില്ല തിരക്കിട്ട് വീട്ടിലേക്ക് നടന്നു. വസ്‌ത്രം മാറി. "ദേ ണ്ട്  കെട്ക്ക്ണ്  നിന്റെ..... കോടി"  ന്ന് അവന്റെ മുഖത്തേക്കെറിഞ്ഞിട്ടു പോന്നു.   

(28/7/17 ന് fb യിൽ   യെച്ചൂരി/ രാജ്യസഭ/ കോണ്ഗ്രസ് വോട്ടു സ്വീകരിക്കുമോ)

പരസ്പര പൂരകം

 പണ്ട് ഒരു കമ്പനി പടിക്കൽ ഒരു വാച്ച് കട ഉണ്ടായിരുന്നു പുറത്ത് ഒരു ക്ലോക്കും. ഈ ക്ളോക്ക്‌നോക്കി   തന്റെ വാച്ച് കറക്ടാക്കി ആണ് വാച്ച് മാൻ സൈറൻ മുഴക്കുക. നാട്ടുകാർ മുഴുവൻ സൈറൻ കേട്ടാണ് അവരുടെ ദിനകൃത്യങ്ങൾ ചിട്ടപ്പെടുത്തുന്നത്. അങ്ങനെ വന്നുവന്ന്  നാട്ടുകാർക്ക് എല്ലാറ്റിനും നേരം വൈകി തുടങ്ങി.   അന്വേഷണമായി അപ്പോഴാണ് സംഗതി മനസിലായത്.



 വാച്ച് മാൻ സൈറൻ മുഴക്കുക വാച്ച് കടക്കാരന്റെ ക്ളോക്ക് നോക്കി ആണെങ്കിൽ ക്ളോക്കുകാരൻ  സൈറൻകേൾക്കുമ്പോഴാണ് ക്ലോക് കറക്റ്റ് ചെയ്യുന്നത്. പിന്നെ നാട്ടുകാർക്ക് പുലരാൻ   .... ൽ വെയിലുദിക്കേണ്ടിവരുന്നതിൽ അത്ഭുതമില്ലല്ലോ.


വാച്ച് കടയിലെ  ക്ളോക്കും  കമ്പനിയിലെ സൈറനും പോലെ  ഇങ്ങനെ പരസ്പരപൂരകമായാണ്  ഇനിയും  പ്രതിപക്ഷവും പത്രക്കാരും  പോകുന്നതെങ്കിൽ  പിന്നെ നാട്ടുകാർക്ക് നേരംപുലരാൻ വേറെ വഴിനോക്കേണ്ടിവരും.    


FB: 19/06/20



ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെമാത്രം ഉദ്ദേശിച്ചാണ്

  (ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെമാത്രം ഉദ്ദേശിച്ചാണ്. )

 

പണ്ട് ചില കാർന്നോന്മാരുണ്ടായിരുന്നു. തറവാട്ടിലേക്ക് അഞ്ചുപൈസയുടെ ഉപകാരമില്ല. പക്ഷെ എല്ലാം നോക്കിനടത്തുന്നു എന്ന ഭാവം കേമം.പത്തായത്തിൽ നെല്ലുള്ളിടത്തോളം കാലം ,  നെയ്യിട്ട കുത്തരി കഞ്ഞിയെകുടിക്കൂ. അലക്കിതേച്ചതേ ഉടുക്കൂ .കോണകം പുരപ്പുറത്തെ ഉണക്കൂ മോരും കൂട്ടിയേ ഉണ്ണൂ .


പക്ഷെ വീട്ടിലെ സ്ത്രീകൾ അതൊക്കെ എങ്ങനെ ഒപ്പിക്കുന്നു എന്നൊന്നും അറിയേണ്ട.  അവർ പശുവിനെപോറ്റിയോ, പാലിലിത്തിരി വെള്ളം ചേർത്ത് വിറ്റിട്ടോ, അതിരിന്മേൽ നിൽക്കുന്ന തെങ്ങിൽ നിന്ന് പിള്ളേർകളെക്കൊണ്ട് നാലു തേങ്ങാ അടർത്തിയോ അപ്പോഴത്തെ മിടുക്കുപോലെ അന്നന്നത്തെ കാര്യങ്ങൾ നടത്തും. പിള്ളേർ വല്ല പുറംപണീം ചെയ്ത് വട്ടച്ചചെലവിനുള്ളത് ഉണ്ടാക്കും. തക്കം കിട്ടിയാൽ കാർന്നോർ അതും ഇസ്‌കും. 


നാട്ടിലെ ഉത്സവത്തിന്  പിള്ളേർ എന്തെങ്കിലും അലമ്പുണ്ടാക്കി, അല്ലെങ്കിൽ തറവാട്ടിലെ പശു ആരാന്റെ വാഴക്കന്ന് കടിച്ചു എന്നൊക്കെ വല്ല പരാതിയും വരട്ടെ അപ്പോൾ കാർന്നൊരുടെ തനിക്കൊണം കാണാം .തറവാട്ടീന്നൊന്നും  മിണ്ടില്ല. പിള്ളേരെ ചന്തയിൽ പിടിച്ചുനിർത്തി പുലഭ്യം പറയും. പഴയ തറാവാട്ടു മഹത്വം ഘോഷിക്കും. സുകൃക്ഷയമോർത്ത് പരിതപിക്കും. (ആള് കേൾക്കാനുണ്ടെങ്കിൽ വീര്യം കൂടും)


കുറ്റം പറയരുതല്ലോ . പത്തായത്തിലെ നെല്ല് തീർന്നാൽ അടുത്ത കൊയ്ത്ത് വരെ പിന്നെ കാർന്നോർ തറവാട്ടിലേക്ക് തിരിഞ്ഞു നോക്കാറില്ല.


FB 14/06/18    ശീതളച്ഛായ ഉള്ളപ്പോൾ മാത്രം ഒപ്പം നിൽക്കുന്നവരെക്കുറിച്ച്


 

" നാലണ പോയാലെന്ത് നായിന്റെ സ്വഭാവം പുടി കിട്ടീലേ"

 മമ്മദ്ക്ക് നാലണയ്ക്ക് മീനും വാങ്ങി  വരുന്ന വഴി ചായക്കടയിൽ കേറി.   '  നായരേ, ഒരാപ്പ് ചായ " എന്നു ഓർഡറും കൊടുത്ത് മീൻ പൊതി  ഇരിക്കുന്ന ബഞ്ചിനടിയിൽ വെച്ചു.  "കാക്കാ സൂക്ഷിച്ചോളീ മീൻ നായ കൊണ്ടോവ്വും"" ചായ അടിക്കുന്നതിനിടയിൽ  നായർ മുന്നറിയിപ്പുനൽകി.  "പിന്നെ ഞമ്മളെമീൻ കൊണ്ടായാ വിവരറീം. " കാക്ക വീരസ്യം പറഞ്ഞു.  ആദ്യത്തെ ഇറക്ക് ചായ കുടിക്കും മുൻപേ കാത്തിരുന്ന പാണ്ടൻ മീൻ പൊതിയും കടിച്ചു സ്ഥലം കാലിയാക്കി. ' പറ്റിച്ചല്ലോ നാ യരെ". കാക്ക് വിഷണ്ണനായി  '" ഞാനപ്പളെ പറഞ്ഞതല്ല ഇപ്ലെന്തായീ" "നാലണേം പോയി   നാണോം കെട്ടു " നായർ മൊഴിഞ്ഞു. അപ്പോൾ വന്നു കാക്കയുടെ ക്ലാസ്സിക് മറുപടി.  


" നാലണ പോയാലെന്ത് നായിന്റെ സ്വഭാവം പുടി കിട്ടീലേ".


ഈ പഴംകഥ അത്യാവശ്യം ഭേദഗതികളോടെ "ഒരു പ്ര  സ്താവന പോയാലെന്ത് നിഷ്പക്ഷ പത്രക്കാരുടെ  പെഡിഗ്രി പുടികിട്ടീലേന്ന്  തിരുത്തിവായിക്കാം"


FB: 21/04/16