അമ്മയുടെ സഹസ്ര പൂർണ്ണിമ
ഇന്ന് അമ്മയുടെ എൺപത്തിനാലാമത് പിറന്നാളാണ്.
എല്ലാ അമ്മമാരെയുംപോലെ അമ്മയും പാലൂട്ടിയും പാടിയുറക്കിയും കുളിപ്പിച്ചും കണ്ണെഴുതിച്ചും അമ്പിളിമാമാനേക്കാട്ടി ചോറുവാരിത്തന്നും പിച്ചനടത്തിച്ചുമൊക്കെയാവും എന്നെയും വളർത്തിയത്. പക്ഷെ നാലുവയസ്സുവരെയുള്ള കാര്യങ്ങൾ ഒന്നും ഓർമ്മയിൽ തെളിഞ്ഞുവരുന്നില്ല.
എന്നാൽ അതിനുശേഷമുള്ള കാര്യങ്ങൾ അതിന്റെ മുഴുവൻ വിശദാംശങ്ങളോടെ പലപ്പോഴും ഓർമ്മയിൽ തെളിഞ്ഞു വരാറുണ്ട്
പകലുറക്കവും കഴിഞ്ഞ് കോലായത്തുമ്പത്ത് ,അമ്മമ്മ തരുന്ന പലഹാരവും തിന്നുകൊണ്ട് , അമ്മ സ്കൂൾ വിട്ടുവരുന്നതും കാത്ത് ഇരിക്കുന്നതാണ് അമ്മയെക്കുറിച്ചുള്ള ഏറ്റവും തെളിച്ചമുള്ള ഒരു ഓർമ്മ. 'ദേവിപ്രസാദ്' ബസ്സ് പോയിക്കഴിഞ്ഞ് അഞ്ച്മിനിറ്റ് കഴിഞ്ഞാൽ ദൂരെ റോഡ് വെട്ടുവഴിയിലേക്ക് തിരിയുന്നിടത്ത് അമ്മ ദൃശ്യയായില്ലെങ്കിൽ പിന്നെ ഒരസ്വസ്ഥതയാണ്. പിന്നെ അമ്മമ്മയ്ക്കാണ് സ്വൈര്യക്കേട്.
അങ്ങനെ കാത്തിരിക്കുന്നതിനിടയിൽ ഒരുദിവസമാണ് കാക്കാക്കുട്ടിക്ക് തള്ള ഇര കൊടുക്കുന്നതുകണ്ട് എന്റെ വകയും ഒരു അപ്പക്കഷണം കൊടുക്കാമെന്നു വെച്ചതും തള്ളക്കാക്ക കൊത്തിയതും കരഞ്ഞുവിളിച്ചോടി കമിഴ്ന്നടിച്ച്‌വീണ്
നാവു മുറിഞ്ഞതുമൊക്കെ. അതിന്റ പാട് ഇപ്പോഴും നാവിന് കുറുകെ ഉണ്ട്.
അതിന്റെ ഇങ്ങേയറ്റമാണ് തലവേദന( മൈഗ്രേൻ) യുമായി വന്ന് ഛർദ്ദിച്ച് ഇടയ്ക്കൊന്ന് ആശ്വാസമാകുമ്പോൾ തലയ്ക് കെട്ടൊക്കെ ഇട്ട് അടുക്കളയിൽ കേറുന്ന അമ്മയുടെ രൂപം. ആദിവസങ്ങളിലെ വീട്ടിലെ മൊത്തം അന്തരീക്ഷം ശോകമായിരിക്കും.
(വർഷങ്ങൾക്കുശേഷം റയിൽവേ ടിക്കറ്റ് കൗണ്ടറിൽ ,മാറിയിരിക്കാൻ ഒരാളില്ലാതെ മൈഗ്രേനും വെച്ച് നൈറ്റ് ഡ്യൂട്ടികൾ എടുക്കുമ്പോൾ ഇത് ധൈര്യംതന്ന് ആശ്വസിപ്പിക്കുന്ന ഓർമ്മയാവാനുള്ളതായിരുന്നു.)
സ്ത്രീകൾ പഠിക്കുന്നതും പഠിച്ചാൽതന്നെ ജോലിക്ക് പോകുന്നതും പൊതുവെ പ്രോത്സാഹിപ്പിക്കപെടുന്നകാലത്തല്ല അമ്മ പഠിച്ചതും ടീച്ചറായതും. തറവാട്ടിലും ആ നാട്ടിൻ പുറത്ത് തന്നെയുക്മ ആദ്യത്തെ സർക്കാർ ശമ്പളക്കാരിയായിരിക്കാനാണ് സാധ്യത.
സ്ത്രീ ശാക്തീകരണം സാമ്പത്തികസ്വാശ്രയത്വം എന്നിവയെക്കുറിച്ച് വായിക്കുകയും പറയുകയും ചെയ്യുമ്പോൾ അമ്മയെക്കുറിച്ചാണ് ഓർക്കുക സ്വന്തം തൊഴിൽ , തൊഴിൽ നൽകുന്ന സുരക്ഷിതത്വം എന്നിവയെപ്പറ്റി ഇത്രയ്ക്ക് അഭിമാനബോധമുള്ളവരെ ഏറെ കണ്ടിട്ടില്ല. അതല്പം കൂടുതലാണോ എന്ന് തോന്നിയാൽപ്പോലും കടന്നു പോന്ന കലവും ജീവിത സാഹചര്യങ്ങളും വെച്ച് നോക്കുമ്പോൾ ഒട്ടും കൂടുതലല്ല എന്ന് ബോധ്യപ്പെടും .സമാന സാഹചര്യങ്ങളിൽ, കഴിവുകൾ ഉണ്ടായിട്ടും ഒന്നുമാവാതെ പോയ ജീവിതങ്ങളും അവരുടെ പരാശ്രയത്വത്തിന്റെ ഗതികേടുകളും അടുത്തറിയാൻ കഴിഞ്ഞതുകൊണ്ടു അത് ഉറപ്പിച്ചു പറയാനും കഴിയും.
'ആരാന്റ കൈ തലയണയാക്കി ഏറെ നേരം കിടക്കാമെന്ന് കരുതരുത് ,
വീട്ടു ചോറുള്ളവനേ വിരുന്നു ചോറും ഉണ്ടാവൂ'
'വിരിച്ചിടത്ത് കിടക്കാൻ മാത്രം പഠിച്ചാൽ പോര
വളയൂരി ആരും മാവിനെറിയില്ല ( എറിയരുത്) ഇതൊക്കെ ജീവിതവുമായി ബന്ധപ്പെടുത്തി അമ്മ ആവർത്തിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. അത് തന്റേടം നേടിയെടുക്കാനും ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നും പഠിക്കാൻഏറെ സഹായിച്ചിട്ടുമുണ്ട്.
കാര്യങ്ങൾ എല്ലാം കൃത്യതയോടെ സമയത്തിന് മുൻപ് തന്നെ ചെയ്തുതീർക്കുന്നതാണ് രീതി. മക്കളോടും അക്കാര്യത്തിൽ വാത്സല്യത്തിൽ ഉപരി ടീച്ചറുടെ കണിശതതന്നെയാണ്. വരവിലൊതുങ്ങി ജീവിക്കുക കണക്കുകൾ എഴുതി വെക്കുകഎന്നതും പ്രധാനം. ഇന്നുവരെ ഒരു ഉപഭോഗവസ്തുവും ലോണിലോ ഇൻസ്റ്റാൾമെന്റിലോ വാങ്ങിയിട്ടില്ല എന്ന് കൂടി ഇതിനോട് ചേർത്ത് പറയണം.
ആണ്കുട്ടികളെയും പെണ്കുട്ടികളെയും തുല്യ പരിഗണനനല്കിയാണ് വളർത്തിയത്. 'നീയൊരു പെണ്ണാണ്' എന്ന ഒരു ശാസനയോ അല്ലെങ്കിൽ അവനൊരാണല്ലേ എന്ന മുൻഗണനയോ അമ്മയിൽ നിന്ന് ഉണ്ടായിട്ടില്ല. വിശ്വാസകാര്യങ്ങളിലെ അങ്ങേയറ്റം അയവുള്ള സമീപനവും ഞങ്ങളുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടായിരിക്കണം.
എല്ലാ ആശംസകളും അർപ്പിക്കുന്നു.
FB 05/01/20
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home