Thursday, 2 April 2015

മനു പശു പിന്നെ വ്യാഖാതാക്കളും

ഗോവധ ചർച്ചകൾ ഒടുവിൽ മനുവിലെത്തി. കേട്ടാൽ തോന്നും സ്മൃതികളാൺ് ഭരണഘടനയല്ല പ്രമാണമെന്ന്. തുടക്കം മുതൽ വായിച്ചാൽ രാമസ്തുതിയും അവസാനം മുതൽ വായിച്ചാൽ കൃഷ്ണസ്തുതിയും ആവുന്ന ഒരു സംസ്കൃത കൃതി കണ്ടതായി അല്ലെങ്കിൽ കേട്ടതായി ഓർക്കുന്നു. വായിച്ചിട്ടില്ല തീർച്ച. (അതിനുള്ള ഭാഷയൊന്നും കയ്യിലില്ല) അതുകൊണ്ട് ജയന്തോപാഖാനത്തിൽ സീത കാക്കയെ ആട്ടി, വേട്ട മാംസം ഉണക്കുകയായിരുന്നു എന്നുപറഞ്ഞാൽ അതു ഏള്ളുണ്ടയായിരുന്നു എന്നു വാദിക്കാം. പശു എന്നാൽ പിഷ്ടപശു, അരിമാവുകൊണ്ടുണ്ടാക്കിയത് എന്നൊക്കെ സമർഥിക്കാം പണ്ഡിതർക്ക്. ഹരി എന്നവാക്കിനു വാനരൻ എന്നും അർഥമുള്ളതു വെച്ച് ഹരിജനം എന്നു വിളിച്ചതിനു ഗാന്ധിയേയും തെറിവിളിക്കാം വേണമെന്നുള്ളവർക്ക് . ( സുധീരൻ കേൾക്കാതിരുന്നാൽ മതി) പലവ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉള്ളഒന്ന് വെച്ച് ശരിയേതു തെറ്റേത് എന്ന് തർക്കിച്ചിട്ടെന്ത്. വ്യാഖ്യാതാ വേത്തി നോ കവി എന്നൊമറ്റോ ഒരുചൊല്ലുണ്ടല്ലോ. കണ്ടനീ മിണ്ടരുത് കേട്ട ഞാൻ പറയട്ടേ എന്ന് മൊഴിമാറ്റാൻ എനിക്കിഷ്ടം. വേദം പഠിച്ച ശൂദ്രന്റെ ( തങ്ങളുമായി യോജിക്കാത്തവരുടെ) ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാൻ പറ്റില്ലല്ലോ ഇക്കാലത്ത്. അതു കൊണ്ട് വിധിപ്രകാരം പഠിക്കാത്തവൻ, സായ്പ്പിന്റെ വ്യാഖ്യാനം മാത്രം കണ്ട് പഠിച്ചവൻ എന്നൊക്കെ പുച്ഛിക്കാം ആചാര്യർക്ക്. (പക്ഷേ യാഗം സാധുവാകാൻ " ഫ്രിറ്റ് സ്റ്റാൾ സായ്പിന്റെ സർറ്റിഫിക്കറ്റ് പൊക്കിപ്പിടിച്ചുവരാൻ മടിയുമില്ല.അതുകൊണ്ട് തൽക്കാലം "ഇച്ചിരി തീ എന്നുപറഞ്ഞാൽ രണ്ടുപയ"മെങ്കിൽ പോരട്ടെ രണ്ടുപഴം.

കല്യാണവീരൻ

കാരണവരുടെ ദുർഭരണത്തിനെതിരെ പ്രതിഷേധങ്ങൾ രൂക്ഷമായിവളർന്നപ്പോൾ തറവാട്ടിൽ രണ്ടുപക്ഷങ്ങളായി. കാരണവപക്ഷവും അനന്തരവപക്ഷവും. പരസ്പരം പോർവിളികൾമുറുകുമ്പോഴാണു അനന്തിരവൾക്കൊരുതിക്കു കല്യാണം വന്നതു. തൽക്കാലം മുറുമുറുപ്പുകൾ ഒതുക്കി എല്ലാവരും കല്യാണത്തിന്റെ ഒരുക്കങ്ങളിലായിരുന്നു. അപ്പോഴാണ് വെടിപൊട്ടിയതു. വരൻ ഒരുകല്യാണവീരനാണെന്നും ഇതു പതിമൂന്നാമത്തേതാണെന്നും ആദ്യത്തേതിലൊക്കെ മക്കളും ഉണ്ടെന്ന വാർത്ത പരന്നത്. വാർത്ത കാരണവരുടെ ചെവിയിലെത്തിയെങ്കിലും മൂപ്പർക്ക് കുലുക്കമില്ല. ഈ കല്യാണം എന്തുവന്നാലും നടത്തും. ആദ്യത്തെ കല്യാണങ്ങളെപ്പറ്റി പറഞ്ഞ്കേട്ടതെല്ലാം കളവ്. വേണ്ടവർക്ക് അന്വേഷിച്ചുനോക്കാം. അനന്തരവർ വിട്ടില്ല . പക്ഷെ അന്വേഷിച്ചു ചെന്നപ്പോൾ ഒരുത്തിയൊഴികെ എല്ലാവരും നിഷേധിച്ചു. (ഇവരുടെ പേരിലെല്ലാം പുതിയ അക്കൗണ്ടും അതിൽ കണക്കറ്റ പണവും വന്നത് കൊണ്ടാണെന്ന് പറഞ്ഞത് കാരണവർ തള്ളിക്കഞ്ഞപ്പോൾ പിന്നെ ഒറ്റ വഴിയേ ഉണ്ടായിരുന്നു. എങ്ങനേയും വിവാഹം തടയുക. തറവാടിന്റെ പൊലിമ പാടിനടക്കുന്ന പാണന്മാർ തരമ്പോലെ അനന്തരവന്മാരെ പറഞ്ഞ് പിരികേറ്റി. വാശിക്ക് കാരണവരും മോശമല്ല. താൻ ഒന്ന്നിശ്ചയിച്ചാൽ അത് നടന്നതുതന്നെ. അനന്തരവളുടെ ഭാവിയല്ല തന്റെ അഭിമാനമാണിവിടെ പ്രശ്നം . തറവാട്ടിൽ ഇന്നേവരെ നിശ്ചയിച്ച കല്യാണം മുടങ്ങീട്ടില്ല. തന്റെ കാലത്തും അതുണ്ടാവരുത്. ഓടുവിൽ ആ ദിവസവും വന്നു. രണ്ടുപക്ഷവും ഒരുങ്ങിത്തന്നെ. ഏതായാലും ഒരുക്കങ്ങളൊക്കെ പൂർത്തിയായി .സദ്യയും ഒരുങ്ങി. വിവാഹം മുടങ്ങിയാൽ അതൊക്കെ വേസ്റ്റാവും. ദൂരെനിന്നെത്തിയവരൊക്കെയില്ലേ, കുട്ടികൾ വിശന്നു കരയില്ലേ, അതുകൊണ്ട് കെട്ട് നടക്കട്ടെ. പെണ്ണിനെ ചെറുക്കന്റെകൂടെ അയക്കുന്നതൊക്കെ ഒന്നൂടി അന്വേഷിച്ചിട്ടുമതി. കൂറേ പാണന്മാർ ഇടനിലക്കാരായി കാരണവർക്കായി ഒത്തുതീർപ്പിനെത്തി. പക്ഷെ അതു ഭാര്യവീട്ടിൽമതി തറവാട്ടിൽ വേണ്ടെന്ന് അനന്തരവന്മാർ തീത്തു പറഞ്ഞു. പൂജാരിയെ മണ്ഡപത്തിലേക്ക് അടുപ്പിക്കാതെ അനന്തരവർ തടഞ്ഞു. വരനെയും . തിക്കിലും തിരക്കിലും പെട്ട് മണ്ഡപത്തിനു പുറത്തേക്കു വീണുപോയ വധുവെ മണവാളൻ കൈപിടിച്ചെഴുന്നേല്പിച്ചു. പാണിഗ്രഹണം നടന്നു എന്നു കുരവയിട്ട് കാരണവർ പക്ഷം മധുരം വിളമ്പി. കൂട്ടത്തോടെ എല്ലാവരും ഊട്ടുപുരയിലേക്കും. കുറ്റം പറയരുതല്ലോ അനന്തരവന്മാരെ പിരികേറ്റിയ പാണന്മാർ ഒന്നാം പന്തിയിൽ തന്നെ സീറ്റുറപ്പിച്ചിരുന്നു. എന്തായാലും പെൺകിടാവിന്റെ ആദ്യ സംബന്ധമല്ലേ , അതു മുടക്കാമോ, കല്യാണപന്തലിൽ അക്രമമാവാമോ. കല്യാണവീരനാണെങ്കിൽ തന്നെ അതു പാടിനടന്നാൽ നാട്ടുകാർക്കു മുൻപിൽ തറവാടിന്റെ മാനം കപ്പലു കേറില്ലേ എന്നൊക്കെയാണു ഇപ്പോൾ പാണർ ചോദിക്കുന്നതു. എന്തായാലും അനന്തരവന്മാരിൽ മുൻ നിരക്കാർക്കു ഒരുവാരം കഞ്ഞിക്കരിയിടരുതെന്ന് കാരണവർ കൽപ്പിച്ചു ഉത്തരവായിട്ടുണ്ട്.

Friday, 26 December 2014

വേണമെങ്കിൽ ടി വി ഇല്ലാതെയും ജീവിക്കാം

വീട്ടിൽ ടിവി ഇല്ലാതായിട്ട് മാസം ഏഴായി. ബ്രസീൽ ഫ്രാൻസിനോട് തോറ്റവർഷമാണു വീട്ടിൽ ടിവി വാങ്ങിയത്. പുതിയൊരെണ്ണം വാങ്ങണം എൽസിഡി തന്നെ വേണം എന്നൊക്കെ ഉള്ള ഡിമാന്റ് ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. വേണമെന്ന് നമുക്കും തോന്നലുണ്ട്. പക്ഷെ ഡിമാന്റുകൾ ശരിയെന്ന് ബോദ്ധ്യപ്പെട്ടാലും ഉടനങ്ങ് അംഗീകരിക്കുന്നത് ഭരണപരമായി അത്ര ശരിയല്ല എന്നത്രേ വിദഗ്ദ്ധ മതം. (അതേത് വിദഗ്ദ്ധൻ എന്നൊന്നും ചോദിക്കരുത്. നാട്ടിൽ അതിനാണോ ക്ഷാമം. നാടിനെ ഈസ്ഥിതിയിലെത്തിച്ചതു തന്നെ വിദഗ്ദ്ധരും വിദഗ്ധോപദേശകരും കൂടിയാണെന്നാണ് മറ്റൊരു വിദഗ്ദ്ധമതം). ഇങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടക്കാണത് സംഭവിച്ചത്. മെയ് അവസാന വാരം. ഒരു ശരാശരി കുടുംബത്തിലെ പ്രൈം ടൈം. ജോലികഴിഞ്ഞെത്തിയ പുരുഷൻ പത്രപാരായണത്തിൽ. സ്ത്രീ പാചകത്തിൽ. ഒപ്പം മഷീനിൽ വാഷിങ് . കൂടാതെ മൊബൈലിൽ ബന്ധു സുഹൃദ് ക്ഷേമാന്വേഷണങ്ങൾ. ഒപ്പം ഗൃഹ കാര്യസംബന്ധിയായി ഭർതൃ പുത്രാദികൾക്കുള്ള ശാസനോപദേശങ്ങൾ ഇടതടവില്ലാതെ. ( ഈ ബഹുമുഖത പുരുഷനെക്കൊണ്ടാവുമോ. പത്രം നിവർത്തി പിടിച്ച്, റ്റിവികണ്ട് ഉറങ്ങുക , പരമാവധി അതേ വയ്ക്കു. ബെറ്റ്! ) പുത്രൻ തുറന്ന് വെച്ച പുസ്തകം, മൊബൈൽ, ലാപ്ടോപ്, ടിവി എന്നിങ്ങനെ ചതുർവ്വേദിയായി , ഇടയ്ക്ക് ഗാർഹിക കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടും പഠനത്തിൽ. സ്ത്രീകള്‍  വീട്ടുജോലികളു്മായി കഷ്ടപ്പെടുമ്പോള്‍ പുരോഗമനവാദികളായ  പുരുഷ വർഗം( ആത്മ പ്രശംസ ക്ഷമിക്കുക) പോലും പത്രപാരായണാദി വിനോദങ്ങളിൽ മുഴുകി രസിച്ചു കഴിയുകയല്ലേ എന്നു ന്യായമായി സംശയം ഉയരാം. പക്ഷെ വീട്ടിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം പാചകക്കാരാണ്.  രണ്ടു കുക്കും രണ്ട് ഷെഫും എന്നു പുത്ര(sic) ഭാഷ്യം. പ്രധാന പാചകങ്ങളിലെല്ലാം ഇവിടെ മേല്‍ക്കൈ പുരുഷന്മാർക്കാണു. പിന്നെ സാധാരണ കഞ്ഞി പയർ പാചകത്തിനെന്തിനാവിദഗ്ദർ എന്നന്യായത്തിൽ മാറിനിൽക്കുന്നു എന്നേയുള്ളു . ഇതിനിടയിൽ വീണ്ടും പുതിയ റ്റിവി പ്രശ്നം .റ്റിവി വാങ്ങിയവർഷം ബ്രസീൽ തോറ്റതാണല്ലോ.(അന്നും ഇന്നും ഞങ്ങൾ ബ്രസീൽ ആരാധകരാണ്) അതുകൊണ്ട് ഇത്തവണ ജയിക്കുന്നതു കൂടി നമുക്കു ഇതിൽ തന്നെ കാണണം. ഞാന്‍ നയം വ്യക്തമാക്കി. പറഞ്ഞ് നാക്കെടുത്തില്ല. ഡിം. ഒരുചെറിയ പൊട്ടിത്തെറി ശബ്ദം. ടിവി കണ്ണടച്ചു. നിങ്ങളെ കളികാണിച്ചതു തന്നെ എന്നമട്ടിൽ. കുശുമ്പ് കുന്നായ്മ പാരവെപ്പു സീരിയലുകളും ചർച്ചകളും കെട്ടിയിറക്കി തരുന്ന് ടിവിക്കു ആ സ്വഭാവം വന്നതിലത്ഭുതമില്ല ( കുഞ്ചൻ പാടിയ മുല്ലപ്പൂമ്പൊടി പ്രഭാവം) പിറ്റേന്ന് മെക്കാനിക്ക് വന്നു റ്റിവിയുടെ മരണം സ്ഥിരീകരിച്ചതോടെ പുതിയ ടിവി ചർച്ച സജീവമായി. പക്ഷെ... ജൂൺ ഒന്നിനു അച്ഛൻ മരിച്ചു 93 വയസ്സിൽ അസുഖങ്ങൾ ഒന്നും ബാധിക്കാതെ ജീവിതത്തിൽ എന്നും ആഗ്രഹിച്ചപോലെ, ആരെയും ഒന്നിനും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും പൂർണ തൃപ്തിയോടെ. പിന്നെ കുറെ ദിവസം തറവാട്ടിലായിരുന്നു. അതിനിടയ്ക്ക് റ്റിവിയെ എല്ലാവരും മറന്നു. അല്ലെങ്കിൽ മരണത്തിനിടയ്ക്കെന്ത് ടിവി. ബന്ധുക്കളും സന്ദർശകരും ഒഴിഞ്ഞ ഒരുദിവസം . മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് തറവാട്ടിലെ പഴയ പുസ്തക അലമാറ ഒന്നു അടുക്കി ഒതുക്കി വെക്കാമെന്നുകരുതി. പിജി, ട്യൂട്ടോറിയൽകാലത്ത് സമ്പാദിച്ച പുസ്തകങ്ങളിൽ ആവശ്യക്കാർ കൊണ്ടുപോയതിന്റെ ബാക്കി കുറേ ഉണ്ടായിരുന്നു. അടുക്കിവെക്കുന്നതിനിടയ്ക്ക് പലതിന്റെയും ഭാഗികമായ പുനർവായനയും നടന്നു. അതിലൂടെ സാധിച്ചത് ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലേക്കു ഒരു തിരിഞ്ഞു നോട്ടം ആയിരുന്നു. പഴയകാലത്തിന്റെ ഓർമ്മക്കുറിപ്പുകളിലൂടെ കടന്നുപോകുന്നതിന്റെ വല്ലാത്തൊരു സുഖാനുഭൂതി. വായനയുടെ ലോകത്തിലേക്കു വീണ്ടും വന്നെത്തിയതിന്റെ സന്തോഷം. മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു രണ്ടുമൂന്നാഴ്ച കഴിഞ്ഞാണു വീട്ടിലേക്ക് പോന്നത്. ഒപ്പം വായനയും കൂ ടെ പോന്നു. അതിനാലാവും ടിവി ചിന്ത മനസ്സിൽ വന്നതേയില്ല. വന്നതിന്റെ മൂന്നാം ദിവസം പുത്രന്റെ പുതിയൊരു നിർദ്ദേശം. നമുക്കു തൽക്കാലം ടിവി വേണ്ട. കാരണം അവൻ കുറെ പുസ്തങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതു വായിച്ചു കഴിയും വരേ മറ്റ് ശല്യപ്പെടുത്തലുകൾ പാടില്ലത്രേ. ആരെങ്കിലും നന്നാവാൻ വിചാരിച്ചാൽ നമ്മളായിട്ടെന്തിനു തടസ്സം നിൽക്കണം. പിന്നെ പത്ത് കാശ് അക്കൗണ്ടിൽ കിടക്കുകയും ചെയ്യും. ഞാനും സമ്മതിച്ചു. ഒരു മൽസരത്തിനുള്ള ചാലഞ്ച് ഉയർത്തി യെങ്കിലും മൈഗ്രയ്ൻ ഒരു ശല്യക്കാരനായി തുടരുന്നതു കൊണ്ടു തന്ത്രപൂർവം ഒഴിഞ്ഞു. എന്തായാലും ഇപ്പോൾ മാസം എട്ടാവുന്നു. വായന നല്ലനിലയിൽ മുന്നേറുന്നു. പഴയവേഗത തിരിച്ചു കിട്ടുമോ എന്നറിയില്ല എന്നാലും ഇപ്പോൾ സാമാന്യം മോശമല്ലാത്ത വേഗത വന്നു. ഇപ്പോൾ സ്വീകരണമുറിയിൽ അഹന്തയുടെ അട്ടഹാസങ്ങളില്ല. ഗർവിന്റെ, വിവരക്കേടുകളുടെ എടുപ്പുകുതിരകൾ മനസ്സ് അസ്വസ്ഥമാക്കുന്നില്ല. ചന്ദനമഴ പണ്ടേപെയ്യാറില്ല. ആര്യാടൻ സഹായിച്ചു (പവർകട്ട് സമയത്ത്) തുടങ്ങിവെച്ച കുടുംബ സംവാദസദസ്സുകൾക്ക് കൂടുതൽ സമയം. കറന്റ് ബില്ലിൽ ഗണ്യമായകുറവ്. ഒരുവർഷമായി കഴിച്ചിരുന്ന പ്രഷർ ഗുളിക 80 mg. 40 ഉം 20 ഉം ആയി ചുരുങ്ങി. പ്രഷർ ഗുളിക "കഴിച്ചുതുടങ്ങ്യാൽ ഡോസ് കൂടുകയല്ലാതെ കുറയുക(യ്ക്കുക) ഇല്ല " എ ന്ന് പറഞ്ഞ് പേടിപ്പിച്ചവനെ എനിക്കൊന്ന് കാണണം. അതുകൊണ്ട് എനിക്കിതേ പറയാനുള്ളൂ. തയ്യാറുണ്ടോ ഒരു throw away TV challenge ഏറ്റെടുക്കാൻ.

Saturday, 13 December 2014

ഇത് ചുംബന സമരാനുകൂലികളായ രണ്ടുപേർ കൂടി നട്ടു നനച്ചുണ്ടാക്കിയതാണു. സമരത്തെ എതിർത്തു കൊണ്ടുള്ള പല പോസ്റ്റുകളും , ക്രിയാത്മകമല്ലാതെ പോകുന്ന യുവത്വത്തെക്കുറിച്ച് വല്ലാതെ വേവലാതിപ്പെടുന്നതായി കാണുന്നു. ആസമയം കൊണ്ടു രണ്ടു വാഴ വെക്കാമായിരുന്നുവത്രേ ! ( അല്ലെങ്കിലും പ്രയോജനരഹിതമായ എന്തെങ്കിലും കാണുകയൊ കേൾക്കുകയോ ചിന്തിച്ചു പോകയോ ചെയ്താൽ ഉടനെ ഒരു വാഴ നടുക മലയാളികളുടെ പണ്ടേയുള്ള വീക്നസ് ആണല്ലോ ) എന്നിട്ടുമെന്തേ വാഴയിലപോലും അന്യനാടിൽനിന്നു വരേണ്ടിയിരിക്കുന്നു എന്നൊന്നും ചോദിക്കരുതു ഏതോ നെല്പാടത്തിന്റെ ചിത്രം കൊടുത്ത് കാപ്ഷൻ ഇങ്ങനെ. " ഇത് ചുംബന സമരക്കാർ കൃഷി ചെയ്തതല്ല" (സൂചന വ്യക്തമാണല്ലോ). മുൻപ് , അടിയന്തരാവസ്ഥ കാലത്ത് ചില പത്രങ്ങൾക്കായിരുന്നു ഈ സൂക്കേട്. വിദ്യാർത്ഥികൾ സമരത്തിനൊന്നും പോകാതെ നാവടക്കിയിരുന്ന് പഠിക്കുക, അതു ബോറടിക്കുമ്പോൾ ഒരു ചെയ്ഞ്ചിനു കാമ്പസുകളെ കൃഷി ഭൂമിയാക്കി മാറ്റുക.ഇതായിരുന്നു ഉദ്ബോധനം. ഇതേറ്റുപിടിച്ച വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അന്നത്തെ നേതാക്കളും രക്ഷാധികാരികളും സോളാറ്റിൽ മുങ്ങി ബാറിൽ പൊങ്ങി നടക്കുന്നത് വർത്തമാനകാല ചരിത്രം. അതു പോട്ടെ! സ്വാതന്ത്യ്രസമരങ്ങൾക്കിടക്കു മഹാത്മജി, നെൽസൺ മണ്ടേല ലെനിൻ ,മാർടിൻ ലൂതർ കിംഗ്, ചെഗുവെര ഇവർക്കൊന്നും നെല്ലോ വാഴയോ ഗോതമ്പോ കരിമ്പോ ഒന്നും കൊത്തിക്കിളച്ച് ഉണ്ടാക്കാൻ പറ്റാത്തതു തൽക്കാലം ഈ വാഴക്കുലസ്വീകരിച്ചു പൊറുത്ത് മാപ്പാക്കണം എന്നൊരപേക്ഷ സമർപ്പിക്കുകയാണു. വാൽക്ക്ഷ്ണം.: ചുംബനസമരക്കാലത്ത് സമരവിരുദ്ധർ നേരം കളയാതെ ക്രൃഷിചെയ്തുണ്ടാക്കിയവ നാലഞ്ചു മാസം കഴിയുമ്പോൾ മാർക്കറ്റിൽ ഒരു വന്‍പ്രളയം സ്രൃഷ്ടിക്കുമെന്നും വിലകൾ പാതാളത്തോളം താഴുമെന്നും പ്രതീക്ഷിക്കുന്നു. ചിക്കനും പിസ്തയും മറ്റും മറ്റും കഴിച്ചു നെയ് വെച്ചു പുളപ്പെടുത്തു നടക്കുന്ന ഹസ്തിനികൾ അചിരേണ ഈ നല്ല വസ്തുക്കൾ കഴിച്ചു പദ്മിനികളാവുമെന്നും പ്രതീക്ഷിക്കുന്നു. അതോടെ ഇത്തരം, അല്ല , എത്തരം സമരങ്ങളും അപ്രസതമാവുമെന്നും ടാക്സില്ലാതെ കിനാക്കാണുകയും ചെയ്യുന്നു,

Wednesday, 2 July 2014

കാണരുത് കേള്‍ക്കരുത് പറയരുത്

 തീവണ്ടി മുറി  ശൂന്യമായിരുന്നു .  മനസ്സ്‌  അസ്വസ്ഥമായിരുന്നു . ദുരന്തങ്ങളും    രോദനങ്ങളും  യുദ്ധത്തിന്‍റെ വിലാപങ്ങളുംഎല്ലാം  എല്ലാം .   ആരോടെങ്കിലും പങ്കുവെക്കാന്‍ മനസ്സ് കൊതിച്ചു.
 അപ്പോള്‍  ഒന്നാമത്തെ സഹയാത്രിക  കടന്നുവന്നു .. വന്ന ഉടനെ  ബാഗുകള്‍ ഒതുക്കിവെച്ചു.  ശ്രദ്ധാപൂര്‍വം  ഹാന്‍ഡ്‌ ബാഗ് തുറന്നു   ഇയര്‍ഫോണ്‍ എടുത്തു ചെവിയില്‍ തിരുകി .     പിന്നെ ഏതോ  സംഗീതത്തില്‍ മുഴുകി  മെല്ലെ  കണ്ണുകള്‍ അടച്ചു.   ഇനി മറ്റൊന്നും   കേള്‍ക്കരുത്

  പിന്നെ   രണ്ടാമന്‍   കയറിവന്നു . സാവധാനം   ലാപ്ടോപ്പ് എടുത്തു  മടിയില്‍ വെച്ചു പിന്നെ മെല്ലെ മെല്ലെ മറ്റേതോ ലോകത്തിലേക്ക്‌  ഊളിയിട്ടിറങ്ങി .  ഇനി മറ്റൊന്നും  കാണരുത്  എന്നു  ഉറപ്പിച്ചപോലെ .

  പിന്നാലെ മൂന്നാമനും വന്നു .   കീശയിലെ  പൊതി യില്‍ നിന്ന്‍ എന്തോ എടുത്തു.   സാവധാനം  ഉള്ളം കയ്യിലിട്ട്  തിരുമ്മി .  മെല്ലെ  കവിള്‍ വിടര്‍ത്തി  അവിടെ  നിക്ഷേപിച്ചു.   ചുണ്ടുകള്‍ മുറുക്കി അടച്ചു  .  ഇനി ഒന്നും മിണ്ടില്ല . തീര്‍ച്ച .

 വണ്ടി മെല്ലെ  നീങ്ങിത്തുടങ്ങി .    ഇപ്പോള്‍     പ്രശ്നങ്ങള്‍ എല്ലാം  അവസാനിച്ചിരിക്കുന്നു .  രോദനങ്ങളും  വിലാപങ്ങളും  ഒന്നുമില്ല  .    ലോകസമാധാനത്തിന്‍റെ  കുളിര്‍കാറ്റു  മെല്ലെ  തീവണ്ടിമുറിയിലേക്കും  വീശിയെത്തിയപ്പോള്‍  കണ്ണുകള്‍ താനേ  അടയുന്നത്  ഞാനറിഞ്ഞില്ല

Sunday, 29 December 2013

വീട്ടിവേലക്കാരിക്ക് മിനിമം കൂലികൊടുക്കാതിരിക്കുന്നത് അന്തര്‍ദേശീയ തലത്തില്‍ നമ്മുടെ അന്തസ്സ് ഉയര്തുന്നുണ്ടോ

ഇന്ത്യന്‍   എംബസി  ജീവനക്കാരി  ദേവയാനി  ഗോബ്രഗട  അമേരിക്കയില്‍  പീഡിപ്പിക്ക പ്പെട്ട സംഭവം  വലിയ  വാര്‍ത്താ പ്രാധാന്യം  നേടി. ഇന്ത്യ   ശ ക്തമായി  പ്രതികരിച്ചു.  നമുക്ക്  അന്യമായ  രീതിയില്‍   ദേഹ പരിശോധനയും  കൈയാമംവെച്ച്  പരസ്യമായി  നടത്തലും  അമേരിക്കയില്‍  പതിവ് രീതികളായിരിക്കാം .  പക്ഷെ  ഇന്ത്യയിലെ  വിശിഷ്ഠവ്യക്തികള്‍ , ഡിപ്ലോമാറ്റിക് പരിരക്ഷ യുള്ളവര്‍  എന്നിവരോട്  ഇത്തരത്തില്‍  പെരുമാറുന്നത്  പക്ഷെ  രാഷ്ട്രത്തിന്റെ  അന്തസ്സിനെ  ചോദ്യം  ചെയ്യുന്നത്  തന്നെയാണ് . മുന്‍പ്  മന്ത്രിയായിരുന്ന ജോര്‍ജ്  ഫെര്‍ണാണ്ടസ്,  സിനിമാനടന്‍ ഷാരുക് ഖാന്‍ , മുന്‍ രാഷ്ട്രപതി  അബ്ദുല്‍ കലാം എന്നിങ്ങനെ  നിരവധി  പേര്‍  സുരക്ഷയുടെ  പേരില്‍ ഇത്തരത്തില്‍  അപമാനിക്കപ്പെട്ടപ്പോള്‍  നാം  പ്രതികരിച്ച  അപമാനകരമാം  വിധമുള്ള  വിധേയത്തം  അമേരിക്കക്ക്  കൂടുതല്‍  പ്രോത്സാഹനം നല്‍കിയിട്ടുണ്ടാവാം .  ഇവരെക്കാളൊക്കെ  ദേവയാനി  ഗോബ്രഗട ഇന്ത്യാഗവര്‍ന്മെന്റിനു വേണ്ടപ്പെട്ടവള്‍  ആയതു  എന്ത് കൊണ്ട്  എന്നത്  ചിന്തനീയമാണ് .

                   ഇവരുടെ പിതാവ്  മുന്‍  ഐ  എ എസ  കാരനും   ആനിലയ്ക്ക്   ഉന്നത  തലങ്ങളില്‍  സ്വാധീനമുള്ള  വ്യക്തിയും  ആണ് .. ഈ സ്വാധീനം  ആദര്‍ശ്  ഫ്ലാറ്റ് അഴിമതിയില്‍  വ്യക്തവുമാണത്രെ.!. ഇനിയും  അറിയപ്പെടാത്ത  മറ്റു  സ്വാധീനങ്ങള്‍  കാലം  വെളിപ്പെടുത്തട്ടെ.
   
             ഇതിനിടയില്‍  ദേവയാനി യുടെ  അറസ്റ്റ്‌  നു  കാരണമായ   വസ്തുതകള്‍  വേണ്ടത്ര  വാര്‍ത്താ പ്രാധാന്യം  നേടിയില്ല  എന്നത്  നമ്മുടെ  മൈന്‍ഡ് സെറ്റിനെ  വ്യക്തമാക്കുന്നു .  സംഗീത  റിച്ചാര്‍ഡ്  എന്നാ വീട്ടുജോലിക്കാരിക്ക്  നിയമപരമായ  ശമ്പളവും  അവകാശങ്ങളും  നിഷേധിച്ചതും  അവരെ   പീഡിപ്പിച്ചതും ഒക്കെയാണല്ലോ   പ്രശ്നങ്ങള്‍ക്ക്  തുടക്കം കുറിച്ചത് .  ഇത്തരം  കാര്യങ്ങളില്‍  അമേരിക്ക  കാണിക്കുന്ന  മര്യാദകള്‍  നമുക്ക്  അന്യമാണല്ലോ .  വീട്ടുജോലിക്കാര്‍  അവകാശങ്ങളോന്നുമില്ലാത്ത  കേവലം  അടിമകള്‍  മാത്രം  ആണെന്ന  ധാരണ  ഇന്ത്യന്‍  മനസ്സുകളില്‍  ഉറച്ചുപോയിട്ടുണ്ട് . ഇവരെ  പീഡിപ്പിച്ചതിനും ( ചിലപ്പോള്‍ കൊലപാതകം  വരെയെത്തിയ പീഡനകഥകള്‍ എത്രയോ  പുറത്തുവന്നിട്ടുണ്ട് . അതിലേറെ  വരാനുമുണ്ട് ) അടിമ പ്പണി  ചെയ്യിച്ചതിനും , ഡോക്ടര്‍ , വക്കീല്‍  എംപി  എന്നിങ്ങനെ  സമൂഹത്തിന്റെ  ഉന്നത ശ്രേണിയില്‍  നില്‍ക്കുന്ന  പലരും  പ്രതികളായ  കേസുകള്‍  രാജ്യത്തുടനീളം  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്  .
  
          യഥാര്‍ത്ഥത്തില്‍ അറസ്റ്റും നഗ്നയാക്കിയുള്ള  ദേഹപരിശോധനയും  കൈവിലങ്ങും  എല്ലാം  അപമാനകരം  തന്നെ.  രാഷ്ട്രത്തിന്റെ  അന്തസ്സിനെ  ചോദ്യം ചെയ്യുന്നതായി  വ്യാഖ്യാനിക്കുകയും  ചെയ്യാം . പക്ഷെ  വീട്ടിവേലക്കാരിക്ക്   മിനിമം കൂലികൊടുക്കാതിരിക്കുന്നതും   യും  മറ്റവകാശങ്ങള്‍  നിഷേധിക്കുന്നതും  എല്ലാം  അന്തര്‍ദേശീയ  തലത്തില്‍  ഇന്ത്യയുടെ  അന്തസ്സ്  ഉയര്തുന്നുണ്ടോ എന്നാ ചോദ്യം  വേണ്ടത്ര ഉയരുന്നില്ല.  എന്നതാണ്  കൂടുതല്‍  അപമാനകരം .

           വീട്ടു വേലക്കാരുടെ  സേവന വേതന  വ്യവസ്ഥകള്‍ , മിനിമം  കൂലി  എന്നിവ സംബധിച്ച്  ഒരു തരത്തിലുള്ള  നിയമവും  ഇന്നുവരെ  ഇന്ത്യയില്‍  ഉണ്ടായിട്ടില്ല .സര്‍ക്കാരും , രാഷ്ട്രീയ  പാര്‍ടികളും  തൊഴിലാളി പ്രസ്ഥാനങ്ങളും . ഇവരെക്കുറിച്ച്  പഠനം  നടത്തിയിട്ടുന്ടെന്നു  തോന്നുന്നില്ല .  ബാല വേല  നിരോധിച്ച  ഇന്ത്യയില്‍  ലക്ഷ കണക്കിന്  കുട്ടികള്‍  വീട്ടുവേലക്കരായി  ഉണ്ട് . ഇവര്‍ക്ക്  വിദ്യാഭ്യാസം  നിഷേധിക്കപെടുന്നു .   മനുഷ്യാവകാശങ്ങള്‍  മിക്കവാറും  നിഷേധിക്കപ്പെട്ടിരിക്കുന്നു . .  ഇതേപോലെ  അറുപതിനു  മുകളിലുള്ള  വൃദ്ധരും വീട്ടുജോലിക്കാരായി ഇങ്ങനെ  ജീവിതം  തള്ളിനീക്കുന്നു .  ഇവരുടെ  അഭിശപ്ത  ജീവിതങ്ങളെ ക്കുറിച്ച്  വിശദമായ  പനങ്ങളും      ക്ഷേമ  നടപടികളും  സേവന വേതന  വ്യവസ്ഥകള്‍ക്ക്  വേണ്ട  നിയമ നിര്‍മാണവും  ആവശ്യമുണ്ട് .

       അപമാനിക്കപ്പെടുന്ന  ഇന്ത്യന്‍  ദേശീയതയുടെ പോരാട്ടത്തിന്റെ കൊടിയടയാളമായി  ദേവയാനി  ഗോബ്രഗടയെ  ആരുവേണമെങ്കിലും  കൊണ്ടാടട്ടേ. അതവരുടെ  നിക്ഷിപ്ട  താല്പര്യം . പക്ഷെ നൂറ്റാണ്ടുകളായി  അപമാനിക്കപ്പെട്ടും , മനുഷ്യാവകാശങ്ങള്‍  നിഷേധിക്കപ്പെട്ടും കഴിയുന്ന  ലക്ഷക്കണക്കായ  ഇന്ത്യന്‍  ഗാര്‍ഹിക  തൊഴിലാളികളുടെ  ദയനീയാവസ്ഥ  പുരത്ത്കൊണ്ടുവരാനും . അവര്‍ക്ക്  നിയമ പരിരക്ഷ  ഉറപ്പുവരുത്താനും  ഉള്ള  വന്‍ പോരാട്ടത്തിന്റെ തുടക്കമാവട്ടെ  ഈ സംഭവങ്ങള്‍  എന്ന്   പ്രത്യാശിക്കുന്നു . അതിനു തുടക്കമിട്ട  സംഗീത റിച്ചാര്‍ഡിനെ   സി  ഐ എ കാരി ആക്കാനാണ്  പക്ഷെ  നമുക്ക്  താല്പര്യം !!!!.Monday, 27 February 2012

അഴീക്കോട് മാഷ്‌ - രണ്ടനുഭവങ്ങള്‍


       ഴീക്കോട്  മാഷെ ഞാന്‍  ആദ്യം കാണുന്നത്  ദേവഗിരി  സെന്റ്‌ ജോസഫ്‌സ്‌ കോളേജില്‍  വെച്ചാണ്‌.( 1978 -79)    ഞാന്‍ അന്നവിടെ  രണ്ടാം വര്‍ഷ ബി എ ക്ക്  പഠിക്കുകയാണ്. അടിയന്തരാവസ്ഥ കഴിഞ്ഞ് കേന്ദ്രത്തില്‍  ജനത ദള്‍ അധികാരത്തില്‍ .  അടിയന്തരാവസ്ഥയിലെ  അതിക്രമങ്ങള്‍  ഓരോന്നായി പുറത്തുവരുന്നു . രാജന്‍ പ്രശ്നത്തില്‍  കേരളത്തിലും  പ്രക്ഷോഭങ്ങള്‍ .  വിദ്യാര്‍ഥികളില്‍  പുതിയ ഉണര്‍വും ഉത്സാഹവും.  എല്ലാം  കൂടെ   ചേര്‍ന്നപ്പോള്‍  എസ്‌ എഫ് ഐ  മുന്നണി   വന്‍പിച്ച ഭൂരിപക്ഷത്തോടെ  കോളേജ്  യൂണിയന്‍ പിടിച്ചടക്കി .
 
  എന്നാല്‍  പരാജയം അംഗീകരിക്കാന്‍   കെ എസ്‌ യു  തയ്യാറായിരുന്നില്ല .  എവിടെനിന്നോ    കിട്ടിയ ഒരു ബാലറ്റ്‌ പേപ്പര്‍ പൊക്കിപ്പിടിച്ചു   കള്ളവോട്ട്  എന്നെല്ലാം  പറഞ്ഞു കുറേദിവസം  സമരം ചെയ്തു  വി സി ക്കും മറ്റും പരാതിനല്‍കി  പക്ഷെ ഒരു ഗുണവും ഉണ്ടായില്ല.    അതങ്ങനെ  കഴിഞ്ഞുപോയി. പക്ഷെ  മനസ്സില്‍  പകയുമായി തന്നെയായിരുന്നു അവര്‍  എന്ന് ഞങ്ങളാരും  കരുതിയിരുന്നില്ല .

      അപ്പോഴാണ്‌  യൂണിയന്‍  ഉദ്ഘാടനം  വന്നത്.  ശ്രീ  സുകുമാര്‍ അഴീകോടിനെ  ഉദ്ഘാടകനായി വിളിക്കാമെന്ന്  ഞങ്ങള്‍  തീരുമാനിച്ചു   ( മാഷിന്   അന്ന്  കാലിക്കറ്റ്‌  യൂണിവെഴ്സിറ്റി പി വി സി ചുമതല  ആയിരുന്നു  എന്നാണോര്‍മ്മ.  പിന്നെ  ദേവഗിരിയിലെ  മുന്‍ അധ്യാപകനു മാണല്ലോ  മാഷ് )   മാഷെ ചെന്ന് കണ്ടു  സമ്മതം വാങ്ങി. വേണ്ട മുന്നൊരുക്കങ്ങളൊക്കെ നടത്തി .

     ഉദ്ഘാടന ദിവസം  വന്നു  ചേര്‍ന്നു.   യൂണിയന്‍  സെക്രട്ടറി  ശ്രീ കെ എം ബഷീര്‍   കാറുമായി അഴീക്കോട്  മാഷെ കൂട്ടിവരാന്‍  പോയി .  ഇതിനിടെ  ഞങ്ങളാരും  പ്രതീക്ഷിക്കാത്ത  സംഭവം നടന്നു .  ഒന്നാം നിലയിലെ ഓഡിറ്റോറിയവും  മുകളിലേക്ക്  കയറാനുള്ള  നാലു വശങ്ങളിലുമുള്ള    സ്റ്റേയര്‍കയ്സിന്റെ  ഗ്രില്‍ വാതിലുകളും  ചങ്ങലയും  താഴുമിട്ടു  ഉള്ളില്‍ നിന്നും പൂട്ടിക്കളഞ്ഞു.   നാല് കോണിപ്പടികളിലും കെ എസ്‌ യു ക്കാര്‍  കൂട്ടമായിനിന്നു   തടസ്സവും  സൃഷ്ടിച്ചു. കുറെ നേരം വിഫലമായി  ഉന്തും തള്ളും ഒക്കെ നടന്നു. ഒടുവില്‍ ആരൊക്കെയോ  ചേര്‍ന്ന്  പാരപറ്റിലൂടെ  വലിഞ്ഞുകയറി ഒരു വശത്തെ  പൂട്ട്‌  പൊളിച്ചു.  അതിലൂടെ  വിദ്യാര്‍ഥികള്‍ മത്തായി ചാക്കോയുടെ (പരേതനായ  സഖാവ്  മത്തായിചാക്കോ തന്നെ ) നേതൃത്വത്തില്‍   തള്ളിക്കയറിയപ്പോള്‍  ഉപരോധക്കാര്‍  പിടിച്ചു നില്കാനാവാതെ  പിന്മാറി.  പിന്നെ  അതിവേഗത്തില്‍    ഓഡിറ്റോറിയം  സജ്ജമാക്കി .

  അപ്പോഴേക്കും    അഴീക്കോട്  മാഷെ കൂട്ടി സെക്രട്ടറി   പ്രിന്‍സിപ്പാളച്ചന്‍ താമസിക്കുന്ന  ചാപ്പലില്‍ എത്തിയിരുന്നു .  അവിടെ നിന്ന്   കാറില്‍  കോളെജിലേക്ക് കൂട്ടിവന്നുകൊള്ളാന്‍  അറിയിപ്പ് കൊടുത്തു . പക്ഷെ  കാര്‍ കോളേജ്  പോര്‍ച്ചില്‍ എത്തുമ്പോഴേക്കും  പിരിഞ്ഞുപോയിരുന്ന  കെ എസ്‌ യു  വിദ്യാര്‍ഥികള്‍  ഓടിക്കൂടി   കാറിനു ചുറ്റും നിന്ന്  വീണ്ടും  ഉപരോധം തീര്‍ത്തു .  കാറിന്‍റെ ഡോര്‍ തുറക്കുവാനോ  അഴീകോട് മാഷെ പുറത്തിറങ്ങുവാനോ അനുവദിച്ചില്ല . പ്രിന്‍സിപ്പളും അധ്യാപകരും യൂണിയന്‍ ഭാരവാഹികളും  കേണപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയില്ല മനം മടുത്തു ഒടുവില്‍ മാഷും തിരിച്ചുപോവുകയാണെന്നറിയിച്ചു.
   
  അങ്ങനെ ഞങ്ങള്‍ കുറ്റബോധം  നിറഞ്ഞ മനസ്സോടെ മൂകമായി  മാഷെ  യാത്രയാക്കി.  വില കുറഞ്ഞ പ്രതികാരത്തിന്റെ  ജയഭേരി മുഴക്കി  കെ എസ്‌ യു ക്കാരും പിരിഞ്ഞുപോയി.

     മാഷെ തടയുന്നതിന്റെ  ഫോട്ടോ " ഗുരുദക്ഷിണ "  എന്ന അടിക്കുറിപ്പോടെ  ആ വര്‍ഷത്തെ  കോളേജ് മാഗസീനില്‍  പ്രസിദ്ധീകരിച്ചു .   മാഗസീന്‍ കത്തിച്ചുകൊണ്ടാണ് കെ എസ്‌ യു ക്കാര്‍  അതിന്റെ ജാളൃം തീര്‍ത്തത്.
 രണ്ട്   
  പിന്നെയും  ഒരുവര്‍ഷം കഴിഞ്ഞു  കോഴിക്കോട് സര്‍വകലാശാലയില്‍  അഴീക്കോട് മാഷിന്റെ കീഴില്‍   മലയാളം എം എ ക്ക് ചേര്‍ന്നപ്പോഴാണ്    മാഷെ അടുത്തറിയാന്‍ കഴിഞ്ഞത് . കര്‍ക്കശ സ്വഭാവക്കാരനും   കഠിനമായി ക്ഷോഭിക്കുന്നവനുമാണ്  മാഷെന്ന്  സീനിയേഴ്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു . ക്ലാസ്സില്‍   വൈകിവരുന്നത്‌  ഒട്ടും പൊറുക്കില്ലെന്നും അവര്‍ മുന്നറിയിപ്പുതന്നിരുന്നു . ഞങ്ങളില്‍ ഒരാളൊഴികെ  എല്ലാവരും  ഹോസ്റ്റല്‍ വാസികളായതുകൊണ്ട്   വൈകിയെത്തുന്ന പ്രശ്നം ഉണ്ടായിരുന്നില്ല .  പ്രസംഗ  വേദികളില്‍ അല്ലാതെ  ക്ലാസ്സില്‍ ഒരിക്കലും മാഷ്‌ ക്ഷോഭിക്കുന്നത് കാണാന്‍  ഞങ്ങള്‍ക്ക് അവസരമുണ്ടായില്ല. അല്ലെങ്കില്‍ അതിനുള്ള അവസരം ഞങ്ങള്‍ ഉണ്ടാക്കിയില്ല . ക്ലാസ്സിലെ  ഓരോരുത്തര്‍ക്കും ഏതെങ്കിലും തരത്തില്‍ ഒരു  വിളിപ്പേര്‍ മാഷ്‌ കണ്ടെത്തിയിരുന്നു.( സുധാകരന്‍ എന്നത് സുധന്‍ എന്ന് ലോപിപ്പിച്ചു ഒടുവില്‍ സുഡാന്‍ എന്നാണ് എന്നെ വിളിച്ചിരുന്നത്)  തമാശകള്‍  പറഞ്ഞ്‌ ശിശുസഹജമായ നിഷ്കളങ്കഭാവത്തില്‍ ഇരിക്കുന്ന മാഷിന്റെ  രൂപം ഇന്നും മനസ്സിലുണ്ട് . ഒന്നാം വര്‍ഷം അങ്ങനെ കഴിഞ്ഞു. 

    രണ്ടാം വര്‍ഷത്തില്‍   രാവിലെ ക്ലാസ്സും ഉച്ചകഴിഞ്ഞാല്‍ ലൈബ്രറിയും എന്നവിധത്തില്‍  ചിട്ടപ്പെടുത്തിയിരുന്നു . അക്കാലത്താണ്  എന്നെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയത് .  കാര്യം നിസ്സാരമായിരുന്നു .   ഓള്‍ ഇന്ത്യ  യൂണിവേഴ്സിറ്റി വനിതാ വോളിബാള്‍ മത്സരം   കാലിക്കറ്റ് കാമ്പസ്സില്‍ഉള്ള  ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അക്കൊല്ലം  നടന്നത് .  വൈകുന്നേരങ്ങളില്‍ നടന്നിരുന്ന മത്സരം  ഫൈനല്‍ ദിവസം എന്തോകാരണത്താല്‍ രാവിലെ ആണ് നടന്നത് . രാവിലെ മാഷിന്റെ  ക്ലാസ്സാണ്  പക്ഷെ  കാലിക്കറ്റ് ജൈത്രയാത്ര നടത്തുന്ന ഫൈനല്‍ എന്തായാലും  കാണാതിരുന്നും കൂടാ.  ഒന്‍പതുമണിയോടെ കളിതീരും  ഒന്‍പതരയോടെ ക്ലസ്സിലെത്താം ,എന്നുറപ്പിച്ചു ഞങ്ങളെല്ലാവരും  കളികാണാന്‍ പോയി .   ആദ്യ രണ്ടു ഗെയ് മും കാലിക്കറ്റ് ജയിച്ചതോടെ  ആശ്വാസമായി .   പക്ഷേ ഉജ്വലമായി  തിരിച്ചടിച്ച്‌ കേരള  സമനില നേടി.  കളി അഞ്ചാം  ഗെയ്മിലേക്ക്നീണ്ടു. കളി കാണാനെത്തിയ   പെണ്‍കുട്ടികളെല്ലാം  ക്ലാസ്സിലേക്ക്  തിരിച്ചു .  


     കളികഴിയുമ്പോള്‍ ക്ലാസ്‌ തുടങ്ങാന്‍  കഷ്ടിച്ച്  പത്തു മിനിറ്റ്‌ . പിന്നെ എല്ലാവരും കൂടി ഓരോട്ടമായിരുന്നു . എനിക്ക് പക്ഷെ ഒപ്പമെത്താന്‍ പറ്റിയില്ല.  ഞാന്‍ വരാന്തയിലെത്തുംപോഴേക്കും മാഷ്‌  ക്ലാസിലെത്തിയിരുന്നു. വിയര്‍ത്തു കുളിച്ചു ചെന്ന്, സമ്മതം  ചോദിച്ചു  ക്ലാസ്സില്‍ കയറാന്‍ ഒരു മടി. താഴെ ലൈബ്രറിയില്‍ ചെന്നിരുന്നു .  അടുത്ത പീരിയഡ് ക്ലാസ്സില്‍ കയറിയിരിക്കുകയും ചെയ്തു.     പിറ്റേന്നു  രാവിലെ മാഷ്‌  വിളിപ്പിച്ചു.  ഹാഫ്‌ ഡോര്‍ തുറന്നു  അല്പം പേടിയോടെ  മുന്നില്‍ ചെന്നുനിന്നു .നല്ല ഗൌരവത്തിലാണ് "  ഇന്നലെ താന്‍ എന്റെ ക്ലാസില്‍ വന്നില്ലല്ലോ എന്ത്‌ പറ്റി.   "  ഒഴിവുകഴിവുകള്‍ ഒന്നും  പറയാതെ  ഉള്ള സത്യം  അങ്ങ് പറഞ്ഞു. ഒട്ടും  പ്രതീക്ഷിക്കാത്ത മട്ടില്‍ മാഷ്‌ ക്ഷുഭിതനായി   "  അപ്പോള്‍ തനിക്ക്  എന്റെ ക്ലാസിലും വലുത്  വോളിബാള്‍  കളിയാണല്ലേ . എങ്കില്‍ താനിനി  എന്റെ ക്ലാസ്സില്‍ കയറേണ്ട പൊയ്ക്കോളൂ"   ശബ്ദം വല്ലാതെ  ഉയര്‍ന്നിരുന്നു .    പിന്നെ തര്‍ക്കിച്ചു നിന്നാല്‍  കൂടുതല്‍ വഷളാവും . മിണ്ടാതെ  തിരിച്ചുപോന്നു.    അടുത്തദിവസം രണ്ടാം  പീരിയഡ്   മാഷാണ് .  മെല്ലെ  പുസ്തകങ്ങള്‍എടുത്തു  ലൈബ്രറിയിലേക്ക് നടന്നു . മറ്റു ക്ലാസ്സുകളില്‍ കയറുകയും ചെയ്തു .  ഇത്ഒന്നുരണ്ടുതവണ  ആവര്‍ത്തിച്ചു.   അടുത്തദിവസം  വീണ്ടും വിളിപ്പിച്ചു .  "  താന്‍ എന്താ  എന്‍റെ ക്ലാസ്സില്‍ മാത്രം കയറാത്തത്"  "  അത് പിന്നെ  സാര്‍ പറഞ്ഞതല്ലേ "  നിഷ്കളങ്കമായിരുന്നു  എന്‍റെ മറുപടി . മാഷ്‌ അത്  മറൊരുതരതിലാണ്  എടുത്തത്‌ .  ( ക്ഷോഭം തണുക്കുമ്പോള്‍  ഞാന്‍ തന്നെയോ  അല്ലെങ്കില്‍ ഏതെങ്കിലും അദ്ധ്യാപകര്‍ മുഖേനയോ  ചെന്നുകണ്ടു പറഞ്ഞു  ക്ലാസ്സില്‍ കയറുമെന്നല്ലാതെ ഞാന്‍ വാശികാട്ടി നടക്കുമെന്ന്  മാഷും  കരുതിയിട്ടുണ്ടാവില്ല.) " ഓഹോ  താന്‍ അത്രയും ധിക്കാരിയോ  എങ്കില്‍ താനിനി ഒരു ക്ലാസ്സിലും കയറേണ്ട  അല്ലെങ്കില്‍   രക്ഷിതാവിനെ  കൂട്ടിവന്നിട്ടുമതി    ക്ലാസ്സില്‍ കയറുന്നത് . "     

     പിന്നെ  വഴിയൊന്നുമില്ല  ഇറങ്ങിനടന്നു .  ഹോസ്റ്റലില്‍ പോയി ഇരുന്നു .  എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ല. സംഘടനാ പ്രവര്‍ത്തനങ്ങളും  സമരങ്ങളും  അടിപിടിയുമെല്ലാം നടന്നിട്ടും  കഴിഞ്ഞ അഞ്ചു  വര്‍ഷങ്ങളിലും  ഉണ്ടായിട്ടില്ലാത്ത  അനുഭവമാണ്  രക്ഷിതാവിനെ  കൂട്ടി വരല്‍. . അച്ഛനെ കൂട്ടിവരല്‍ നടപ്പുള്ള കാര്യവുമല്ല.  ഇത്തരം കാര്യങ്ങളില്‍  അഴീക്കോട് മാഷേക്കാള്‍   ക്ഷുഭിതനാവുന്ന ആളാണ്‌   അദ്ധ്യാപകന്‍ കൂടിയായ  അച്ഛന്‍. പിന്നെ  വിദ്യാര്‍ഥി  സംഘടനകളെ അറിയിച്ചു   വലിയൊരു ഇഷ്യു ആക്കാന്‍ ഒട്ടും താല്പര്യവും തോന്നിയില്ല   ( മാഷെഅങ്ങനെ  തോല്പിക്കാമെന്ന  വിശ്വാസമോ  തോല്‍പ്പിക്കുന്നത് ശരിയാണ് എന്ന തോന്നലോ  ഉണ്ടായിരുന്നില്ല )   
     
       ഒന്നുരണ്ടു ദിവസം  അങ്ങനെ കഴിഞ്ഞു .  അപ്പോഴാണ്‌   ഒരുവഴി തെളിഞ്ഞത് .  മൂത്ത പെങ്ങള്‍ അന്ന്  ജോലിചെയ്തിരുന്നത്  യൂണിവേര്‍സിറ്റിക്കടുത്ത്  രാമനാട്ടുകരയില്‍ സ്റേറ്റ് ബാങ്ക്  ശാഖയിലായിരുന്നു . പെങ്ങളെ  ചെന്ന് കണ്ടു  കാര്യങ്ങള്‍  പറഞ്ഞു . തിങ്കളാഴ്ച  പെങ്ങള്‍ വന്നു  മാഷെ കണ്ടു .  മാഷ്‌  വീട്ടുകാര്യങ്ങളൊക്കെ  ചോദിച്ചു . അച്ഛന്‍ സുഖമില്ലാതതുകൊണ്ട് തന്നെ അയച്ചതാണെന്ന് ഒരു ചെറിയ  കളവു പറഞ്ഞു . " കണ്ടില്ലേ അച്ഛന് സുഖമില്ലതിരിക്കുമ്പോള്‍  മക്കള്‍  ഇങ്ങനെയൊക്കെതന്നെ വേണം ചെയ്യാന്‍ " എന്ന് എനിക്കിട്ടു ഒരു തോണ്ടല്‍ .  "  ഇവന്‍ എന്നെ വല്ലാതെ  ക്ഷോഭിപ്പിച്ചു കളഞ്ഞു.  എനിക്കുണ്ടോ അതിനൊക്കെ സമയം  മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല . ഇനി   ക്ലാസ്സില്‍ ക്ലാസ്സില്‍  കയറിക്കോട്ടേ" .  മഴ പോലെ വന്നത്  മഞ്ഞുപോലെ  മാഞ്ഞു.     
     
        തന്നെക്കാള്‍ ചെറുതായി  തോന്നിക്കുന്ന പെങ്ങളെ രക്ഷിതാവായി കൂട്ടിവന്ന ശിഷ്യന്റെ  കുസൃതി മാഷ്‌  തിരിച്ചറിഞ്ഞ്  ആസ്വദിച്ചിട്ടുണ്ടാവണം.  അതുകൊണ്ടായിരിക്കാം തിരിച്ചിറങ്ങുമ്പോള്‍  ഇത്രയും കൂടി പറഞ്ഞു . "രക്ഷിതാവിനെ  സുരക്ഷിതമായി  ബസ്‌ കയറ്റിവിട്ടിട്ടു  ക്ലാസ്സില്‍ പോയാല്‍ മതി "  .  പുറത്തു  ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന സഹപാഠികളോട്  വിജയമുദ്ര കാട്ടി ,  ഞാന്‍ പെങ്ങളെ  സുരക്ഷിതമായി  ബസ്‌ കയറ്റി  വിടാന്‍ പോയി .