Friday 11 September 2020

വീട്ടച്ഛൻ

 റിട്ടയർ ചെയ്തിട്ട് ഒരു വർഷം ആകുന്നു.  അതിനുമുമ്പേ പുറത്തു ചാടണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ 


അതുപോട്ടെ!.


  സ്വന്തം ഡിപാർട്മെന്റിൽ തന്നെ റീ എംപ്ലോയ്‌മെന്റോ പുറത്ത് മറ്റു ജോലിക്കോ പോവില്ല, എന്ന് ആദ്യമേതീരുമാനിച്ചിരുന്നു. 

വീട്ടിൽ നാലുദിവസം ഇരുന്നാൽ ബോറടിക്കും,  ഒന്നും ചെയ്യാതെ മാനസികമായും ശാരീരികമായും തളരും, പെട്ടെന്ന് വയസ്സനാകും, ചുമ്മായിരുന്നു തിന്ന് തടിവെക്കും  അങ്ങനെ  പലവിധ മുന്നറിയിപ്പുകളും കിട്ടിയിരുന്നു.  യാത്രയയപ്പ് യോഗത്തിൽ, പിരിഞ്ഞിട്ട് പത്തുവർഷമായി പക്ഷെ ഇതുവരെ ഒരു ദിവസം പോലും വീട്ടിൽ ഇരുന്നിട്ടില്ല എന്നൊക്കെയുള്ള  തള്ളുകളും കേട്ടിരുന്നു.

ഇത്രയും വിരസമാണ് വീടെങ്കിൽ പിന്നെന്തിനാ ഇവരൊക്കെ ലോണെടുത്തു, കഷ്ടപ്പെട്ട്  വീടും കുടുംബവുമൊക്കെ ആക്കിയതെന്ന് ചോദ്യമാണ് മനസ്സിൽ ഉയർന്നിരുന്നത്.


 പുസ്തകം ,വായന, കവിത എന്നിങ്ങനെ ചില നൊസ്റ്റുകൾ, കൂടുതൽ ഇന്റിമസിയുള്ള ചിലർ ഓർമ്മിപ്പിച്ചിരുന്നു.


പക്ഷെ...

 

യാത്ര, രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, മഴ, പ്രളയം, ദുരിതാശ്വാസം എന്നിവയൊക്കെയായി കൊല്ലം ഒന്നു കഴിഞ്ഞുപോയിരിക്കുന്നു.


വീടും വീട്ടുകാരും ഒന്നും മുഷിപ്പിക്കുന്നില്ല. ജോലിക്കു പോകുന്നില്ലെങ്കിലും പാലിച്ച് പോന്ന (ദു:))ശീലങ്ങൾ അതേപടി തുടരുന്നു.

 (നേരത്തെ എഴുന്നേൽക്കുക ഏറെ വൈകി കിടക്കുക  എന്നത് പോലും)


ഇടയ്ക്ക് തോന്നിയ ഐഡിയ ആണ് എങ്ങനെ നല്ലൊരു  ഹോം മേക്കർ   ആവാമെന്നത്.  ടീച്ചർ ഇനിയും സർവ്വീസിലുള്ളതുകൊണ്ടും നമ്മൾക്ക് വേറൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ടും  റോളുകൾ പരസ്പരം ഒന്നു മാറി. 


എന്നെ സഹായിച്ചുകൊണ്ട് നിന്നാൽ മതി എന്നൊക്കെ ആദ്യം പറഞ്ഞിരുന്നു. രണ്ട് ദിവസമേ കാണൂ ഈ സാഹസമൊക്കെ എന്ന മുൻ വിധിയിൽ.


പക്ഷെ ദിവസം പോകെ അതല്ല ആത്മാർത്ഥമായിത്തന്നെ എന്ന് ബോധ്യമായിട്ടുണ്ട് . 70%   മാർക്ക് തരാമെന്നുമായിട്ടുണ്ട്. അടുക്കളയിലും പാചകത്തിലും കാ കാണിക്കുന്ന വൃത്തിയും വെടിപ്പും മറ്റെവിടെയും കാണിക്കാനാവുന്നില്ലെന്നതത്രെ മാർക്ക് കുറയുന്നത്.    പുസ്തകമോ പത്രമോ വായിച്ചാൽ വായിച്ചിടത്ത് , വസ്ത്രവും അപ്പടി. അത്  അമ്മയ്ക്കും ഉള്ള പരാതി ആയിരുന്നു. അതിലിനി മാറ്റമൊന്നും വരുമെന്നുതോന്നുന്നില്ല.  (പിന്നെ മത്സരമില്ലെങ്കിൽ  സ്കോർ കൂടുമോ. ആരെങ്കിലും ഉണ്ടോ ഒന്ന് മത്സരിക്കാൻ)


സംഗതികൾ ഇതുവരെ OK എങ്കിലും  പ്രിവിലേജ് സോണിലിരുന്നുള്ള ഒരു പരീക്ഷണം എന്നതിനപ്പുറത്തേക്ക്  ഇതിനെ കൊണ്ടുപോകാൻ കഴിയുമോ എന്ന പ്രശ്നം പക്ഷേ നിലനിൽക്കുന്നു.  


ഈ കുപ്പായം മാറുന്നതെപ്പോഴാ . പുള്ളിപ്പുലിയുടെ പുള്ളിയുണ്ടോ മായുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾ  അന്തരീക്ഷത്തിൽ ഉണ്ട് . 


NB :കഴിഞ്ഞ 25 വർഷമായി ജീവിതത്തിലെ പ്രധാനമുഹൂർത്തങ്ങൾ ഒരു പ്രതികാരബുദ്ധിയോടെ കുളമാക്കിത്തന്നിരുന്ന മൈഗ്രൈൻ ഒരുവർഷമായി ഈ വഴിക്ക്  വന്നിട്ടില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്.


FB  20/12/19






0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home