സത്യവതി
പത്താംക്ലാസ്സിലെ അവസാനത്തെ പരീക്ഷയും എഴുതിക്കഴിഞ്ഞു യാത്ര പറയാൻ സ്റ്റാഫ് റുമിൽ ചെന്നപ്പോഴാണ് സംസ്കൃതം പഠിപ്പിക്കുന്ന പരാശരൻ മാസ്റ്റർ സത്യവതിയെ പീഢിപ്പിച്ചത്.
നഷ്ടചാരിത്ര്യത്തെക്കുറിച്ചു വ്യാകുലപ്പെട്ട അവളെ പുരാണകഥകളും ശാകുന്തളവുമെല്ലാം പറഞ്ഞു മാസ്റ്റർ ആശ്വസിപ്പിച്ചു.ഒന്നും നശിക്കുന്നില്ലെന്നു ബോദ്ധ്യപ്പെടുത്താൻ മേമ്പൊടിയായി, "പൂർണമേവാ വശിഷ്യതേ" എന്ന ശ്ലോകവും ചൊല്ലിക്കൊടുത്തു.
ശ്ലോകം ഒന്നും മനസ്സിലായില്ലെങ്കിലും, അന്തി മയങ്ങിയാൽ മൂക്കറ്റം മോന്തി വീട്ടിലെത്തി അമ്മപെങ്ങന്മാരെ തല്ലുമ്പോൾ കാർന്നോന്മാരും അയലത്തെ ചേട്ടന്മാരുമൊക്കെ മുഴക്കുന്ന വായ്ത്താരി ശുദ്ധ സംസ്കൃതമാണെന്ന് തിരിച്ചറിഞ്ഞ് ആ സങ്കടത്തിനിടയിലും അവൾ ഒട്ടാശ്വാസം കണ്ടെത്തി.
മാഷ് മെഡിക്കൽ കോളേജിൽനിന്നു ചുവന്ന ബക്കറ്റും സർക്കാരിൽനിന്ന് സ്പെഷൽ ഇങ്ക്രിമെന്റും വാങ്ങിയ ആളായതു കൊണ്ട് അനർത്ഥമൊന്നും സംഭവിച്ചില്ല.
സത്യവതി ഇപ്പോൾ ഗൾഫുകാരനെ കെട്ടി രണ്ടാൺപിള്ളേരേയും പെറ്റ് സുഖമായി കഴിയുന്നു. നാട്ടിലെങ്ങും ഫെർട്ടിലിറ്റി ക്ലിനിക്കുകൾ സുലഭമായി ഉള്ളതുകൊണ്ട് പുത്രന്മാർക്കെന്തെങ്കിലും സംഭവിച്ചാലും പുത്രവധുക്കളിൽ നിയോഗത്തിനു (പിറക്കാതെപോയ) ദ്വൈപായനൻ വേണ്ടിവരില്ലെന്നവൾക്കാശ്വാസമുണ്ട്.
പക്ഷെ ആധുനിക ഭാരതം ആരെഴുതും എന്നതുമാത്രമാണവളുടെ ഉത്ക്കണ്ഠ.
1 Comments:
അവതരണം ഇഷ്ടപ്പെട്ടു. ആശംസകള്‍.
Post a Comment
Subscribe to Post Comments [Atom]
<< Home