Wednesday, 2 July 2014

കാണരുത് കേള്‍ക്കരുത് പറയരുത്

 തീവണ്ടി മുറി  ശൂന്യമായിരുന്നു .  മനസ്സ്‌  അസ്വസ്ഥമായിരുന്നു . ദുരന്തങ്ങളും    രോദനങ്ങളും  യുദ്ധത്തിന്‍റെ വിലാപങ്ങളുംഎല്ലാം  എല്ലാം .   ആരോടെങ്കിലും പങ്കുവെക്കാന്‍ മനസ്സ് കൊതിച്ചു.
 അപ്പോള്‍  ഒന്നാമത്തെ സഹയാത്രിക  കടന്നുവന്നു .. വന്ന ഉടനെ  ബാഗുകള്‍ ഒതുക്കിവെച്ചു.  ശ്രദ്ധാപൂര്‍വം  ഹാന്‍ഡ്‌ ബാഗ് തുറന്നു   ഇയര്‍ഫോണ്‍ എടുത്തു ചെവിയില്‍ തിരുകി .     പിന്നെ ഏതോ  സംഗീതത്തില്‍ മുഴുകി  മെല്ലെ  കണ്ണുകള്‍ അടച്ചു.   ഇനി മറ്റൊന്നും   കേള്‍ക്കരുത്

  പിന്നെ   രണ്ടാമന്‍   കയറിവന്നു . സാവധാനം   ലാപ്ടോപ്പ് എടുത്തു  മടിയില്‍ വെച്ചു പിന്നെ മെല്ലെ മെല്ലെ മറ്റേതോ ലോകത്തിലേക്ക്‌  ഊളിയിട്ടിറങ്ങി .  ഇനി മറ്റൊന്നും  കാണരുത്  എന്നു  ഉറപ്പിച്ചപോലെ .

  പിന്നാലെ മൂന്നാമനും വന്നു .   കീശയിലെ  പൊതി യില്‍ നിന്ന്‍ എന്തോ എടുത്തു.   സാവധാനം  ഉള്ളം കയ്യിലിട്ട്  തിരുമ്മി .  മെല്ലെ  കവിള്‍ വിടര്‍ത്തി  അവിടെ  നിക്ഷേപിച്ചു.   ചുണ്ടുകള്‍ മുറുക്കി അടച്ചു  .  ഇനി ഒന്നും മിണ്ടില്ല . തീര്‍ച്ച .

 വണ്ടി മെല്ലെ  നീങ്ങിത്തുടങ്ങി .    ഇപ്പോള്‍     പ്രശ്നങ്ങള്‍ എല്ലാം  അവസാനിച്ചിരിക്കുന്നു .  രോദനങ്ങളും  വിലാപങ്ങളും  ഒന്നുമില്ല  .    ലോകസമാധാനത്തിന്‍റെ  കുളിര്‍കാറ്റു  മെല്ലെ  തീവണ്ടിമുറിയിലേക്കും  വീശിയെത്തിയപ്പോള്‍  കണ്ണുകള്‍ താനേ  അടയുന്നത്  ഞാനറിഞ്ഞില്ല

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home