Monday, 27 February 2012

അഴീക്കോട് മാഷ്‌ - രണ്ടനുഭവങ്ങള്‍


       ഴീക്കോട്  മാഷെ ഞാന്‍  ആദ്യം കാണുന്നത്  ദേവഗിരി  സെന്റ്‌ ജോസഫ്‌സ്‌ കോളേജില്‍  വെച്ചാണ്‌.( 1978 -79)    ഞാന്‍ അന്നവിടെ  രണ്ടാം വര്‍ഷ ബി എ ക്ക്  പഠിക്കുകയാണ്. അടിയന്തരാവസ്ഥ കഴിഞ്ഞ് കേന്ദ്രത്തില്‍  ജനത ദള്‍ അധികാരത്തില്‍ .  അടിയന്തരാവസ്ഥയിലെ  അതിക്രമങ്ങള്‍  ഓരോന്നായി പുറത്തുവരുന്നു . രാജന്‍ പ്രശ്നത്തില്‍  കേരളത്തിലും  പ്രക്ഷോഭങ്ങള്‍ .  വിദ്യാര്‍ഥികളില്‍  പുതിയ ഉണര്‍വും ഉത്സാഹവും.  എല്ലാം  കൂടെ   ചേര്‍ന്നപ്പോള്‍  എസ്‌ എഫ് ഐ  മുന്നണി   വന്‍പിച്ച ഭൂരിപക്ഷത്തോടെ  കോളേജ്  യൂണിയന്‍ പിടിച്ചടക്കി .
 
  എന്നാല്‍  പരാജയം അംഗീകരിക്കാന്‍   കെ എസ്‌ യു  തയ്യാറായിരുന്നില്ല .  എവിടെനിന്നോ    കിട്ടിയ ഒരു ബാലറ്റ്‌ പേപ്പര്‍ പൊക്കിപ്പിടിച്ചു   കള്ളവോട്ട്  എന്നെല്ലാം  പറഞ്ഞു കുറേദിവസം  സമരം ചെയ്തു  വി സി ക്കും മറ്റും പരാതിനല്‍കി  പക്ഷെ ഒരു ഗുണവും ഉണ്ടായില്ല.    അതങ്ങനെ  കഴിഞ്ഞുപോയി. പക്ഷെ  മനസ്സില്‍  പകയുമായി തന്നെയായിരുന്നു അവര്‍  എന്ന് ഞങ്ങളാരും  കരുതിയിരുന്നില്ല .

      അപ്പോഴാണ്‌  യൂണിയന്‍  ഉദ്ഘാടനം  വന്നത്.  ശ്രീ  സുകുമാര്‍ അഴീകോടിനെ  ഉദ്ഘാടകനായി വിളിക്കാമെന്ന്  ഞങ്ങള്‍  തീരുമാനിച്ചു   ( മാഷിന്   അന്ന്  കാലിക്കറ്റ്‌  യൂണിവെഴ്സിറ്റി പി വി സി ചുമതല  ആയിരുന്നു  എന്നാണോര്‍മ്മ.  പിന്നെ  ദേവഗിരിയിലെ  മുന്‍ അധ്യാപകനു മാണല്ലോ  മാഷ് )   മാഷെ ചെന്ന് കണ്ടു  സമ്മതം വാങ്ങി. വേണ്ട മുന്നൊരുക്കങ്ങളൊക്കെ നടത്തി .

     ഉദ്ഘാടന ദിവസം  വന്നു  ചേര്‍ന്നു.   യൂണിയന്‍  സെക്രട്ടറി  ശ്രീ കെ എം ബഷീര്‍   കാറുമായി അഴീക്കോട്  മാഷെ കൂട്ടിവരാന്‍  പോയി .  ഇതിനിടെ  ഞങ്ങളാരും  പ്രതീക്ഷിക്കാത്ത  സംഭവം നടന്നു .  ഒന്നാം നിലയിലെ ഓഡിറ്റോറിയവും  മുകളിലേക്ക്  കയറാനുള്ള  നാലു വശങ്ങളിലുമുള്ള    സ്റ്റേയര്‍കയ്സിന്റെ  ഗ്രില്‍ വാതിലുകളും  ചങ്ങലയും  താഴുമിട്ടു  ഉള്ളില്‍ നിന്നും പൂട്ടിക്കളഞ്ഞു.   നാല് കോണിപ്പടികളിലും കെ എസ്‌ യു ക്കാര്‍  കൂട്ടമായിനിന്നു   തടസ്സവും  സൃഷ്ടിച്ചു. കുറെ നേരം വിഫലമായി  ഉന്തും തള്ളും ഒക്കെ നടന്നു. ഒടുവില്‍ ആരൊക്കെയോ  ചേര്‍ന്ന്  പാരപറ്റിലൂടെ  വലിഞ്ഞുകയറി ഒരു വശത്തെ  പൂട്ട്‌  പൊളിച്ചു.  അതിലൂടെ  വിദ്യാര്‍ഥികള്‍ മത്തായി ചാക്കോയുടെ (പരേതനായ  സഖാവ്  മത്തായിചാക്കോ തന്നെ ) നേതൃത്വത്തില്‍   തള്ളിക്കയറിയപ്പോള്‍  ഉപരോധക്കാര്‍  പിടിച്ചു നില്കാനാവാതെ  പിന്മാറി.  പിന്നെ  അതിവേഗത്തില്‍    ഓഡിറ്റോറിയം  സജ്ജമാക്കി .

  അപ്പോഴേക്കും    അഴീക്കോട്  മാഷെ കൂട്ടി സെക്രട്ടറി   പ്രിന്‍സിപ്പാളച്ചന്‍ താമസിക്കുന്ന  ചാപ്പലില്‍ എത്തിയിരുന്നു .  അവിടെ നിന്ന്   കാറില്‍  കോളെജിലേക്ക് കൂട്ടിവന്നുകൊള്ളാന്‍  അറിയിപ്പ് കൊടുത്തു . പക്ഷെ  കാര്‍ കോളേജ്  പോര്‍ച്ചില്‍ എത്തുമ്പോഴേക്കും  പിരിഞ്ഞുപോയിരുന്ന  കെ എസ്‌ യു  വിദ്യാര്‍ഥികള്‍  ഓടിക്കൂടി   കാറിനു ചുറ്റും നിന്ന്  വീണ്ടും  ഉപരോധം തീര്‍ത്തു .  കാറിന്‍റെ ഡോര്‍ തുറക്കുവാനോ  അഴീകോട് മാഷെ പുറത്തിറങ്ങുവാനോ അനുവദിച്ചില്ല . പ്രിന്‍സിപ്പളും അധ്യാപകരും യൂണിയന്‍ ഭാരവാഹികളും  കേണപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയില്ല മനം മടുത്തു ഒടുവില്‍ മാഷും തിരിച്ചുപോവുകയാണെന്നറിയിച്ചു.
   
  അങ്ങനെ ഞങ്ങള്‍ കുറ്റബോധം  നിറഞ്ഞ മനസ്സോടെ മൂകമായി  മാഷെ  യാത്രയാക്കി.  വില കുറഞ്ഞ പ്രതികാരത്തിന്റെ  ജയഭേരി മുഴക്കി  കെ എസ്‌ യു ക്കാരും പിരിഞ്ഞുപോയി.

     മാഷെ തടയുന്നതിന്റെ  ഫോട്ടോ " ഗുരുദക്ഷിണ "  എന്ന അടിക്കുറിപ്പോടെ  ആ വര്‍ഷത്തെ  കോളേജ് മാഗസീനില്‍  പ്രസിദ്ധീകരിച്ചു .   മാഗസീന്‍ കത്തിച്ചുകൊണ്ടാണ് കെ എസ്‌ യു ക്കാര്‍  അതിന്റെ ജാളൃം തീര്‍ത്തത്.
 രണ്ട്   
  പിന്നെയും  ഒരുവര്‍ഷം കഴിഞ്ഞു  കോഴിക്കോട് സര്‍വകലാശാലയില്‍  അഴീക്കോട് മാഷിന്റെ കീഴില്‍   മലയാളം എം എ ക്ക് ചേര്‍ന്നപ്പോഴാണ്    മാഷെ അടുത്തറിയാന്‍ കഴിഞ്ഞത് . കര്‍ക്കശ സ്വഭാവക്കാരനും   കഠിനമായി ക്ഷോഭിക്കുന്നവനുമാണ്  മാഷെന്ന്  സീനിയേഴ്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു . ക്ലാസ്സില്‍   വൈകിവരുന്നത്‌  ഒട്ടും പൊറുക്കില്ലെന്നും അവര്‍ മുന്നറിയിപ്പുതന്നിരുന്നു . ഞങ്ങളില്‍ ഒരാളൊഴികെ  എല്ലാവരും  ഹോസ്റ്റല്‍ വാസികളായതുകൊണ്ട്   വൈകിയെത്തുന്ന പ്രശ്നം ഉണ്ടായിരുന്നില്ല .  പ്രസംഗ  വേദികളില്‍ അല്ലാതെ  ക്ലാസ്സില്‍ ഒരിക്കലും മാഷ്‌ ക്ഷോഭിക്കുന്നത് കാണാന്‍  ഞങ്ങള്‍ക്ക് അവസരമുണ്ടായില്ല. അല്ലെങ്കില്‍ അതിനുള്ള അവസരം ഞങ്ങള്‍ ഉണ്ടാക്കിയില്ല . ക്ലാസ്സിലെ  ഓരോരുത്തര്‍ക്കും ഏതെങ്കിലും തരത്തില്‍ ഒരു  വിളിപ്പേര്‍ മാഷ്‌ കണ്ടെത്തിയിരുന്നു.( സുധാകരന്‍ എന്നത് സുധന്‍ എന്ന് ലോപിപ്പിച്ചു ഒടുവില്‍ സുഡാന്‍ എന്നാണ് എന്നെ വിളിച്ചിരുന്നത്)  തമാശകള്‍  പറഞ്ഞ്‌ ശിശുസഹജമായ നിഷ്കളങ്കഭാവത്തില്‍ ഇരിക്കുന്ന മാഷിന്റെ  രൂപം ഇന്നും മനസ്സിലുണ്ട് . ഒന്നാം വര്‍ഷം അങ്ങനെ കഴിഞ്ഞു. 

    രണ്ടാം വര്‍ഷത്തില്‍   രാവിലെ ക്ലാസ്സും ഉച്ചകഴിഞ്ഞാല്‍ ലൈബ്രറിയും എന്നവിധത്തില്‍  ചിട്ടപ്പെടുത്തിയിരുന്നു . അക്കാലത്താണ്  എന്നെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയത് .  കാര്യം നിസ്സാരമായിരുന്നു .   ഓള്‍ ഇന്ത്യ  യൂണിവേഴ്സിറ്റി വനിതാ വോളിബാള്‍ മത്സരം   കാലിക്കറ്റ് കാമ്പസ്സില്‍ഉള്ള  ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അക്കൊല്ലം  നടന്നത് .  വൈകുന്നേരങ്ങളില്‍ നടന്നിരുന്ന മത്സരം  ഫൈനല്‍ ദിവസം എന്തോകാരണത്താല്‍ രാവിലെ ആണ് നടന്നത് . രാവിലെ മാഷിന്റെ  ക്ലാസ്സാണ്  പക്ഷെ  കാലിക്കറ്റ് ജൈത്രയാത്ര നടത്തുന്ന ഫൈനല്‍ എന്തായാലും  കാണാതിരുന്നും കൂടാ.  ഒന്‍പതുമണിയോടെ കളിതീരും  ഒന്‍പതരയോടെ ക്ലസ്സിലെത്താം ,എന്നുറപ്പിച്ചു ഞങ്ങളെല്ലാവരും  കളികാണാന്‍ പോയി .   ആദ്യ രണ്ടു ഗെയ് മും കാലിക്കറ്റ് ജയിച്ചതോടെ  ആശ്വാസമായി .   പക്ഷേ ഉജ്വലമായി  തിരിച്ചടിച്ച്‌ കേരള  സമനില നേടി.  കളി അഞ്ചാം  ഗെയ്മിലേക്ക്നീണ്ടു. കളി കാണാനെത്തിയ   പെണ്‍കുട്ടികളെല്ലാം  ക്ലാസ്സിലേക്ക്  തിരിച്ചു .  


     കളികഴിയുമ്പോള്‍ ക്ലാസ്‌ തുടങ്ങാന്‍  കഷ്ടിച്ച്  പത്തു മിനിറ്റ്‌ . പിന്നെ എല്ലാവരും കൂടി ഓരോട്ടമായിരുന്നു . എനിക്ക് പക്ഷെ ഒപ്പമെത്താന്‍ പറ്റിയില്ല.  ഞാന്‍ വരാന്തയിലെത്തുംപോഴേക്കും മാഷ്‌  ക്ലാസിലെത്തിയിരുന്നു. വിയര്‍ത്തു കുളിച്ചു ചെന്ന്, സമ്മതം  ചോദിച്ചു  ക്ലാസ്സില്‍ കയറാന്‍ ഒരു മടി. താഴെ ലൈബ്രറിയില്‍ ചെന്നിരുന്നു .  അടുത്ത പീരിയഡ് ക്ലാസ്സില്‍ കയറിയിരിക്കുകയും ചെയ്തു.     പിറ്റേന്നു  രാവിലെ മാഷ്‌  വിളിപ്പിച്ചു.  ഹാഫ്‌ ഡോര്‍ തുറന്നു  അല്പം പേടിയോടെ  മുന്നില്‍ ചെന്നുനിന്നു .നല്ല ഗൌരവത്തിലാണ് "  ഇന്നലെ താന്‍ എന്റെ ക്ലാസില്‍ വന്നില്ലല്ലോ എന്ത്‌ പറ്റി.   "  ഒഴിവുകഴിവുകള്‍ ഒന്നും  പറയാതെ  ഉള്ള സത്യം  അങ്ങ് പറഞ്ഞു. ഒട്ടും  പ്രതീക്ഷിക്കാത്ത മട്ടില്‍ മാഷ്‌ ക്ഷുഭിതനായി   "  അപ്പോള്‍ തനിക്ക്  എന്റെ ക്ലാസിലും വലുത്  വോളിബാള്‍  കളിയാണല്ലേ . എങ്കില്‍ താനിനി  എന്റെ ക്ലാസ്സില്‍ കയറേണ്ട പൊയ്ക്കോളൂ"   ശബ്ദം വല്ലാതെ  ഉയര്‍ന്നിരുന്നു .    പിന്നെ തര്‍ക്കിച്ചു നിന്നാല്‍  കൂടുതല്‍ വഷളാവും . മിണ്ടാതെ  തിരിച്ചുപോന്നു.    അടുത്തദിവസം രണ്ടാം  പീരിയഡ്   മാഷാണ് .  മെല്ലെ  പുസ്തകങ്ങള്‍എടുത്തു  ലൈബ്രറിയിലേക്ക് നടന്നു . മറ്റു ക്ലാസ്സുകളില്‍ കയറുകയും ചെയ്തു .  ഇത്ഒന്നുരണ്ടുതവണ  ആവര്‍ത്തിച്ചു.   അടുത്തദിവസം  വീണ്ടും വിളിപ്പിച്ചു .  "  താന്‍ എന്താ  എന്‍റെ ക്ലാസ്സില്‍ മാത്രം കയറാത്തത്"  "  അത് പിന്നെ  സാര്‍ പറഞ്ഞതല്ലേ "  നിഷ്കളങ്കമായിരുന്നു  എന്‍റെ മറുപടി . മാഷ്‌ അത്  മറൊരുതരതിലാണ്  എടുത്തത്‌ .  ( ക്ഷോഭം തണുക്കുമ്പോള്‍  ഞാന്‍ തന്നെയോ  അല്ലെങ്കില്‍ ഏതെങ്കിലും അദ്ധ്യാപകര്‍ മുഖേനയോ  ചെന്നുകണ്ടു പറഞ്ഞു  ക്ലാസ്സില്‍ കയറുമെന്നല്ലാതെ ഞാന്‍ വാശികാട്ടി നടക്കുമെന്ന്  മാഷും  കരുതിയിട്ടുണ്ടാവില്ല.) " ഓഹോ  താന്‍ അത്രയും ധിക്കാരിയോ  എങ്കില്‍ താനിനി ഒരു ക്ലാസ്സിലും കയറേണ്ട  അല്ലെങ്കില്‍   രക്ഷിതാവിനെ  കൂട്ടിവന്നിട്ടുമതി    ക്ലാസ്സില്‍ കയറുന്നത് . "     

     പിന്നെ  വഴിയൊന്നുമില്ല  ഇറങ്ങിനടന്നു .  ഹോസ്റ്റലില്‍ പോയി ഇരുന്നു .  എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ല. സംഘടനാ പ്രവര്‍ത്തനങ്ങളും  സമരങ്ങളും  അടിപിടിയുമെല്ലാം നടന്നിട്ടും  കഴിഞ്ഞ അഞ്ചു  വര്‍ഷങ്ങളിലും  ഉണ്ടായിട്ടില്ലാത്ത  അനുഭവമാണ്  രക്ഷിതാവിനെ  കൂട്ടി വരല്‍. . അച്ഛനെ കൂട്ടിവരല്‍ നടപ്പുള്ള കാര്യവുമല്ല.  ഇത്തരം കാര്യങ്ങളില്‍  അഴീക്കോട് മാഷേക്കാള്‍   ക്ഷുഭിതനാവുന്ന ആളാണ്‌   അദ്ധ്യാപകന്‍ കൂടിയായ  അച്ഛന്‍. പിന്നെ  വിദ്യാര്‍ഥി  സംഘടനകളെ അറിയിച്ചു   വലിയൊരു ഇഷ്യു ആക്കാന്‍ ഒട്ടും താല്പര്യവും തോന്നിയില്ല   ( മാഷെഅങ്ങനെ  തോല്പിക്കാമെന്ന  വിശ്വാസമോ  തോല്‍പ്പിക്കുന്നത് ശരിയാണ് എന്ന തോന്നലോ  ഉണ്ടായിരുന്നില്ല )   
     
       ഒന്നുരണ്ടു ദിവസം  അങ്ങനെ കഴിഞ്ഞു .  അപ്പോഴാണ്‌   ഒരുവഴി തെളിഞ്ഞത് .  മൂത്ത പെങ്ങള്‍ അന്ന്  ജോലിചെയ്തിരുന്നത്  യൂണിവേര്‍സിറ്റിക്കടുത്ത്  രാമനാട്ടുകരയില്‍ സ്റേറ്റ് ബാങ്ക്  ശാഖയിലായിരുന്നു . പെങ്ങളെ  ചെന്ന് കണ്ടു  കാര്യങ്ങള്‍  പറഞ്ഞു . തിങ്കളാഴ്ച  പെങ്ങള്‍ വന്നു  മാഷെ കണ്ടു .  മാഷ്‌  വീട്ടുകാര്യങ്ങളൊക്കെ  ചോദിച്ചു . അച്ഛന്‍ സുഖമില്ലാതതുകൊണ്ട് തന്നെ അയച്ചതാണെന്ന് ഒരു ചെറിയ  കളവു പറഞ്ഞു . " കണ്ടില്ലേ അച്ഛന് സുഖമില്ലതിരിക്കുമ്പോള്‍  മക്കള്‍  ഇങ്ങനെയൊക്കെതന്നെ വേണം ചെയ്യാന്‍ " എന്ന് എനിക്കിട്ടു ഒരു തോണ്ടല്‍ .  "  ഇവന്‍ എന്നെ വല്ലാതെ  ക്ഷോഭിപ്പിച്ചു കളഞ്ഞു.  എനിക്കുണ്ടോ അതിനൊക്കെ സമയം  മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല . ഇനി   ക്ലാസ്സില്‍ ക്ലാസ്സില്‍  കയറിക്കോട്ടേ" .  മഴ പോലെ വന്നത്  മഞ്ഞുപോലെ  മാഞ്ഞു.     
     
        തന്നെക്കാള്‍ ചെറുതായി  തോന്നിക്കുന്ന പെങ്ങളെ രക്ഷിതാവായി കൂട്ടിവന്ന ശിഷ്യന്റെ  കുസൃതി മാഷ്‌  തിരിച്ചറിഞ്ഞ്  ആസ്വദിച്ചിട്ടുണ്ടാവണം.  അതുകൊണ്ടായിരിക്കാം തിരിച്ചിറങ്ങുമ്പോള്‍  ഇത്രയും കൂടി പറഞ്ഞു . "രക്ഷിതാവിനെ  സുരക്ഷിതമായി  ബസ്‌ കയറ്റിവിട്ടിട്ടു  ക്ലാസ്സില്‍ പോയാല്‍ മതി "  .  പുറത്തു  ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന സഹപാഠികളോട്  വിജയമുദ്ര കാട്ടി ,  ഞാന്‍ പെങ്ങളെ  സുരക്ഷിതമായി  ബസ്‌ കയറ്റി  വിടാന്‍ പോയി .

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home