Sunday, 16 December 2018

"ദീർഘം കർത്തവ്യം"

ദീർഘവും ഹ്രസ്വവുമെല്ലാം വേണ്ടപോലെ പ്രയോഗിച്ചില്ലെങ്കിൽ കുഴപ്പമുണ്ട്.(വള്ളീം, പുള്ളീം, കുത്തും, കോമയുമെല്ലാം) ഐതിഹ്യമാലയിൽ പറയുന്ന കഥകളാണ്.

പണ്ട് ഉദ്ധണ്ഡൻ കാക്കശ്ശേരിയുമായി കൊമ്പുകോർത്തപ്പോൾ ദീർഘം പ്രശ്നമായതാണ്.

"ആകാരം ഹ്രസ്വം "    ആള് കുള്ളനാണല്ലേ എന്ന ബോഡിഷേമിങ്ങുമായാണ് മൂപ്പർതുടങ്ങിയത്.

കാക്കശ്ശേരി അത്  മൈന്റാക്കിയില്ല.

  നമ്മളെ ഭാഷേല് 'അ'കാരം ആണ് ഹ്രസ്വം. 'ആ' കാരം ദീർഘവും  അല്ലെ ടോ?  എന്ന് സദസ്യരോട്. സദസ്സിൽ കൂട്ടച്ചിരി.
 
 "നിങ്ങളേല് അങ്ങനല്ലാ ന്നുണ്ടോ മുപ്പരേ"?
 
ഉദ്ദണ്ഡൻ പതറി പിന്നെ കാണാപ്പാഠം പഠിച്ചുവന്ന പോയിന്റാകെ മറന്നു . തർക്കവും  തോറ്റു.
 മലയാളിയെ വലിച്ച് താഴെയിടാൻ   ഈ ഉദ്ദണ്ഡത്തം പോരാന്ന് അന്ന് മനസ്സിലായി വരത്തന്.


പിന്നെ കോട്ടയം രാജാവിന്റെ കഥയിലാണ്    (മലബാറിലെ പഴശ്ശിരാജാവിന്റെയൂക്കെ കോട്ടയം) . അന്ന് ഇന്നത്തെ ഇംഗ്ലീഷ് മീഡിയം എന്നുവെച്ചാൽ സംസ്കൃതം മീഡിയം ആണ്. അവിടുത്തെ കുമാരന് സംസ്കൃതം കഷ്ടിയായിരുന്നു. അമ്മയാണെങ്കിൽ പണ്ഡിതയും . പുത്രനെ ഒരിക്കൽ  കോഴിക്കോട് രാജാവിന്റെ 16 അടിയന്തരത്തിനയച്ചപ്പോൾ   സ്റ്റാറ്റസ്  മോശമാക്കേണ്ടെന്നുകരുതി സംസ്‌കൃതഭാഷണത്തിന്  ചില ടിപ്സ് ഒക്കെ കൊടുത്തതാണ് വിട്ടത്.
പക്ഷെ അവിടെ എത്തിയപ്പോൾ  പയ്യൻസ് ഒക്കെയും  മറന്നു. "മയാ കിം കർത്തവ്യം" (ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ )എന്ന ഔപചാരികമായി ചോദിക്കേണ്ടതിന്  "മയ കിം കർത്തവ്യം"
എന്നായിപ്പോയി  . ദീർഘം വിട്ടുപോയി.   കാര്യം മനസ്സിലായ കോഴിക്കോട്ടു രാജാവ്  "ദീർഘോച്ചാരണം  കർത്തവ്യം"  (ഒന്നും വേണ്ട മോനേ ദീർഘം ചേർത്ത് പറഞ്ഞാൽ മതി) എന്നുപരിഹാസപൂർവ്വം മറുപടിയും കൊടുത്തു.

വിവരം അറിഞ്ഞ്, ആകെ നാണംകെട്ട മാതാവ് പയ്യനെ കൊണ്ടുപോയി നേരത്തോട് നേരം 'കുമാരധാരയിൽ' (സമീപത്തുള്ള ഒരു വെള്ളച്ചാട്ടം) കൊണ്ടിടാൻ കൽപ്പിച്ചു. പിറ്റേന്നേക്ക് ബാക്കിയുണ്ടെങ്കിൽ എടുത്തോണ്ട് വരാനും. എന്തിനാ ഇമ്മാതിരി, വെറുതെ പറയിപ്പിക്കാൻ.

പക്ഷെ ആയുസ്സിന്റെ ബലത്താൽ പയ്യൻ അതിജീവിച്ചു.  തല തണുത്തപ്പോൾ ബുദ്ധിയുംതെളിഞ്ഞു  പിന്നെ ഒരെഴുത്തായിരുന്നു . മൂന്നോ നാലോ ആട്ടക്കഥകൾ എഴുതിയതിൽപിന്നെയാണ് എഴുത്ത് നിർത്തിയത്.

ഇതൊക്കെ ഇപ്പം ഓർക്കാനെന്തേ കാരണം

ഒന്നുമില്ല. "ഭഗവാനേ...,രക്ഷിക്കണേ...." എന്നപ്രാർത്ഥന  നീട്ടലൊക്കെ പോയി "ഭഗവാനെ രക്ഷിക്കണം" എന്ന മുദ്രാവാക്യമാക്കിയല്ലോ ഇപ്പോൾ.   ഈ ജപക്കാരെ  കുമാരാധാരയിലോ  വേണംച്ചാൽ നയാഗ്രയിലോ കൊണ്ട് പോയി ഇടാൻ കൽപ്പിക്കാൻ പാണ്ഡിത്യമുള്ള മാതാക്കൾ ആരുമില്ലേ . തെറിപ്പാട്ടിനുപകരം രണ്ടു ആട്ടക്കഥയെങ്കിലും  മലയാളത്തിനുകിട്ടട്ടെ. അതിൽപ്പരം എന്തുള്ളു സന്തോഷം. 

FB. 08/11/18


Labels: , ,

എന്റെ കുഞ്ഞുങ്ങളെ കണ്ടുവോ

മേൽവിലാസമെഴുതി സ്റ്റാമ്പ്‌ഒട്ടിച്ച് പെട്ടിയിൽ കേറ്റിവിട്ട എന്റെ കവിതക്കുഞ്ഞുങ്ങൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല

എഡിറ്ററുടെ ഡെസ്കിലും ചെന്നില്ലത്രേ
ഉണ്ടെങ്കിൽത്തന്നെ തിരിച്ചയച്ചിട്ടുമുണ്ടത്രേ

ഇനി സ്റ്റോപ്പ്‌തെറ്റി അവർ എവിടെയെങ്കിലും ഇറങ്ങിപ്പോയിട്ടുണ്ടാവുമോ
 വഴിയറിയാതെ കുഞ്ഞുങ്ങൾ ആരുടെയെങ്കിലും പിടിയിൽ പെട്ടുവോ?

അംഗങ്ങൾ  ഛേദിച്ച്, ഏതെങ്കിലും വലിയവീടുകളുടെ  അടുക്കളപ്പുറങ്ങളിൽ പിച്ചച്ചട്ടിയുമായി കാത്തിരിക്കുന്നുണ്ടാവുമോ?

അല്ലെങ്കിൽ പുതിയ യൂണിഫോമും പേരുമൊക്കെയായി ഏതെങ്കിലും ബോർഡിങ്ങുകളിൽ അവരുണ്ടാവുമോ?

ആദ്യത്തെ കൗതുകമൊക്കെ കഴിഞ്ഞ് തെരുവിൽ തള്ളപ്പെട്ടിരിക്കുമോ?

ആൾക്കൂട്ടങ്ങൾക്കിടയിൽ അറിയാതെ കണ്ടുമുട്ടുമ്പോൾ
ദൈന്യമാർന്ന മിഴികളാൽ പരസ്പരം ഉറ്റുനോക്കി
തിരിച്ചറിയാനാവാതെ , അല്ലെങ്കിൽ അറിഞ്ഞെന്നുനടിക്കാതെ
അവരെന്നെ കടന്നുപോയിട്ടുണ്ടാവുമോ.....
എന്റെ കുഞ്ഞുങ്ങൾ..    

FB: 1/12/18

Labels: , ,

"the most unkindest cut of all"

പോരാട്ടത്തിനിടയിൽ
രഥചക്രത്തിന്റെ
ഊരിത്തെറിച്ച
അച്ചാണി പഴുതിൽ
ഒരുവിരലെങ്കിലും
താഴ്ന്നിറങ്ങുമെന്ന്
പ്രതീക്ഷിച്ചു
പക്ഷെ
അതെല്ലാം ചൂണ്ടുവിരലായി
ഉയരുകയായിരുന്നു.

പഠിച്ചവിദ്യകളും  മറന്ന്
ഗുരുശാപംപേറി മണ്ണിലാഴ്ന്ന
ചക്രങ്ങൾഉയർത്താനുഴലവേ
ഒരിട പോലും നൽകാതെ ശരംതൊടുക്കുന്നവർ
ഒരേവയറ്റിൽ പിറന്നവർ


FB :02/12/18

Labels: , ,

Wednesday, 2 July 2014

കാണരുത് കേള്‍ക്കരുത് പറയരുത്

 തീവണ്ടി മുറി  ശൂന്യമായിരുന്നു .  മനസ്സ്‌  അസ്വസ്ഥമായിരുന്നു . ദുരന്തങ്ങളും    രോദനങ്ങളും  യുദ്ധത്തിന്‍റെ വിലാപങ്ങളുംഎല്ലാം  എല്ലാം .   ആരോടെങ്കിലും പങ്കുവെക്കാന്‍ മനസ്സ് കൊതിച്ചു.
 അപ്പോള്‍  ഒന്നാമത്തെ സഹയാത്രിക  കടന്നുവന്നു .. വന്ന ഉടനെ  ബാഗുകള്‍ ഒതുക്കിവെച്ചു.  ശ്രദ്ധാപൂര്‍വം  ഹാന്‍ഡ്‌ ബാഗ് തുറന്നു   ഇയര്‍ഫോണ്‍ എടുത്തു ചെവിയില്‍ തിരുകി .     പിന്നെ ഏതോ  സംഗീതത്തില്‍ മുഴുകി  മെല്ലെ  കണ്ണുകള്‍ അടച്ചു.   ഇനി മറ്റൊന്നും   കേള്‍ക്കരുത്

  പിന്നെ   രണ്ടാമന്‍   കയറിവന്നു . സാവധാനം   ലാപ്ടോപ്പ് എടുത്തു  മടിയില്‍ വെച്ചു പിന്നെ മെല്ലെ മെല്ലെ മറ്റേതോ ലോകത്തിലേക്ക്‌  ഊളിയിട്ടിറങ്ങി .  ഇനി മറ്റൊന്നും  കാണരുത്  എന്നു  ഉറപ്പിച്ചപോലെ .

  പിന്നാലെ മൂന്നാമനും വന്നു .   കീശയിലെ  പൊതി യില്‍ നിന്ന്‍ എന്തോ എടുത്തു.   സാവധാനം  ഉള്ളം കയ്യിലിട്ട്  തിരുമ്മി .  മെല്ലെ  കവിള്‍ വിടര്‍ത്തി  അവിടെ  നിക്ഷേപിച്ചു.   ചുണ്ടുകള്‍ മുറുക്കി അടച്ചു  .  ഇനി ഒന്നും മിണ്ടില്ല . തീര്‍ച്ച .

 വണ്ടി മെല്ലെ  നീങ്ങിത്തുടങ്ങി .    ഇപ്പോള്‍     പ്രശ്നങ്ങള്‍ എല്ലാം  അവസാനിച്ചിരിക്കുന്നു .  രോദനങ്ങളും  വിലാപങ്ങളും  ഒന്നുമില്ല  .    ലോകസമാധാനത്തിന്‍റെ  കുളിര്‍കാറ്റു  മെല്ലെ  തീവണ്ടിമുറിയിലേക്കും  വീശിയെത്തിയപ്പോള്‍  കണ്ണുകള്‍ താനേ  അടയുന്നത്  ഞാനറിഞ്ഞില്ല

Labels:

Monday, 26 December 2011

വിക്രമാദിത്യനും വേതാളവും - ഒരു ആധുനിക കഥ


                                                                      

      (റയില്‍വേക്വാര്‍ട്ടേഴ്സുകള്‍ കണ്ടതിനുശേഷം  മാത്രം  ഈ കഥ  വായിക്കുക )
വേതാളത്തെ തേടി വിക്രമാദിത്യന്‍  നഗരമാകെ  അലഞ്ഞു.  ആകാശം  മുട്ടുന്ന  കെട്ടിട സമുച്ചയ ങ്ങളിലെങ്ങും  വെറുതെ  തേടിയലഞ്ഞു .  പഴയ ശ്മശാനങ്ങളെല്ലാം  മാറി .  എല്ലാം  ആധുനിക  ചൂളകളും, വൈദ്യുതീകരിച്ചവയും  ആയി മാറിയ  വന്‍ നഗരത്തില്‍  തിരച്ചില്‍  വെറുതെയാണെന്ന്  മനസ്സിലാക്കി  വിക്രമാദിത്യന്‍ നിരാശനായി.
  പെട്ടെന്നാണ്  ഒരു ബോധോദയം  പോലെ  നഗരത്തിന്റെ  പടിഞ്ഞാറുവശത്തെ ഇടിഞ്ഞുവീഴാറായ   റെയില്‍വേ   ക്വാര്‍ട്ടേഴ്സു കളെ പറ്റി വിക്രമാദിത്യന്‍ ഓര്‍ത്തത്‌.  കുതിരയെ  ഉടനെ പടിഞ്ഞാറോട്ട്  തെളിച്ചു .  അവിടെ  ഇടിഞ്ഞുവീഴാറായ  ഒരു കെട്ടിടത്തിന്റെ  ഉത്തരത്തില്‍  തലകീഴായി കിടക്കുന്ന  വേതാളത്തെ  വിക്രമാദിത്യന്‍  കണ്ടു.  ആയാസപ്പെട്ട്  കയറി  വേതാളത്തെ പിടികൂടി  തോളത്തിട്ടു  വിക്രമാദിത്യന്‍  യാത്രയായി . 
     അപ്പോള്‍  വേതാളം  സംസാരിക്കാന്‍ തുടങ്ങി ."  നിന്റെ  മുഷിച്ചില്‍  തീര്‍ക്കാനായി  ഞാന്‍  ചില ചോദ്യങ്ങള്‍  ചോദിക്കാം  .  അതിനു കൃത്യമായ  ഉത്തരം  തന്നില്ലെങ്കില്‍   നിന്റെ  തല  പൊട്ടിത്തെറിച്ചു പോകും ''  .
  '' ശരി ''.  വിക്രമാദിത്യന്‍  സമ്മതിച്ചു. 
''  ഈ വിശാലമായ   ആധുനിക  നഗരത്തില്‍  എന്റെ  വാസസ്ഥലം  എങ്ങനെ  നീ കൃത്യമായി  കണ്ടു പിടിച്ചു.''
'' ദാറ്റ്സ് സിമ്പിള്‍ .  ഈ മഹാനഗരത്തില്‍  ജീര്‍ണ്ണതയുടെ  ശ്മശാനഗന്ധം  പേറുന്ന  ഒരേയൊരു  അവശേഷിപ്പു   റയില്‍വേയുടെ ഈ ക്വാര്‍ ട്ടേഴ്സുകള്‍   അല്ലാതെ   മറ്റൊരിടം  ഏതാണ് ഉള്ളത്. " വിക്രമാദിത്യന്റെ  ഉത്തരം കേട്ട് തൃപ്തനായ  വേതാളം അടുത്ത ചോദ്യം  ആലോചിക്കാന്‍ തുടങ്ങി .     .

Labels: