Saturday 28 November 2020

 കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. അതിൽ ഒരുതർക്കവുമില്ല.  ഇപ്പോൾ നടക്കുന്ന അന്വേഷണം, അറസ്റ്റ്,  ചോദ്യം ചെയ്യൽ എന്നിവയിലൊന്നും പ്രത്യേക താല്പര്യങ്ങളുമില്ല.  എന്നുവെച്ച് കൃത്യമായ രാഷ്ട്രീയ അഭിപ്രായമുണ്ട്. അത് പറയേണ്ടയിടങ്ങളിൽ കൃത്യമായി പറയാറുമുണ്ട്.


ഇവിടെ മറ്റൊരു കാര്യമാണ് പറയാനുള്ളത്. രാഷ്ട്രീയത്തിൽ ഇല്ലാത്ത പൊതുരംഗത്ത് ഇല്ലാത്ത  ഇവരുടെയൊക്കെ വീട്ടുകാർ എന്തു കൊണ്ട്‌ വലിച്ചിഴക്കപ്പെടുന്നു.


ഇന്നലെ ഒരാളുടെ മകന്റെ ഭാര്യയും കുട്ടിയും  പിന്നെ ഒരു സാമാജികന്റെ ഭാര്യ , ഇപ്പോഴിതാ മറ്റൊരു നേതാവിന്റെ ഭാര്യ ,   നാളെ വേറെ ഒരാൾ. ഇവരെയൊക്കെ ഇരുട്ടിൽ നിർത്തി അവരുടെ   പുരുഷന്മാർ  ചെയ്ത കുറ്റങ്ങൾക്ക് വീട്ടിലിരിക്കുന്ന  സ്ത്രീകളെന്തിന് പിഴമൂളണം.


ഈ സ്ത്രീകൾ എല്ലാം പഠിപ്പും വിവരവും ഉള്ളവരാണ് എന്നാണ് മനസ്സിലാക്കുന്നത്.

എന്നിട്ടും ഒന്നും അറിയുന്നില്ല ( അവരെ അവിശ്വസിക്കുന്നില്ല.)  അവർ അറിയില്ല അതാണ് നമ്മുടെ കുടുംബവ്യവസ്ഥ.  വിദ്യാസമ്പന്നരുടേതായാലും പൊതുപ്രവർത്തകരുടേതായാലും, ഉദ്യോഗസ്ഥ ,ബിസിനസ് രംഗത്തുള്ള വരുടേതായാലും   ഒരുവ്യത്യാസവുമില്ല. പുരുഷന്മാർ  എന്ത്  ചെയ്യുന്നു ,എങ്ങനെ എവിടെനിന്ന് കൊണ്ടുവരുന്നു എന്ന് കുടുംബം അറിയുന്നില്ല അറിയിക്കുന്നില്ല അറിയാൻ അനുവദിക്കുന്നില്ല. അറിഞ്ഞാലും ചോദിക്കാൻ ഒച്ച പൊന്തരുത്.


എന്നിട്ടോ ഇമ്മാതിരി കേസുകൾ വരുമ്പോൾ അന്വേഷണ ഏജൻസികൾക്കുമുന്പിൽ, ചാനൽ ജഡ്ജിക്കുമുന്പിൽ നാട്ടുകാർക്ക് മുൻപിൽ അവഹേളനം മുഴുവൻ സഹിക്കാൻ അവർ എറിഞ്ഞുകൊടുക്കപ്പെടുന്നു.  രക്ഷപ്പെടാൻ അവരെ മറയാക്കുന്നു


കൃത്യമായി എന്ത് ഏത് എവിടുന്ന് എങ്ങനെ എന്ന് വീട്ടിൽ ചോദിക്കാൻ ഓരോ പെണ്ണും തയ്യാറാവുക. വിനീത വിധേയ വീട്ടമ്മമാരായി

ഇങ്ങനെ പാപഭാരം പേറി തലകുനിച്ച് നിൽക്കാനല്ല പെണ്ണിന്റെ ജന്മം .അതിനല്ല നിങ്ങളുടെ വിദ്യാഭ്യാസം.  പിതാവിനെ ഭർത്താവിനെ,മകനെ, ആങ്ങളയെ ചോദ്യം ചെയുക.  അവരുടെ പാപത്തിന്റെ പറ്റുകയോ പറ്റാതിരിക്കയോ ചെയ്തോളൂ . ചോയ്സ് നിങ്ങളുടെ . പക്ഷെ അത് അറിയണം. 


ഞാനറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു തലകുമ്പിട്ടുനിൽക്കേണ്ടി വരരുത്. നിങ്ങൾക്ക് പങ്കില്ലാത്ത കുറ്റങ്ങൾക്ക് വിചാരണചെയ്യപ്പെടാൻ ഒരാൾക്കുമുൻപിലും വണങ്ങിനിൽക്കേണ്ട ബാധ്യത നിങ്ങൾക്കില്ല


Fb 24/11/20





 ഇതൊന്നും സംഭവിച്ചു പോകുന്നതല്ല  നിലപാടുകളുടെ പ്രശ്നമാണ്. രാഷ്ട്രീയമാണ്


കേരളം രൂപപ്പെട്ട കാലം മുതൽകേട്ടതാണ് മതിയായ റേഷനുവേണ്ടിയുള്ള മുറവിളികൾ,  ഡൽഹിക്കുള്ള സർവകക്ഷിയാത്രകൾ . FCI ഗോഡൗണുകളിൽ ധാന്യങ്ങൾ നിറഞ്ഞു കിടന്നാലും പുഴുവരിച്ചാലും  ഒരുമണി കൂടുതൽ തരില്ല എന്നായിരുന്നു കേന്ദ്രം ഭരിച്ച കോണ്ഗ്രസ്സ് നിലപാട്. ഇവിടെ ഭരിക്കുന്നതും അവരായിരുന്നപ്പോഴും.


അതിനുമുമ്പ്  പാട്ടം  അളന്നുകൂട്ടി നിറഞ്ഞുകവിഞ്ഞ പത്തായങ്ങൾ പൂട്ടിവെച്ച്  ഇവിടുത്തെ ആഢ്യജന്മിത്തമ്പ്രാക്കളും കല്പിച്ചിരുന്നു  കുടിയൻമാർക്ക് ഒരു മണി നെല്ല് പോലും കൊടുത്തുപോകരുതെന്ന്.


അത് പിടിച്ചെടുത്താണ് ചെങ്കൊടി പ്രസ്ഥാനം ഉയർന്നത്. ആ ഉണർവ്വിനെ വീണ്ടും ചവിട്ടടിയിലാക്കാനും അടിച്ചമർത്താനും ആണ് ചെറുപയർ പട്ടാളവും അട്ടം പരതികളും  ഉണ്ടായതും.


കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യത്തിലൊരുഭാഗം നീക്കിവെച്ച് ജോലിക്ക് കൂലി  ഭക്ഷണംപരിപാടി UPA ഭരണത്തിന് സപ്പോർട്ട് നൽകാൻ ഇടതുപക്ഷം മുന്നോട്ടുവെച്ചതാണ്. പാതിമനസ്സെ ഉണ്ടായിരുന്നുള്ളൂ  കോണ്ഗ്രസിന്.  


ഇടതുപക്ഷം എന്നും  വിശക്കുന്നവനൊപ്പമായിരുന്നു. പട്ടിണികിടക്കുന്നവനുമുന്പിൽദൈവം പോലും ഭക്ഷണത്തിന്റെ രൂപത്തിലേ പ്രത്യക്ഷപെടൂ എന്ന് ഗാന്ധിപറഞ്ഞിട്ടുണ്ടാവാം പക്ഷെ കോണ്ഗ്രസ്സ്  അത് മനസ്സിലാക്കിയിട്ടില്ല.

അതുകൊണ്ട് പട്ടിണിജാഥയും സമരപ്പന്തലിലെ പട്ടിണിക്കഞ്ഞിയും അവർക്ക് പരിഹാസ ഹേതു ആയിരുന്നു എക്കാലത്തും.


 അതുകൊണ്ടാണ് ദുരിതകാലത്ത്  ഒറ്റക്കാശ് കൊടുക്കരുതെന്ന് പറയുന്നതും  ശമ്പളം പിടിക്കാനുള്ള ഓർഡർ കത്തിക്കുന്നതും. 

 സ്വന്തം കൂലിവേല ഒഴിവാക്കി ക്യാംപിൽ ഭക്ഷണം എത്തിച്ചവൻ ഓട്ടോക്കൂലി പിരിച്ചത് കുറ്റമായിക്കാണുന്നതും 


കൊടുക്കുന്നത് ഞങ്ങൾ നേരിട്ടു കൊടുത്തുകൊള്ളാം എന്നുപറഞ്ഞവരാണ്

കിട്ടിയ സാധനം  കൊടുക്കാതെ പുഴുവരിച്ചു കളയാൻ  നിലമ്പൂരിൽ അടച്ചുപൂട്ടി വെച്ചത്. 


സർക്കാർ സൗജന്യമായികൊടുത്തതിലെ കടുകുമണി വരെ എണ്ണി നോക്കിയവർ   പപ്പടത്തിൽ ഉപ്പു കുറഞ്ഞുപോയി എന്ന് പരാതിപെട്ടവർ  ആണ് രാഹുൽ അയച്ചുകൊടുത്ത് കിറ്റുകൾ കെട്ടിപ്പൂട്ടി നായ്ക്കും നരിക്കുമില്ലാതാക്കിയത്.


ലോറിയിൽനിന്നിറക്കുന്നത് രാഹുലിനൊപ്പം ഫോട്ടോ എടുക്കുന്നതോടെ തീരുന്നു ഇവരുടെ ജനസേവനം


ഇവരെ വിശ്വസിച്ചാണോ ജനം ഇനിയും വോട്ടുചെയ്യേണ്ടത്. 


ഇവിടെയാണ് ഒരാളുംപട്ടിണികിടക്കരുതെന്ന് പറയുന്ന  ആളുടെ പ്രസക്തി. പറയുകയല്ല ഭക്ഷണത്തിനുള്ളത് സഞ്ചിയിലാക്കി  റേഷൻ കടയിലൂടെ വീട്ടിൽ എത്തിക്കുകയാണ് കുട്ടികൾക്കുള്ളത് സ്കൂൾ വഴി വേറെയും. ഒപ്പംമരുന്നും ചികിത്സയും


 അശരീരി :  മൂപ്പരെ  സഹായം നെല്ലായിട്ടുവേണ്ടായിരുന്നു . കാശായിട്ടെങ്കിൽ  പ്രളയക്കാർക്കില്ലെങ്കിലും വല്ല പറമ്പ് കച്ചോടമെങ്കിലും നടത്താമായിരുന്നു.


രാഹുൽഗാന്ധി പ്രളയബാധിതർക്ക് കൊടുക്കാൻ എത്തിച്ച്  കോർഗ്രസ്സുകാരെ എൽപ്പിച്ചത് ആർക്കും കൊടുക്കാതെ കൂട്ടിവെച്ച് പുഴുവരിച്ചുപോയി എന്ന് വാർത്ത.  Fb 25/11/20