Thursday 2 April 2015

മനു പശു പിന്നെ വ്യാഖാതാക്കളും

ഗോവധ ചർച്ചകൾ ഒടുവിൽ മനുവിലെത്തി. കേട്ടാൽ തോന്നും സ്മൃതികളാൺ് ഭരണഘടനയല്ല പ്രമാണമെന്ന്. തുടക്കം മുതൽ വായിച്ചാൽ രാമസ്തുതിയും അവസാനം മുതൽ വായിച്ചാൽ കൃഷ്ണസ്തുതിയും ആവുന്ന ഒരു സംസ്കൃത കൃതി കണ്ടതായി അല്ലെങ്കിൽ കേട്ടതായി ഓർക്കുന്നു. വായിച്ചിട്ടില്ല തീർച്ച. (അതിനുള്ള ഭാഷയൊന്നും കയ്യിലില്ല) അതുകൊണ്ട് ജയന്തോപാഖാനത്തിൽ സീത കാക്കയെ ആട്ടി, വേട്ട മാംസം ഉണക്കുകയായിരുന്നു എന്നുപറഞ്ഞാൽ അതു ഏള്ളുണ്ടയായിരുന്നു എന്നു വാദിക്കാം. പശു എന്നാൽ പിഷ്ടപശു, അരിമാവുകൊണ്ടുണ്ടാക്കിയത് എന്നൊക്കെ സമർഥിക്കാം പണ്ഡിതർക്ക്. ഹരി എന്നവാക്കിനു വാനരൻ എന്നും അർഥമുള്ളതു വെച്ച് ഹരിജനം എന്നു വിളിച്ചതിനു ഗാന്ധിയേയും തെറിവിളിക്കാം വേണമെന്നുള്ളവർക്ക് . ( സുധീരൻ കേൾക്കാതിരുന്നാൽ മതി) പലവ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉള്ളഒന്ന് വെച്ച് ശരിയേതു തെറ്റേത് എന്ന് തർക്കിച്ചിട്ടെന്ത്. വ്യാഖ്യാതാ വേത്തി നോ കവി എന്നൊമറ്റോ ഒരുചൊല്ലുണ്ടല്ലോ. കണ്ടനീ മിണ്ടരുത് കേട്ട ഞാൻ പറയട്ടേ എന്ന് മൊഴിമാറ്റാൻ എനിക്കിഷ്ടം. വേദം പഠിച്ച ശൂദ്രന്റെ ( തങ്ങളുമായി യോജിക്കാത്തവരുടെ) ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാൻ പറ്റില്ലല്ലോ ഇക്കാലത്ത്. അതു കൊണ്ട് വിധിപ്രകാരം പഠിക്കാത്തവൻ, സായ്പ്പിന്റെ വ്യാഖ്യാനം മാത്രം കണ്ട് പഠിച്ചവൻ എന്നൊക്കെ പുച്ഛിക്കാം ആചാര്യർക്ക്. (പക്ഷേ യാഗം സാധുവാകാൻ " ഫ്രിറ്റ് സ്റ്റാൾ സായ്പിന്റെ സർറ്റിഫിക്കറ്റ് പൊക്കിപ്പിടിച്ചുവരാൻ മടിയുമില്ല.അതുകൊണ്ട് തൽക്കാലം "ഇച്ചിരി തീ എന്നുപറഞ്ഞാൽ രണ്ടുപയ"മെങ്കിൽ പോരട്ടെ രണ്ടുപഴം.

കല്യാണവീരൻ

കാരണവരുടെ ദുർഭരണത്തിനെതിരെ പ്രതിഷേധങ്ങൾ രൂക്ഷമായിവളർന്നപ്പോൾ തറവാട്ടിൽ രണ്ടുപക്ഷങ്ങളായി. കാരണവപക്ഷവും അനന്തരവപക്ഷവും. പരസ്പരം പോർവിളികൾമുറുകുമ്പോഴാണു അനന്തിരവൾക്കൊരുതിക്കു കല്യാണം വന്നതു. തൽക്കാലം മുറുമുറുപ്പുകൾ ഒതുക്കി എല്ലാവരും കല്യാണത്തിന്റെ ഒരുക്കങ്ങളിലായിരുന്നു. അപ്പോഴാണ് വെടിപൊട്ടിയതു. വരൻ ഒരുകല്യാണവീരനാണെന്നും ഇതു പതിമൂന്നാമത്തേതാണെന്നും ആദ്യത്തേതിലൊക്കെ മക്കളും ഉണ്ടെന്ന വാർത്ത പരന്നത്. വാർത്ത കാരണവരുടെ ചെവിയിലെത്തിയെങ്കിലും മൂപ്പർക്ക് കുലുക്കമില്ല. ഈ കല്യാണം എന്തുവന്നാലും നടത്തും. ആദ്യത്തെ കല്യാണങ്ങളെപ്പറ്റി പറഞ്ഞ്കേട്ടതെല്ലാം കളവ്. വേണ്ടവർക്ക് അന്വേഷിച്ചുനോക്കാം. അനന്തരവർ വിട്ടില്ല . പക്ഷെ അന്വേഷിച്ചു ചെന്നപ്പോൾ ഒരുത്തിയൊഴികെ എല്ലാവരും നിഷേധിച്ചു. (ഇവരുടെ പേരിലെല്ലാം പുതിയ അക്കൗണ്ടും അതിൽ കണക്കറ്റ പണവും വന്നത് കൊണ്ടാണെന്ന് പറഞ്ഞത് കാരണവർ തള്ളിക്കഞ്ഞപ്പോൾ പിന്നെ ഒറ്റ വഴിയേ ഉണ്ടായിരുന്നു. എങ്ങനേയും വിവാഹം തടയുക. തറവാടിന്റെ പൊലിമ പാടിനടക്കുന്ന പാണന്മാർ തരമ്പോലെ അനന്തരവന്മാരെ പറഞ്ഞ് പിരികേറ്റി. വാശിക്ക് കാരണവരും മോശമല്ല. താൻ ഒന്ന്നിശ്ചയിച്ചാൽ അത് നടന്നതുതന്നെ. അനന്തരവളുടെ ഭാവിയല്ല തന്റെ അഭിമാനമാണിവിടെ പ്രശ്നം . തറവാട്ടിൽ ഇന്നേവരെ നിശ്ചയിച്ച കല്യാണം മുടങ്ങീട്ടില്ല. തന്റെ കാലത്തും അതുണ്ടാവരുത്. ഓടുവിൽ ആ ദിവസവും വന്നു. രണ്ടുപക്ഷവും ഒരുങ്ങിത്തന്നെ. ഏതായാലും ഒരുക്കങ്ങളൊക്കെ പൂർത്തിയായി .സദ്യയും ഒരുങ്ങി. വിവാഹം മുടങ്ങിയാൽ അതൊക്കെ വേസ്റ്റാവും. ദൂരെനിന്നെത്തിയവരൊക്കെയില്ലേ, കുട്ടികൾ വിശന്നു കരയില്ലേ, അതുകൊണ്ട് കെട്ട് നടക്കട്ടെ. പെണ്ണിനെ ചെറുക്കന്റെകൂടെ അയക്കുന്നതൊക്കെ ഒന്നൂടി അന്വേഷിച്ചിട്ടുമതി. കൂറേ പാണന്മാർ ഇടനിലക്കാരായി കാരണവർക്കായി ഒത്തുതീർപ്പിനെത്തി. പക്ഷെ അതു ഭാര്യവീട്ടിൽമതി തറവാട്ടിൽ വേണ്ടെന്ന് അനന്തരവന്മാർ തീത്തു പറഞ്ഞു. പൂജാരിയെ മണ്ഡപത്തിലേക്ക് അടുപ്പിക്കാതെ അനന്തരവർ തടഞ്ഞു. വരനെയും . തിക്കിലും തിരക്കിലും പെട്ട് മണ്ഡപത്തിനു പുറത്തേക്കു വീണുപോയ വധുവെ മണവാളൻ കൈപിടിച്ചെഴുന്നേല്പിച്ചു. പാണിഗ്രഹണം നടന്നു എന്നു കുരവയിട്ട് കാരണവർ പക്ഷം മധുരം വിളമ്പി. കൂട്ടത്തോടെ എല്ലാവരും ഊട്ടുപുരയിലേക്കും. കുറ്റം പറയരുതല്ലോ അനന്തരവന്മാരെ പിരികേറ്റിയ പാണന്മാർ ഒന്നാം പന്തിയിൽ തന്നെ സീറ്റുറപ്പിച്ചിരുന്നു. എന്തായാലും പെൺകിടാവിന്റെ ആദ്യ സംബന്ധമല്ലേ , അതു മുടക്കാമോ, കല്യാണപന്തലിൽ അക്രമമാവാമോ. കല്യാണവീരനാണെങ്കിൽ തന്നെ അതു പാടിനടന്നാൽ നാട്ടുകാർക്കു മുൻപിൽ തറവാടിന്റെ മാനം കപ്പലു കേറില്ലേ എന്നൊക്കെയാണു ഇപ്പോൾ പാണർ ചോദിക്കുന്നതു. എന്തായാലും അനന്തരവന്മാരിൽ മുൻ നിരക്കാർക്കു ഒരുവാരം കഞ്ഞിക്കരിയിടരുതെന്ന് കാരണവർ കൽപ്പിച്ചു ഉത്തരവായിട്ടുണ്ട്.