Saturday 28 November 2020

 കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. അതിൽ ഒരുതർക്കവുമില്ല.  ഇപ്പോൾ നടക്കുന്ന അന്വേഷണം, അറസ്റ്റ്,  ചോദ്യം ചെയ്യൽ എന്നിവയിലൊന്നും പ്രത്യേക താല്പര്യങ്ങളുമില്ല.  എന്നുവെച്ച് കൃത്യമായ രാഷ്ട്രീയ അഭിപ്രായമുണ്ട്. അത് പറയേണ്ടയിടങ്ങളിൽ കൃത്യമായി പറയാറുമുണ്ട്.


ഇവിടെ മറ്റൊരു കാര്യമാണ് പറയാനുള്ളത്. രാഷ്ട്രീയത്തിൽ ഇല്ലാത്ത പൊതുരംഗത്ത് ഇല്ലാത്ത  ഇവരുടെയൊക്കെ വീട്ടുകാർ എന്തു കൊണ്ട്‌ വലിച്ചിഴക്കപ്പെടുന്നു.


ഇന്നലെ ഒരാളുടെ മകന്റെ ഭാര്യയും കുട്ടിയും  പിന്നെ ഒരു സാമാജികന്റെ ഭാര്യ , ഇപ്പോഴിതാ മറ്റൊരു നേതാവിന്റെ ഭാര്യ ,   നാളെ വേറെ ഒരാൾ. ഇവരെയൊക്കെ ഇരുട്ടിൽ നിർത്തി അവരുടെ   പുരുഷന്മാർ  ചെയ്ത കുറ്റങ്ങൾക്ക് വീട്ടിലിരിക്കുന്ന  സ്ത്രീകളെന്തിന് പിഴമൂളണം.


ഈ സ്ത്രീകൾ എല്ലാം പഠിപ്പും വിവരവും ഉള്ളവരാണ് എന്നാണ് മനസ്സിലാക്കുന്നത്.

എന്നിട്ടും ഒന്നും അറിയുന്നില്ല ( അവരെ അവിശ്വസിക്കുന്നില്ല.)  അവർ അറിയില്ല അതാണ് നമ്മുടെ കുടുംബവ്യവസ്ഥ.  വിദ്യാസമ്പന്നരുടേതായാലും പൊതുപ്രവർത്തകരുടേതായാലും, ഉദ്യോഗസ്ഥ ,ബിസിനസ് രംഗത്തുള്ള വരുടേതായാലും   ഒരുവ്യത്യാസവുമില്ല. പുരുഷന്മാർ  എന്ത്  ചെയ്യുന്നു ,എങ്ങനെ എവിടെനിന്ന് കൊണ്ടുവരുന്നു എന്ന് കുടുംബം അറിയുന്നില്ല അറിയിക്കുന്നില്ല അറിയാൻ അനുവദിക്കുന്നില്ല. അറിഞ്ഞാലും ചോദിക്കാൻ ഒച്ച പൊന്തരുത്.


എന്നിട്ടോ ഇമ്മാതിരി കേസുകൾ വരുമ്പോൾ അന്വേഷണ ഏജൻസികൾക്കുമുന്പിൽ, ചാനൽ ജഡ്ജിക്കുമുന്പിൽ നാട്ടുകാർക്ക് മുൻപിൽ അവഹേളനം മുഴുവൻ സഹിക്കാൻ അവർ എറിഞ്ഞുകൊടുക്കപ്പെടുന്നു.  രക്ഷപ്പെടാൻ അവരെ മറയാക്കുന്നു


കൃത്യമായി എന്ത് ഏത് എവിടുന്ന് എങ്ങനെ എന്ന് വീട്ടിൽ ചോദിക്കാൻ ഓരോ പെണ്ണും തയ്യാറാവുക. വിനീത വിധേയ വീട്ടമ്മമാരായി

ഇങ്ങനെ പാപഭാരം പേറി തലകുനിച്ച് നിൽക്കാനല്ല പെണ്ണിന്റെ ജന്മം .അതിനല്ല നിങ്ങളുടെ വിദ്യാഭ്യാസം.  പിതാവിനെ ഭർത്താവിനെ,മകനെ, ആങ്ങളയെ ചോദ്യം ചെയുക.  അവരുടെ പാപത്തിന്റെ പറ്റുകയോ പറ്റാതിരിക്കയോ ചെയ്തോളൂ . ചോയ്സ് നിങ്ങളുടെ . പക്ഷെ അത് അറിയണം. 


ഞാനറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു തലകുമ്പിട്ടുനിൽക്കേണ്ടി വരരുത്. നിങ്ങൾക്ക് പങ്കില്ലാത്ത കുറ്റങ്ങൾക്ക് വിചാരണചെയ്യപ്പെടാൻ ഒരാൾക്കുമുൻപിലും വണങ്ങിനിൽക്കേണ്ട ബാധ്യത നിങ്ങൾക്കില്ല


Fb 24/11/20





0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home