Wednesday 23 September 2020

ചേച്ചിയുടെ ഷഷ്ടിപൂർത്തി

 ഒരു ചേച്ചി ഉണ്ടായിരിക്കുക എന്നത് ഒരു ഭാഗ്യമാണ്.  ഒന്നൊന്നര വയസ്സ് മാത്രം മൂപ്പുള്ളതാണെങ്കിൽ കൂടി.   ഓർമ്മ വെച്ചനാൾ മുതൽ   എട്ടുപത്തു വയസ്സുവരെ കളിക്കാനും പഠിക്കാനും സ്കൂളിൽപോകാനും ഒക്കെ കൂട്ട്  ചേച്ചി തന്നെയായിരുന്നു.    ആ കുപ്പായത്തുമ്പും പിടിച്ചാണ് വിശാലമായ ലോകത്തിലേക്ക് ഞാൻ പിച്ചവെച്ച് തുടങ്ങിയത്. എന്റെ ബാല്യകൗതുകങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയതും അതിനു പറക്കാൻ ആകാശം നല്കിയതുമൊക്കെ ചേച്ചി പറഞ്ഞുതന്ന അറിവുകളും കഥകളുമൊക്കെതന്നെ. ഒരുവശത്ത് ചെളിപ്പാടത്തിനും മറുവശത്ത് കുത്തിയൊഴുകുന്ന തോടിനും നടുവിലുള്ള വഴുക്കുന്ന ഒറ്റയടി വരമ്പിലൂടെ വീഴാതെ കൈപിടിച്ച് സ്കൂളിൽ കൊണ്ടുപോയത് ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. പേടിച്ച് നിൽക്കുമ്പോൾ ,ഒറ്റതെങ്ങ് പാലത്തിലൂടെ ബാലൻസ് ചെയ്ത നടന്ന് അക്കരെപ്പറ്റാൻ ധൈര്യം തന്നതും ഇന്നലെ കഴിഞ്ഞ പോലെയുണ്ട്.  സ്കൂളിൽ പോകും മുൻപേ തന്നെ അക്ഷരമാലയും അക്കങ്ങളും എണ്ണലുമെല്ലാം  പരിചയപ്പെടുന്നത് ചേച്ചിയിലൂടെ ആണ്. ആദ്യമായി സ്കൂളിൽ ചേർന്ന അഞ്ചരവയസ്സുകാരന്റെ പരിഭ്രമങ്ങൾക്ക് ഒരാശ്വാസമായി ഇന്റർവെല്ലുകളിൽ ഓടിയെത്തി വാത്സല്യത്തോടെ ഒന്ന് നോക്കി ഒരു രക്ഷിതാവിന്റെഗമയോടെ  ക്ലാസ്സിലേക്ക്  തിരിച്ചോടിപ്പോകുന്ന  ഫ്രോക്കിട്ട 7 വയസ്സുകാരി പെൺകുട്ടിയാണ് ബാല്യകാലത്തിന്റെ ഏറ്റവും മിഴിവാർന്ന ഓർമ്മച്ചിത്രം.   ഇന്ന് അറുപതിന്റെ നിറവിലെത്തിനിൽക്കുന്ന ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.


22/05-17 FB

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home