Saturday 12 September 2020

 പണ്ടൊക്കെ വീടുകളിൽ പശുവും ധാരാളം കോഴികളുമൊക്കെ ഉണ്ടായിരുന്നുരുന്നു. സ്ത്രീകളായിരുന്നു ഇതിന്റെ മേൽനോട്ടക്കാർ.വീട്ടിലെ നൂറായിരം ജോലികൾക്കിടയിൽ അതിനെയും പരിപാലിച്ചു പോന്നു.  ഇതില്നിന്നുള്ള വരുമാനം  പ്രത്യക്ഷത്തിൽ അവരുടെ സ്വകാര്യസ്വത്ത് ആയിരുന്നെങ്കിലും ഫലത്തിൽ വീടിന്റെ സാമ്പത്തിക നട്ടെല്ല് നിവർന്നുതന്നെ നിൽക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു


വീട്ടിലെ പുരുഷന്മാർ  ഈ സംഭവങ്ങളുമായി വലിയസഹകരണമൊന്നും കാണിച്ചിരുന്നില്ല.മാത്രമല്ല പലപ്പോഴും നിഷേധാത്മക സമീപനമായിരുന്നു അവരുടേത്.   


നട്ടുനനച്ചുണ്ടാക്കുന്ന  പച്ചക്കറിത്തടങ്ങൾ  കോഴികൾ ചിക്കിച്ചികഞ്ഞു നാശമാക്കും . ഇത് വീടുകളിൽ ചില്ലറ കലഹത്തിനു  കാരണമാകും  

 ചിലപ്പോൾ ഉമ്മറത്തും കോലായിലും കയറി അവ കാഷ്ഠിച്ചിരിക്കും. ആരെങ്കിലും അതിഥികൾ കയറിവരുമ്പോഴായിരിക്കും കസേരയിൽ കോഴി  കേറിയിരിക്കുന്നുണ്ടാവുക. ഗൃഹനാഥൻ  ചമ്മിയമുഖത്തോടെ  " ഹോ ഇവളുടെ കോഴികളെക്കൊണ്ട്  തോറ്റു" എന്നൊക്കെ ഉറക്കെ പ്രാകിക്കൊണ്ട്  എനിക്കിതിലൊന്നും പങ്കില്ല എന്ന മട്ടിൽ  അവരെസ്വീകരിച്ചിരുത്തും. അതോടൊപ്പം അതിഥിക്ക് കൊടുക്കാൻ കോഴിമുട്ട പുഴുങ്ങാനും പശുവിനെ കറന്ന് നല്ല ചായക്കും  അകത്തേക്ക് കല്പനയും  പോകും.


അതുപോലെ  ചിലപ്പോൾപുതുതായി നട്ട  തെങ്ങിൻ തൈയ്  അല്ലെങ്കിൽ മറ്റുചെടികൾപശു കടിച്ചു വലിക്കും  .അല്ലെങ്കിൽ അയല്പക്കക്കാരന്റെ നെൽവയലിൽ കേറി  പശുവും കോഴികളും നാശമുണ്ടാക്കും. (പകരം കോഴികളെ വിഷംവെച്ച് കൊന്നുവെന്നുമിരിക്കും.) ഇതിന്റെയൊക്കെ പഴി സ്ത്രീകൾക്ക് തന്നെ.  ഇത് വഴക്കും വക്കാണവുമൊക്കെ   ആവുമ്പോൾ വീട്ടിലെ പുരുഷന്മാർ ഞാനീ നാട്ടുകാരനേ അല്ല എന്ന മട്ടിലിരിക്കും.


പാലും മുട്ടയു മൊക്കെ അടുത്ത കടയിലോ അയൽ പക്കത്തോ കൊടുക്കാൻ വീട്ടിൽ ചെറിയകുട്ടികൾ ഇല്ലെങ്കിൽ സ്ത്രീകൾതന്നെ പോകേണ്ടിവരും. ഗൃഹനാഥനോ മുതിർന്ന മറ്റ് ആണുങ്ങളോ  അതൊന്നും ഏറ്റെടുത്തിരുന്നില്ല. പത്രാസ് കുറഞ്ഞുപോകുമല്ലോ.


എന്നാൽ ഇങ്ങനെ കിട്ടുന്ന പണം മാസാവസാനം പലചരക്ക് കടയിലെ പറ്റു തീർക്കുന്നതിന്  ഒരുമടിയുമില്ലാതെചോദിച്ചു വാങ്ങിക്കൊണ്ടുപോകും.  വേലയും കൂലീം ഇല്ലാത്ത മുതിർന്ന മക്കൾക്ക് അത്യാവശ്യം സർക്കീട്ടടിക്കാനും ടൗണിൽ പോയി സിനിമാകാണാനും  ആശ്രയം ഇതുതന്നെ. കൊടുത്തില്ലെങ്കിൽ അരിപ്പെട്ടിയിലോ  മുണ്ട് പെട്ടിയിലോ ഒളിച്ചുവെച്ചിടത്ത് നിന്ന് തപ്പിയെടുത്തതും കൊണ്ടുപോകും.   


വിശേഷദിവസങ്ങളിൽ  ഇത്തിരി നന്നായി കോഴിക്കറി കൂട്ടാനും    രാത്രി കിടക്കാൻ നേരത്ത് വേണമെങ്കിൽ പാലുകുടിക്കാനും രാവിലെ പുഴുങ്ങിയ മുട്ടതിന്നാനും  മോരും വെണ്ണയുമൊക്കെ അത്യാവശ്യത്തിന് കഴിക്കാനും എല്ലാവര്ക്കും ആശ്രയം ഈ കോഴികളും പശുവു മൊക്കെ ആയിരുന്നു. 


 എന്നാലും നശിച്ച കോഴികൾ നശിച്ച പശു എന്നൊക്കയുള്ള  ശാപവാചനങ്ങൾ  സ്ഥിരം പല്ലവിയായി തുടർന്നിരുന്നു.


     FB: 24/02/17

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home