Saturday 12 September 2020

അമ്മി ഉരൽ ആട്ട്കല്ല്

 FB: 01/03/17


ഇപ്പോഴത്തെ തലമുറ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ സ്വാദ് എന്നൊക്കെ പറയുന്നത് ഇത്തിരി  ഓവറല്ലേ. അങ്ങനെയെങ്കിൽ വീട്ടിൽനിന്നു കിട്ടുന്ന ഭക്ഷണം മുഴുവൻ സ്വാദിഷ്ട മായിരിക്കണമല്ലോ .ഇത് അമ്മമാരെ സുഖിപ്പിക്കാനും അങ്ങനെ അടുക്കളയിൽ കയാറാതെ ,മേലനങ്ങാതെ തിന്നാനുമുള്ള സൂത്രം മാത്രമാണ് ഈ പൊക്കൽ. 


 വ്യക്തിപരമായി എനിക്ക് അമ്മയുടെ പാചകം മോശമായി തോന്നിയിട്ടില്ല എന്നത് ശരിതന്നെ. പക്ഷെ അമ്മമ്മ ,അച്ഛമ്മ എന്നിവരുടെ മുന്നിൽ അതൊന്നുമായിരുന്നില്ല. പ്രത്യേകിച്ച് അമ്മമ്മയുടെ.   മക്കളും പേരമക്കളും അടക്കം  10 _12 പേരുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച്  അടി, തുട, നിലം മെഴുകൽ, നന ,അലക്ക്   പിന്നെ പശു പരിപാലനം എന്നിവയെല്ലാം നിർവ്വഹിക്കുന്നതിനിടയിൽ കൂടി സമയത്തിന് ഭക്ഷണ സ്വാദോടെ ഉണ്ടാക്കാൻ കഴിഞ്ഞിരുന്ന ആ കഴിവാണ് യഥാർത്ഥ പാചക നൈപുണി. മിനിമം വിഭവങ്ങൾ ,സമയം ,പാത്രങ്ങൾഎന്നിവ ഉപയോഗിച്ചായിരുന്നു ഈ അഭ്യാസം എന്നതാണതിന്റെ  ഹൈ ലൈറ്റ്.  പാചകം കഴിയുന്നതോടെ കൊട്ടത്തളം നിറയെ കഴുകാൻ പാത്രങ്ങൾ ബാക്കികിടക്കുന്ന കാഴ്ചയും കണ്ടിരുന്നില്ല.    ദൂരെ കിണറ്റിൻ കരയിൽ തുണിയലക്കുന്നിടത്ത്  എത്തുന്ന അടുപ്പിനുമുകളിൽ തിളയ്ക്കുന്ന കറിയുടെ വേവുമണത്തിൽ നിന്ന് പാകം  തിരിച്ചറിയാനുള്ള ആ സെൻസിന്റെ മുൻപിൽ നമിച്ചുപോകും.  ഇന്നത്തെ പ്രഷർ കുക്കർ വിസിലിൽ നഷ്ടപ്പെട്ടത് ആ സെൻസാണ്.   ഏതു ഭക്ഷ്യവസ്തുവിന്റെയും ഉപയോഗപ്രദമായ അവസാന അംശം വരെ   ഉപയോഗിക്കാനുള്ള കരുതലും അതുകൊണ്ട് പാചകത്തിൽ വരുത്താൻ കഴിയുന്ന വൈവിധ്യവും  ഇന്ന് ആരിലും കാണുന്നില്ല. വിഭവങ്ങളുടെ ലഭ്യതക്കുറവ് അന്ന് എന്തെല്ലാം പരമാവധി ഉപയോഗിക്കാം എന്ന ചിന്തക്ക് കാരണമായി. എന്നാൽ സാമഗ്രികളുടെ അതിലഭ്യത ഇന്ന് എന്തെല്ലാം കളയാം എന്ന ചിന്തയിലെത്തിച്ചിരിക്കുന്നു. ഈ നന്മകളുടെ ക്രെഡിറ്റ് എല്ലാം അമ്മിയിലെ അരവിനും ,കല്ലുരലിനും ആട്ടുകല്ലിനും പതിച്ചു കൊടുക്കുന്നതിനോട് തീരെ യോജിപ്പില്ല.  അതൊക്കെ ചുമ്മാ തള്ളലാണ് .ഈ തള്ളുകാരിൽ മിക്സിയിലരച്ചതും  അമ്മിയിലരച്ചതും   അരക്കുന്നത് കണ്ടില്ലെങ്കിൽ തിരിച്ചറിയുന്നവർ ആരുമില്ല. (ഉപ്പേരി രുചിച്ച് നോക്കി കുംഭത്തിലെ ഒരു നനയുടെ കുറവുണ്ട് എന്നൊക്കെ പറയാൻ കഴിയുന്ന ആസ്വാദകരെ ഐതിഹ്യമാലയിലൊക്കെ കണ്ടേക്കാം)

 

അന്നത്തെ സ്വാദിനെക്കുറിച്ചോർക്കുമ്പോൾ വിശപ്പ് സ്വാദ് നിർണയിക്കുന്നതിൽ ഒരു പ്രധാനപങ്കു വഹിച്ചിരുന്നു എന്ന തോന്നുന്നു.   ഉണ്ടാക്കിയ വിഭവങ്ങൾക്ക് സ്വാദില്ല എന്ന് പറഞ്ഞ് കഴിക്കാൻ മടിച്ചാൽ "വിശക്കട്ടെ  അപ്പോൾ സ്വാദ് തനിയെ ഉണ്ടായിക്കൊള്ളും എന്ന് പറയുന്നതായിരുന്നു രീതി.  അല്ലാതെ ഇപ്പോഴത്തെപ്പോലെ  ഉടനെ ഹോർലിക്സ്  കൊണ്ട് പുട്ട് ചുട്ടു തരുന്നമാതിരി ഒലിപ്പിക്കൽ ഒന്നുമുണ്ടായിരുന്നില്ല വിശപ്പിനു കഴിക്കേണ്ട തിനേക്കാൾ 

ഇന്ന് ഭക്ഷണം പലപ്പോഴും സമയം നോക്കി നടത്തുന്ന ഒരുചടങ്ങ്  മാത്രമാകുന്നുണ്ട്. 


 തൊട്ടു കൂട്ടാനും നുള്ളിക്കൂട്ടാനും ഒഴിച്ച് കൂട്ടാനും ഒരുപാട് കൂട്ടാനുകൾ  ഉണ്ടെങ്കിലും ആരും ഇന്ന് കൂട്ടാൻ കൂട്ടിയല്ല ഊണ് കഴിക്കുന്നത് കറിയാണ് പഥ്യം . നമുക്ക് കൂട്ടാനെ തിരിച്ചു പിടിക്കണം.  


പാചകം സ്ത്രീകളുടെ മേഖലയായി മാറ്റിവെക്കുന്ന പഴയ രീതിയുംമാറണം.  പുരാണങ്ങളിൽ പാചകക്കാരായി നളനും ഭീമനും(വലലൻ) ഒക്കെയേ ഉള്ളൂ. അതുകൊണ്ട് ഇത് പുരുഷന്റെ മേഖലയാണ്.  നളന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ പുരുഷന്മാർ മുന്നോട്ടു വന്ന്  അടുക്കള  പിടിച്ചെടുക്കണം   


   അടുക്കള ബഹിഷ്‌കരിച്ച്  സ്ത്രീകളും ഇതിന് വഴിയൊരുക്കണം.  അലക്കൊഴിഞ്ഞ് കാശിക്കുപോകാൻ നേരമില്ല എന്നുപറഞ്ഞപോലെ  അടുക്കളയിൽനിന്നിറങ്ങീട്ടു വേണ്ടേ കള്ളുകുടിക്ക് (മറ്റു പലതിനും) പോകാൻ എന്ന അവസ്ഥ വന്നാൽ  സമൂഹത്തിൽ ഒരുപാട് കുറ്റകൃത്യങ്ങൾ കുറയും. അല്ലാതെ പുള്ളിപ്പുലിയുടെ പുള്ളിമായുംകാലത്തും  ഇവർ നന്നാവുംന്ന് കരുതുന്നുണ്ടോ.

                                                                           Nb: എല്ലാ സൗകര്യങ്ങളുമുള്ള മോഡേൺ കിച്ചനിൽ ഓരോസ്വാദിനും പ്രത്യേകം ചേരുവകൾ ഉള്ള ഇന്നത്തെ പാചകവും പഴയാകാലവും തമ്മിൽ  താരതമ്യമേയില്ല.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home