Friday, 26 December 2014

വേണമെങ്കിൽ ടി വി ഇല്ലാതെയും ജീവിക്കാം

വീട്ടിൽ ടിവി ഇല്ലാതായിട്ട് മാസം ഏഴായി. ബ്രസീൽ ഫ്രാൻസിനോട് തോറ്റവർഷമാണു വീട്ടിൽ ടിവി വാങ്ങിയത്. പുതിയൊരെണ്ണം വാങ്ങണം എൽസിഡി തന്നെ വേണം എന്നൊക്കെ ഉള്ള ഡിമാന്റ് ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. വേണമെന്ന് നമുക്കും തോന്നലുണ്ട്. പക്ഷെ ഡിമാന്റുകൾ ശരിയെന്ന് ബോദ്ധ്യപ്പെട്ടാലും ഉടനങ്ങ് അംഗീകരിക്കുന്നത് ഭരണപരമായി അത്ര ശരിയല്ല എന്നത്രേ വിദഗ്ദ്ധ മതം. (അതേത് വിദഗ്ദ്ധൻ എന്നൊന്നും ചോദിക്കരുത്. നാട്ടിൽ അതിനാണോ ക്ഷാമം. നാടിനെ ഈസ്ഥിതിയിലെത്തിച്ചതു തന്നെ വിദഗ്ദ്ധരും വിദഗ്ധോപദേശകരും കൂടിയാണെന്നാണ് മറ്റൊരു വിദഗ്ദ്ധമതം). ഇങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടക്കാണത് സംഭവിച്ചത്. മെയ് അവസാന വാരം. ഒരു ശരാശരി കുടുംബത്തിലെ പ്രൈം ടൈം. ജോലികഴിഞ്ഞെത്തിയ പുരുഷൻ പത്രപാരായണത്തിൽ. സ്ത്രീ പാചകത്തിൽ. ഒപ്പം മഷീനിൽ വാഷിങ് . കൂടാതെ മൊബൈലിൽ ബന്ധു സുഹൃദ് ക്ഷേമാന്വേഷണങ്ങൾ. ഒപ്പം ഗൃഹ കാര്യസംബന്ധിയായി ഭർതൃ പുത്രാദികൾക്കുള്ള ശാസനോപദേശങ്ങൾ ഇടതടവില്ലാതെ. ( ഈ ബഹുമുഖത പുരുഷനെക്കൊണ്ടാവുമോ. പത്രം നിവർത്തി പിടിച്ച്, റ്റിവികണ്ട് ഉറങ്ങുക , പരമാവധി അതേ വയ്ക്കു. ബെറ്റ്! ) പുത്രൻ തുറന്ന് വെച്ച പുസ്തകം, മൊബൈൽ, ലാപ്ടോപ്, ടിവി എന്നിങ്ങനെ ചതുർവ്വേദിയായി , ഇടയ്ക്ക് ഗാർഹിക കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടും പഠനത്തിൽ. സ്ത്രീകള്‍  വീട്ടുജോലികളു്മായി കഷ്ടപ്പെടുമ്പോള്‍ പുരോഗമനവാദികളായ  പുരുഷ വർഗം( ആത്മ പ്രശംസ ക്ഷമിക്കുക) പോലും പത്രപാരായണാദി വിനോദങ്ങളിൽ മുഴുകി രസിച്ചു കഴിയുകയല്ലേ എന്നു ന്യായമായി സംശയം ഉയരാം. പക്ഷെ വീട്ടിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം പാചകക്കാരാണ്.  രണ്ടു കുക്കും രണ്ട് ഷെഫും എന്നു പുത്ര(sic) ഭാഷ്യം. പ്രധാന പാചകങ്ങളിലെല്ലാം ഇവിടെ മേല്‍ക്കൈ പുരുഷന്മാർക്കാണു. പിന്നെ സാധാരണ കഞ്ഞി പയർ പാചകത്തിനെന്തിനാവിദഗ്ദർ എന്നന്യായത്തിൽ മാറിനിൽക്കുന്നു എന്നേയുള്ളു . ഇതിനിടയിൽ വീണ്ടും പുതിയ റ്റിവി പ്രശ്നം .റ്റിവി വാങ്ങിയവർഷം ബ്രസീൽ തോറ്റതാണല്ലോ.(അന്നും ഇന്നും ഞങ്ങൾ ബ്രസീൽ ആരാധകരാണ്) അതുകൊണ്ട് ഇത്തവണ ജയിക്കുന്നതു കൂടി നമുക്കു ഇതിൽ തന്നെ കാണണം. ഞാന്‍ നയം വ്യക്തമാക്കി. പറഞ്ഞ് നാക്കെടുത്തില്ല. ഡിം. ഒരുചെറിയ പൊട്ടിത്തെറി ശബ്ദം. ടിവി കണ്ണടച്ചു. നിങ്ങളെ കളികാണിച്ചതു തന്നെ എന്നമട്ടിൽ. കുശുമ്പ് കുന്നായ്മ പാരവെപ്പു സീരിയലുകളും ചർച്ചകളും കെട്ടിയിറക്കി തരുന്ന് ടിവിക്കു ആ സ്വഭാവം വന്നതിലത്ഭുതമില്ല ( കുഞ്ചൻ പാടിയ മുല്ലപ്പൂമ്പൊടി പ്രഭാവം) പിറ്റേന്ന് മെക്കാനിക്ക് വന്നു റ്റിവിയുടെ മരണം സ്ഥിരീകരിച്ചതോടെ പുതിയ ടിവി ചർച്ച സജീവമായി. പക്ഷെ... ജൂൺ ഒന്നിനു അച്ഛൻ മരിച്ചു 93 വയസ്സിൽ അസുഖങ്ങൾ ഒന്നും ബാധിക്കാതെ ജീവിതത്തിൽ എന്നും ആഗ്രഹിച്ചപോലെ, ആരെയും ഒന്നിനും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും പൂർണ തൃപ്തിയോടെ. പിന്നെ കുറെ ദിവസം തറവാട്ടിലായിരുന്നു. അതിനിടയ്ക്ക് റ്റിവിയെ എല്ലാവരും മറന്നു. അല്ലെങ്കിൽ മരണത്തിനിടയ്ക്കെന്ത് ടിവി. ബന്ധുക്കളും സന്ദർശകരും ഒഴിഞ്ഞ ഒരുദിവസം . മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് തറവാട്ടിലെ പഴയ പുസ്തക അലമാറ ഒന്നു അടുക്കി ഒതുക്കി വെക്കാമെന്നുകരുതി. പിജി, ട്യൂട്ടോറിയൽകാലത്ത് സമ്പാദിച്ച പുസ്തകങ്ങളിൽ ആവശ്യക്കാർ കൊണ്ടുപോയതിന്റെ ബാക്കി കുറേ ഉണ്ടായിരുന്നു. അടുക്കിവെക്കുന്നതിനിടയ്ക്ക് പലതിന്റെയും ഭാഗികമായ പുനർവായനയും നടന്നു. അതിലൂടെ സാധിച്ചത് ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലേക്കു ഒരു തിരിഞ്ഞു നോട്ടം ആയിരുന്നു. പഴയകാലത്തിന്റെ ഓർമ്മക്കുറിപ്പുകളിലൂടെ കടന്നുപോകുന്നതിന്റെ വല്ലാത്തൊരു സുഖാനുഭൂതി. വായനയുടെ ലോകത്തിലേക്കു വീണ്ടും വന്നെത്തിയതിന്റെ സന്തോഷം. മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു രണ്ടുമൂന്നാഴ്ച കഴിഞ്ഞാണു വീട്ടിലേക്ക് പോന്നത്. ഒപ്പം വായനയും കൂ ടെ പോന്നു. അതിനാലാവും ടിവി ചിന്ത മനസ്സിൽ വന്നതേയില്ല. വന്നതിന്റെ മൂന്നാം ദിവസം പുത്രന്റെ പുതിയൊരു നിർദ്ദേശം. നമുക്കു തൽക്കാലം ടിവി വേണ്ട. കാരണം അവൻ കുറെ പുസ്തങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതു വായിച്ചു കഴിയും വരേ മറ്റ് ശല്യപ്പെടുത്തലുകൾ പാടില്ലത്രേ. ആരെങ്കിലും നന്നാവാൻ വിചാരിച്ചാൽ നമ്മളായിട്ടെന്തിനു തടസ്സം നിൽക്കണം. പിന്നെ പത്ത് കാശ് അക്കൗണ്ടിൽ കിടക്കുകയും ചെയ്യും. ഞാനും സമ്മതിച്ചു. ഒരു മൽസരത്തിനുള്ള ചാലഞ്ച് ഉയർത്തി യെങ്കിലും മൈഗ്രയ്ൻ ഒരു ശല്യക്കാരനായി തുടരുന്നതു കൊണ്ടു തന്ത്രപൂർവം ഒഴിഞ്ഞു. എന്തായാലും ഇപ്പോൾ മാസം എട്ടാവുന്നു. വായന നല്ലനിലയിൽ മുന്നേറുന്നു. പഴയവേഗത തിരിച്ചു കിട്ടുമോ എന്നറിയില്ല എന്നാലും ഇപ്പോൾ സാമാന്യം മോശമല്ലാത്ത വേഗത വന്നു. ഇപ്പോൾ സ്വീകരണമുറിയിൽ അഹന്തയുടെ അട്ടഹാസങ്ങളില്ല. ഗർവിന്റെ, വിവരക്കേടുകളുടെ എടുപ്പുകുതിരകൾ മനസ്സ് അസ്വസ്ഥമാക്കുന്നില്ല. ചന്ദനമഴ പണ്ടേപെയ്യാറില്ല. ആര്യാടൻ സഹായിച്ചു (പവർകട്ട് സമയത്ത്) തുടങ്ങിവെച്ച കുടുംബ സംവാദസദസ്സുകൾക്ക് കൂടുതൽ സമയം. കറന്റ് ബില്ലിൽ ഗണ്യമായകുറവ്. ഒരുവർഷമായി കഴിച്ചിരുന്ന പ്രഷർ ഗുളിക 80 mg. 40 ഉം 20 ഉം ആയി ചുരുങ്ങി. പ്രഷർ ഗുളിക "കഴിച്ചുതുടങ്ങ്യാൽ ഡോസ് കൂടുകയല്ലാതെ കുറയുക(യ്ക്കുക) ഇല്ല " എ ന്ന് പറഞ്ഞ് പേടിപ്പിച്ചവനെ എനിക്കൊന്ന് കാണണം. അതുകൊണ്ട് എനിക്കിതേ പറയാനുള്ളൂ. തയ്യാറുണ്ടോ ഒരു throw away TV challenge ഏറ്റെടുക്കാൻ.

5 Comments:

At 27 December 2014 at 07:46 , Blogger സിയാഫ് അബ്ദുള്‍ഖാദര്‍ said...

റ്റി വി ബി പി കൂട്ടുമോ?ബാക്കി എല്ലാം ശരി തന്നെ

 
At 27 December 2014 at 13:07 , Blogger mudiyanaya puthran said...

എല്ലാത്തിനും നല്ല വശങ്ങളും ചീത്തവശനഗലും ഉണ്ട്.നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഇരിക്കും.തിരുവന്തപുരത്തെ ഒരു രേസിടെൻസ് അസോസിഷൻ ഈ അടുത്തു സീരിയൽ ബഹിഷ്ക്കരിച്ചിരുന്നു

 
At 27 December 2014 at 19:35 , Blogger ടി പി സുധാകരന്‍ said...

പ്രിയപ്പെട്ടവരുടെ ദുരന്ത വാർത്തകൾ ചിലരിൽ ഹ്രുദയാഘാതം ഉണ്ടാക്കാറില്ലേ. അതുപോലെ

 
At 31 December 2014 at 12:32 , Blogger keraladasanunni said...

ഈശ്വരാ. എന്നാണ് എന്‍റെ വീട്ടില്‍ ഈയൊരവസ്ഥ ഉണ്ടാവുക. ഒരാള്‍ക്ക് ഒരു ടി.വി. എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണല്ലോ.

 
At 31 December 2014 at 20:33 , Blogger ajith said...

വേണമെന്നേയില്ലഅനുഭവം സാക്ഷി.

 

Post a Comment

Subscribe to Post Comments [Atom]

<< Home