Friday, 11 September 2020

ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെമാത്രം ഉദ്ദേശിച്ചാണ്

  (ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെമാത്രം ഉദ്ദേശിച്ചാണ്. )

 

പണ്ട് ചില കാർന്നോന്മാരുണ്ടായിരുന്നു. തറവാട്ടിലേക്ക് അഞ്ചുപൈസയുടെ ഉപകാരമില്ല. പക്ഷെ എല്ലാം നോക്കിനടത്തുന്നു എന്ന ഭാവം കേമം.പത്തായത്തിൽ നെല്ലുള്ളിടത്തോളം കാലം ,  നെയ്യിട്ട കുത്തരി കഞ്ഞിയെകുടിക്കൂ. അലക്കിതേച്ചതേ ഉടുക്കൂ .കോണകം പുരപ്പുറത്തെ ഉണക്കൂ മോരും കൂട്ടിയേ ഉണ്ണൂ .


പക്ഷെ വീട്ടിലെ സ്ത്രീകൾ അതൊക്കെ എങ്ങനെ ഒപ്പിക്കുന്നു എന്നൊന്നും അറിയേണ്ട.  അവർ പശുവിനെപോറ്റിയോ, പാലിലിത്തിരി വെള്ളം ചേർത്ത് വിറ്റിട്ടോ, അതിരിന്മേൽ നിൽക്കുന്ന തെങ്ങിൽ നിന്ന് പിള്ളേർകളെക്കൊണ്ട് നാലു തേങ്ങാ അടർത്തിയോ അപ്പോഴത്തെ മിടുക്കുപോലെ അന്നന്നത്തെ കാര്യങ്ങൾ നടത്തും. പിള്ളേർ വല്ല പുറംപണീം ചെയ്ത് വട്ടച്ചചെലവിനുള്ളത് ഉണ്ടാക്കും. തക്കം കിട്ടിയാൽ കാർന്നോർ അതും ഇസ്‌കും. 


നാട്ടിലെ ഉത്സവത്തിന്  പിള്ളേർ എന്തെങ്കിലും അലമ്പുണ്ടാക്കി, അല്ലെങ്കിൽ തറവാട്ടിലെ പശു ആരാന്റെ വാഴക്കന്ന് കടിച്ചു എന്നൊക്കെ വല്ല പരാതിയും വരട്ടെ അപ്പോൾ കാർന്നൊരുടെ തനിക്കൊണം കാണാം .തറവാട്ടീന്നൊന്നും  മിണ്ടില്ല. പിള്ളേരെ ചന്തയിൽ പിടിച്ചുനിർത്തി പുലഭ്യം പറയും. പഴയ തറാവാട്ടു മഹത്വം ഘോഷിക്കും. സുകൃക്ഷയമോർത്ത് പരിതപിക്കും. (ആള് കേൾക്കാനുണ്ടെങ്കിൽ വീര്യം കൂടും)


കുറ്റം പറയരുതല്ലോ . പത്തായത്തിലെ നെല്ല് തീർന്നാൽ അടുത്ത കൊയ്ത്ത് വരെ പിന്നെ കാർന്നോർ തറവാട്ടിലേക്ക് തിരിഞ്ഞു നോക്കാറില്ല.


FB 14/06/18    ശീതളച്ഛായ ഉള്ളപ്പോൾ മാത്രം ഒപ്പം നിൽക്കുന്നവരെക്കുറിച്ച്


 

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home