Friday, 11 September 2020

വായനാ ദിനം

 ആറാം ക്ലാസ് മുതൽ പൊതു ലൈബ്രറികളിൽ പോകാനും പുസ്തകമെടുക്കാനും അവസരമുണ്ടായിട്ടുണ്ട്. അവിടെ ജീവിതത്തിന്റെ നാനാമേഖലയിലുള്ളവർ വന്ന് പുസ്തകമെടുക്കുന്നത് കണ്ടിട്ടുണ്ട്. 

അതുകൊണ്ട്  ഒരാൾ പുസ്തകം വായിക്കുന്നു വെന്നറിയുന്നത് ഒരത്ഭുതമായിതോന്നിയിട്ടില്ല. ചെയ്യുന്ന ജോലിയും  പുസ്തകവായനയുമായി  എന്തെങ്കിലും ബന്ധമുള്ളതായി തോന്നീട്ടുമില്ല.പലമേഖലകളിലുമുള്ളവരുമായിസൗഹൃദമുണ്ടാവാൻപൊതു വായനശാലകൾ ഉപകരിച്ചിട്ടുണ്ട്.   അങ്ങനെ പരിചയപ്പെട്ടവരിൽ ഏറ്റവും കുറവ് അധ്യാപകരാണ് എന്നത് പക്ഷെ അത്ഭുതമാണ്.


വായനയിൽ ആരെങ്കിലും ഇടപെടുന്നതോ തടസ്സപ്പെടുത്തുന്നതോ ഒരിക്കലും ഇഷ്ടമില്ല.അതേ പോലെ സദാചാരത്തിന്റെ ചാരക്കണ്ണുകളുടെ എത്തി നോട്ടങ്ങളും. സ്‌കൂൾ കോളേജ് ലൈബ്രറിയൻ മാർക്ക് ഒരുമുൻ വിധിയുണ്ട്. പ്രായവും ക്ലാസ്സുമൊക്കെ നോക്കി വായനാശീലത്തെ വിലയിരുത്തി  കുട്ടികൾക്ക് ഇന്നിന്നത് മുതിർന്നവർക്ക് വേറെ ചിലത് എന്നൊക്കെ ഒരുകണക്ക് വെച്ചിട്ടുണ്ടാകും.  അതിന്റെപേരിൽ കുറെ വഴക്കുണ്ടാക്കിയിട്ടുണ്ട്.  ആറാംക്ലാസിൽ വെച്ചാണ് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം കിട്ടാൻ തുടങ്ങിയത്.  നമുക്ക് ചോയ്‌സ്‌ ഒന്നുമില്ല . രാവിലെ കാർഡ് ഏൽപ്പിച്ചാൽ ഉച്ചക്ക് വല്ലഅമ്മുവിന്റെ ആട്ടിന്കുട്ടി,  അലാവുദ്ധീൻറെ അത്ഭുതവിളക്ക് തുടങ്ങിയവ നമ്മുടെ കാർഡിൽ ചേർത്ത് വെച്ചിട്ടുണ്ടാവു . ബാലരമയൊന്നും  ഇറങ്ങിയിട്ടില്ലാത്ത കാല

മാണ് അതുകൊണ്ട് ടുട്ടുമുയൽ ,ജമ്പൻ കടുവ  ടൈപ്പ് സാധനങ്ങൾ  എത്തിതുടങ്ങിയിട്ടില്ല.നോവലുകളൊക്കെ ചോദിച്ചപ്പോൾ ഹൈസ്കൂളിൽ എത്തട്ടെ എന്നായിരുന്നുമറുപടി  ആഴ്ചപ്പതിപ്പിൽ   ഒ വി വിജയൻ മലയാറ്റൂർ    നന്തനാർ  തുടങ്ങിയവരെ വായിക്കുന്നുണ്ട് എന്നൊന്നും പറഞ്ഞിട്ട് വിലപ്പോയില്ല .  


ഹൈസ്കൂളിൽ ചാർജുള്ള മാഷ്‌ക്ക്  ഇതിനൊന്നും നേരമില്ലായിരുന്നു.  അഥവാ ഉണ്ടായാൽ തന്നെ മനസ്സുമില്ല. കൊല്ലാവസാനം സ്റ്റോക്  നോക്കുമ്പോൾ പുസ്തകം കുറഞ്ഞാൽ കണക്കു പറയാൻ വയ്യ. അതുകൊണ്ട്   വീട്ടിൽ കൊണ്ടുപോവാൻ പറ്റില്ല. ഉച്ചക്ക് ലൈബ്രറിയിൽ ഇരുന്ന് വേണമെങ്കിൽ വായിക്കാം അത്രതന്നെ. പിന്നെ "പഠിക്കേണ്ട സമയത്ത് കണ്ട നോവലും വായിച്ചിരു ന്നോ" എന്ന  സ്ഥിരം കുറ്റം പറച്ചിലും


പിന്നെ കോളേജിൽ  ചേർന്നപ്പോൾ  പ്രീഡിഗ്രിക്കാർക്ക്  മുട്ടത്തുവർക്കി   കാനം  ചെമ്പിൽ ജോണ്.  അതൊക്കെ മതി എന്നായിരുന്നു. ലൈബ്രേറിയൻന്റെ നിയമം.  അതേ ചൊല്ലി തർക്കമായപ്പോൾ മൂപ്പർ പറഞ്ഞത് പ്രീഡിഗ്രിക്കാർ പുസ്തകങ്ങളിൽ കമന്റുകളെഴുതി നശിപ്പിക്കും എന്നാണ് ഒരുദിവസം അയാളുടെ റൂമിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി  പ്രഗത്ഭരുടെ കുറെ കൃതികൾ നാശമാക്കിയത്  കാട്ടിത്തരികയും ചെയ്തു. നിറയെ  വായനക്കാരുടെ കമന്റുകളും നിരൂപണങ്ങളും  പ്രിൻസിപ്പൽ വരെയുള്ളവർക്കുള്ള  തെറികളും  .  "ഇതൊക്കെ പ്രീഡിഗ്രിക്കാരുടെ    വേലത്തരങ്ങളാണ് .   എന്തായാലും അവന്മാര് ഇതൊക്കെ ചെയ്യും. വെറുതെ എന്തിനാ നല്ലപുസ്തകങ്ങൾ നശിപ്പിക്കുന്നത് എന്നു കരുതീട്ടാ.'   പക്ഷെ അസിസ്റ്റന്റിനെ വിളിച്ച്  "ഇയ്യാളെ ഒന്നു പരിഗണിച്ചേക്കണം എന്ന്‌ പറയാൻ കനിവുണ്ടായി.     


നാട്ടിലെ ലൈബ്രറിയിൽ ഒരു റിട്ടയേർഡ് മാഷായിരുന്നു ലൈബ്രേറിയൻ. ഒരിക്കൽ മേശപ്പുറത്തിരുന്ന 'രതിസാമ്രാജ്യം' മറിച്ചുനോക്കിയത്  കൈയിൽനിന്ന്  റാഞ്ചിക്കൊണ്ടുപോയി മേശയിൽ വെച്ച് പൂട്ടിയത് ഓർമ്മയുണ്ട്.  പമ്മന്റെ നോവലുകൾ വന്നിരുന്നകാലത്ത് മലയാളനാട്  കുട്ടികൾ വായിക്കാതിരിക്കാൻ മൂപ്പരുടെ കസ്റ്റഡിയിൽ ആവും  വേണ്ടപ്പെട്ടവർക്ക് മാത്രമേ കൊടുക്കു. അതും സ്‌പെഷ്യൽ  കവർ ഇട്ട്.


ലൈബ്രറിപുസ്തകങ്ങളിൽ കമന്റ് എഴുതുന്നത് ശരിക്കും ഒരു സമാന്തര സാഹിത്യം തന്നെയാണ്. ഏറ്റവും സുന്ദരമായ പല പാരഡികളും  തമാശകളും   മിക്കവാറും എല്ലാ തെറികളും പരിചയപ്പെട്ടത് ഇങ്ങനെയാണ്. അതേപോലെ ഒറീജിനാലിറ്റി യുള്ള നിരൂപണങ്ങളും.  പക്ഷെ അജ്ഞാതരായിരിക്കാനാണ് അവരുടെ വിധി. അവർ മികച്ച അസ്വാദകരായിരുന്നു എന്നത് ഉറപ്പാണ്. കമന്റുകൾ മിക്കവാറും  ആരിലും അസൂയ ഉണ്ടാക്കുന്ന സുന്ദരമായ കൈപ്പടയിലായിരുന്നു.  നമ്മളൊക്കെ അങ്ങനെ  എഴുതാതിരുന്നതുതന്നെ കൈപ്പടയിലുള്ള ആത്മവിശ്വാസകുറവുകൊണ്ടാണ്.  ഇന്ന് പക്ഷെ പുസ്തകങ്ങളിൽ  പൊതുവെ അത്തരം കലാപരിപാടികൾ  ഒന്നും കാണുന്നില്ല.   അതിന്റെ കുറവ് തീർക്കുന്നത് ഫേസ് ബുക്ക് ആണ്.


FB: 19/06/17


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home