റഷ്യൻ പുസ്തകങ്ങൾ
കോഴിക്കോട്ട് മാനാഞ്ചിറ ഗ്രൗണ്ട് നും കോംട്രസ്റ്റിനും ഇടയിലുള്ള റോഡിൽ ഒരു വലിയ പെട്ടിക്കട ആയിട്ടായിരുന്നു പ്രഭാത് ബുക് ഹൗസ്. സ്കൂൾ വിട്ടുവരുന്ന വഴിക്ക് അവിടെ കേറി പുസ്തകങ്ങളും മാസികകളും മറിച്ച് നോക്കും. കാശുകൊടുത്തുവാങ്ങാനൊന്നും പാങ്ങില്ല. പഴയ സോവിയറ്റ് ലാൻഡ് ഒക്കെ ചിലപ്പോൾ കൂട്ടുകാരില്നിന്ന് കിട്ടും ചിത്രപ്പേജുകൾ brown paper ന് പകരം പുസ്തകം പൊതിയാൻ ഉപയോഗിക്കും. അതിലൊന്നിൽ ചെങ്കൊടി പിടിച്ചുനിൽക്കുന്ന ലെനിൻന്റെ ചിത്രം കണ്ട് ഒരിക്കൽ ടീച്ചർ പറഞ്ഞിരുന്നു "ഇതൊന്നും ക്ലാസിൽ വേണ്ട" എന്ന് .
നികിതയുടെ ബാല്യം ആണ് ആദ്യമായി വായിച്ച റഷ്യൻ പുസ്തകം.
പ്രഭാതിന്റെ പുസ്തക പ്രദർശനത്തിൽ ചുമ്മാ ഒന്ന് കേറിയതായിരുന്നു. കേറി ഒരു പുസ്തകവും വാങ്ങാതെ പോരാൻ മടി. ഒടുവിൽ കയ്യിലുള്ള തെല്ലാം നുള്ളിപെറുക്കി വാങ്ങിയതാണ്. പക്ഷെ വായിച്ച് കഴിഞ്ഞപ്പോൾ നന്നായി ഇഷ്ടപ്പെട്ടു . നന്തനാറിന്റെ ഉണ്ണിക്കുട്ടൻ കഥകൾ പോലെ. അതിലെ കുട്ടികളും, കളികളും മഞ്ഞു മൂടിയ പ്രകൃതിയും എല്ലാം പുതിയൊരനുഭവം തന്നു.
ടോൾസ്റ്റോയ് യെപ്പറ്റിയും അദ്ദേഹത്തിന്റെ "അന്ന കരിനീന" "യുദ്ധവും സമാധാനവും" എന്നിവയെപ്പറ്റിയുമൊക്കെ കേട്ടിരുന്നു . അവയുടെ കുട്ടിപ്പതിപ്പുകൾ വായിച്ചുവെങ്കിലും കോളേജിലെത്തിയശേഷമാണ് പൂർ ണ്ണരൂപത്തിൽ വായിച്ചത്.
എന്നാൽ അതിനുമുമ്പ് തന്നെ ഷോളൊഖോവിന്റെ ഡോൺ നോവലുകളും 'ഉഴുതുമറിച്ച പുതുമണ്ണും' വായിച്ചിരുന്നു. റഷ്യൻ വിപ്ളവം,തുടർന്ന് വന്ന സാമൂഹ്യമാറ്റങ്ങൾ എന്നിവയിലേക്ക് ഒരു ഉൾക്കാഴ്ച നല്കുന്നവയായിരുന്നു. ഭൂമിയുടെയും പണിയായുധത്തിന്റെയും ഉടമസ്ഥത നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള കർഷകന്റെ ആധിയും ചെറുത്തുനിൽപ്പും ഒക്കെ അതിൽ കാണാൻ കഴിഞ്ഞു. Propaganta ഗണത്തിൽ പെടുത്തിയാണ് പല വിമർശകരും ഇതിനെസമീപിച്ചിട്ടുള്ളത് . പക്ഷെ അങ്ങനെ തോന്നിയിട്ടില്ല.
"കുഴപ്പങ്ങളുടെയും അസ്വസ്ഥതകളുടെയും കാലത്ത് സഖാക്കളെ നിങ്ങൾ സഖാക്കളുടെ രക്ത ത്തിനായി കൊതിക്കരുത്." ( അതോ സഹോദരന്റെ എന്നോ) എന്ന് ഒരുശവകുടീത്തിനു മുകളിൽ എഴുതിവെച്ചതിനെ ഡോൺ നോവലിൽ പറയുന്നുണ്ട്. ഇന്നും എപ്പോഴും പ്രസക്തം
ഗോർക്കിയുടെ 'അമ്മ'യാണ് പിന്നീട് വായിച്ചത്. (മറ്റുള്ളവർ വാങ്ങിക്കൊണ്ടുപോയി ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള എന്റെ പുസ്തകങ്ങളിലൊന്നാണിത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നും ) 'മനുഷ്യൻ ഹാ എത്രസുന്ദരമായപദം' എന്നുംപറഞ്ഞ ഗോർക്കിയുടെ, പാവേലും അമ്മ നിലോവ്ന പീലഗേയയും 'അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കപെടുന്ന ഒരു ലോകം സൃഷ്ടിക്കാനിറങ്ങുന്നവർക്ക് എന്നും പ്രചോദനമായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്.
ഡോസ്റ്റോയെവിസ്കി യുടെ കുറ്റവും ശിക്ഷയും ,കാരമസോവ് സഹോദരൻമാർ ,നിന്ദിതരും പീഡിതരും എന്നിവ വളരെ ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ്. അതേപോലെ പിതാക്കളും പുത്രന്മാരും ,അന്നകരിനീന ,യുദ്ധവും സമാധാനവും . വിശ്വാസം ,ധാർമികത എന്നിവയൊക്കെ ഇങ്ങനെ ആഴത്തിൽ ചർച്ചചെയ്യപെടുന്ന നോവലുകൾ നമ്മുടെ ഭാഷയിലുണ്ടോ.
സോവിയറ്റ് യൂണിയനിലെ വ്യക്തി, ആവിഷ്കാര സ്വാതന്ത്യങ്ങൾ, സ്റ്റാലിനിസം സൈബീരിയൻ ലേബർ ക്യാമ്പുകൾ എന്നിവ കേരളത്തിൽ വലിയചർച്ചകളായിട്ടുണ്ട്. പാസ്റ്റർനാക്കി ന്റെ ഡോ ഷിവാഗൊ, അലക്‌സാണ്ടർ സോൾസെനിത്സൺന്റെ കാൻസർവാർഡ് എന്നിവക്ക് ഈ
വിവാദങ്ങളുടെ പശ്ചാത്തലം കൂടിയുണ്ട് വായിക്കുമ്പോൾ. ഇതിൽ കാൻസർവാർഡ് ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്.സർഗാത്മകത ആവിഷ്കാരസ്വാതന്ത്യം എന്നിവ മുൻനിർത്തി ആഘോഷിക്കപ്പെടുമ്പോഴും ഇവ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാനുള്ള ഒരായുധമായിട്ടുകൂടിയാണ് ചർച്ചകളിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്നതും മറക്കരുത്.
ഏറ്റവും ഒടുവിൽ വായിച്ചത് ടോൾസ്റ്റോയ് യുടെ The Kreutzer Sonata ആണ്. അടുത്തകാലത്ത്. Kindle ൽ വായിച്ച ആദ്യപുസ്തകം.
മനുഷ്യൻ എത്ര നികൃഷ്ടൻ എന്ന് പറയാതെ പറയുന്നില്ലേ ടോൾസ്റ്റോയ് ഈ കൃതിയിൽ.#worldofussr
fB 31/10/17
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home