പൊളിറ്റിക്കൽ കറക്ററ്നസ്
വീടിന്റെ മുന്നിലുള്ള റോഡ് ( പഴയ കുണ്ടനിടവഴി നമ്മളൊക്കെ ചേർന്ന് റോഡ് ആക്കിയതാണ്) രണ്ട് വാഹനങ്ങൾക്ക് പരസ്പരം കടന്നു പോകാൻ ഇടമില്ല. ആരുടെയെങ്കിലും തുറന്ന ഗേറ്റിലേക്ക് കടത്തിയോ പിറകോട്ടെടുത്തോ ആണ് പ്രശ്നം പരിഹരിക്കുന്നത്.
എന്റെ ഗേറ്റ് കഴിഞ്ഞാലുടൻ വളവും കയറ്റവുമാണ്. അതുകൊണ്ട് ഗേറ്റിനു മുൻവശം എപ്പോഴും തർക്കമുണ്ടാവും. ഞാൻ ഗേറ്റ് അടയ്ക്കാറില്ലാത്തതുകൊണ്ട് മിക്കവാറും ആരെങ്കിലും ഉള്ളിലേക്ക് കേറ്റി മറ്റുള്ളവർക്ക് വഴികൊടുക്കും.
എന്നാൽ ചിലപ്പോൾ മസിലുപിടിച്ചുനിൽക്കും ചിലർ.
കഴിഞ്ഞ ദിവസവും തർക്കമായി. ഇറങ്ങിവരുന്ന പയ്യനും കയറിവരുന്ന മദ്ധ്യവയസ്കനും ഇഞ്ചിനു വിടുന്നില്ല. പിറകിൽ വാഹനങ്ങൾ വന്ന് ബഹളം വേറെ
പത്രവായനനിർത്തി ഗെയ്റ്റ് നന്നായി തുറന്ന്വെച്ചു.
ആരെങ്കിലും ഉള്ളിലേക്കെടുത്ത് വഴിക്ലിയർ ആക്കാൻ പറഞ്ഞു. എവിടെ? ആരു കേൾക്കുന്നു. വാശിതന്നെ.
അപ്പോൾ പിറകിലെ ഓട്ടോയിൽ നിന്ന് ഡ്രൈവർ ഇറങ്ങി വന്നു.
"മാഷെ നിങ്ങൾ ആദ്യം ആ ഗേറ്റ് അടയ്ക്ക്." അയാൾ തന്നെ അത് അടച്ചു പിന്നെ അഭിമുഖം നിൽക്കുന്ന രണ്ട് കാറുകാരേയും കണ്ണടപ്പൻ തെറി .
പിറകോട്ടെടുക്കലും ഒതുക്കലുമായി മിനിട്ടുകൊണ്ട് വഴി ക്ലിയർ.
" ഇവറ്റകളോട് ഇതേപറ്റൂ അല്ലാതെ ഇങ്ങളെപ്പോലെ ഗേറ്റും തുറന്ന് കൊടുത്ത് ഉപദേശം പറഞ്ഞിട്ടൊന്നും കാര്യംല്യ " എന്ന് എന്നെ ഗുണദോഷിച്ച് അയാളും പോയി.
അത്രേയുള്ളൂ കാര്യങ്ങൾ.
Fb 30/12/19
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home