അച്ഛൻറെ ഓർമ്മയിൽ
വായനയുടെ ലോകത്തിൽ ദിശാബോധം ഉണ്ടാക്കിത്തന്നത് അച്ഛനാണ്. രണ്ടാം ക്ലാസ്സിലെത്തുമ്പോഴേക്കും നല്ല ഒഴുക്കോടെ വായിക്കാൻ ശീ ലമായിക്കഴിഞ്ഞിരുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പ് വീട്ടിൽ വരുമായിരുന്നു. അതിലൂടെ നന്തനാരും മാലിയുമായിരുന്നു ആദ്യ ആകർഷണം.പിന്നെ മലയാറ്റൂരും ഒവി വിജയനും സി രാധാകൃഷ്ണനും വികെഎന്നും ഒക്കെ മനസ്സിൽ കുടിയേറി.
പാഠപുസ്തകത്തിനപ്പുറം ഒരു പുസ്തകം ആദ്യമായി വായിച്ചത് ഉറൂബ് ന്റെ കുഞ്ഞമ്മയും കൂട്ടുകാരുമാണ്. അമ്മാവന്മാർ ആരോ വീട്ടിൽ വെച്ച് മറന്നുപോയതോ മറ്റൊ ആണ്. എംവി ദേവന്റെ (ഊഹം) വരകളോടെ ഉള്ളത്. ഇത് ഞങ്ങൾ കുട്ടികളുടെ ഒരു കൂട്ടവായനയായിരുനിന്നു. കുട്ടികൾ എന്നുവെച്ചാൽ ചേച്ചി, ചെറിയമ്മ (ചേച്ചിയുടെ സമപ്രായം) ഞാൻ ,പിന്നെ കേൾവിക്കാരായി അനിയനും അനിയത്തിയും. ആവർത്തിച്ചാവർത്തിച്ച് "കിഴക്കോട്ടുള്ള മൂന്നാമത്തെ ബസും പോയക്കഴിഞ്ഞപ്പോൾ അച്ചുതൻ നമ്പൂതിരി ഒന്ന് നെടുവീർപ്പിട്ടു." എന്നാരംഭിക്കുന്ന ഇത് മിക്കവാറും മനഃപാഠമായി കഴിഞ്ഞിരുന്നു..
അടുത്ത പുസ്തകം " ഒരു കുടയും കുഞ്ഞുപെങ്ങളും". ചേച്ചിയുടെ അഞ്ചാം ക്ലാസ്സിലെ ഉപപാഠപുസ്‌തകം. ഇത് വാങ്ങിക്കൊണ്ടുവന്നതുമുതൽ പിടിവലിയായിരുന്നു ഞാനും ചേച്ചിയും പിന്നെ ചെറിയമ്മയും. മൂന്നാംക്ലാസ്സുകാരന്നുപരാജയം. എന്നാലും മൂന്നാലുദിവസത്തിനുള്ളിൽ വായിച്ചുതീർത്തു. പിന്നെ വായന മിക്കവാറും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒതുങ്ങി. മാതൃഭൂമിക്കുപുറമേ കുങ്കുമം മലയാളനാട് വാരികകൾകൂടി വാങ്ങാൻ തുടങ്ങിയതോടെ ഒരുപാട് നോവലുകൾ വായിക്കാൻ തുടങ്ങി. ഒരുദേശത്തിന്റെ കഥ ഗണദേവത ദ്വന്ദയുദ്ധം നക്ഷത്രങ്ങളെ കാവൽ നെല്ല് യക്ഷി ഖസാക്കിന്റെ ഇതിഹാസം എന്നിവയെല്ലാം ഇങ്ങനെ വാരികകളിലൂടെ വായിക്കാൻ പറ്റി.
അഞ്ചാം ക്ലാസിലെത്തിയപ്പോൾ ലൈബ്രയിൽനിന്നു പുസ്തകം കിട്ടുമായിരുന്നു.പക്ഷെ ചാർജുള്ള മാഷെ കണ്ടുകിട്ടുക ദുഷ്കരമായിരുന്നു. പിറ്റേ വർഷം കുറച്ചകലെ ഉള്ള സിസി സ്മാരകലൈബ്രറിയിൽ അച്ഛൻ മെമ്പർഷിപ് എടുത്തുതന്നു. ഞാനും അനിയനും കുടി അവിടെപ്പോയി. അലമാരിയിൽ നിറയെ പുസ്തകങ്ങൾ ആദ്യമായി കാണുകയാണ്. ഏത് എടുക്കും. കാറ്റ്‌ലോഗ് ഒക്കെ നോക്കാനുള്ള അറിവോ പരിചയമോ ഇല്ല. പിന്നെ, നിശ്ശബ്ദ അന്തരീക്ഷം ആകെ ഒരു പരിഭ്രമം. മേശപ്പുറത്ത് കുറെ പുസ്തകങ്ങൾ വരിക്കാർ മടക്കിയത് അട്ടിവെച്ചിരിക്കുന്നു. അതിൽ പരതി. ഒരു പുസ്തകം തടഞ്ഞു. ജി.വിവേകാനന്ദന്റെ 'പൊട്ടൻ നിലാണ്ടൻ'. അക്കാലത്താണ് കള്ളി ചെല്ലമ്മ സിനിമ ഇറങ്ങിയത്. അതിന്റെ കഥാകാരൻ മോശമാവില്ല (ചെമ്മീൻ _തകഴി പോലെ) എന്ന യുക്തിയിൽ പിന്നൊന്നും ആലോചിച്ചില്ല. അതുതന്നെ എടുത്തു. രണ്ടാം ദിവസമാണ് അച്ഛൻ പുസ്തകം കാണുന്നത്. അന്നുരാത്രി വിക്തോർ യൂഗോ വിന്റെ Les miserables ന്റെ കഥ അച്ഛൻ ഞങ്ങൾക്ക്. പറഞ്ഞുതന്നു. ഒടുവിൽ ഇങ്ങനെയും " ഇത്തരത്തിൽ മഹത്തായ പുസ്തകങ്ങൾ ഉണ്ട് .അവ തെരഞ്ഞെടുത്തു വായിക്കാൻ ശ്രമിക്കുക. നല്ല നേരങ്ങൾ പൊട്ടൻ നീലാണ്ടന്മാർക്ക് നൽകാൻ ഉള്ളതല്ല". എനിക്ക് വായനയുടെ കാര്യത്തിൽ ലഭിച്ച ഏക മാർഗനിർദ്ദേശം.
അങ്ങനെ ഹൈ സ്കൂളിലെത്തുമ്പോഴേക്കും വായനക്ക് നല്ല ഒരടിത്തറ നേടിക്കഴിഞ്ഞിരുന്നു. ഇക്കാലത്ത് മാതൃഭൂമി ആഴ്‌ച്ചപതിപ്പിൽ തുടർച്ചയായി വന്ന മന്മഥ് നാഥ് ഗുപ്‌തയുടെ "ജീവിച്ചിടുന്നു മൃതിയിൽ" എന്ന കൃതി എന്റെ രാഷ്ട്രീയ വീക്ഷണം രുപപ്പെടുത്തിയതിലും ഇടത്തോട്ടു തിരിച്ചതിലും വലിയപങ്കു വഹിച്ചിട്ടുണ്ട്. അത് വരെ ദേശീയ പ്രസ്ഥാനത്തിന്റെ കോൺഗ്രസ് അപദാനങ്ങൾ മാത്രം കേട്ടു ശീലിച്ച എനിക്ക് മറ്റൊരു വീക്ഷണം കൂടി സാദ്ധ്യമാക്കിത്തന്നത് ഈ കൃതിയാണ്..
FB 19/06/16
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home