Friday 11 September 2020

യാതൊരു

 യാതൊരു പണിക്കും പോവാതെ,   മറ്റുള്ളവരെപ്പറ്റി യാതൊരു വിചാരവുമില്ലാതെ , മൂത്തവരെ യാതൊരു പേടിയും ബഹുമാനവുമില്ലാതെ, ചോദിച്ചതിന് യാതൊരു മറുപടിയുംപറയാതെ,  യാതൊന്നും അറിയാത്തപോലെ,  ഇങ്ങനെ  യാതൊന്ന്  മുത്തശ്ശി അമ്മമ്മ അമ്മമാരുടെ സംഭാഷണങ്ങളിൽ എപ്പോഴും കേറിവന്നിരുന്നു.  ചിലനീട്ടലും കുറുക്കലും  ആ യാതൊന്നിന് സംഭാഷണത്തിൽ ഊന്നൽ കൊടുത്തിരുന്നു.  യാതോാാ.....രു  വിചാരം  ചിലർക്ക്  യാാാ...തൊരുവിചാരമെന്നാവും..


ഇപ്പോൾ ഈ വാക്ക് അങ്ങനെ വ്യാപകമായി  ഉപയോഗിച്ചു കാണുന്നില്ല . ഡിഗ്രികളാസ് വരെയെങ്കിലും എന്റെ പദസമ്പത്തിൽ ഉണ്ടായിരുന്നു. സമരകാലത്ത് തയ്യാറാക്കിയാ ഏതോ നോട്ടീസിൽ  അതുകണ്ട്  ആരോ പ്രാചീനഭാഷയെന്ന് കളിയാക്കിയിരുന്നു. മലയാളം ആൻസർ പേപ്പറിൽ മൂന്നിടത്ത് എംജി ശശിഭൂഷൺ സാർ അത് underline ചെയ്തിട്ടതും ഓർക്കുന്നു.  ഏതായാലും എഴുത്തിലും പറച്ചിലിലും ഒന്നും ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം.  


ഇതൊക്കെ ഓർക്കാൻ കാരണം പി.കെ ബാലകൃഷ്ണന്റെ 'ഇനി ഞാനുറങ്ങട്ടെ' വായിച്ചതാണ്. ഒരു മുപ്പത് തവണയെങ്കിലും 'യാതൊന്ന്' ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴാണ് നോവൽ വായിക്കുന്നത്.  ചിലപ്പോൾ ഈഗണത്തിൽ പെട്ട മറ്റുള്ളവ ആദ്യമേ വായിച്ചതുകൊണ്ടാവാം നോവൽ അത്രയൊന്നും ഇഷ്ടമായില്ല.  വിധി വിഹിതങ്ങളെപ്പറ്റിയുള്ള ചിന്തകളും ദഹിച്ചില്ല. ദ്രൗപദിയെപ്പോലെ നാസ്തികത്വം കൂട്ടിയത് കൊണ്ടാവും.  ഭർത്താക്കന്മാർ അഞ്ചുപേരും മഹാരഥികൾ എന്നനിലയിൽ കർണ്ണന് സമശീർഷർ  ആയിരുന്നില്ല എന്ന ദ്രൗപദിയുടെ തിരിച്ചറിവിലുപരി , താൻ സുമംഗലി ആയിരിക്കുന്നതുപോലും അയാളുടെ കനിവിലാണെന്ന തിരിച്ചറിവിലുപപരി, അവളുടെ മാനം കാക്കൽ അവരെ സംബന്ധിച്ച് അത്ര പ്രധാനമായിരുന്നില്ല എന്ന തിരിച്ചറിവ് ആണ് കൂടുതൽ ചിന്തിപ്പിക്കുന്നത്. നിയോഗങ്ങളും ഊഴങ്ങളും അവളുടെ സമ്മതം ചോദിക്കാതെ കുന്തിക്കും, യുധിഷ്ഠിരനും  എന്തിന് ,ചങ്ക് ബ്രോ കൃഷ്ണനുപോലും  മറ്റൊരാൾക്ക് വാഗ്ദാനം ചെയ്യാമെന്നതാണ്.😢 ഇതെല്ലാം വേണ്ടത്ര ആഴത്തിൽ സ്പർശിച്ചുവോ എന്ന സംശയം ബാക്കി



  വാൽ  : അതുപോലെ അക്കാലത്ത്  ധാരാളമായി കേട്ടിരുന്ന, ഉപയോഗിച്ചിരുന്ന   കേട്ടാറെ, പോയാറെ, . 'കണ്ടാറെ'   ചെന്നാറെ    എന്നൊക്കെയുള്ള പ്രയോഗങ്ങളും ഏറെക്കാലം എന്നോടൊപ്പമുണ്ടായിരുന്നു. "ഞ്ഞി ന്താ സുവിശേഷം പറയാൻ പോക്കുണ്ടോ"  എന്ന് ചാക്കോ സഖാവ്   കളിയാക്കുമായിരുന്നു.

04/06/20  FB

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home