Saturday 12 September 2020

ആ പുസ്തകം ഈ പുസ്തകം ഏ പുസ്തകം

 വായന കുറച്ചുകാലമായി കുറഞ്ഞുവരുന്നുണ്ട്. റിട്ടയർചെയ്ത ശേഷം  വായിക്കണമെന്ന് കരുതി വെച്ചപുസ്തകങ്ങൾ അതേപടി ഇരിക്കുന്നു.  ഉള്ള വായനതന്നെ  ഇടക്കാലത്ത് kindle ലേക്ക് മാറിയിട്ടുമുണ്ട്.


പുസ്തകക്കടക്കാരുടെ വിൽപനക്കണക്ക് വെച്ച് പുസ്തകവായന കൂടിയെന്നോ കുറഞ്ഞിട്ടില്ലെന്നോ പറയുന്നതിൽ കാര്യമില്ല. വാങ്ങിക്കൊണ്ട് വെച്ച അതേ നിലയിൽ ഇരിക്കുന്ന പുസ്തകങ്ങൾ വീട്ടുലൈബ്രറികളിൽ കണ്ടിട്ടുണ്ട്. 

അടുത്തിടെ ഒരു ലൈബ്രറിയിൽ പുസ്തകത്തിന്റെ മടക്കതീയതി രേഖപ്പെടുത്തുന്നസ്ലിപ്  ഒരു കൗതുകത്തിന് നോക്കിയതാണ്. പലതും  അഞ്ചുവർഷത്തിടയിൽ രണ്ടോ മൂന്നോപേർ മാത്രമേ എടുത്തിട്ടുള്ളൂ. ആഴ്ചകളോളം ലൈബ്രറിയന്റെ  പിറകെക്കൂടിയിട്ടാണ് അതിൽ ചിലതെല്ലാം ഒരുകാലത്ത് വായിക്കാൻ കിട്ടിയിരുന്നത്.


ഭൂരിപക്ഷം  വായനക്കാരും എന്തായാലും  kindle പോലുള്ളവയിലേക്ക് മാറിയിട്ടൊന്നുമുണ്ടാവില്ല.പുസ്തകം വായിക്കുന്നതിന്റെ  രസം kindle ൽ കിട്ടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ തോന്നിയിട്ടില്ല.   എന്റെ ഇ ബുക്ക്  വായനയിൽ മലയാളം ഇതുവരെ വന്നിട്ടില്ല. (അതു ലഭ്യമാണോ എന്നതും അറിയില്ല അഥവാ അന്വേഷിച്ചിട്ടില്ല)


    വേറെ ഡിക്ഷണറിനോക്കാതെ തന്നെ അർത്ഥം അറിയാൻ പറ്റും , വായനയുടെ flow പോവില്ല. കണ്ണുപിടിക്കാതെ വരുമ്പോൾ അക്ഷരം വലുതാക്കാൻ പറ്റും , കൊണ്ടുനടക്കാനും സൂക്ഷിക്കാനും സൗകര്യം (പ്രത്യേകിച്ച് ഇടയ്ക്കടെ ഷിഫ്റ്റ് ചെയ്യുന്നവർക്ക് .) വായിച്ചിട്ടു തരാമെന്ന് പറഞ്ഞു കൊണ്ടുപോയി തിരിച്ചു കിട്ടാത്ത അവസ്ഥയില്ല. ( ഇതിൽ ലാഭവും നഷ്ടവും ഉണ്ട് 😀).  ചില, അസൗകര്യങ്ങൾഉണ്ട്‌. പെട്ടെന്ന് പിന്നോട്ടൊന്നുപോകാനും, വലിയപുസ്തകമൊക്കെ ആവുമ്പോൾ  തീരാറായോ എന്ന ആകാംക്ഷ ശമിപ്പിക്കാനും  പുസ്തകംവായിക്കുമ്പോളുള്ളത്ര എളുപ്പമല്ല . 


പക്ഷെ ഇതൊക്കെ ഒരു പ്രശ്നമാണോ. ശീലിച്ചതിൽ നിന്ന് മാറാനുള്ള ഒരു സ്വാഭാവിക വിമുഖത എന്നേ കരുതുന്നുള്ളൂ. 


കല്ലിൽ നിന്ന് തകിടിലേക്കും, തുകലിലേക്കും, ഓലയിലേക്കും, കടലാസിലേക്കും  (ഈ ഓഡറിൽ ആവണമെന്നില്ല) മാറിയപ്പോഴൊക്കെ ഈ ഒരു പ്രശനം അഭിമുഖീകരിച്ചിട്ടുണ്ടാവും. അതുകൊണ്ട് ഇതിലൊക്കെ അയഞ്ഞനിലപാടെ പറ്റൂ. ഇനിയും മാറ്റങ്ങൾ വരാം അതും ഉൾക്കൊള്ളാം

അല്ലാതെ പുസ്തകത്തിന്റെ സുഖം ഈ ബുക്ക് തരില്ല എന്നൊന്നും  വിധിക്കേണ്ടതില്ല.


എഴുതിയതിലും വായിച്ചതിലും കാമ്പ് ഉണ്ടോ എന്നതാണ് കാര്യം. 


  NB : ബോണ്ട് പേപ്പറിൽ പാർക്കർപേനകൊണ്ട് എഴുതിയാലേ കവിതയെഴുത്ത് സുഖാവൂ എന്നൊരു തള്ള്  ഏതോ എഴുത്ത് ക്യാമ്പിൽ ഒരിക്കൽ കേട്ടിട്ടുണ്ട്. 


 എന്നാൽ അതിനും മേലെ, വണ്ടിയാപ്പീസിലെ കാലൊടിഞ്ഞ ബഞ്ചിലിരുന്ന് ബൗണ്ട്ബുക്കിൽ കുറ്റിപെൻസിൽകൊണ്ടെഴുതിയത് പി  യും ,നിവേദ്യത്തിനുള്ള ശർക്കര പൊതിഞ്ഞ കടലാസിൽ നോക്കി ആദ്യമായി അക്ഷരം കൂട്ടി വായിച്ചത് വി ടിയും  പറഞ്ഞ് തന്നിട്ടുണ്ടല്ലോ.


FB 12/06/19

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home