നിലവിലുള്ള സമൂഹത്തോടും മുൻ തലമുറകളോടും നിരന്തരം കലഹിച്ചുകൊണ്ടാണ് ഓരോ പുതു തലമുറയും തന്റേടം സ്ഥാപിച്ചിട്ടുണ്ടാവുക. ഇന്ന് 50 വരെയെങ്കിലും എത്തിയവർ അത്ര ശിശു സൗഹൃദമായ ഒരു ബാല്യകൗമാരങ്ങളിലൂടെയോ അതുപോലെയുള്ള യൗവനത്തിലൂടെ യുമൊന്നുമല്ല കടന്നു വന്നിട്ടുള്ളത്. ശിശു സൗഹൃദത്തിന് നിയമമുണ്ടാക്കുന്നവർ നല്ല തല്ല് കിട്ടി വളർന്നു വന്നവർ തന്നെയാണ്. കൂടുതൽ സ്നേഹവാത്സല്യങ്ങൾ കാണിക്കുന്നത് കുട്ടികളെ വഷളാക്കുമെന്നൊരു ധാരണ ഉണ്ടായിരുന്നു. കൂടുതൽ പോയിട്ട് അല്പമെങ്കിലും കാണിക്കാൻ പോലും മടി യായിരുന്നു. പ്രകടിപ്പിക്കാത്ത സ്നേഹം നനഞ്ഞ കമ്പിളിപ്പുതപ്പു പോലെയാണ് എന്ന് ആരോ ( മാധവിക്കുട്ടി?) എഴുതിയിട്ടുള്ളത് ഇതൊക്കെ കൊണ്ടാവും. അന്നൊക്കെ പിള്ളേരെ തല്ലുന്നതിനല്ല തല്ലാതിരിക്കുന്നതിനാണ് കാരണം വേണ്ടിയിരുന്നത് എന്ന് തോന്നുന്നു. "അച്ഛനിങ്ങ് വരട്ടെ ഇന്ന് നിന്റെ പുറം പൊളിക്കും" എന്ന താക്കീത് ഒരു സ്ഥിരം പല്ലവി യായിരുന്നു. "ഇറച്ചിക്ക് നോവറിയാത്തതിന്റെ കുഴപ്പമാചെക്കന് "എന്ന അനുപല്ലവിയും. നെറ്റ് റിസൾട്ട് ആകെ ഇത്തിരി ഇറച്ചികൂടുതലുള്ള ഭാഗം കാർന്നോമ്മാരും ബാക്കിയുള്ളത് സ്കൂളിലെത്തിയാൽ മാഷന്മാരും തല്ലി തൊലിപൊളിക്കും.
അച്ഛനും അമ്മയ്ക്കും അമ്മാവന്മാർക്കും അധ്യാപകകർക്കും എന്തിന്ഒന്ന് രണ്ടുവയസ്സിനു മൂത്തവർ ക്ക് വരെ കൈവെക്കാൻ കഴിയുന്നതായിരുന്നു ബാല്യങ്ങൾ. കൈപിടിച്ച് നടക്കുമ്പോൾ ഒന്ന് കാലതെറ്റി വീണാൽ പോലും "ശ്രദ്ധിച്ച് നടന്നൂടെ ചെക്കാ" എന്നോക്ക ചോദിച്ച് ഒരു കിഴുക്കെങ്കിലും തന്നെ മുട്ടിലെ തോലുപോയോ എന്ന് നോക്കുമായിരുന്നുള്ളു. രാവിലെ തലയിൽ തേക്കാൻവെച്ച എണ്ണ തട്ടിതൂവിയത്തിനു ,തേക്കുമ്പോൾ സോപ്പ് വഴുതി മണ്ണിലിട്ടതിന് തല നനന്നായി തുവർത്താത്തത്തിന് തുടങ്ങി രാത്രി ഉറങ്ങുന്നത് വരെ ഒരുപാട് തല്ലുകൾഏറ്റുവാങ്ങാനായിരുന്നു ഓരോദിവസവും പുലർന്നിരുന്നത്. സന്ധ്യാനേരത്ത് പഠിപ്പിക്കാനിരിക്കുന്ന അച്ചന്മാർ വീട്ടിലുണ്ടെങ്കിൽ പിന്നെ പറയുകയെ വേണ്ട.ഏറ്റവും നന്നായി തല്ലുന്ന മാഷായിരിക്കും കുട്ടികൾക്കൊഴികെ നാട്ടിലെഹീറോ. കുട്ടിയും പട്ടിയും തല്ല്‌കിട്ടും തോറും നന്നാവും എന്ന പറച്ചിൽ പരക്കെ ഉണ്ടായിരുന്നു. ( പെണ്ണും പൊന്നും അടിക്കും തോറും തിളങ്ങും എന്നൊരു സ്ത്രീവിരുദ്ധ വേർഷനും ഉണ്ട്)
പിൽക്കാലത്ത് ' മാഷെ കയ്യിന്നു കിട്ടിയ അടിയുടെ ചൂട്' എന്നൊക്കെ പറയുമ്പോഴുള്ള ഒരു നിർവൃതി ഹോ ! അതൊന്ന് കാണേണ്ടത് തന്നെയാണ്.
വയലിൽ പന്തുകളിക്കുന്നിടത്ത് ആറ്റിൽ മീന്പിടിക്കുന്നിടത്ത് അങ്ങനെ നാലാള് കൂട്ടിനിൽക്കുന്നിടത്തു നിന്നൊക്കെ കയ്യിൽ കിട്ടിയതു വേലിപത്തലെങ്കിൽ അതുകൊണ്ട് വീട് വരെ ഓടിച്ചിട്ടു തല്ലാൻ മടിയില്ലാത്ത അച്ഛൻമാർ ഉണ്ടായിരുന്നു. കാളയെ തല്ലുമ്പോ ലെ മക്കളെ തല്ലുന്ന ഇവരെ ദൂരെനിന്നു കണ്ടാൽ തന്നെ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ പിള്ളേർക്കുമുണ്ടായിരുന്നു.
നാട്ടിൽ നിറയെ സ്വയം അവരോധിത ലോക്കൽ ഗാർഡിയന്സു മുണ്ടായിരുന്നു. സ്കൂളിൽ സമരമായിരുന്നതും , ജാഥവിളിച്ച് girls സ്കൂളിന്റെ മുന്നിൽ പോയതും ഉച്ചപ്പടം കാണാൻ തിയേറ്ററിൽ പോയതുമൊക്കെ കണ്ടുപിടിച്ച് ഇന്നത്തെ വാട്സാപ്പിലും വേഗത്തിൽ ഡക്കറേഷനെല്ലാം ചേർത്തു വീട്ടുകാരെ അറിയിക്കാൻ ഈ നൂലന്മാർക്ക് വിരുത് ഏറെയായിരുന്നു. ചെക്കന്മാർക് രണ്ട് പെട വാങ്ങിക്കൊടുക്കുന്നതിലുള്ള വല്ലാത്ത ഒരുസുഖം .അല്ലാതെ പിള്ളേർ നന്നായിവരട്ടെ എന്ന് കരുത്തിയൊന്നുമല്ല.
ഇതൊന്നും ഒരു അപരാധമായി തല്ലു കൊള്ളുന്നവനും എടുത്തിരുന്നില്ല എന്നതാണിതിന്റെ മറുവശം. തല്ലുമ്പോൾ എവിടെ എങ്ങിനെ തല്ലുന്നു എന്ന് നോക്കണമെന്നേ ഡിമാന്റ് ഉണ്ടായിരുന്നുള്ളു ." തല്ലണ മെങ്കിൽ തല്ലിക്കോ ,ഉള്ളം കയ്യിൽ തല്ലിക്കോ, മുഖത്തടിക്കാൻ പറ്റൂലാ " എന്നതാണ് സ്കൂളിൽ വിളിച്ച ഓർമ്മയുള്ള ആദ്യത്തെ മുദ്രാവാക്യം . "രാമചന്ദ്ര മുഠാളാ ,കെട്ട്യോളല്ലിത് കുട്ട്യോളാണ്". എന്ന ഇക്കാലം വെച്ചുനോക്കുമ്പോൾ പൊളിറ്റിക്കലി കറക്ട് അല്ലാത്ത അനുബന്ധം കൂടി അതിനുണ്ടായിരുന്നു എന്നും ഓർക്കുന്നു.
ഇതൊക്കെ ഒരുഭാഗത്ത് നടക്കുമ്പോഴും ചെറുത്തുനിന്നും ഒളിവിലും തെളിവിലുമെല്ലാം
ഒരുവിധമെല്ലാ "കുരുത്തക്കേടുകളും" ചെയ്തുകൂട്ടി തന്നെയാവും മിക്കവരും പ്രായപൂർത്തിയിലേക്കെത്തിയിരുന്നത്. പിന്നെ പിന്നെ വലിയ വലിയ പുസ്തകങ്ങളൊക്കെ വായിച്ചാണ് ഇതൊക്കെ പീഡനങ്ങളായിരുന്നുവെന്ന് തിരിച്ചറിഞ്ഞതും ഇതിൽ അവകാശനിഷേധം തൊട്ടു
അസ്തിത്വ ദുഃഖം വരെ കണ്ടെത്തിയതും.
ഇതൊക്കെയാവാം പിന്നെ ശിശുസൗഹൃദത്തിന്റെ പുതിയസമീപനങ്ങളിലേക്ക് നയിച്ചതു എന്നാണെന്റെ നിഗമനം.
പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഈ തല്ലൊക്കെ മധുരതരമായ ഒരു ഗൃഹാതുരത്വമായികിടപ്പുണ്ട്. അതുകൊണ്ടാണല്ലോ പഴയമാഷന്മാരെ കാണുമ്പോൾ അനിർവചനീയമായ ആനന്ദാനുഭൂതികളോടെ മുകുളിതപാണി കളായി മാഷിന്റെ അന്നത്തെചൂരലിന്റെ ചൂട് എന്നൊക്കെ തള്ളുന്നതും മാഷ് അതിലേറെ പുളകിതനായി കേട്ടു നിൽക്കുന്നതും.
അത് തങ്ങളുടെ മക്കൾക്ക് കിട്ടാതെ അഥവാ കൊടുക്കാൻ കഴിയാതെ പോയതിന്റെ കുറ്റ ബോധമാണ് ഇന്ന് ഇടിമുറികളായി വളർന്നത്. യാഥാർഥ്ത്തിൽ രക്ഷിതാക്കളുടെ അജണ്ട നടപ്പാക്കുന്ന ദൗത്യം മാത്രമേ മാനേജ് മെന്റിനുള്ളൂ. അല്ലെങ്കിൽ താടിവടിക്കാത്തതിന് മക്കൾക്ക് ഫൈൻ2000 രൂപ എണ്ണിക്കൊടുത്ത് വീണ്ടും ഇടിമുറിക്കോളേജിലേക്ക് പറഞ്ഞയാക്കുന്നത്തിന്റെ ന്യായമെന്ത്.
പണ്ട് ബസ്സിൽ കൺസഷൻ കിട്ടുന്നില്ല എന്ന മാതിരി പരാതികൾ വീട്ടിൽ പറഞ്ഞാൽ മറുപടിയായി 'നടന്നാലും കോളേജിലെത്തും" (അല്ലാതെ അടുത്ത പി റ്റി എ യോഗത്തിൽ അവതരിപ്പിച്ച് സ്കൂൾ ബസ് വാങ്ങാൻ തീരുമാനിച്ചിരുന്നില്ല) എന്നൊക്കെ കേട്ട് എങ്കിൽ പിന്നെ കൊടിപിടിച്ച് അവകാശം നേടിയെടുത്തിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ച തലമുറകൾ അത്രമണ്ടന്മാരൊന്നുമായിരിക്കില്ലല്ലോ.
കേസ് കോടതികളിലെത്തുമ്പോൾ ആദ്യം കുട്ടികളെ കൈവിടുന്നതാരായിരിക്കും?
FB 17/02/17