പ്ലാവിന്റെ കഥ
അതിരാവിലെ കോളിംഗ് ബെൽ കേട്ടാണ് വാതിൽ തു റന്നത്
"ബാബു പറഞ്ഞിട്ട് വന്നതാണ്
പത്രം ഇടുന്ന ബാബു "
ഒന്നും മനസ്സിലാവാതെനിന്നപ്പോൾ അയാൾ തന്നെ പൂരിപ്പിച്ചു
" ഒരു പ്ലാവിന്റെ കാര്യം പറഞ്ഞിരുന്നു"
അതും പറഞ്ഞുകൊണ്ട് അയാൾ വീടിന് പിന്നിലേക്ക് നടന്നു.
"അവിടെ അല്ല ഇപ്പുറത്താണ്"
"മുറിക്കാൻ പറ്റാത്ത മൂലയിൽ ആയിരിക്കും അല്ലേ"
" ഇതെന്താ ഈ മൂലയിൽ ആരെങ്കിലും പ്ലാവ് വെക്കുമോ"
"അതെന്താ കുഴപ്പം?"
"അല്ല ഈ തെക്ക് കിഴക്കേ മൂലയിൽ ആയതുകൊണ്ട് പറഞ്ഞതാ"
"പ്ലാവ് ആദ്യമേ അവിടെ ഉള്ളതായിരുന്നു. വീടാണ് പുതുതായി അവിടെ വെച്ചത്. അതുകൊണ്ട് പ്ലാവ് വെച്ചാലുള്ള ദോഷത്തിന് വഴിയില്ല".
മറുപടി അയാൾക്ക് അത്ര ഇഷ്ടമായില്ല എന്നു തോന്നുന്നു.
"ആട്ടെ എന്തു കിട്ടണം" അയാൾ പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു.
"നിങ്ങൾക്കല്ലേ ഈ ഫീൽഡിൽ പരിചയം നിങ്ങൾ പറഞ്ഞാൽ മതി"
നിറയെ കുരുമുളക് ആണല്ലോ, അത് മുഴുവൻ അറുത്ത് മാറ്റേണ്ടിവരും. കുറച്ച് നയിപ്പുണ്ട്
"വല്ലാതെ ഇലയുമുണ്ട്. വെട്ടി ഒഴിക്കണം..ആർക്കും ഇപ്പോൾ പ്ലാവിലയൊന്നും വേണ്ട. അതൊക്കെ നിങ്ങൾ മാറ്റേണ്ടി വരും "
"ഓരോ കഷണവും തൂക്കികെട്ടി മുറിക്കേണ്ടി വരും. അടിക്കഷണം വരെ "
"ഈ മതിൽ എന്തായാലും പൊട്ടും"
"വർക്കേരിയയുടെ ഷീറ്റും അടുപ്പിന്റെ പുക കുഴലും പൊട്ടും"
"ആ വാഴക്കൂട്ടം എന്തായാലുംപോവും"
"അതെന്താ മോളിൽ ഷീറ്റ് കൊണ്ട് പൊതിഞ്ഞു വെച്ചത്?
" അത് കഴിഞ്ഞകൊല്ലം ചക്കയുടെ കനം കൊണ്ട് കൊമ്പൊടിഞ്ഞു വീണതിന്റെയാ"
"കൊമ്പ് വെട്ടി കൊടുക്കാൻ നല്ല ചെലവായിട്ടുണ്ടാവുമല്ലോ. അതാ പറഞ്ഞത് പ്ലാവ് കൊണ്ടൊന്നുംഇപ്പോൾ ഒരു മെച്ചവുമില്ല"
പിന്നെ മുകളിലേക്കും താഴേക്കുമൊക്കെ നോക്കി
"ഒരു പതിനഞ്ചു തരും. നാളെ തന്നെ മുറിക്കാൻ ആള് വരും"
"അയ്യോ അത് വല്ലാതെ കുറഞ്ഞുപോയി 60 ന്റെ ഉരുപ്പടി ഉണ്ടാവുമല്ലോ. വിറക് വേറെയും "
"മുറിക്കൂലി, കടത്ത്, ഈർച്ച ഒക്കെ ഇല്ലേ ഒരു രണ്ടുകൂടി ചേർത്ത് 17 തരാം. 15ന് തന്നെ നഷ്ടമാണ്. പിന്നെ ബാബു പറഞ്ഞത് കൊണ്ടാ.."
"ശരി മൊത്തം എത്ര നഷ്ടമാവും"
അയാൾ ചോദ്യഭാവത്തിൽ നോക്കി
"അല്ല മുറിച്ചു കൊണ്ടു പോവുമെങ്കിൽ അതങ്ങോട്ട് തന്നേക്കാം എന്നു വെച്ചാ"
".....കളിയാക്കിയതാണല്ലേ." ശരി ഞാൻ പോണു....
നല്ലൊരു പ്രഭാതത്തിൽ ഇത്രേം നെഗറ്റീവ് കേട്ടാ പിന്നെന്ത് ചെയ്യും
