Thursday 8 December 2011

പാറയുടെ നാനാര്‍ത്ഥങ്ങള്‍ - പാരയുടെയും

                         



ദിയില്‍ എങ്ങും പാറകള്‍ മാത്രമായിരുന്നു .  ചുട്ടുപഴുത്തും തിളച്ചുരുകിയുമുള്ള  പാറകള്‍  പിന്നെ  തണുത്ത് ഉറഞ്ഞും , പൊടിഞ്ഞും. ഇക്കാണുന്ന ഭൂമിയായി .

     പാറ എന്നും  കരുത്തിന്റെ  പ്രതീകമായിരുന്നു .  ഉറപ്പുള്ള പാറമേല്‍  പണിയുന്ന  മന്ദിരത്തെ പറ്റി ബൈബിള്‍  പറയുന്നുണ്ട്.
      നിര്‍മമതയാണ് പാറയുടെ  മുഖമുദ്ര.  അത് വേദാന്ത ഭാവവുമാണ് .ഈശ്വരന്‍ നിര്‍മ്മമനും നിരാമയനും ആയിട്ടാണല്ലോ  വേദാന്ത സങ്കല്പം .
 
  മനുഷ്യന്റെ  കരുത്തിനെ  മഹത്വവല്‍ക്കരിച്ചുകൊണ്ട്‌  '' കരിമ്പാറ പൊട്ടിച്ചുടക്കുന്ന  കൈകള്‍ മരിക്കാത്ത  കൈകള്‍  മനുഷ്യന്റെ  കൈകള്‍  ''  എന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്  പാടുന്നത്  അതുകൊണ്ടുതന്നെ യാണ്
 
ദാമ്പത്യത്തില്‍ ഉണ്ടാവുന്ന മരവിപ്പിനെ (Frigidity )  " തടശില പോലെ തരംഗലീലയില്‍"   എന്നാണ് ആശാന്‍  ലീലാ കാവ്യത്തില്‍  വിശേഷിപ്പിച്ചിട്ടുള്ളത് .
     സന്നിഗ്ധ ഘട്ടങ്ങളില്‍  ഒന്നും ചെയ്യതിരിക്കുന്ന നയത്തിനെ  ആണ്  അനങ്ങാപ്പാറ നയം  എന്ന് വിളിക്കുന്നത്‌ . രാഷ്ട്രീയത്തിലും   ഭരണനയപരിപാടികളും  ആണ് ഇത്  വിജയകരമായി  പ്രയോഗിച്ചു കാണുന്നത്.  മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ വെല്ലാന്‍  ഇക്കാര്യത്തില്‍  ആര്‍ക്കെങ്കിലും കഴിഞ്ഞോ  എന്നത് സംശയമാണ് .    മന്‍മോഹന്‍ജി  ഒരുപക്ഷെ  അദ്ദേഹത്തെയും കടത്തി വെട്ടിയേക്കാം . 
   
നേതാവിനുപിന്നില്‍ പാറപോലെ ഉറച്ചുനില്ക്കുമെന്നു തങ്ങളുടെ കൂറ്വെളിപ്പെടുത്താന്‍  രാഷ്ട്രീയക്കാര്‍  പ്രഖാപിക്കാറുണ്ട് .  ഇതുപോലെ  ഇന്ദിരാ ഗാന്ധിയുടെ  പിന്നില്‍ പാറ പോലെ   ഉറച്ചുനില്‍ക്കും  എന്ന് പ്രഖ്യാപിച്ചതിന്റെ  മൂന്നാം നാള്‍ പിന്തുണയും  പിന്‍വലിച്ചു  രാജിയും വെച്ചിറങ്ങിപ്പോയി  ഉറപ്പില്ലാത്ത  പാറകളും ഉണ്ടെന്നു  കാണിച്ചുതന്നു   മഹാനായ  ആന്‍റണി 
            കൊത്തുപണി ഉള്‍പ്പെടെ  എല്ലാ പാറപ്പണികളിലും  അയല്‍ക്കാരായ  തമിഴ്‌ സഹോദരന്മാര്‍  മിടുക്ക് തെളിയിച്ചപ്പോള്‍   പാരപണിയിലാണ്  നമ്മള്‍ മലയാളികള്‍ തെളിഞ്ഞത്.  വന്നു വന്ന് അച്ഛന്‍ മക്കള്‍ക്കും  മക്കള്‍ തിരിച്ചും  പാരവെക്കുന്ന കാലമാണ്
ഇപ്പോള്‍ . അച്ഛന്‍  വെച്ച പാര  നെഞ്ഞിലാണ്‌ കൊണ്ടതെന്ന്  മകന്‍ മുരളീധരന്‍  വിലപിച്ചത്  നാം കേട്ടതാണ്.  

               മുന്‍  മന്ത്രി  ബാലകൃഷ്ണപിള്ളയുമായി ഉടക്കിയ   ഒരു അധ്യാപകനെ   പാരകയറ്റിയ  സംഭവം  വിവാദമായതാണല്ലോ.   കബന്ധം എന്നതിന്റെ അര്‍ത്ഥമാരാഞ്ഞ പേരക്കിടാവിന് പരിചാരകന്റെ തല വെട്ടിമാറ്റി അത് യഥാര്‍ത്ഥത്തില്‍ കാട്ടി  കൊടുത്ത്  അര്‍ത്ഥബോധം വരുത്തിയ  മാടമ്പി നാടുവാഴിയുടെ കഥ കേട്ടിട്ടുണ്ട് . പാര വെപ്പ് അഥവാ പാര കേറ്റല്‍ ശൈലിക്കപ്പുറം എന്താണെന്ന് യഥാര്‍ത്ഥത്തില്‍    കാട്ടിത്തരുകയായിരുന്നു  വാളകത്ത്  നമ്മുടെ  പിള്ള   മാടമ്പി.
       പണ്ടൊരു കാരണവര്‍   ജീവിതം  മുഴുവന്‍  അനന്തരവന്മാരെ അവോളം   ദ്രോഹിച്ച്,  ഒടുവില്‍  വാര്‍ധക്യകാലത്ത്  മരണ ശയ്യയില്‍ കിടക്കുകയാണ് .  അനന്തരവന്മാരെ എല്ലാം  വിളിച്ചുവരുത്തി  അവസാന  ആഗ്രഹം  അറിയിച്ചു  . താന്‍ മരിച്ചാല്‍  ദഹിപ്പിക്കും മുന്‍പ് അനന്തരവന്മാരെല്ലാം കൂടി  ഒരു  കവുങ്ങിന്‍  നാട്ട ( വാരി)  കൂര്‍പ്പിചെടുത്തു  ആസനം വഴി  മൂര്‍ധാവിലേക്ക് അടിച്ചു കയറ്റണം.  
           എത്ര ദ്രോഹിയായിരുന്നാലും   അമ്മാവനല്ലേ  അവസാന  ആഗ്രഹമല്ലേ .   അനന്തരവന്മാര്‍ കാരണവര്‍  പറഞ്ഞത് പോലെ തന്നെ  ചെയ്തു.   മരണ വിവരമറിഞ്ഞ്  നാട്ടുകാര്‍  വന്നപ്പോഴത്തെ  സ്ഥിതിഎന്താ  .   കാരണവര്‍  പാര കേറ്റി കൊലചെയ്യപ്പെട്ടമട്ടില്‍.  ചുരുക്കത്തില്‍  അനന്തരവന്മാരുടെ ശിഷ്ട കാലം  ജയിലില്‍.  അങ്ങനെ  ചത്താലും ദ്രോഹിക്കാന്‍  കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തില്‍   കാരണവര്‍  സ്വര്‍ഗത്തിലും.  പാര  കളെപ്പറ്റി പറയുമ്പോള്‍  അതിന്റെ   പൂര്‍വ്വകഥ  ഇതാണെന്ന്   ആരെങ്കിലും ഓര്‍ക്കാറുണ്ടോ.   
             ഇങ്ങനെ  പാറകളെ ( പാരകളെ) കുറിച്ച് ഇനിയും ഒരുപാടുപറയാം   .  അത്  എന്തൊക്കെ ആയാലും ,  ഉറച്ച പാറമേല്‍   മന്ദിരം പണിയുക തന്നെയാണ്  നമുക്ക് കാമ്യം.  ആ മന്ദിരങ്ങള്‍ സ്നേഹത്തിന്റെ  ഭവനം കൂടി ആയിരിക്കട്ടെ !
 

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home