Tuesday, 15 November 2011

പേരും പൊരുളും

what 's  in a name ?  that  which  we call a rose  by any other name   would smell as sweet ( Romeo and Juliet )II -1 -2 
     ഷേക്ക്‌ സ്പീയരിന്റെ  വരികളാണിത്  പേരിലെന്തിരിക്കുന്നു പനിനീര്‍ പുഷ്പം  മറ്റെന്തു പേരിട്ടു  വിളിച്ചാലും നറുമണം തൂവുക  തന്നെ ചെയ്യും. പക്ഷെ വര്‍ത്തമാന കാല സംഭവങ്ങള്‍  പലതും  വീക്ഷിക്കുമ്പോള്‍ പേരില്‍  പലതും ഇരിക്കുന്നു  എന്ന് കാണാം .ഒരു കഥാപാത്രത്തിന്  നല്‍കിയ  പേരിനു പ്രവാചകന്റെ  പേരുമായി ബന്ധമാരോപിച്ചാണല്ലോ തൊടു പുഴയില്‍  ഒരധ്യാപകന്റെ  കൈപ്പത്തി  വെട്ടിമാറ്റിയത്.


     വര്‍ഷങ്ങള്‍ക്കു  മുന്‍പാണ് .  ഗോപാലിക എന്ന് പേരുള്ള  ഒരന്തര്‍ജ്ജനം അറബടീച്ചറായി വന്നത് പലരുടെയും  നെറ്റി ചുളിപ്പിച്ചു .  അവര്‍ക്ക് ജോലി  തുടരാനായില്ല .  പഠിപ്പിക്കാന റിയാഞ്ഞിട്ടോ പഠിപ്പിച്ചത്  കുട്ടികള്‍ക്ക്  മനസ്സിലാകാഞ്ഞിട്ടോ  അല്ല .   അവരുടെ പേരിനു  ഒരു മത പ്രാതിനിധ്യമുണ്ടെന്നും പഠിപ്പിക്കുന്ന  ഭാഷ മറ്റൊരു പ്രാതിനിധ്യസ്വഭാവമുള്ളതാണെന്നും ഉള്ള  , അതിസങ്കുചിതമായ,  ചിലരുടെ  ധാരണകളാണ്  അധ്യാപികക്ക്  തടസ്സം  സൃഷ്ടിച്ചത് .
    
     അടുത്തകാലത്ത്‌  കണ്ട  ഒരു പത്രവാര്‍ത്തയാണ് .  ഒരാനയെ  തിടമ്പെഴുന്നള്ളിക്കുന്നതില്‍നിന്നു ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍വിലക്കി. ആന ലക്ഷണമൊത്തതായിരുന്നു. പക്ഷേ അതിന്‍റെ പേര്- അക്ബര്‍-  ആണ് കുഴപ്പം ഉണ്ടാക്കിയത്  ആ പേരിനു  ഒരു മതം ഉണ്ടെന്നും അത് ക്ഷേത്രപ്രവേശനത്തിനു  അര്‍ഹതയില്ലാത്തവന്‍റെതാണെന്നും  ആര്‍ക്കോ  ഉണ്ടായ വെളിപാടാണ്  പ്രശ്നം  സൃഷ്ടിച്ചത്. ( ഇനി ആനക്കും  പശുവിനും  പട്ടിക്കുമെല്ലാം  പൂണൂലും  സുന്നത്തും  മാമോദീസയും  ഒക്കെ  വന്നേക്കുമോ എന്തോ ?)


   പണ്ട് മുതലേ   തിരിച്ചറിയാനുള്ള സൂചകമായിരുന്നു  പേരുകള്‍  .  ജനിച്ച് ഏതാനും നാള്‍ക്കകം കുഞ്ഞുങ്ങള്‍ക്ക്‌  പേരിടുന്ന  സമ്പ്രദായം  ചരിത്രാതീതകാലംമുതല്‍ക്കേ ഉണ്ടെന്നാണ്‌ ഗവേഷകന്മാരുടെയും നരവംശ ശാസ്ത്രജ്ഞന്മാരുടെയും  പക്ഷം.  പക്ഷെ  ഇന്ന്  കുഞ്ഞുങ്ങള്‍ക്ക്  പേരിടല്‍  മാതാപിതാക്കള്‍ക്ക്  വലിയൊരു പ്രയത്നം (task ) തന്നെയാണ് .  സ്കൂളില്‍  ചേര്‍ക്കാന്‍ ആകുമ്പോഴും  തങ്ങളുടെ  ആശക്കും അഭിലാഷത്തിനും  സങ്കല്‍പ്പത്തി നും എല്ലാം ഇണങ്ങുന്ന  ഒരു  പേര് കിട്ടാതെ  കുഴങ്ങുന്ന  യുവ  മാതാപിതാക്കളെ  കണ്ടിട്ടുണ്ട്. 
  
    ചെറുപ്പത്തില്‍ ഇട്ട  പേരുകള്‍ക്ക്  ഒരു ചേര്‍ച്ചയും ഇല്ലാത്ത വിധത്തിലാണ്  കാലം  പലരിലും  മാറ്റം  വരുത്തുന്നത് .  അത്  പലരിലും  ഒരുതരം   അധമ ബോധം  സൃഷ്ടിക്കുന്നു . അത്  പേര്മാറ്റത്തിലേക്കും  കൊണ്ടുചെന്നെതിക്കുന്നു  പലരെയും .  ഒടുവില്‍   ആദ്യ പേരും  രണ്ടാമത്തെ  പേരും  ഒപ്പം  കൊണ്ടുനടക്കേണ്ടി  വരുന്ന  ഹതഭാഗ്യന്‍മാരും ഉണ്ട് . 
    
    '  അ ' അഥവാ  ഇംഗ്ലീഷ് ലെ' A ' എന്ന അക്ഷരത്തില്‍  തുടങ്ങുന്ന  പേരുകള്‍  കുട്ടികള്‍ക്കിടാനുള്ള  ഒരു പ്രവണത  ഇന്ന്  മലയാളികള്‍ക്കിടയില്‍  പ്രബലമാണ് .   അങ്ങനെ  തുടങ്ങുന്ന പേരുകള്‍ക്കുള്ള മനോഹാരിതയല്ല  ഇവിടെ മുഖ്യ  ആകര്‍ഷണ  ഹേതു.  അകാരാദിക്രമത്തില്‍  എഴുതുമ്പോള്‍   സ്കൂള്‍ രജിസ്ടര്‍  ഉള്‍പ്പെടെ  ഏതു ലിസ്റ്റിലും  ആദ്യപേരുകാരന്‍ ' അ' എന്ന അക്ഷരത്തില്‍  തുടങ്ങുന്ന പേരുള്ളവന്‍  ആയിരിക്കുമല്ലോ .  അങ്ങനെ  സ്കൂളില്‍  ചേര്‍ന്നത്‌ മുതല്‍  ഒന്നമാനാവട്ടെ  തന്റെ കുട്ടി . ( എങ്ങനെയുണ്ടെന്റെ  ബുദ്ധി  അല്ലെ !! ) പക്ഷെ  ഇന്നത്തെ  ഏതു രജിസ്ടരിലും  ആദ്യത്തെ  പത്തു മുപ്പതു പേര്‍ ' അ' എന്ന അക്ഷരത്തില്‍  തുടങ്ങുന്ന പേരുള്ളവന്‍  ആണ്  എന്നറിയുംപോഴേ ഈ അതിസാമര്‍ത്ഥ്യ പ്രകടനത്തിന്റെ  അര്‍ത്ഥ ശൂന്യത ബോധ്യപ്പെടൂ. 


     പേരിലല്ല  പൊരുളില്‍ ആണ്  കാര്യം  എന്ന്  തിരിച്ചറിഞ്ഞവരാണ് ഷേക്ക്‌സ്പീയറെ പ്പോലെ  ഭാരതീയ  കവികളും .  ആദികവി  വാല്‍മീകി.  എന്നിവരുടെ ഒന്നും  ശരിയായപേരുകള്‍  എന്തെന്ന്  ആര്‍ക്കും അറിയില്ല .  അവരുടെ കൃതികളിലെ  സൂചനകള്‍  പേര്  സംബന്ധിച്ച്  ഒരുപാട്  തര്‍ക്കങ്ങള്‍ക്ക്   വഴിവെക്കുന്നുമുണ്ട്.  കാളിദാസ കവിയുടെ  യഥാര്‍ത്ഥ പേരും  ചരിത്രത്തിലില്ല .   കാളിദാസന്‍  കവിയായതിനെ കുറിച്ച് ഒരു കെട്ടുകഥയുണ്ട് . വാല്മീകിയെ  കുറിച്ച്  ഉള്ളതുപോലെ .  എന്നാല്‍  അക്കഥകള്‍  നടക്കുന്നതിനു മുമ്പ്  ഉള്ള  പേരോ ?  അതാര്‍ക്കും  നിശ്ചയമില്ല .


     അദ്ധ്യാത്മരാമായണ കര്‍ത്താവിനെ തുഞ്ചത്ത്‌ രാമാനുജനെഴുത്തച്ചനെന്നു  വിളിക്കുന്നതും  കേവലം സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് .  തന്റെ ഗുരുവും ജ്യേഷ്ഠനുമായ ''രാമനാമാ ചാര്യന്‍'' എന്ന് വന്ദന ശ്ലോകത്തില്‍  ഒരിടതുള്ള  സൂചനയുടെഅടിസ്ഥാനത്തില്‍  രാമന്റെ  അനുജന്  രാമാനുജന്‍ എന്ന് പേര്‍ കല്‍പ്പിച്ചു  കൊടുത്തു എന്നേയുള്ളൂ .   ഇതേപോലെ ചെറുശ്ശേരി, പൂന്താനം, കുഞ്ചന്‍ നമ്പ്യാര്‍ എന്നീ മഹാകവികളുടെ  യഥാര്‍ത്ഥ പേരുകളും  ഭാഷാ ഗവേഷകര്‍ക്ക്  അജ്ഞാതങ്ങളോ  തര്‍ക്കവിഷയങ്ങളോ ആണ്.


     ആഗോളീകരണം  ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധീശത്വം സ്ഥാപിക്കുന്ന  ഇക്കാലത്ത്  പേരുകളും അതില്‍ നിന്ന് മുക്തമല്ല.  വിപണിയാല്‍  നിയന്ത്രിക്കപ്പെടുന്ന ,  വില്പന സാധ്യതയുടെ പേരില്‍ മൂല്യം  നിര്‍ണ്ണയിക്കപ്പെടുന്ന  ഇക്കാലത്ത്  ഒരര്‍ത്ഥത്തില്‍ പേരും ഒരു ''ചരക്ക് " തന്നെയാണ് .  അതുകൊണ്ടാണല്ലോ  പേരുകള്‍  പേററന്‍ ന്‍റ് (patent) ചെയ്യപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ ഇഷ്ടപ്പെട്ട പേരും വിലാസവും  പാസ്‌ വേര്‍ഡും (  ID and Pass word) സ്വന്തമാക്കാന്‍  ശ്രമിക്കുമ്പോഴറിയാം  നാം സ്വന്തമെന്നു കരുതുന്ന പല പേരുകളും  മറ്റാരോ നേരത്തെ  കൈക്കലാക്കി കഴിഞ്ഞുവെന്ന്


     ഫ്യുഡലിസം അരങ്ങുവാനിരുന്ന പഴയകാലങ്ങളിലും  എല്ലാപേരുകളും എല്ലാവര്ക്കും ഉപയോഗിക്കാന്‍  കഴിഞ്ഞിരുന്നില്ല.  എല്ലാ ജാതിക്കാര്‍ക്കും, പ്രത്യേകിച്ച്  അധസ്ഥിതര്‍ക്കും കീഴാളര്‍ക്കും ഉപയോഗിക്കാവുന്ന പേരുകള്‍ നിജപ്പെടുത്തിയിരുന്നു.  കീഴാളരുടെയും സ്ത്രീകളുടെയും സുന്ദരമായ  പേരുകള്‍ പോലും വക്രീകരിച്ചും  വഷളാക്കിയും മറ്റും  വിളിക്കുന്നത്‌  അന്നത്തെ ആഡ്യ പ്രഭുക്കളുടെ  അവകാശമായിരുന്നു .         (  ഗോവിന്ദന്‍- കൊന്നന്‍- കോന്തന്‍ )   ( ശ്രീദേവി - ചിരുതേയി - ചിരുത ചീരു ) എന്നിങ്ങനെ .


     ഇന്ന് മലയാളികള്‍ പരസ്പരം  പരിചയപ്പെടുമ്പോള്‍ പേര് ചോദിക്കുന്നത്  പലപ്പോഴും അപരന്റെ  ജാതിയും മതവും  അറിയാനാണെന്നു  പ്രസിദ്ധനായ  ഒരെഴുത്തുകാരന്‍ പരിഭവപ്പെടുന്നത്  കേള്‍ക്കാനിടയായി.  പേരിലൂടെ  ജാതിയിലേക്കും പിന്നെ ഉപജാതികളിലേക്കും  നീളുന്ന സൂത്രാന്വേഷണങ്ങള്‍  നേരിട്ടനുഭവിച്ചതാണ്.  ദീര്‍ഘ യാത്രക്കിടയിലെ  പരിചയപ്പെടലുകളില്‍  പ്രത്യേകിച്ചും.  ജാതി ചോദിക്കരുത്  പറയരുത്  എന്ന്  ശ്രീനാരായണ ഗുരു ഉപദേശിച്ച നാട്ടിലാണ് ഇതെല്ലാം  എന്നത്  എത്ര ലജ്ജാകരം.


     '' എന്റെ പേര് നിന്റെ പട്ടിക്കിട്ട് വിളിച്ചോ '' എന്നത് മലയാള സിനിമ സീരിയലുകളിലെ   സ്ഥിരം വെല്ലുവിളി ഡയലോഗാണ്.  വിരോധം തീര്‍ക്കാന്‍ എതിരാളിയുടെ പേര് പട്ടിക്കിടുന്ന പതിവ് കേരളത്തില്‍ ഉണ്ടോ എന്നറിയില്ല!  അതെന്തായാലും  ബ്രിട്ടീഷ്കാരോടുള്ള വിരോധം നിമിതമായിരുന്നോ  എന്തോ  നമ്മുടെ പട്ടികല്‍ക്കെല്ലാം പൊതുവേ ഇംഗ്ലീഷ്ലീ പേരുകളാണ് .


     റോഡ്‌, പാലം,  സ്റ്റേഡിയം  എന്നിവക്കെല്ലാം ദേശീയ- രാഷ്ട്രീയ നേതാക്കളുടെ പേര്‍ ഇടുന്നതാണ്  ഇന്ത്യന്‍ രീതി.  അതുകൊണ്ടുതന്നെ  കൂടുതല്‍ റോഡുകളുടെ ഉടമസ്ഥാവകാശം മഹാത്മാഗാന്ധിക്കും  സ്റ്റേഡിയങ്ങളുടെ  ഉടമസ്ഥത  നെഹ്‌റുവിനും ആണെന്ന് താമാശയായി പറയാറുണ്ട്‌ . ഈപതിവില്‍ നിന്നും വ്യത്യസ്തമായി  ചരിത്രം, ഭൂപ്രകൃതി, സംസ്കാരം, ഐതിഹ്യം എന്നിവയെ അവലബിച്ചാണ് ഇന്ത്യന്‍  റെയില്‍വെ തീവണ്ടികള്‍ക്ക് പേരിടുന്നത്.


     പേരുകള്‍ വെറും പെരുകളല്ല . അതിനുപിന്നില്‍ ഒരു  പൊരുളുണ്ട്.  ആ പൊരുള്‍ തിരിച്ചറിയുകയാണ്  പ്രധാനം. '' പേരറിയാത്തൊരു പെങ്കിടാവേ നിന്റെ  നേരറിയുന്നു ഞാന്‍ പാടുന്നൂ'' ( കോതംബുമണികള്‍) എന്ന ഓഎന്‍ വി യുടെ വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്  നേരയിയാന്‍ തന്നെ യാണ് .  ആ നേരിനെ തിരിച്ചറിയുമ്പോള്‍ കൈവരുന്നത് ഉന്നതമായ മാനവികതയുംആണ്.


     വാല്‍കഷ്ണം :-  മക്കള്‍ക്ക്‌ അവതാരങ്ങളുടെയും  പ്രവാചകന്മാരുടെയും പേരിടുമ്പോള്‍ സൂക്ഷിക്കുക. ആ പേരിനോട് നീതി പുലര്‍ത്തിയില്ല എന്ന് പറഞ്ഞ്  നാം അറിയാതെ അകലങ്ങളിലെവിടെയോ  അണച്ച കത്തിയുമായി ആരോ കാതിരിപ്പില്ലെന്നാരറിഞ്ഞു.

1 comment:

  1. പേരിനെ കുറിച്ചുള്ള ഈ ലേഖനം ഇഷ്ട്ടമായി ...

    ReplyDelete