Monday 28 November 2011

ഗച്ഛ താത യഥാ സുഖം**


വില്‍ക്കുക  വിറ്റഴിച്ചീടുക സര്‍വതും
വിത്തെടുക്കുക കുത്തുക  തിന്നുക 
വില്‍ക്കുവാന്‍  കൈവശം ഒന്നുമില്ലത്തവര്‍ 
ഇക്കളം വിട്ടു  പുറത്തു കടക്കുക
     
         അമ്മയായ്‌ വന്ദിക്കും ആറിനെ  വില്‍ക്കുക
         ശാന്തഗംഭീരം  സമുദ്രവും  വില്‍ക്കുക 
         കാടുമിക്കായലും  പൂത്ത മരങ്ങളും 
         ഒട്ടും മടിക്കേണ്ട  വിറ്റഴിക്കാമിനി 

പേരും പ്രശസ്തിയും  നേടുവാന്‍  പുത്രിതന്‍ 
മേനിയഴകിനെ  വില്‍ക്കാം  മിനി സ്ക്രീനില്‍ 
പുത്രന്‍റെ യൌവ്വനം  വില്‍ക്കാം  വിദേശിക്ക് 
കിട്ടും പണത്താല്‍ ജാരാനര തീര്‍ത്തിടാം++

         പെറ്റമാതാവിനെ  വൃദ്ധ പിതാവിനെ 
         അവയവം മാറ്റുമാസ്പത്രിയില്‍ വിറ്റിടാം
         ഓഹരി ചന്തയില്‍ ചൂതുകളിക്കുവാന്‍ 
         ധര്‍മ പത്നിയെതന്നെ പണയമായ് വെച്ചിടാം

ഈടുവെപ്പുകള്‍ ഒക്കെയും പോകട്ടെ 
നാണക്കേടുകള്‍ ബാക്കിയായ്‌ നില്‍ക്കട്ടെ 
നാണമില്ലാത്തിടത്താലുമുളച്ചതിന്‍
ശീതള  ച്ഛായയില്‍ കോള കുടിച്ചുകൊണ്ട്-
ആയുരാരോഗ്യ സൌഖ്യമായ്‌  വാഴ്ക നീ 
--------------------------------------------------------
**  വാല്മീകി  രാമായണത്തിലെ '' രാമം ദശരഥം വിദ്ധി........ എന്നാരംഭിക്കുന്ന സുമിത്രോപദേശം
++ ആസക്തികളില്‍  മതിവരാതെ  പുത്രന്‍റെ യൌവ്വനം ഇരന്നു വാങ്ങിയ  യയാതി യുടെ  കഥ

Labels:

Friday 18 November 2011

സെക്കന്റ്‌ ഒപ്പീനിയന്‍

''ശരി,  പറയൂ  എന്താണ്  നിങ്ങളുടെ പ്രശ്നം ''  
വായിച്ചുകൊണ്ടിരുന്ന  കേസ്‌ ഫയല്‍  മാറ്റി വെച്ച്  വക്കീല്‍ മുന്‍പിലിരിക്കുന്ന  യുവാവിനോട്  ചോദിച്ചു.
  ''സര്‍,  ഞങ്ങളുടെ  വിവാഹം  കഴിഞ്ഞിട്ട്   ഒരുവര്‍ഷമായി ...'' 
''അപ്പോഴേക്കും  പ്രശ്നങ്ങളായോ  ,   ......?"  വക്കീല്‍ ചോദ്യരൂപത്തില്‍  യുവാവിനെ നോക്കി . 

'' അതല്ല സര്‍ , ഞങ്ങള്‍ക്ക്  ഒരു കുഞ്ഞു വേണമെന്നുണ്ട് .''  
           അപ്പോള്‍ വീട് മാറി  കേറിയതാണ് .  നഗരത്തിലെ  പ്രസിദ്ധ  ഗൈനക്കോളജിസ്ട്ടിന്റെ  വീടിനു  തൊട്ടടുത്ത്‌  താമസമാക്കിയതിന്റെ  ഗുണം . ഇന്നിത്  രണ്ടാം തവണയാണ് .

'' സോറി  നിങ്ങള്ക്ക് വീട് മാറി.ഡോക്ടറുടെ വീട് തൊട്ടടുത്ത  കംപൌണ്ടിലാണ്''    ഉള്ളിലെ  അനിഷ്ടം  മറച്ചുവെക്കാതെ  തന്നെ  വക്കീല്‍ പുറത്തേക്കു  വിരല്‍ ചൂണ്ടി.
''  അല്ല സര്‍  നിയമ പ്രശ്നം തന്നെ യാണ് . ''    യുവാവ്  വിടാന്‍ ഭാവമില്ല .  

കുഞ്ഞു പിറക്കുന്നതിനും നിയമപ്രശ്നമോ  .  നല്ല വട്ട് തന്നെ .  ഇയാളെ എങ്ങിനെ പറഞ്ഞുവിടാം എന്നലോചിക്കുമ്പോള്‍  യുവാവ് തുടര്‍ന്നു
  '' സര്‍   പുതിയ പാററന്‍ന്‍റ്  നിയമങ്ങള്ണ്ടല്ലോ .ആര്യവേപ്പ്  മഞ്ഞള്‍ എന്നിവയുടെതു    പോലും  ആരൊക്കെയോ  കൈക്കലാക്കി എന്ന് കേള്‍ക്കുന്നു . അതുപോലെ  കുഞ്ഞു പിറക്കുന്നതിന്റെയും  പ്രോസ്സസ്  പ്രോഡക്റ്റ് പാററന്‍ന്‍റ്  ആരങ്കിലും  സ്വന്തമാക്കിയിട്ടുണ്ടോ.    പിറക്കാനിരിക്കുന്ന  കുഞ്ഞിനു  എല്‍ കെ ജി  മുതല്‍  പ്ലസ്‌ ടു  വരെ യുള്ള സകല  അഡ്മിഷന്‍ കളും  ബുക്ക്‌ ചെയ്തു കഴിഞ്ഞതാ.      പിന്നീട്  എന്തെങ്കിലും നിയമപ്രശനം വന്നാല്‍ ..... "   . 
  
എന്ത് പറയണമേന്നറിയാതെ  വക്കീല്‍  നില്‍ക്കുമ്പോള്‍ യുവാവ്  തുടര്‍ന്നു. 

''  സര്‍ ഒക്കെ ഒന്ന്  പഠിച്ചുവെക്ക് .  ഞാന്‍ നാളെ വരാം .  ഒരാളെ  കൂടി  കാണാനുണ്ട് .  എല്ലാറ്റിനും  ഒരു സെക്കന്റ്‌  ഒപ്പീനിയന്‍ നല്ലതാണല്ലോ'' . 
സ്തംഭിച്ചിരിക്കുന്ന  വക്കീലിനെ  അങ്ങനെ തന്നെ  വിട്ടുകൊണ്ട്  യുവാവ്  ഇറങ്ങി നടന്നു .

Labels:

Tuesday 15 November 2011

പേരും പൊരുളും

what 's  in a name ?  that  which  we call a rose  by any other name   would smell as sweet ( Romeo and Juliet )II -1 -2 
     ഷേക്ക്‌ സ്പീയരിന്റെ  വരികളാണിത്  പേരിലെന്തിരിക്കുന്നു പനിനീര്‍ പുഷ്പം  മറ്റെന്തു പേരിട്ടു  വിളിച്ചാലും നറുമണം തൂവുക  തന്നെ ചെയ്യും. പക്ഷെ വര്‍ത്തമാന കാല സംഭവങ്ങള്‍  പലതും  വീക്ഷിക്കുമ്പോള്‍ പേരില്‍  പലതും ഇരിക്കുന്നു  എന്ന് കാണാം .ഒരു കഥാപാത്രത്തിന്  നല്‍കിയ  പേരിനു പ്രവാചകന്റെ  പേരുമായി ബന്ധമാരോപിച്ചാണല്ലോ തൊടു പുഴയില്‍  ഒരധ്യാപകന്റെ  കൈപ്പത്തി  വെട്ടിമാറ്റിയത്.


     വര്‍ഷങ്ങള്‍ക്കു  മുന്‍പാണ് .  ഗോപാലിക എന്ന് പേരുള്ള  ഒരന്തര്‍ജ്ജനം അറബടീച്ചറായി വന്നത് പലരുടെയും  നെറ്റി ചുളിപ്പിച്ചു .  അവര്‍ക്ക് ജോലി  തുടരാനായില്ല .  പഠിപ്പിക്കാന റിയാഞ്ഞിട്ടോ പഠിപ്പിച്ചത്  കുട്ടികള്‍ക്ക്  മനസ്സിലാകാഞ്ഞിട്ടോ  അല്ല .   അവരുടെ പേരിനു  ഒരു മത പ്രാതിനിധ്യമുണ്ടെന്നും പഠിപ്പിക്കുന്ന  ഭാഷ മറ്റൊരു പ്രാതിനിധ്യസ്വഭാവമുള്ളതാണെന്നും ഉള്ള  , അതിസങ്കുചിതമായ,  ചിലരുടെ  ധാരണകളാണ്  അധ്യാപികക്ക്  തടസ്സം  സൃഷ്ടിച്ചത് .
    
     അടുത്തകാലത്ത്‌  കണ്ട  ഒരു പത്രവാര്‍ത്തയാണ് .  ഒരാനയെ  തിടമ്പെഴുന്നള്ളിക്കുന്നതില്‍നിന്നു ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍വിലക്കി. ആന ലക്ഷണമൊത്തതായിരുന്നു. പക്ഷേ അതിന്‍റെ പേര്- അക്ബര്‍-  ആണ് കുഴപ്പം ഉണ്ടാക്കിയത്  ആ പേരിനു  ഒരു മതം ഉണ്ടെന്നും അത് ക്ഷേത്രപ്രവേശനത്തിനു  അര്‍ഹതയില്ലാത്തവന്‍റെതാണെന്നും  ആര്‍ക്കോ  ഉണ്ടായ വെളിപാടാണ്  പ്രശ്നം  സൃഷ്ടിച്ചത്. ( ഇനി ആനക്കും  പശുവിനും  പട്ടിക്കുമെല്ലാം  പൂണൂലും  സുന്നത്തും  മാമോദീസയും  ഒക്കെ  വന്നേക്കുമോ എന്തോ ?)


   പണ്ട് മുതലേ   തിരിച്ചറിയാനുള്ള സൂചകമായിരുന്നു  പേരുകള്‍  .  ജനിച്ച് ഏതാനും നാള്‍ക്കകം കുഞ്ഞുങ്ങള്‍ക്ക്‌  പേരിടുന്ന  സമ്പ്രദായം  ചരിത്രാതീതകാലംമുതല്‍ക്കേ ഉണ്ടെന്നാണ്‌ ഗവേഷകന്മാരുടെയും നരവംശ ശാസ്ത്രജ്ഞന്മാരുടെയും  പക്ഷം.  പക്ഷെ  ഇന്ന്  കുഞ്ഞുങ്ങള്‍ക്ക്  പേരിടല്‍  മാതാപിതാക്കള്‍ക്ക്  വലിയൊരു പ്രയത്നം (task ) തന്നെയാണ് .  സ്കൂളില്‍  ചേര്‍ക്കാന്‍ ആകുമ്പോഴും  തങ്ങളുടെ  ആശക്കും അഭിലാഷത്തിനും  സങ്കല്‍പ്പത്തി നും എല്ലാം ഇണങ്ങുന്ന  ഒരു  പേര് കിട്ടാതെ  കുഴങ്ങുന്ന  യുവ  മാതാപിതാക്കളെ  കണ്ടിട്ടുണ്ട്. 
  
    ചെറുപ്പത്തില്‍ ഇട്ട  പേരുകള്‍ക്ക്  ഒരു ചേര്‍ച്ചയും ഇല്ലാത്ത വിധത്തിലാണ്  കാലം  പലരിലും  മാറ്റം  വരുത്തുന്നത് .  അത്  പലരിലും  ഒരുതരം   അധമ ബോധം  സൃഷ്ടിക്കുന്നു . അത്  പേര്മാറ്റത്തിലേക്കും  കൊണ്ടുചെന്നെതിക്കുന്നു  പലരെയും .  ഒടുവില്‍   ആദ്യ പേരും  രണ്ടാമത്തെ  പേരും  ഒപ്പം  കൊണ്ടുനടക്കേണ്ടി  വരുന്ന  ഹതഭാഗ്യന്‍മാരും ഉണ്ട് . 
    
    '  അ ' അഥവാ  ഇംഗ്ലീഷ് ലെ' A ' എന്ന അക്ഷരത്തില്‍  തുടങ്ങുന്ന  പേരുകള്‍  കുട്ടികള്‍ക്കിടാനുള്ള  ഒരു പ്രവണത  ഇന്ന്  മലയാളികള്‍ക്കിടയില്‍  പ്രബലമാണ് .   അങ്ങനെ  തുടങ്ങുന്ന പേരുകള്‍ക്കുള്ള മനോഹാരിതയല്ല  ഇവിടെ മുഖ്യ  ആകര്‍ഷണ  ഹേതു.  അകാരാദിക്രമത്തില്‍  എഴുതുമ്പോള്‍   സ്കൂള്‍ രജിസ്ടര്‍  ഉള്‍പ്പെടെ  ഏതു ലിസ്റ്റിലും  ആദ്യപേരുകാരന്‍ ' അ' എന്ന അക്ഷരത്തില്‍  തുടങ്ങുന്ന പേരുള്ളവന്‍  ആയിരിക്കുമല്ലോ .  അങ്ങനെ  സ്കൂളില്‍  ചേര്‍ന്നത്‌ മുതല്‍  ഒന്നമാനാവട്ടെ  തന്റെ കുട്ടി . ( എങ്ങനെയുണ്ടെന്റെ  ബുദ്ധി  അല്ലെ !! ) പക്ഷെ  ഇന്നത്തെ  ഏതു രജിസ്ടരിലും  ആദ്യത്തെ  പത്തു മുപ്പതു പേര്‍ ' അ' എന്ന അക്ഷരത്തില്‍  തുടങ്ങുന്ന പേരുള്ളവന്‍  ആണ്  എന്നറിയുംപോഴേ ഈ അതിസാമര്‍ത്ഥ്യ പ്രകടനത്തിന്റെ  അര്‍ത്ഥ ശൂന്യത ബോധ്യപ്പെടൂ. 


     പേരിലല്ല  പൊരുളില്‍ ആണ്  കാര്യം  എന്ന്  തിരിച്ചറിഞ്ഞവരാണ് ഷേക്ക്‌സ്പീയറെ പ്പോലെ  ഭാരതീയ  കവികളും .  ആദികവി  വാല്‍മീകി.  എന്നിവരുടെ ഒന്നും  ശരിയായപേരുകള്‍  എന്തെന്ന്  ആര്‍ക്കും അറിയില്ല .  അവരുടെ കൃതികളിലെ  സൂചനകള്‍  പേര്  സംബന്ധിച്ച്  ഒരുപാട്  തര്‍ക്കങ്ങള്‍ക്ക്   വഴിവെക്കുന്നുമുണ്ട്.  കാളിദാസ കവിയുടെ  യഥാര്‍ത്ഥ പേരും  ചരിത്രത്തിലില്ല .   കാളിദാസന്‍  കവിയായതിനെ കുറിച്ച് ഒരു കെട്ടുകഥയുണ്ട് . വാല്മീകിയെ  കുറിച്ച്  ഉള്ളതുപോലെ .  എന്നാല്‍  അക്കഥകള്‍  നടക്കുന്നതിനു മുമ്പ്  ഉള്ള  പേരോ ?  അതാര്‍ക്കും  നിശ്ചയമില്ല .


     അദ്ധ്യാത്മരാമായണ കര്‍ത്താവിനെ തുഞ്ചത്ത്‌ രാമാനുജനെഴുത്തച്ചനെന്നു  വിളിക്കുന്നതും  കേവലം സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് .  തന്റെ ഗുരുവും ജ്യേഷ്ഠനുമായ ''രാമനാമാ ചാര്യന്‍'' എന്ന് വന്ദന ശ്ലോകത്തില്‍  ഒരിടതുള്ള  സൂചനയുടെഅടിസ്ഥാനത്തില്‍  രാമന്റെ  അനുജന്  രാമാനുജന്‍ എന്ന് പേര്‍ കല്‍പ്പിച്ചു  കൊടുത്തു എന്നേയുള്ളൂ .   ഇതേപോലെ ചെറുശ്ശേരി, പൂന്താനം, കുഞ്ചന്‍ നമ്പ്യാര്‍ എന്നീ മഹാകവികളുടെ  യഥാര്‍ത്ഥ പേരുകളും  ഭാഷാ ഗവേഷകര്‍ക്ക്  അജ്ഞാതങ്ങളോ  തര്‍ക്കവിഷയങ്ങളോ ആണ്.


     ആഗോളീകരണം  ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധീശത്വം സ്ഥാപിക്കുന്ന  ഇക്കാലത്ത്  പേരുകളും അതില്‍ നിന്ന് മുക്തമല്ല.  വിപണിയാല്‍  നിയന്ത്രിക്കപ്പെടുന്ന ,  വില്പന സാധ്യതയുടെ പേരില്‍ മൂല്യം  നിര്‍ണ്ണയിക്കപ്പെടുന്ന  ഇക്കാലത്ത്  ഒരര്‍ത്ഥത്തില്‍ പേരും ഒരു ''ചരക്ക് " തന്നെയാണ് .  അതുകൊണ്ടാണല്ലോ  പേരുകള്‍  പേററന്‍ ന്‍റ് (patent) ചെയ്യപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ ഇഷ്ടപ്പെട്ട പേരും വിലാസവും  പാസ്‌ വേര്‍ഡും (  ID and Pass word) സ്വന്തമാക്കാന്‍  ശ്രമിക്കുമ്പോഴറിയാം  നാം സ്വന്തമെന്നു കരുതുന്ന പല പേരുകളും  മറ്റാരോ നേരത്തെ  കൈക്കലാക്കി കഴിഞ്ഞുവെന്ന്


     ഫ്യുഡലിസം അരങ്ങുവാനിരുന്ന പഴയകാലങ്ങളിലും  എല്ലാപേരുകളും എല്ലാവര്ക്കും ഉപയോഗിക്കാന്‍  കഴിഞ്ഞിരുന്നില്ല.  എല്ലാ ജാതിക്കാര്‍ക്കും, പ്രത്യേകിച്ച്  അധസ്ഥിതര്‍ക്കും കീഴാളര്‍ക്കും ഉപയോഗിക്കാവുന്ന പേരുകള്‍ നിജപ്പെടുത്തിയിരുന്നു.  കീഴാളരുടെയും സ്ത്രീകളുടെയും സുന്ദരമായ  പേരുകള്‍ പോലും വക്രീകരിച്ചും  വഷളാക്കിയും മറ്റും  വിളിക്കുന്നത്‌  അന്നത്തെ ആഡ്യ പ്രഭുക്കളുടെ  അവകാശമായിരുന്നു .         (  ഗോവിന്ദന്‍- കൊന്നന്‍- കോന്തന്‍ )   ( ശ്രീദേവി - ചിരുതേയി - ചിരുത ചീരു ) എന്നിങ്ങനെ .


     ഇന്ന് മലയാളികള്‍ പരസ്പരം  പരിചയപ്പെടുമ്പോള്‍ പേര് ചോദിക്കുന്നത്  പലപ്പോഴും അപരന്റെ  ജാതിയും മതവും  അറിയാനാണെന്നു  പ്രസിദ്ധനായ  ഒരെഴുത്തുകാരന്‍ പരിഭവപ്പെടുന്നത്  കേള്‍ക്കാനിടയായി.  പേരിലൂടെ  ജാതിയിലേക്കും പിന്നെ ഉപജാതികളിലേക്കും  നീളുന്ന സൂത്രാന്വേഷണങ്ങള്‍  നേരിട്ടനുഭവിച്ചതാണ്.  ദീര്‍ഘ യാത്രക്കിടയിലെ  പരിചയപ്പെടലുകളില്‍  പ്രത്യേകിച്ചും.  ജാതി ചോദിക്കരുത്  പറയരുത്  എന്ന്  ശ്രീനാരായണ ഗുരു ഉപദേശിച്ച നാട്ടിലാണ് ഇതെല്ലാം  എന്നത്  എത്ര ലജ്ജാകരം.


     '' എന്റെ പേര് നിന്റെ പട്ടിക്കിട്ട് വിളിച്ചോ '' എന്നത് മലയാള സിനിമ സീരിയലുകളിലെ   സ്ഥിരം വെല്ലുവിളി ഡയലോഗാണ്.  വിരോധം തീര്‍ക്കാന്‍ എതിരാളിയുടെ പേര് പട്ടിക്കിടുന്ന പതിവ് കേരളത്തില്‍ ഉണ്ടോ എന്നറിയില്ല!  അതെന്തായാലും  ബ്രിട്ടീഷ്കാരോടുള്ള വിരോധം നിമിതമായിരുന്നോ  എന്തോ  നമ്മുടെ പട്ടികല്‍ക്കെല്ലാം പൊതുവേ ഇംഗ്ലീഷ്ലീ പേരുകളാണ് .


     റോഡ്‌, പാലം,  സ്റ്റേഡിയം  എന്നിവക്കെല്ലാം ദേശീയ- രാഷ്ട്രീയ നേതാക്കളുടെ പേര്‍ ഇടുന്നതാണ്  ഇന്ത്യന്‍ രീതി.  അതുകൊണ്ടുതന്നെ  കൂടുതല്‍ റോഡുകളുടെ ഉടമസ്ഥാവകാശം മഹാത്മാഗാന്ധിക്കും  സ്റ്റേഡിയങ്ങളുടെ  ഉടമസ്ഥത  നെഹ്‌റുവിനും ആണെന്ന് താമാശയായി പറയാറുണ്ട്‌ . ഈപതിവില്‍ നിന്നും വ്യത്യസ്തമായി  ചരിത്രം, ഭൂപ്രകൃതി, സംസ്കാരം, ഐതിഹ്യം എന്നിവയെ അവലബിച്ചാണ് ഇന്ത്യന്‍  റെയില്‍വെ തീവണ്ടികള്‍ക്ക് പേരിടുന്നത്.


     പേരുകള്‍ വെറും പെരുകളല്ല . അതിനുപിന്നില്‍ ഒരു  പൊരുളുണ്ട്.  ആ പൊരുള്‍ തിരിച്ചറിയുകയാണ്  പ്രധാനം. '' പേരറിയാത്തൊരു പെങ്കിടാവേ നിന്റെ  നേരറിയുന്നു ഞാന്‍ പാടുന്നൂ'' ( കോതംബുമണികള്‍) എന്ന ഓഎന്‍ വി യുടെ വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്  നേരയിയാന്‍ തന്നെ യാണ് .  ആ നേരിനെ തിരിച്ചറിയുമ്പോള്‍ കൈവരുന്നത് ഉന്നതമായ മാനവികതയുംആണ്.


     വാല്‍കഷ്ണം :-  മക്കള്‍ക്ക്‌ അവതാരങ്ങളുടെയും  പ്രവാചകന്മാരുടെയും പേരിടുമ്പോള്‍ സൂക്ഷിക്കുക. ആ പേരിനോട് നീതി പുലര്‍ത്തിയില്ല എന്ന് പറഞ്ഞ്  നാം അറിയാതെ അകലങ്ങളിലെവിടെയോ  അണച്ച കത്തിയുമായി ആരോ കാതിരിപ്പില്ലെന്നാരറിഞ്ഞു.

Labels:

Monday 14 November 2011

കോടതിയുടെ അധികാരം കിട്ടിയിരുന്നെങ്കില്‍ ഈ ആഹ്ലാദ പ്രകടനക്കാര്‍ ജയരാജനെ തൂക്കി കൊന്നേനെ

സീപി എം  നോട്  വിരോധമുള്ളവര്‍ക്കെല്ലാം  ഉത്സവ ലഹരിയായിരുന്നു  കഴിഞ്ഞദിവസം .  ജയരാജന്‍ ശിക്ഷിക്കപ്പെട്ടതിന്റെ    ആഹ്ലാദലഹരി.  കോടതിയുടെ  അധികാരം  കിട്ടിയിരുന്നെങ്കില്‍ ഈ ആഹ്ലാദ പ്രകടനക്കാര്‍  ജയരാജനെ  തൂക്കി കൊന്നേനെ  എന്ന് തോന്നിപ്പോകും  ചിലരുടെ  പ്രകടനങ്ങളുംശരീര ഭാഷയും കണ്ടാല്‍ . 
     
   അറിയാന്‍ വേണ്ടി  ചോദിക്കുകകയാണ്. അതിനുമാത്രം  ജയരാജന്‍  ചെയ്ത തെറ്റ്  എന്താണ്.  പൊതു ഇടങ്ങളിലെ  ജനകീയ  പ്രതിഷേധങ്ങള്‍ക്ക്  തടയിടുന്ന  കോടതിവിധിയെ  അല്പം കടുത്ത വാക്കുകളില്‍  വിമര്‍ശിച്ചു .  അതിലെ ചിലവാക്കുകള്‍  ചിലമാധ്യമങ്ങള്‍  പൊലിപ്പിച്ചു  എടുതുകാട്ടിയത്  കോടതിയുടെ  ശ്രദ്ധയില്‍ വന്നു . ഉടനെ കേസ്സായി .  അത്രയല്ലേ ഉള്ളൂ 
      

    ജയരാജന്‍  തന്റെ  വ്യക്തിജീവിതത്തില്‍  എന്തെങ്കിലും  നേട്ടമുണ്ടാക്കാനായി.  ചെയ്ത  ഒന്നല്ല  ഇത് .  പൊതുജന ഹിതം  മുന്‍നിര്‍ത്തി  ചെയ്ത ഒന്നാണിത് .  അതുകൊണ്ടാണല്ലോ  ശിക്ഷ വിധിക്കപ്പെട്ട ജയരാജനെ  കാണാനും   അഭിവാദ്യം  ചെയ്യാനും  യാതൊരു  ആഹ്വാനവും  കൂടാതെ  ആയിരങ്ങള്‍  ഒഴുകിയെത്തിയത്.
 



     ജയരാജന്റെ  പോരാട്ടം  സമൂഹത്തിലെ  എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു . അതിന്റെ വിജയത്തിന്റെ  ഗുണഭോക്താക്കള്‍  ജയരാജന്റെ പാര്‍ടി  മാത്രമായിരിക്കില്ല .   ജനാധിപത്യത്തില്‍  വിശ്വസിക്കുന്ന  എല്ലാവരുമാണ്.  എന്നിട്ടും  മാറിനിന്നു  കളികാണാനും പറ്റുമെങ്കില്‍  ജയരാജനെ  നാല് ചീത്ത വിളിക്കാനുമാണ്  ഇടതുപക്ഷമൊഴികെയുള്ളവര്‍ ,  സ്വതന്ത്ര ബുദ്ധിജീവികള്‍  ഉള്‍പ്പെടെ  ഉത്സാഹിച്ചത്‌ . ഇതിനിടെ  കോടതികളോടുള്ള തങ്ങളുടെ  ബഹുമാനവും  ആദരവും  പ്രതിബദ്ധതയും  ഒക്കെ പൊക്കിക്കാട്ടി  മേനിനടിക്കാനും  മറന്നില്ല ചിലര്‍  .   കോടതിവിധി എതിരായപ്പോള്‍  പണ്ട്  ഒരര്‍ധരാത്രി  ജനാധിപത്യത്തിന്റെ  പെട്ടിക്കട  പൂട്ടി  ഒരമ്മച്ചി  ജനങ്ങളെ  വെല്ലുവിളിച്ചകഥ  അത്ര  പെട്ടെന്ന്  മറക്കാന്‍  പാടുണ്ടായിരുന്നോ   ചുരുങ്ങിയത്  നാലാം  തൂണുകളായ  പത്രക്കാരെങ്കിലും ?

     ജയരാജനെതിരെയുള്ള കോടതിയലക്ഷ്യക്കേസ്സില്‍ തികച്ചും പ്രതികാരബുദ്ധിയോടെ യാണ് കോടതി പെരുമാറിയിട്ടുള്ളത് എന്ന് ചിലരെങ്കിലും സംസയിക്കിക്കുന്നുണ്ട്  .  സമചിത്തതയോടെ എഴുതപ്പെടുന്നതാണ്  വിധി വാക്യങ്ങള്‍ . അതില്‍ ഒരാളെ  കീടം എന്ന പദമുപയോഗിച്ചു വിശേഷിപ്പിക്കുന്നത്  ഒരിക്കലും അന്ഗീകരിക്കവുന്നതല്ല . ഒരുപ്രസംഗ മദ്ധ്യേ വൈകാരികത മുറ്റിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്ന മാര്‍ദവം കുറഞ്ഞ ഭാഷാപ്രയോഗത്തിന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന ജട്ജി മാര്‍ ഇങ്ങനെ വികാരത്തിന് അടിമപ്പെടാമോ . ഞാങ്ങളും മനുഷ്യരാണെന്ന് സ്വയം പ്രഖാപിക്കുന്ന ജട്ജി മാര്‍ വിധിന്യായം പുറപ്പെടുവിക്കുന്നതില്‍ നിന്ന് സ്വയം മാറിനിന്നു ജഡീഷ്വറി യു ടെ ആഭിജാത്യം ഉയര്തിപ്പിടിക്കണമായിരുന്നു. കഠിനതടവിന് വ്യവസ്ഥയില്ലെന്ന് പോലും വികാരാവേശത്താലോ   എന്തോ   അവര്‍  ചിന്തിച്ചില്ലേ ?  . അത്‌ സമചിത്തത നഷടപ്പെടാത്തവര്‍ ചൂണ്ടിക്കാട്ടേണ്ടി വന്നു എന്നത് ആര്‍ക്കെങ്കിലും  ഭൂഷണമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അപ്പീല്‍ സമയം വരെ വിധി മരവിപ്പിക്കാന്‍ മടിച്ചതും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല ( കസബിനും അഫ്സല്‍ ഗുരുവിനും എന്തിന് ഗാന്ധിജിയുടെ ഘാതകന് പോലും ലഭിച്ചിട്ടില്ലെ ഈ ഇളവുകള്‍ ?)     രാഷ്ട്രീയ പാര്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും  നിര്‍ണ്ണായക സ്ഥാനമുള്ള  ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍  അവയെ   necessary  evils   എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഭംഗിയാണോ ? കോടതികളെയും  നാളെ ആരെങ്കിലും  ഇങ്ങനെ വിശേഷിപ്പിച്ചാല്‍  അവരെ കുററപ്പെടുത്താനാവുമോ ?
      എന്നിട്ടോ .   ഒരുപക്ഷെ യാദൃചികമാകാം പൊതുമുതല്‍ കട്ടുതിന്ന പിള്ളക്കും പൌരാവകാശത്തിനുവേണ്ടി അപ്രിയ സത്യങ്ങള്‍ പരുഷമായ വാക്കുകളില്‍ വിളിച്ചുപറഞ്ഞ സ ജയരാജനും പൂജപ്പുരയിലെ ഒരെമുറി .   നീതിക്കുമുന്പില്‍ എല്ലാവരും സമന്മാര്‍ എന്നതിന്റെ അര്‍ഥം ഇങ്ങനെയൊക്കെ  ആണോ   വായിച്ചെടുക്കേണ്ടത്? ( അതോ ചെന്നായക്കും മുയല്ക്കുഞ്ഞിനും ഒരേ നീതി എന്ന കാട്ടു നീതിയോ ) 
     പൊതുമുതല്‍ കട്ടുതിന്ന പിള്ളക്ക്  ഇളവുകൊടുത്തതും സ്വീകരണം  ഏര്‍പ്പെടുത്തിയതും  ജയരാജനെ  അഭിവാദ്യം ചെയ്യാന്‍  ജനങ്ങള്‍  സ്വമേധയാ  തടിച്ചുകൂടിയതും  ഒരേപോലെ  കാണാന്‍  അമ്മയും  മകളും  പെണ്ണുതന്നെ  എന്ന ഒറ്റതാപ്പ് ന്യായക്കാര്‍ക്കെ  സാധിക്കൂ .
       ഇന്ത്യന്‍ സ്വാതന്ത്ര്യ  സമരമുള്‍പ്പെടെ  ലോകത്തുനടന്ന  എല്ലാ ബഹുജന മുന്നേറ്റങ്ങളും  നടന്നതും  ശക്തി പ്രാപിച്ചതും തെരുവോരങ്ങളിലും  പൊതു ഇടങ്ങളിലും  ഒക്കെത്തന്നെയാണ് .  ഇപ്പോള്‍  നടന്നുകൊണ്ടിരുക്കുന്ന  വാള്‍സ്ട്രീറ്റ്  പിടിച്ചെടുക്കലും  അറബ് വസന്തങ്ങളുംമെല്ലാം . ഇതൊന്നും  കാണാതെ,  നിയമസഭ  പാസ്സാക്കിയ  ( അതും ഏക കണ്ഠമായി)  പൊതു ഇടങ്ങളെ സംബദ്ധിച്ച നിയമങ്ങള്‍  പോലും  സ്റ്റേ  ചെയ്യുന്ന നടപടികളുമായി  മുന്‍പോട്ടു  പോവുകയാണ്  കോടതികള്‍ .  ഇതിനെ   കണ്ടില്ലെന്നു നടിച്ചു മുമ്പോട്ടു പോകാനാവുമോ  ബഹുജന  പ്രസ്ഥാനങ്ങള്‍ക്കും  രാഷ്ട്രീയ  പാര്‍ടികള്‍ക്കും.


     യഥാര്‍ത്ഥത്തില്‍  മേലെക്കിടയിലുള്ള  ഒരു ചെറു ന്യൂന പക്ഷത്തിനു  അലോസരമുണ്ടാക്കുന്ന വിധത്തിലുള്ള  സമരങ്ങള്‍  വേണ്ട   എന്ന് തന്നെയാണോ  കോടതികള്‍ ഭംഗിയായി പറഞ്ഞുവെക്കുന്നത്? .അതിനിടെ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചപ്പോള്‍   നീതിപീഠത്തിന് ചെറിയൊരു  അലോസരം  വന്നു . ( ഞങ്ങളും  മനുഷരല്ലേ   എന്ന്  മുന്‍പൊരിക്കല്‍  ചോദിച്ചവര്‍ക്ക് ഞങ്ങളുടെ  പുത്ര കളത്രാദികള്‍ക്കും   കാറും  ബൈക്കും ഒക്കെ എടുത്തു കറങ്ങെണ്ടേ എന്നൊരു ചിന്ത തോന്നിപ്പോയെന്കില്‍  കുറ്റപ്പെടുത്താനാവില്ല   )      ജനങ്ങളെന്താ  മിണ്ടാതിരിക്കുന്നത്  പ്രതിഷേധിച്ചുകൂടെ  എന്നൊക്കെയാണ്  അപ്പോള്‍ ചോദിച്ചത്.      ആരാ പ്രതിഷേധിക്കേണ്ടത് .  ഇതിനൊക്കെ  ചിലരെന്താ  ഏജന്‍സി പണിയുമായി ഇരിക്കുകയാണോ?   അതിലൊരു പങ്ക്‌  തങ്ങളും  വഹിക്കേണ്ടതുണ്ട് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയാണ്  ആദ്യം വേണ്ടത് . പ്രധിഷേധിച്ചുകൂടെ  എന്ന്  ചോദിക്കുന്നവര്‍   സ്വയം പ്രതിഷേധിക്കാന്‍  തയ്യാറാവുക കൂടി വേണം
   
      അധികാര ദണ്ഡ്  കാട്ടി ( ഡമ്പായാലും )  ആരില്‍ നിന്നും  ബഹുമാനം  പിടിച്ചു പറ്റാനാവില്ല Respect cannot be demanded, it must be earned. Respect is earned only by giving it away. എന്നത് എല്ലാവര്ക്കും  ബാധകമാണ് .  


Labels:

Thursday 10 November 2011

സൂര്യനെല്ലി


' ബലാല്‍ സംഗത്തിന്  മിനിമം  ടൈം  ഡിഫൈന്‍ ചെയ്തിട്ടുണ്ടോ സര്‍' ? 
 ഗൌരവമേറിയ  ഒരുകേസ് ഫയല്‍  പരിശോധിച്ചു കൊണ്ടിരുന്ന  സീനിയര്‍ വക്കീലിന്  ജൂനിയറിന്റെ  ചോദ്യം   അത്ര  പിടിച്ചില്ല .
 'സൂര്യനുദിച്ചതെയുള്ളൂ .  അതിനുമുന്‍പെ    പിടിച്ചോ  തനിക്ക്  ഉച്ചക്കിറുക്ക്.'?
' അല്ല  സര്‍  ഞാന്‍  കാര്യമായിട്ടു  ചോദിച്ചതാണ്.  ഒരഞ്ചു മിനിറ്റെങ്കിലും  വേണ്ടിവരില്ലേ  '
'ഉണ്ടെങ്കില്‍ ' 
'എങ്കില്‍  രക്ഷപ്പെട്ടു സര്‍ .  നമ്മുടെ കക്ഷികളെല്ലാം '
'താന്‍  തെളിച്ചു  പറയെടോ'  
സര്‍  സംഭവം   രേഖപ്പെടുത്തിയത് രാത്രി   പതിനൊന്നേ  അന്പതിനാണ് . രണ്ടു പേരുടെ  ഊഴം  കഴിയുമ്പോള്‍  മണി  പന്ത്രണ്ടു  കഴിയും 
 '  പന്ത്രണ്ടു മണി  കഴിയുമ്പോള്‍  നിയമം  ഉറങ്ങാന്‍  പോകുമോ' . സീനിയറിന്റെ  ക്ഷമ  നശിച്ചു തുടങ്ങിയിരുന്നു
'ഞാന്‍ പറയട്ടെ സര്‍ . പന്ത്രണ്ടു മണി കഴിയുമ്പോള്‍  തീയതി  അങ്ങ് മാറും. പെണ്ണിന്  പതിനെട്ടു  വയസ്സ്  പൂര്‍ത്തിയാകും.   പിന്നെ നടന്നതെല്ലാം   സമ്മതപ്രകാരമാണെന്ന്  വാദിച്ചേക്കണം
കേസ്സില്‍  പത്തു പ്രതികളാണ് . ആദ്യത്തെ രണ്ടുപേരും  മരിച്ചും പോയി  .  ബാക്കി പേരെ  രക്ഷപ്പെടുത്തിക്കൂടെ സര്‍'?  ജുനിയര്‍ പറഞ്ഞു നിര്‍ത്തി .
  സീനിയര്‍  വക്കീലിന്റെ നെഞ്ചിനുള്ളില്‍ എന്തോ കനം അനുഭവപ്പെട്ടു.   മേശപ്പുറത്തെ    ഗ്ലാസ്സിലെ  തണുത്ത വെള്ളം  ഒറ്റ വീര്‍പ്പിനു  അകത്ത്താക്കിയിട്ടും  പടരുന്ന  വേദനയില്‍  ഒന്നും പറയാനാവാതെ  അയാള്‍ ഇരുന്നു.

Labels:

Thursday 3 November 2011

പുതിയ പ്രഭാതം

മാനവ മൈത്രികള്‍  പൂത്തുലാവും പുതുകാലമിതാ  വരവായീ
കൊളുത്തി വെക്കൂ  പുതിയ ചെരാതുകള്‍  വെളിച്ചമെങ്ങും  പടരട്ടെ (2 )

യുഗാന്തരങ്ങളിലൂടെ  മനുഷ്യന്‍  നേടിയെടുത്തൂ ജ്ഞാനം
തലമുറകള്‍  കൈമാറി  വളര്‍ന്നു  അറിവിന്‍ വെള്ളി വെളിച്ചം
അതിന്റെ തണലില്‍  വളര്‍ന്നു വന്നു  കലയും  സംസ്കൃതിയും
മനോജ്ഞമാമീ  മണ്ണില്‍ പണിതു  പുതുപുതു സ്വര്‍ഗങ്ങള്‍
 
മാതാന്ധര്‍ ഭീകരര്‍  ആര്‍ത്തികള്‍ യുദ്ധം  നമുക്കുചുറ്റും  നിത്യം
കലാപ കലുഷിതമാക്കി തീര്‍ത്തു  നമുഉടെ സുന്ദര ലോകം
അവ തീര്‍ത്തീടും കറുത്ത  രാത്രികള്‍  അകന്നു പോകട്ടെ
മനുഷ്യനന്മകള്‍  വിടരും പുതിയൊരു  പുലരി ഉദിക്കട്ടെ

പ്രവാചകന്മാര്‍ കവികള്‍ , ചിന്തകര്‍  മഹാരഥന്മാര്‍  പലരും
കിനാവ്‌ കണ്ടത്  മാനവ മൈത്രികള്‍  പുലരും സുദിനങ്ങള്‍
അവരുടെ സ്വപ്നം പൂവണിയിക്കാന്‍  ഒരുമിച്ചീടുക നാം
കിഴക്കുദിക്കും  പുതിയോരുഷസ്സിനെ  നമുക്ക് വരവേല്‍ക്കാം   

Labels: